ഹാങ്ചോയിലെ ഇന്ത്യൻഗാഥ
text_fields19ാമത് ഏഷ്യൻ ഗെയിംസിന് ചൈനയിലെ ഹാങ്ചോയിൽ കൊടിയിറങ്ങിയപ്പോൾ വലിയ അഭിമാനത്തോടെയാണ് ഇന്ത്യൻസംഘം നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡലുകളോടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. മെഡൽ പട്ടികയിൽ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇതുമൊരു ചരിത്രമാണ്.
1951ലെ പ്രഥമ ഏഷ്യൻ ഗെയിംസിൽ രണ്ടാം സ്ഥാനവും 1962ൽ മൂന്നാം സ്ഥാനവും ഇന്ത്യ നേടിയിരുന്നുവെങ്കിലും ആ വർഷങ്ങളിൽ മത്സരത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം യഥാക്രമം 11ഉം 17ഉമായിരുന്നു. ഇപ്പോഴത് 45ൽ എത്തിയിരിക്കുന്നു. എന്നല്ല, 2018ൽ, ജകാർത്തയിൽ നടന്ന ഗെയിംസിലെ എട്ടാം സ്ഥാനത്തുനിന്നാണ് അഞ്ചു വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നുകൂടി അറിയുമ്പോഴാണ് കായിക മേഖലയിൽ രാജ്യത്തിന്റെ കുതിപ്പിന്റെ വേഗം മനസ്സിലാകുന്നത്. ഒട്ടേറെ ദൗർബല്യങ്ങൾ പലവിധത്തിൽ നമ്മുടെ കായികരംഗത്ത് അള്ളിപ്പിടിച്ച് കിടപ്പുണ്ടെങ്കിലും അതിനെയെല്ലാം വകഞ്ഞുമാറ്റി മുന്നോട്ടുപോകാൻ ഈ നേട്ടം നമ്മുടെ കായികതാരങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്നതിൽ സംശയമില്ല.
നൂറു മെഡൽ എന്ന സ്വപ്നവുമായി പുറപ്പെട്ട ഇന്ത്യ 107 മെഡലുമായി മടങ്ങുമ്പോൾ നിശ്ചയമായും അതൊരു ചരിത്ര മുഹൂർത്തം തന്നെയാണ്. വിശേഷിച്ചും, മെഡൽ പട്ടികയിൽ ഇടംപിടിച്ചവരിൽ വലിയൊരു ശതമാനവും യുവതാരങ്ങളുമാണ്. ഏഷ്യൻ ഗെയിംസ് പോലുള്ള വമ്പൻ വേദിയിൽ തുടക്കക്കാരുടെ പരിഭ്രമമില്ലാതെ യുവതാരങ്ങൾ വിജയം കൊയ്തപ്പോൾ അത് വലിയ പ്രതീക്ഷയായി നിലനിൽക്കുന്നുണ്ട്. അടുത്തവർഷം, പാരിസിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിൽ ഇതേ പ്രകടനം പുറത്തെടുത്താൽപോലും ഇന്ത്യക്ക് പലയിനങ്ങളിലും മെഡലുറപ്പിക്കാം; അതുവഴി മെഡൽ പട്ടികയിൽ ആദ്യമായി ഇരട്ട അക്കം എന്ന സ്വപ്നത്തിലേക്ക് കുതിക്കാനുമായേക്കും.
ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഹാങ്ചോയിലും വിജയക്കൊടി പാറിച്ചത് പാരിസിലേക്കുള്ള ശുഭസൂചനതന്നെയാണ്. പുരുഷ ഹോക്കിയിൽ ജപ്പാനെ വലിയ മാർജിനിൽ തോൽപിച്ച് സ്വർണം നേടി ഒളിമ്പിക്സ് യോഗ്യതകൂടി ഉറപ്പാക്കിയത് പാരിസിലേക്കുള്ള മറ്റൊരു കരുതിവെപ്പായി കാണാം. പുരുഷ-വനിത കബഡിയിലെ മിന്നുന്ന വിജയവും ഷൂട്ടിങ്ങിലെയും അമ്പെയ്ത്തിലെയും അസാമാന്യ പ്രകടനവും ഇന്ത്യൻ താരങ്ങൾ ഒളിമ്പിക്സിലും ആവർത്തിച്ചാൽ, ഇതഃപര്യന്തം നേടിയതിനേക്കാൾ (35) മെഡലുകൾ പാരിസിൽനിന്ന് വാരിക്കൂട്ടാം. അതുകൊണ്ടുതന്നെ, ഏഷ്യൻ ഗെയിംസിലെ വിജയം എല്ലാ അർഥത്തിലും ആഘോഷിക്കപ്പെടേണ്ടതുണ്ട്. ഒരുവേള, ഇത്രയും വലിയ വിജയം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രതീക്ഷിച്ചിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒരു ആചാരമെന്നപോലെ കുറച്ചാളുകളെ ചൈനയിൽ വിടാനായിരുന്നു പതിവുപോലെ അവർ നിശ്ചയിച്ചിരുന്നത്. സാങ്കേതിക ന്യായങ്ങൾ നിരത്തി ഫുട്ബാൾ, ബാസ്കറ്റ്ബാൾ, കരാട്ടേ, ഹാൻഡ്ബാൾ എന്നീ ഇനങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അസോസിയേഷന്റെ തീരുമാനം. തുടർന്ന്, ദേശീയ ഫുട്ബാൾ ടീമിന്റെ പരിശീലകൻ ഇഗർ സ്റ്റിമാക്കിനെപ്പോലുള്ളവർ ഇതിനെതിരെ കനത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോൾമാത്രമാണ് അസോസിയേഷൻ തീരുമാനം പുനഃപരിശോധിക്കാൻ തയാറായത്. ഒരർഥത്തിൽ, നമ്മുടെ കായിക അധികാരികളുടെ സമീപനം വ്യക്തമാക്കുന്ന സംഭവമായിരുന്നു അത്. ഈ വികല സമീപനത്തിനെതിരെ പ്രതിരോധം തീർത്തുകൂടി വേണം രാജ്യത്തെ ഓരോ കായികതാരത്തിനും മുന്നോട്ടുപോകാൻ.
ഹാങ്ചോയിലെ മെഡൽ പട്ടികയിൽ ഒരു ഡസൻ മലയാളികളുടെ പേരും കൊത്തിവെക്കപ്പെട്ടതിൽ ഏതു കേരളീയനും അഭിമാനിക്കാം. ഹോക്കിയിൽ ഒളിമ്പിക്സ് ടിക്കറ്റോടെ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ ഗോൾവല കാത്തത് പി.ആർ. ശ്രീജേഷ് ആയിരുന്നു. പുരുഷന്മാരുടെ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ നാലു പേരിൽ മൂന്നും മലയാളികളായിരുന്നു: മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, അമോജ് ജേക്കബ്. ഇതിൽ അജ്മൽ മിക്സഡ് റിലേയിൽ വെള്ളിയും നേടി. സ്ക്വാഷിൽ സ്വർണമടക്കം ഇരട്ട നേട്ടവുമായി ദീപിക പള്ളിക്കലും തിളങ്ങി; ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിയും രണ്ട് മെഡൽ നേടി. മിന്നു മണി (ക്രിക്കറ്റ്), എം. ശ്രീശങ്കർ (ലോങ്ജംപ്), ആൻസി സോജൻ (ലോങ്ജംപ്), മുഹമ്മദ് അഫ്സൽ (അത്‍ലറ്റിക്സ്), എം.ആർ. അർജുൻ (ബാഡ്മിന്റൺ), ജിൻസൻ ജോൺസൺ (അത് ലറ്റിക്സ്) എന്നിവരാണ് കേരളത്തിന്റെ മറ്റു അഭിമാനതാരങ്ങൾ. ഇതൊന്നും പെട്ടെന്നൊരു നാളുണ്ടായ നേട്ടങ്ങളല്ല. ഓരോ താരങ്ങളുടെയും അവരുടെ പരിശീലകരുടെയും കുടുംബത്തിന്റെയുമെല്ലാം കഠിന പ്രയത്നങ്ങളുടെയും പ്രാർഥനകളുടെയും പിന്തുണയുടെയുമെല്ലാം ഫലമായി സംഭവിച്ചതാണിത്. ഈ വിജയങ്ങളുടെ തുടർച്ചയിൽ, കായിക ഇന്ത്യക്ക് കൂടുതൽ ശോഭിക്കാനാവട്ടെ എന്ന് നമുക്കാശംസിക്കാം.
ആതിഥേയരായ ചൈനയുടെ മേൽക്കൈ സർവമേഖലയിലും ദൃശ്യമായൊരു കായിക മാമാങ്കമായിരുന്നു ഇക്കുറി. അല്ലെങ്കിലും, കഴിഞ്ഞ കുറെ വർഷങ്ങളായി ഏഷ്യൻ ഗെയിംസിൽ ചൈനീസ് ആധിപത്യം തന്നെയാണല്ലൊ. 2008ഓടെ ഒളിമ്പിക്സിലും ചൈനയുടെ അപ്രമാദിത്വമാണ് കണ്ടുവരുന്നത്. ഹാങ്ചോയിൽ ആ ആധിപത്യം മുമ്പന്നെത്തേക്കാളും വലിയതോതിൽ ആവർത്തിച്ചുവെന്നുമാത്രം. ഇന്ത്യയുടെ നൂറു മെഡൽ എന്ന സ്വപ്നനേട്ടം പോലെത്തന്നെ, ചൈന 200ലധികം മെഡലുകൾ സ്വന്തമാക്കി. 2018ൽ അത് 132 ആയിരുന്നു. മെഡൽ നേട്ടത്തിനപ്പുറം, മികച്ച രീതിയിൽ ഗെയിംസ് സംഘടിപ്പിച്ചുവെന്നതായിരിക്കും ഒരുപക്ഷേ, അവർക്ക് കൂടുതൽ അഭിമാനത്തോടെ പറയാൻ കഴിയുന്ന കാര്യം. ഉദ്ഘാടന, സമാപനച്ചടങ്ങുകൾ ശരിക്കും ലോകത്തെ വിസ്മയിപ്പിച്ചു.
അത്‍ലറ്റിക്സിലും മറ്റും ഒഫീഷ്യലുകളുടെ ഭാഗത്തുനിന്നുണ്ടായ ചില പിഴവുകൾ മാറ്റിനിർത്തിയാൽ ചിട്ടയോടെ ഗെയിംസ് സംഘടിപ്പിക്കാൻ അവർക്കായി. ഒരിക്കൽ ഒളിമ്പിക്സിന് വേദിയൊരുക്കിയതിന്റെ പരിചയംകൂടി അവർക്കുള്ളതിനാൽ ലോക നിലവാരമുള്ള സംഘാടനം കാഴ്ചവെക്കാൻ ഹാങ്ചോക്കായി എന്ന് പറയാം. ആ നിലയിൽകൂടി ഏഷ്യൻ ഗെയിംസ് ഇന്ത്യക്ക് മാതൃകയാവേണ്ടതാണ്. 2036ലെ ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ ആവശ്യപ്പെടുമെന്ന വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ അത് നല്ല കാര്യമാണ്. കോമൺവെൽത്ത് ഗെയിംസ് പോലുള്ള സാമാന്യം വലിയ കായിക മാമാങ്കങ്ങൾ നടത്തിയതിന്റെ ചരിത്രം നമുക്കുണ്ട്. അത്യാവശ്യം വേണ്ട സൗകര്യങ്ങളും രാജ്യത്തുണ്ട്. ഒളിമ്പിക്സിന് രാജ്യം വേദിയായാൽ കായിക മേഖലക്ക് അതുണ്ടാക്കുന്ന ഉണർവ് ചെറുതായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.