ലഡാക്ക് തെരഞ്ഞെടുപ്പ് ഫലത്തിലെ സൂചനകൾ
text_fieldsജമ്മു-കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നതും ഇപ്പോൾ കേന്ദ്രഭരണ പ്രദേശമായി വേർപെടുത്തപ്പെട്ടതുമായ ലഡാക്കിലെ കാർഗിൽ സ്വയംഭരണ മലയോര വികസന സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ്, കോൺഗ്രസ് പാർട്ടികൾ വിജയം തൂത്തുവാരിയ വാർത്ത മേഖലയിലെ ജനവികാരത്തിന്റെ സൂചനയായി കാണാം. 26 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് പാർട്ടികൾ ചേർന്ന് 12 -10 അനുപാതത്തിൽ 22 സീറ്റുകൾ നേടിയപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. രണ്ടു സ്വതന്ത്രരും ജയിച്ചു. 75000 വോട്ടർമാരിൽ 78 ശതമാനത്തിനടുത്ത് വോട്ടർമാർ പോളിങ്ങിൽ പങ്കെടുക്കുകയും 85 സ്ഥാനാർഥികളിൽനിന്ന് 26 പേരെ തെരഞ്ഞെടുക്കുകയുമാണുണ്ടായത്. നാലുപേരെ ഭരണകൂടം നാമനിർദേശം ചെയ്യും. 2019 ആഗസ്റ്റ് നാലിന് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര നടപടിക്ക് ശേഷം മേഖലയിൽ ആദ്യമായി നടക്കുന്ന ജനാഭിപ്രായ പ്രകടനമെന്നനിലയിൽ കേന്ദ്രസർക്കാറിന്റെ തീരുമാനങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവായാണ് കോൺഗ്രസും നാഷനൽ കോൺഫറൻസും (എൻ.സി) ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഉയർത്തിക്കാട്ടുന്നത്.
കശ്മീർ ജനതയുടെ ഹിതത്തിന്റെ പൂർണമായ ഒരു മാപിനിയാണ് ലഡാക്ക് ഫലം എന്ന് പറഞ്ഞു കൂടാ. എന്നാൽ, ലഡാക്കികളുടെ പരോക്ഷമായ അഭിപ്രായത്തിനു ജമ്മു-കശ്മീർ മേഖലയിലേതിനേക്കാൾ പ്രാധാന്യം കൂടുതലുണ്ട്. അതിൽതന്നെ കാർഗിൽ പ്രദേശത്തിന്റെമാത്രം തെരഞ്ഞെടുപ്പാണിത്. 2018ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു അഞ്ചുവർഷം തികഞ്ഞത് 2023ലാണ്. ലേ ജില്ലയിലേത് ഇതിനുമുമ്പ് നടന്നത് 2020ൽ ആയിരുന്നു. അതിനി 2025ൽ ആണ് നടക്കുക. 1.4 കോടിയോളം വരുന്ന അവിഭക്ത ജമ്മു-കശ്മീരിലെ ജനസംഖ്യ ലഡാക്കിലേത് മൂന്നു ലക്ഷത്തിനടുത്തേ വരൂ. 1995ലെ സ്വതന്ത്ര മലയോര വികസന സമിതി നിയമമനുസരിച്ച് ലേ വികസന സമിതി ആ വർഷം നിലവിൽവന്നപ്പോൾ, 2003ലാണ് കാർഗിൽ സമിതി രൂപവത്കരിച്ചത്. അതിനേക്കാൾ പ്രധാനമായത് 2019ൽ സംസ്ഥാന വിഭജനം നടന്നപ്പോൾ ജമ്മു-കശ്മീരിനു ഡൽഹി, പുതുച്ചേരി എന്നിവപോലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ അനുവദിച്ചപ്പോൾ ലഡാക്കിനു അതില്ല.
അതിനാൽ ഭരണത്തിന്റെ കുറെയൊക്കെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന വികസന സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് മാത്രമാണ്, ലോക്സഭ തെരഞ്ഞെടുപ്പിനു പുറമെ തദ്ദേശീയർക്ക് ജനഹിതം പ്രകടിപ്പിക്കാനുള്ള മാർഗം. സംസ്ഥാന അസംബ്ലി നിലവിലിരുന്ന അവസരത്തിൽ, കശ്മീർ താഴ്വരക്കു 46ഉം ജമ്മുവിന് 37ഉം സീറ്റുകളുള്ളപ്പോൾ ലഡാക്കിനു നാലു നിയോജകമണ്ഡലങ്ങളായിരുന്നു. അതില്ലാതായ ശേഷമുള്ള ആദ്യത്തെ അവസരത്തിൽതന്നെ ലഡാക്കിലെ ജനങ്ങൾ കേന്ദ്രത്തിന്റെ വിഭജന തീരുമാനത്തിനെതിരായി വിധിയെഴുതി എന്നു പറയാം. ഈ ഭൂമികയിൽ നിന്നുകൊണ്ടുതന്നെയാണ് ബി.ജെ.പി. ഇതര പ്രതിപക്ഷ പാർട്ടികളായ എൻ.സിയും ഇന്ത്യൻ നാഷനൽ കോൺഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടതും. 2019 ആഗസ്റ്റ് അഞ്ചിന്റെ വിഭജന തീരുമാനത്തെക്കുറിച്ച ഒരു ജനഹിതപരിശോധനയായിരിക്കും ഇതെന്ന് പറഞ്ഞുകൊണ്ടുതന്നെയാണ് എൻ.സി. വോട്ടർമാരെ നേരിട്ടത്.
ബി.ജെ.പിയാവട്ടെ, 2019നു ശേഷം നടത്തിയ വികസനപദ്ധതികൾക്കുള്ള അംഗീകാരമായിരിക്കും തെരഞ്ഞെടുപ്പ് എന്ന പ്രചാരണവുമായാണ് രംഗത്തെത്തിയത്. എന്നാൽ, അതുപോലും ഭൂരിപക്ഷം തിരസ്കരിച്ചിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. എൻ.സി. ഉപാധ്യക്ഷൻ ഉമർ അബ്ദുല്ല അഭിപ്രായപ്പെട്ടത് ബി.ജെ.പി.ക്കു ഇതൊരു ഓർമപ്പെടുത്തലാണെന്നും രാജ്ഭവനുകൾക്കു പിന്നിൽ ഒളിച്ചിരുന്നു തെരഞ്ഞെടുക്കപ്പെടാത്ത പ്രതിനിധികളെവെച്ച് ഭരിക്കുന്ന രീതി അവസാനിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനുള്ള ജനാഭിലാഷത്തെ അംഗീകരിക്കുകയും ചെയ്യണമെന്നുമാണ്.
ഒരർഥത്തിൽ കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷ ഇൻഡ്യ സഖ്യത്തിന് അത് നിലവിൽവന്ന ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് അനുഭവമാണ് ലഡാക്കിലേത്. എന്നാൽ, ഇതൊരു സാമ്പിൾ ആണെന്നും പറഞ്ഞുകൂടാ. ഒന്നാമതായി കശ്മീരിന്റെ സവിശേഷ സാഹചര്യം ഇതര സംസ്ഥാനങ്ങൾക്കില്ല. മുഖ്യ ബി.ജെ.പിയിതര പാർട്ടികളായി വിരലിലെണ്ണാവുന്ന കക്ഷികളേ അവിടെ ഉള്ളൂ. അതേസമയം, 28 ഓളം കക്ഷികളുള്ള ഇൻഡ്യ സഖ്യത്തിലെ പ്രാദേശിക പാർട്ടികളെ മാറ്റിനിർത്തിയാലും അവയിൽ പലതും ചില സംസ്ഥാനങ്ങളിൽ മാത്രമേ സജീവമായി ചിത്രത്തിൽ ഉണ്ടാവൂ. ഇവയെ കൂടാതെ നോക്കിയാലും, ഒട്ടേറെ കക്ഷികൾ അഖിലേന്ത്യതലത്തിൽ യോജിക്കേണ്ടതുണ്ട്. കശ്മീരിലെ സവിശേഷ വിഷയത്തിൽ വീക്ഷണ സമാനത ഉണ്ടായിട്ടുപോലും ലഡാക്കിലെ ആകെയുള്ള 26 സീറ്റുകളിലേക്ക് കോൺഗ്രസ് 22ഉം എൻ.സി. 17ഉം ആയി മൊത്തം 39 സ്ഥാനാർഥികളെ നിർത്തിയിരുന്നു. ബി.ജെ.പിയുമായി കടുത്ത മത്സരത്തിന് സാധ്യതയുള്ള ഇടങ്ങളിൽ മാത്രമേ തങ്ങൾ സഖ്യത്തിന് നിർബന്ധം പിടിച്ചുള്ളൂ എന്നാണു വിശദീകരണം. 2018ൽ ഒരു സീറ്റ് മാത്രം ലഭിച്ച (പിന്നീട് രണ്ടു പി.ഡി.പി അംഗങ്ങളെ ചേർത്ത് അംഗസംഖ്യ മൂന്നാക്കിയ) ബി.ജെ.പിക്ക് ഇത്തവണ പുതുതായി കിട്ടിയ ഒരു സീറ്റിൽ കോൺഗ്രസും എൻ.സിയും ‘സൗഹൃദ’ മത്സരത്തിലായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി എന്ന കശ്മീരിലെ ഭൂരിപക്ഷം പാർട്ടികളുടെയും മുഖ്യ ആവശ്യത്തോട് ബി.ജെ.പി. സർക്കാർ ഇപ്പോഴും മുഖംതിരിച്ചു നിൽക്കുകയാണ്. 2019 ആഗസ്റ്റ് തീരുമാനം കശ്മീരിന് സംസ്ഥാനപദവി എന്നതാണെങ്കിലും, സുപ്രീംകോടതിയിൽ 370ാം ഖണ്ഡിക സംബന്ധിച്ച കേസ് വിചാരണക്കിടയിലും കേന്ദ്രം പറഞ്ഞത് സുരക്ഷാ ഘടകങ്ങൾ പരിഗണിച്ച് ‘ഉചിതമായ സമയത്ത്’ തെരഞ്ഞെടുപ്പ് നടത്താമെന്നായിരുന്നു. ഇന്നലെ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതികരണത്തിലും കശ്മീരിൽ ‘ശരിയായ സമയത്ത്’ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മാത്രമാണ് പറയുന്നത്. അതുവരെ ജനങ്ങളെ വരിഞ്ഞുമുറുക്കി മിക്ക സ്വാതന്ത്ര്യങ്ങളും നിഷേധിച്ച് നടപ്പാക്കിയ ഏകപക്ഷീയ തീരുമാനങ്ങൾ തുടരുമെന്നും തങ്ങൾക്ക് ഹിതകരമല്ലാത്ത ജനാഭിലാഷം വെളിവാകുന്നത് എങ്ങനെയും തടയുമെന്നും തന്നെയാണ് അനുമാനിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.