Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭരണകൂടത്തിന് വേരുചീയൽ...

ഭരണകൂടത്തിന് വേരുചീയൽ രോഗം

text_fields
bookmark_border
IAS Officers, Kerala, Editorial
cancel


ജീർണതയുടെ പുതിയ പാതാളങ്ങൾ തേടുകയാണ് കേരളത്തിലെ ബ്യൂറോക്രസിയിലെ ഉന്നതർ. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ കൃഷിവകുപ്പ് സ്​പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് ഫേസ്ബുക്കിലിട്ട കുറിപ്പുകൾ ബ്യൂറോക്രസിയിലെ നിലവാരത്തകർച്ചയുടെയും ഒപ്പം രാഷ്ട്രീയ നേതൃത്വത്തിന്റെ കാര്യശേഷിക്കുറവിന്റെയും ഒടുവിലത്തെ ഉദാഹരണമാണ്. കുറച്ചുകാലമായി ഐ.എ.എസ്, ഐ.പി.എസ് വിഭാഗങ്ങളിലെ സംസ്ഥാന നേതൃത്വങ്ങളിൽ കുറ്റകൃത്യങ്ങളോ​ളമെത്തുന്ന ദുഷ്‍ചെയ്തികൾ ശിക്ഷിക്കപ്പെടാതെയും ആവർത്തിച്ചും നടന്നുവരുന്നു. പട്ടികജാതി-വർഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച ‘ഉന്നതി’യുടെ സി.ഇ.ഒ ആയിരുന്ന കാലത്ത് പ്രശാന്തിന്റെ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപത്തെപ്പറ്റി മേലുദ്യോഗസ്ഥനായ ജയതിലക് റിപ്പോർട്ട് നൽകിയതും അത് വാർത്തയായതുമാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചത്.

ജയതിലകിനെ ചിത്തരോഗിയെന്ന് വിശേഷിപ്പിച്ചും മറ്റുതരത്തിൽ അധിക്ഷേപിച്ചും അദ്ദേഹം ചിത്രസഹിതം പോസ്റ്റ് ചെയ്ത സമൂഹമാധ്യമ കുറിപ്പുകൾ സിവിൽ സർവിസ് പെരുമാറ്റച്ചട്ടങ്ങളെ മാത്രമല്ല, പൊതുമണ്ഡലത്തിൽ പാലിക്കേണ്ട മാന്യതയെയും ലംഘിക്കുന്നതാണ്. ഇദ്ദേഹത്തിന്റെ മുൻകാല ചെയ്തികളിലും പദവിക്ക് ചേരാത്ത രീതികൾ ഉണ്ടായിരുന്നതായി കാണുന്നു. കോഴിക്കോട് കലക്ടറായിരിക്കെ, പ്രശാന്ത് ഫണ്ട് വകമാറ്റി കാർ വാങ്ങിയെന്നും അതേപ്പറ്റി റിപ്പോർട്ട് തയാറാക്കിയ അഡീഷനൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നും മുൻ ധനമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെ​ക്രട്ടറി ആരോപിക്കുന്നു. ആഴക്കടൽ മത്സ്യബന്ധനക്കരാറിനെ ചൊല്ലി തനിക്കെതിരെ ഉയർന്ന അഴിമതിയാരോപണത്തിനു പിന്നിൽ എൻ. പ്രശാന്തായിരുന്നെന്ന് മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മയും പറയുന്നു. ചൊല്ലിലും ചെയ്തിയിലും അദ്ദേഹം വരുത്തിയ വീഴ്ചകൾ പൊതുചർച്ചയിൽ വരുമ്പോൾ, ഇത് ഒറ്റ​പ്പെട്ട അപഭ്രംശമല്ലെന്നതുകൂടി കാണേണ്ടതുണ്ട്. നടപടി എടുക്കേണ്ടവർ അതത് സമയത്ത് കണ്ണടക്കുന്നത് ഇതിന് ഒരു കാരണമാണെന്നും പറയാതെ വയ്യ.

ശ്രീറാം വെങ്കട്ടരാമൻ ഐ.എ.എസ് 2019 ആഗസ്റ്റിൽ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ പത്രപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ, പരിശോധന വൈകിപ്പിച്ച് മദ്യപാനത്തിന്റെ തെളിവില്ലാതാക്കിയത് സംസ്ഥാനം ശ്രദ്ധിച്ചതാണ്. എ.ഡി.ജി.പി അജിത്കുമാറിനെതിരായ ആരോപണങ്ങൾ പൊലീസിന്റെ ഉന്നതങ്ങൾ എത്രത്തോളം ജീർണിച്ചെന്ന് കാണിക്കുന്നു. കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണം അന്വേഷണത്തിലാണ്. വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ മതാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയതും ഈ കേരളത്തിലാണ്. ‘മല്ലു ഹിന്ദു ഓഫിസേഴ്സ് ഗ്രൂപ്’ സംബന്ധിച്ച വിവരം പുറത്തുവന്നതോടെ, സംസ്ഥാനം അമ്പരന്നു. ഗോപാലകൃഷ്ണൻ കുറ്റം നിഷേധിക്കുകയും തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പരാതിപ്പെടുകയും ചെയ്തു.

ഇതിന് തെളിവെന്നോണം ‘മല്ലു മുസ്‍ലിം ഓഫിസേഴ്സ് ഗ്രൂപ്’ എന്ന മറ്റൊന്നുകൂടി ആ ഫോണിൽ രൂപം കൊണ്ടു. ഏതായാലും പിന്നീട് നടന്ന പരിശോധനകളിൽ സമൂഹ മാധ്യമ കമ്പനികളും പൊലീസും ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം തുടരുന്നു; ഏത് ഘട്ടത്തിലാണ് നടപടി അട്ടിമറിക്കപ്പെടുകയെന്ന് കാണാമെന്ന് മുൻസംഭവങ്ങൾ ചൂണ്ടിക്കാട്ടി പലരും മുന്നറിയിപ്പ് തരുന്നു. സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥൻ ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയതും അതറിഞ്ഞിട്ടും അനങ്ങാതിരുന്ന സർക്കാറിനു കീഴിൽ സംഭവം പൊതുചർച്ചയിൽനിന്നുതന്നെ നിഷ്‍കാസനം ചെയ്യപ്പെട്ടതും സംസ്ഥാനം അടുത്തകാലത്ത് കണ്ടതാണ്. മദ്യപിച്ച് വണ്ടിയോടിച്ചതു മുതൽ ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണത്തിനുവേണ്ടി പ്രവർത്തിച്ചതും ഐ.എ.എസുകാർക്കിടയിൽ വർഗീയാടിസ്ഥാനത്തിൽ ഗ്രൂപ്പുണ്ടാക്കിയതും പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാൻ കള്ളക്കേസ് കൊടുത്തതുമെല്ലാം പരിഗണിക്കുമ്പോൾ ‘വിസിൽ ബ്ലോവർ’ ചമഞ്ഞ് എൻ. പ്രശാന്ത് കുറിച്ച ഫേസ് ബുക്ക് തെറികൾ ചെറുതാണ്.

ഐ.എ.എസ്, ഐ.പി.എസുകാരായ രണ്ടു വനിതകൾ കർണാടകയിൽ പരസ്പര ശകാരം ചൊരിഞ്ഞത് സുപ്രീംകോടതിവരെ എത്തിയ സംഭവം. എന്നാൽ, ഇന്ത്യയുടെ ഏറ്റവും ഉന്നത ബ്യൂറോക്രാറ്റിക് ശൃംഖലയെ ബാധിച്ച രോഗം അതിലുമേറെ വലുതാണ്. പ്രശാന്തിന്റെ ശകാര പോസ്റ്റുകൾ ഉയർത്തിയ കാര്യങ്ങളെപ്പറ്റി ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചിട്ടുണ്ട്. മാധ്യമങ്ങളിലൂടെ വിഴുപ്പലക്കും മുമ്പ് വിയോജിപ്പുകൾ പറഞ്ഞുതീർക്കാൻ ആഭ്യന്തര സംവിധാനങ്ങളുള്ളതാണ്. സിവിൽ സർവിസിലെ ഉന്നതർക്കായി പെരുമാറ്റച്ചട്ടമുണ്ട്. ഇതിനെല്ലാമപ്പുറം ഭരണകൂടത്തിന്റെ നട്ടെല്ലെന്ന നിലക്ക് ഇവർ പാലിക്കേണ്ട മൂല്യങ്ങളും മര്യാദകളുമുണ്ട്.

പക്ഷേ, രാഷ്ട്രീയ നേതൃത്വത്തെ ബാധിച്ച മൂല്യച്യുതിയുടെ എല്ലാ ഭാവങ്ങളും സിവിൽ സർവിസിനെ ബാധിക്കുമ്പോൾ പരസ്പരം തിരുത്തൽ ശക്തികളാകേണ്ടവർ ജീർണതയിൽ പങ്കാളികളാകുന്നു. അഴിമതിയും വർഗീയതയും ജനങ്ങളെ വെല്ലുവിളിച്ച് മുന്നേറുന്നു. തെറ്റുകൾ അപ്പപ്പോൾ കണ്ടെത്താനും ഉത്തരവാദികളെ നിർണയിച്ച് ശിക്ഷിക്കാനും സംവിധാനങ്ങളില്ലാത്തതല്ല പ്രശ്നം. അവ പ്രവർത്തനക്ഷമമല്ല എന്നതാണ്; പ്രവർത്തിപ്പിക്കാനുള്ള സന്നദ്ധത സർക്കാർ കാണിക്കാത്തതാണ്. ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയവക്ക് കൽപിക്കപ്പെട്ടിരിക്കുന്ന നിലവാരവും മികവും അതിനകത്തുള്ളവർ തന്നെ ഇല്ലാതാക്കുമ്പോൾ, നിയമവിരുദ്ധവും ക്രിമിനൽ സ്വഭാവമുള്ളതുമായ ചെയ്തികൾവരെ ശിക്ഷാ ഭയമില്ലാതെ തുടർച്ചയായി വാർത്തയിൽ വരുമ്പോൾ സർക്കാർ വെറും കാഴ്ചക്കാരായി നിൽക്കുകയാണ്. പ്രശ്നത്തിന്റെ മർമം ഒരു പ്രശാന്തോ രണ്ട് ഫേസ്ബുക്ക് പോസ്റ്റോ മാത്രമല്ല എന്നർഥം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EditorialIAS OfficersKerala
News Summary - Internal Issues in IAS Officers in Kerala Cadre
Next Story