സൗഹൃദപാതയിൽ സൗദിയും ഇറാനും
text_fieldsപശ്ചിമേഷ്യയിൽ മാത്രമല്ല, ആഗോള രാഷ്ട്രീയ സമവാക്യങ്ങളിൽ വരെ കാതലായ മാറ്റങ്ങൾക്കു വഴിയൊരുക്കുന്നതാണ് സൗദിയും ഇറാനും തമ്മിലുണ്ടാക്കിയ പുതിയ സമാധാന ഉടമ്പടി. അഭിപ്രായ ഭിന്നതകൾ മറന്ന് സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപാതയിൽ സഞ്ചരിക്കാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനത്തെ ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭ അടക്കമുള്ള പ്രസ്ഥാനങ്ങളും സ്വാഗതംചെയ്തത് അതുകൊണ്ടാണ്. ഉടമ്പടിയോട് പ്രത്യക്ഷത്തിൽ നീരസം പ്രകടിപ്പിച്ചത് ഇസ്രായേലും ഏതാനും തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുമാണെന്നുകൂടി അറിയുമ്പോൾ, ഈ സമാധാന നീക്കം അത്യധികം ചരിത്രപരമെന്നുതന്നെ ഉറപ്പിച്ചുപറയാം. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ മുൻകൈയിൽ സൗദി, ഇറാൻ ഭരണനേതൃത്വങ്ങൾ തമ്മിലുള്ള ധാരണയുടെ തുടർച്ചയായി മാർച്ച് ആറു മുതൽ 10 വരെ തീയതികളിൽ ബെയ്ജിങ്ങിൽ നടന്ന ചർച്ചയിലാണ് ഉടമ്പടിയുടെ അന്തിമ രൂപമായത്. എന്നാൽ, ചൈനയുടെ മധ്യസ്ഥ നീക്കത്തിനും മുന്നേതന്നെ ഇറാഖും ഒമാനുമെല്ലാം മുൻകൈയെടുത്ത് സമാധാന ചർച്ചകൾക്ക് തുടക്കംകുറിച്ചിരുന്നു.
അന്നേരംമുതൽക്കേ ഇരു രാജ്യങ്ങളുടെയും ഭരണനേതൃത്വത്തിന് മനംമാറ്റവും സംഭവിച്ചിരുന്നതായി അവരുടെ പ്രസ്താവനകൾ സൂചിപ്പിക്കുന്നു. ഈ അനുകൂല രാഷ്ട്രീയ സാഹചര്യത്തിലേക്ക് കൃത്യമായും ഫലപ്രദമായും ചൈന ഇടപെട്ടതോടെ കാര്യങ്ങളുടെ ഒന്നാം ഘട്ടം ശുഭകരമായി അവസാനിച്ചു. ഉടമ്പടിയനുസരിച്ച്, രണ്ടു മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കും. ഇതിനായി, രണ്ടു രാജ്യത്തെയും പൂട്ടിക്കിടക്കുന്ന എംബസികൾ തുറക്കും. അതിനു മുന്നോടിയായി, സൗദിയുടെയും ഇറാന്റെയും വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തും. ഇതിനുപുറമെ, 2001ലെ സുരക്ഷാസഹകരണം പുനഃസ്ഥാപിക്കും; സാമ്പത്തികം, വാണിജ്യം, സാംസ്കാരികം, കായികം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് 1998ൽ രൂപപ്പെടുത്തിയ കരാർ നടപ്പാക്കാനും ധാരണയായിട്ടുണ്ട്.
2016ൽ, സൗദി അറേബ്യയിലെ ശിയാ പണ്ഡിതനായിരുന്ന നമിർ അന്നമിറിന് വധശിക്ഷ വിധിച്ചതിനെ തുടർന്ന് ഇറാനിലുണ്ടായ പ്രതിഷേധവും അനുബന്ധ സംഭവവികാസങ്ങളുമാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നയതന്ത്രബന്ധം വിച്ഛേദിക്കപ്പെടാനുള്ള കാരണമെങ്കിലും, അതിനുംമുമ്പേതന്നെ രണ്ടു കൂട്ടരും തമ്മിലുള്ള അസ്വസ്ഥതകളുടെ പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ ഉരുണ്ടുകൂടിയിട്ടുണ്ടായിരുന്നു. യമനിലെ ആഭ്യന്തര സംഘർഷങ്ങളിൽ സൗദിയുടെയും ഇറാന്റെയും ഇടപെടലും തുടർന്നുണ്ടായ അസ്വാരസ്യങ്ങളുമാണ് അതിൽ ഏറ്റവും ഒടുവിലത്തേത്. ഹൂതികളെ പിന്തുണക്കുന്നത് ഇറാനാണെന്ന് പലകുറി സൗദി ആരോപിച്ചിരുന്നു. അപ്പോഴൊന്നും നേരിട്ടുള്ള ഏറ്റുമുട്ടലുകളുണ്ടായില്ല. അതേസമയം, അസ്വാരസ്യങ്ങൾ അവസാനിച്ചതുമില്ല.
ചുരുങ്ങിയത് നാലു പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുള്ള പിണക്കത്തിനാണ് മഞ്ഞുരുകിയിരിക്കുന്നത്. 1980ലെ, ഇറാഖിന്റെ ഇറാൻ അധിനിവേശത്തോടെ തുടങ്ങിയ ഈ ‘ശീതയുദ്ധം’ വാസ്തവത്തിൽ ഇരുകൂട്ടർക്കും നഷ്ടമേ വരുത്തിവെച്ചിട്ടുള്ളൂ. അതോടൊപ്പം, പശ്ചിമേഷ്യയെ അത് സംഘർഷഭരിതവുമാക്കി. മറ്റൊരർഥത്തിൽ, സാമ്രാജ്യത്വശക്തികളുടെ മുതലെടുപ്പും അധിനിവേശങ്ങളും മാത്രമാണ് ഈ ‘നിഴൽയുദ്ധം’ മൂലം സംഭവിച്ചത്. ഇനിയും അത്തരമൊരബദ്ധം ആവർത്തിച്ചുകൂടാ എന്ന കൃത്യമായ സന്ദേശം നൽകിക്കൊണ്ടാണ് പുതിയ സമാധാന ഉടമ്പടിയിലേക്ക് സൗദിയും ഇറാനും പ്രവേശിച്ചിരിക്കുന്നതെന്നു കാണാം. രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടും അവസരം വരുമ്പോൾ സൈനികാധിനിവേശങ്ങൾ നടത്തിയും അധികാരവും സമ്പത്തും പിടിച്ചെടുക്കുന്ന അമേരിക്കയുടെയും യൂറോപ്പിന്റെയും കാലങ്ങളായുള്ള തന്ത്രങ്ങൾക്ക് ഇനിയും വഴങ്ങേണ്ടതില്ലെന്നും സ്വന്തം ശക്തിയിലും അസ്തിത്വത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ചുള്ള ബദൽ പ്രയാണത്തിലൂടെയുള്ള പുതിയ രാഷ്ട്രീയക്രമം അസാധ്യമല്ലെന്നും ഈ ഉടമ്പടി ലോകത്തോട് വിളിച്ചുപറയുന്നുണ്ട്.
മുൻകാലങ്ങളിൽനിന്ന് ഭിന്നമായി, പശ്ചിമേഷ്യയിൽ ചൈനയുടെ ഇടപെടലാണ് ഈ ഉടമ്പടിയിൽ എടുത്തുപറയേണ്ട മറ്റൊരു കാര്യം. മാറുന്ന ലോകക്രമത്തിന്റെ നിദർശകമായി ഇതിനെ ചൂണ്ടിക്കാണിക്കുന്നവരുണ്ട്. പശ്ചിമേഷ്യയിൽ മാത്രമല്ല, ലോകത്തുതന്നെയും അമേരിക്കക്കുണ്ടായിരുന്ന മേൽക്കൈ തകർന്നുകൊണ്ടിരിക്കുന്നുവെന്നതിന്റെ ഒട്ടേറെ ദൃഷ്ടാന്തങ്ങൾ നമുക്കു മുന്നിലുണ്ട്. ആഗോള സാമ്പത്തികമാന്ദ്യത്തിൽ അമേരിക്ക തകർന്നുകൊണ്ടിരിക്കുകയാണ്. മറ്റൊരു അധീശശക്തിയായ യൂറോപ്പിന്റെ കരുത്തും ചോർന്നുപോയിരിക്കുന്നു. ബ്രെക്സിറ്റ് പോലുള്ള ‘രാഷ്ട്രീയ പരിഷ്കരണ’ ശ്രമങ്ങളും നവനാസികളുടെ അപ്രമാദിത്വവും യൂറോപ്പിനെ മൊത്തമായി തകർത്തുകൊണ്ടിരിക്കുന്നു. പശ്ചിമേഷ്യയിൽ വലിയ സ്വാധീനമുണ്ടായിരുന്ന ഈ രണ്ടു കക്ഷികൾക്കും പകരമായി രംഗപ്രവേശം ചെയ്തിരിക്കുന്ന ചൈന, ഇതിനകംതന്നെ പുതിയൊരു ലോകക്രമത്തിനായുള്ള പരിശ്രമത്തിലാണ്. സാമ്പത്തിക, വാണിജ്യ, ശാസ്ത്ര, സാങ്കേതിക മേഖലകളിലടക്കം ഇത് പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ്, ഇമ്മട്ടിലൊരു തന്ത്രപ്രധാനമായ ഇടപെടൽ. പുതിയൊരു സാമ്പത്തിക സഖ്യത്തിലേക്കുകൂടിയുള്ള വാതിലാണ് ഇതുവഴി തുറന്നിരിക്കുന്നത്. ഈ വാതിൽ പുതിയ സമാധാനപാത തുറക്കട്ടെയെന്നാണ് ലോകജനത ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.