കൊതുകുവല വിരിക്കാനും കോടതി കനിയണോ?
text_fieldsവിറയൽ രോഗമുള്ളതിനാൽ ജയിലിൽ വെള്ളം വലിച്ചുകുടിക്കാൻ സ്ട്രോ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വയോധികന് രണ്ടു വർഷം മുമ്പ് കോടതിയെ സമീപിക്കേണ്ടി വന്നത് ഓർക്കുന്നുണ്ടോ? ആദിവാസികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുകയും നിയമപോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തതിന് ഫാ. സ്റ്റാൻ സ്വാമിക്ക് ലഭിച്ച ശിക്ഷയായിരുന്നു മൗലികാവകാശമായ കുടിവെള്ളം പോലും വിദൂരമാക്കുന്ന ആ ജയിലിലടപ്പ്.
അന്വേഷണ ഏജൻസിയുടെയും ജയിലധികൃതരുടെയും കോടതിയുടെയും കുറ്റകരമായ ഉപേക്ഷകൾക്കിടയിൽ മതിയായ ചികിത്സ ലഭിക്കാതെ അദ്ദേഹം ഇഹലോകം വെടിഞ്ഞു. സ്റ്റാൻ സ്വാമിക്ക് നേരിടേണ്ടി വന്ന ദുരന്തം അധികൃതരുടെ മനുഷ്യത്വഹീനതക്ക് തെല്ലെങ്കിലും മാറ്റമുണ്ടാക്കിയേക്കുമെന്നും തെറ്റുകൾ തിരുത്തപ്പെടുമെന്നും നമ്മിൽ പലരും ധരിച്ചുപോയിരുന്നു, പക്ഷേ അതും തെറ്റി.
സ്റ്റാൻ സ്വാമിയെ പ്രതിചേർത്ത അതേ എൽഗാർ പരിഷദ് കേസിലെ വിചാരണ തടവുകാരനായ പ്രമുഖ മനുഷ്യാവകാശ- മാധ്യമ പ്രവർത്തകൻ ഗൗതം നവലാഖ രണ്ടു ദിവസം മുമ്പ് പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത് ജയിലിൽ കൊതുകുവല ഉപയോഗിക്കാനുള്ള അനുമതിക്കുവേണ്ടിയാണ്.
അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന നവിമുംബൈയിലെ തലോജ ജയിൽ സ്ഥിതിചെയ്യുന്ന പ്രദേശത്ത് കൊതുകുജന്യരോഗങ്ങളായ ഡെങ്കുവും മലേറിയയും പടർന്നുപിടിക്കുന്നുണ്ട്.
ഇതേ കേസിലെ വിചാരണ തടവുകാരനായ ട്രേഡ് യൂനിയനിസ്റ്റ് വെർനൺ ഗോൺസാൽവസിനെ ഈ ജയിലിൽനിന്ന് ഡെങ്കിബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മുംബൈ ജെ.ജെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസുഖലക്ഷണം തുടങ്ങിയ ഘട്ടത്തിൽ തന്നെ അറിയിച്ചിരുന്നുവെങ്കിലും പാരസറ്റമോൾ ഗുളികയിൽ ജയിലധികൃതർ ചികിത്സയൊതുക്കി. 65 വയസ്സുള്ള വെർനണിെൻറ ആരോഗ്യസ്ഥിതി തീർത്തും വഷളായ ഘട്ടത്തിൽ മാത്രമാണ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി ലഭിച്ചത്. ഉപകരണസഹായത്തോടെ ഓക്സിജൻ നൽകിയാണ് അദ്ദേഹത്തിെൻറ ജീവൻ നിലനിർത്തുന്നതെന്ന് പത്നി അഡ്വ. സൂസൻ എബ്രഹാം വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിലാണ് തെൻറ കൊതുകുവല ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഒരു മുതിർന്ന മാധ്യമ പ്രവർത്തകന് കോടതിക്കു മുന്നിൽ കെഞ്ചേണ്ടി വരുന്നത്. നേരത്തേ കൊതുകുവല ഉപയോഗിക്കുന്നതിന് തടസ്സമുണ്ടായിരുന്നില്ല, എന്നാൽ വലയുടെ ചരടും അവ ഉറപ്പിച്ചുനിർത്തുന്ന ആണികളും 'സുരക്ഷാ ഭീഷണി' ഉയർത്തുന്നുവെന്ന പേരിൽ ജയിൽ അധികൃതർ വിലക്കേർപ്പെടുത്തുകയായിരുന്നു.
കാഴ്ചശക്തി തീരെ കുറഞ്ഞ ഇദ്ദേഹത്തിെൻറ കണ്ണട രണ്ടുവർഷം മുമ്പ് ജയിലിൽ വെച്ച് കളവുപോയിരുന്നു. വിവരമറിഞ്ഞയുടനെ ഭാര്യ സാബാ ഹുസൈൻ പുതിയ കണ്ണട ജയിലിലേക്കയച്ചെങ്കിലും അത് ഏറ്റുവാങ്ങാൻ കൂട്ടാക്കാതെ മടക്കിവിട്ടു ജയിലധികൃതർ. ഇതുസംബന്ധിച്ച പരാതി പരിഗണിക്കവെ 'ഇത്തരം ചെറിയ കാര്യങ്ങൾ നിഷേധിക്കാമോ, മാനുഷിക പരിഗണനയല്ലേ ആദ്യം നൽകേണ്ടത്' എന്നു ചോദിച്ച ബോംബെ ഹൈകോടതി ജയിലധികൃതർക്കായി ഒരു ശിൽപശാല നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും നിരീക്ഷിച്ചിരുന്നു.
ശിൽപശാല നടത്തിയാലും ഇല്ലെങ്കിലും ജയിലധികൃതരുടെ ശിലാഹൃദയത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇതേ കേസിൽ കുടുക്കപ്പെട്ട മലയാളിയായ ഡൽഹി സർവകലാശാല പ്രഫസർ ഡോ. ഹാനി ബാബുവിനും യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിൽ കടുത്ത അനാസ്ഥയാണ് അധികൃതർ പുലർത്തിയത്. കെട്ടിച്ചമച്ച തെളിവുകൾ കോടതിയിൽ വിലപ്പോവില്ലെന്നുറപ്പുള്ളതിനാൽ മതിയായ ചികിത്സ നൽകാതെ വിചാരണത്തടവുകാലത്ത് ജയിലിൽവെച്ചുതന്നെ അവരെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന മനുഷ്യാവകാശ പ്രവർത്തകരുടെ ആരോപണം എങ്ങനെ അവിശ്വസിക്കാനാവും?
ഈ കേസിലെ മറ്റൊരു ആരോപിതൻ കവി പ്രഫ. വരവരറാവു ജയിലിലെ മനുഷ്യത്വഹീന പരിചരണങ്ങളുടെ തുടർച്ചയായി എത്രയോ കാലം ബോധരഹിതനായി ആശുപത്രിയിൽ കഴിഞ്ഞു. ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ആരോഗ്യകാരണങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചുവെന്നതൊഴിച്ചാൽ ഭരണകൂടം നടത്തുന്ന ഇൗ മരണക്കളി തടയാൻ നീതിപീഠവും കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് പറയേണ്ടി വരും.
അതിപ്രശസ്ത ആക്ടിവിസ്റ്റുകളും അക്കാദമീഷ്യന്മാരും ഉൾക്കൊള്ളുന്നതുകൊണ്ടു മാത്രമാണ് എൽഗാർ പരിഷദ് കേസിലെ കുറ്റാരോപിതർ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും സമൂഹത്തിൽ ചെറുതായെങ്കിലും ചർച്ചയാവുന്നതും. മറ്റു നൂറുകണക്കിന് കേസുകളിൽ പ്രതിചേർക്കപ്പെട്ടവരുടെ ദുരിതങ്ങൾ പുറത്തറിയുന്നതു പോലുമില്ല.
ഡൽഹി യൂനിവേഴ്സിറ്റി അധ്യാപകനായിരുന്ന പ്രഫ. ജി.എൻ. സായിബാബക്കൊപ്പം യു.എ.പി.എ കേസിൽ ശിക്ഷിക്കപ്പെട്ട പാണ്ഡു നരോട്ടേ എന്ന 33കാരൻ നാഗ്പുർ ജയിലിൽനിന്ന് പന്നിപ്പനി ബാധിച്ച് മരിച്ചത് വലിയ വാർത്തയേ ആയില്ല. ദലിത് യുവതി ബലാത്സംഗക്കൊലക്കിരയായ ഹാഥ്റസിലേക്ക് പോകുംവഴി മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റു ചെയ്യപ്പെട്ട കാമ്പസ് ഫ്രണ്ട് നേതാവ് അതീഖുറഹ്മാന് ശസ്ത്രക്രിയക്കുശേഷം നൽകേണ്ട പരിചരണം നിഷേധിക്കപ്പെട്ടതുമൂലം വലതു കൈയും കാലും അനക്കമറ്റ നിലയിലാണെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
നീതിപീഠം അതിശക്തമായി ഇടപെടുകയും നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യാത്തിടത്തോളം കാലം രാജ്യത്തിെൻറ മുക്കുമൂലകളിലുള്ള ജയിലുകളിൽ അനേകർ ഇത്തരത്തിൽ ഇഞ്ചിഞ്ചായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും.
ചുറ്റുമുള്ള മനുഷ്യർ നേരിട്ട അവകാശ ലംഘനങ്ങൾക്കെതിരെ വിരലുയർത്തിയതിെൻറ പേരിലാണ് ഈ മനുഷ്യർ തടവറക്കുള്ളിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ സഹിക്കേണ്ടി വരുന്നതെന്ന് കോടതിയും പൊതുസമൂഹവും മറന്നുപോവരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.