ഭരണഘടനയെ ഭരണകൂടം തോൽപിക്കുകയാണോ?
text_fieldsകർണാടകയിലെ ഉഡുപ്പി ഗവ. വനിത പ്രീ യൂനിവേഴ്സിറ്റി കോളജിലെ 11, 12 ക്ലാസുകളിലെ എട്ടു മുസ്ലിം വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്‍റെ പേരിൽ പുറത്താക്കിയ സംഭവം രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ഡിസംബർ 27ന് വിദ്യാർഥികളുടെ യൂനിഫോമിന്‍റെ പേരുപറഞ്ഞ്, യൂനിഫോമിൽതന്നെ ശിരോവസ്ത്രം ധരിച്ചെത്തിയ പെൺകുട്ടികൾക്കുനേരെ വിദ്യാലയം വാതിൽ കൊട്ടിയടച്ചു. പഠനം മുടക്കാൻ തയാറല്ലാതിരുന്ന വിദ്യാർഥിനികൾ പടിക്കു പുറത്തിരുന്നു പഠിക്കാൻ തീരുമാനിച്ചതോടെ വിഷയം ഹിന്ദുത്വ വർഗീയസംഘടനകൾ ഏറ്റെടുത്തു.
അധികൃതരും അതിനു വഴങ്ങി കോളജ് അടച്ചിട്ടായാലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് സ്വീകരിച്ച് ഉള്ളിലിരിപ്പ് വെളിപ്പെടുത്തി. ശിരോവസ്ത്രം ധരിച്ചതിന്‍റെ പേരിൽ വിദ്യാർഥിനികളെ പുറന്തള്ളിയ നടപടിയെ അംഗീകരിക്കാനാവില്ലെന്നും ഇതിനു വിദ്യാഭ്യാസവകുപ്പുമായി ബന്ധമില്ലെന്നും കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി എജുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി കോളജ് പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് കോളജുകളിൽ യൂനിഫോം നിലവിലില്ലെന്നും അത് ഏർപ്പെടുത്തുന്ന വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നുമാണ് വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി അറിയിച്ചത്. വിഷയത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമീഷനും വിശദീകരണം തേടിയിരുന്നു. കോളജിലെ വസ്ത്രനിയന്ത്രണത്തിനെതിരെ വിദ്യാർഥിനികൾ സമർപ്പിച്ച ഹരജി ഇന്ന്, ചൊവ്വാഴ്ച കർണാടക ഹൈകോടതി പരിഗണിക്കാനിരിക്കുകയാണ്. എന്നാൽ, ഇതെല്ലാം തകിടംമറിച്ച് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏകീകൃത വസ്ത്രധാരണം നിർബന്ധമാക്കി കർണാടക സർക്കാർ കഴിഞ്ഞ ശനിയാഴ്ച ഉത്തരവിറക്കിയിരിക്കുന്നു.
ഗവൺമെന്റ് വിദ്യാലയങ്ങളിൽ പൊതു യൂനിഫോമും സ്വകാര്യസ്കൂളുകളിലും ബിരുദപൂർവ പി.യു കോളജുകളിലും അധികൃതർ നിശ്ചയിച്ച യൂനിഫോമും അണിയണമെന്ന് സർക്കാർ ഉത്തരവിൽ നിഷ്കർഷിക്കുന്നു. ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും പഠിപ്പിക്കാനും മതാചാരങ്ങൾ പാലിക്കാനും ഭരണഘടന അനുഛേദം 25 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശത്തിനു വിരുദ്ധമല്ല ഈ യൂനിഫോം അടിച്ചേൽപിക്കൽ എന്നും ഉത്തരവിലുണ്ട്! 'സമത്വത്തെയും അഖണ്ഡതയെയും പൊതുനിയമത്തെയും അസ്വസ്ഥപ്പെടുത്തുന്ന' വസ്ത്രധാരണം അനുവദിക്കുകയില്ലെന്ന് ഉത്തരവ് തീർത്തുപറയുന്നു. മുസ്ലിം വിദ്യാർഥികളുടെ ശിരോവസ്ത്രം ധരിക്കാനുള്ള ആവശ്യത്തിനു മറുപടിയെന്നോണം സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ കാവി ഷാൾ അണിഞ്ഞുകൊണ്ടു മറുകാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് സംഘ്പരിവാർ.
വംശീയവൈരവും വൈകാരികതയും മുറ്റിനിൽക്കുന്ന ദക്ഷിണ കാനറ മേഖലയിൽനിന്ന് ആരംഭിച്ച സ്കാർഫ് വിരോധം മുസ്ലിംവിരുദ്ധ വംശവെറിയായി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനുള്ള പരിപാടിയിലാണ് അവർ. ഉത്തരേന്ത്യയിലെ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിലേക്കു കൂടി മുതൽക്കൂട്ടാൻ വിവാദത്തെ പാകപ്പെടുത്തുന്ന ശ്രമത്തിലാണ് അവരിപ്പോൾ. മറ്റു ചില സ്ഥാപനങ്ങൾ കൂടി ശിരോവസ്ത്രം ധരിച്ചവരെ ക്ലാസിൽ കയറ്റാതെ തിരിച്ചയച്ചിട്ടുണ്ട്. മുസ്ലിംവിദ്യാർഥിനികളുടെ മൗലികാവകാശ സംരക്ഷണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദലിത് വിദ്യാർഥിസംഘടനകൾ നീല ഷാളും അണിഞ്ഞു സമരത്തിൽ അണിനിരന്നിരിക്കുന്നു. എല്ലാം കൂടി കർണാടകയിലെ വിദ്യാലയാന്തരീക്ഷം കാലുഷ്യത്തിലേക്കു നീങ്ങിയിരിക്കുകയാണ്.
'ഒരു മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആ മതത്തിന്‍റെ തന്നെ തത്ത്വങ്ങൾക്ക് അനുസൃതമായാണ് വിധി പറയേണ്ടതെന്ന്' സ്വതന്ത്ര ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിനു മുന്നിൽ ആദ്യമായെത്തിയ അതിപ്രധാനമായ മതസംബന്ധമായ കേസിന്‍റെ തീർപ്പിലെ നിർദേശമായിരുന്നു. ഉഡുപ്പിയിലെ ശ്രീശിരൂർ മഠവുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തിൽ മതവിശ്വാസത്തോടും ആചാരങ്ങളോടും അനുഭാവമുണ്ടാകണമെന്നും അന്നു കോടതി ഉത്തരവിൽ പറഞ്ഞു. അതേ ഉഡുപ്പിയിൽ തന്നെയാണിപ്പോൾ ഉടുക്കാത്ത മതഭ്രാന്ത് ഇളകിയാട്ടം തുടങ്ങിയിരിക്കുന്നത് എന്നതാണ് വിരോധാഭാസം.
2016ൽ അംന ബിൻത് ബഷീറും സി.ബി.എസ്.ഇയും തമ്മിലുള്ള കേസിൽ കേരള ഹൈകോടതിയും പിന്നീട് യൂസുഫ് ഭായ് ഉസ്മാൻ ഭായ് ശൈഖും ഗുജറാത്ത് സർക്കാറും തമ്മിലുള്ള കേസിൽ ഗുജറാത്ത് ഹൈകോടതിയും ഭരണഘടന വകവെച്ചു നൽകുന്ന മതാചാരസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് അനുസൃതമായി മുസ്ലിം വേഷവിധാനം കാണണമെന്നു വ്യക്തമാക്കിയിരുന്നു. ഈ വിധിയുടെ ലംഘനമാണ് ഉഡുപ്പിയിലും അതിനു സാധൂകരണം നൽകുന്ന സർക്കാർ ഉത്തരവിലും കാണുന്നത്. അതിനു ഭരണഘടനയുടെയും ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെയും പിന്തുണയുണ്ടാവില്ലെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകർ അടക്കം വ്യക്തമാക്കുന്നു.
യൂനിഫോമിന്‍റെ കൂടെ മതാചാരപ്രകാരമുള്ള ശിരോവസ്ത്രം ധരിക്കുന്നത് എങ്ങനെ നിയമവിരുദ്ധമാകും, നിലവിൽ സിഖുവിഭാഗം യൂനിഫോമിനൊപ്പം അവരുടെ തലപ്പാവ് ധരിക്കുന്നുണ്ടല്ലോ, യൂനിഫോം നിയമം ലംഘിച്ചെന്നതുകൊണ്ടുമാത്രം പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടക്കാമോ, എല്ലാവർക്കും വിദ്യാഭ്യാസം എന്ന തത്ത്വത്തെക്കാൾ വലുത് ഏകീകൃത വസ്ത്രനിയമം നടപ്പാക്കുന്നതാണോ തുടങ്ങിയ ചോദ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്. സർവോപരി ഭരണഘടനയുടെ ആർട്ടിക്ക്ൾ 25ന്‍റെ താൽപര്യങ്ങളെ ഹനിക്കുന്നതാണ് സർക്കാർ ഉത്തരവെന്ന കാര്യത്തിൽ അവർക്കു സംശയമില്ല. നേരത്തേ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റിന്‍റെ ശിരോവസ്ത്ര വിഷയത്തിൽ കേരളസർക്കാർ സ്വീകരിച്ച നിലപാടും ഇതോടു ചേർത്തുവായിക്കണം.
മുസ്ലിം വിദ്യാർഥിനികളുടെ ഭരണഘടനാവകാശത്തെ ശിരോവസ്ത്രത്തിനുമേൽ ഇസ്ലാം പേടി വളർത്തി ഹനിക്കാനും ഇന്ത്യയിൽ തങ്ങളുടെ ഏകശില സംസ്കാരമേ വിലപ്പോവൂ എന്ന ഫാഷിസ്റ്റു സന്ദേശം സ്ഥാപിച്ചെടുക്കാനുമാണ് സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നത്. അതിൽ അവർ വിജയിക്കുന്നുവെന്ന് തെളിയിക്കുന്നു കർണാടകയിലെ വലതു ബി.ജെ.പി സർക്കാറിന്‍റെയും കേരളത്തിലെ ഇടതുസർക്കാറിന്‍റെയുമൊക്കെ നിലപാടുകൾ. എന്നാൽ, അവിടെ പരാജയപ്പെടുന്നത് ഇന്ത്യയുടെ നാനാത്വമെന്ന ആശയവും ജനാധിപത്യ, മതനിരപേക്ഷ സങ്കൽപങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.