മലബാറിലെ കുട്ടികൾ തെരുവിൽ പഠിക്കണമെന്നാണോ മന്ത്രി പറയുന്നത്?
text_fieldsഇ.കെ. നായനാര്‍ മുഖ്യമന്ത്രിയും പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയുമായിരിക്കെ 2001ലാണ് പ്രീഡിഗ്രി കോളജുകളില്‍നിന്ന് വേർപെടുത്തി ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസം സ്കൂളുകളിലേക്ക് മാറ്റുന്നത്. അന്ന് തിരുകൊച്ചി മേഖലയെ അപേക്ഷിച്ച് മലബാറില്‍ സർക്കാർ/ എയ്ഡഡ് മേഖലയില്‍ ഹൈസ്കൂളുകള്‍ കുറവായിരുന്നിട്ടും ആവശ്യമായ വിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ അനുവദിച്ചില്ല. ആദ്യകാലത്ത് മലബാറില്‍ പത്താം ക്ലാസ് വിജയശതമാനം കുറവായതിനാല്‍ ഈ സീറ്റുപരിമിതി വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല.
എന്നാല്‍, വര്‍ഷം പിന്നിടുന്തോറും വിജയ ശതമാനം ഉയരുകയും സീറ്റുപ്രതിസന്ധി പ്രകടമാവുകയും ചെയ്തു. 2005 നുശേഷം എസ്.എസ്.എല്‍.സി വിജയ ശതമാനം മലബാർ ജില്ലകളിലും 80 ശതമാനത്തിന് മുകളില്‍ ആയതോടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് ഓരോ വര്‍ഷവും ഉപരിപഠനസൗകര്യമില്ലാതെ വന്നു. തെക്കന്‍ ജില്ലകളിലാവട്ടെ അഡ്മിഷൻ തേടാൻ കുട്ടികളില്ലാതെ വെറുതെ കിടക്കുന്ന ബാച്ചുകൾ വർധിച്ചു. അസന്തുലിതമായ ഈ സീറ്റു വിതരണവും ബാച്ച് സംവിധാനവും പഠിച്ച് ശാസ്ത്രീയമായി പുനഃസംവിധാനിച്ച് പ്രശ്നം പരിഹരിക്കാന്‍ സർക്കാറുകൾ ഒരു ശ്രമവും നടത്തിയില്ല. അതുതന്നെയാണ് ഇന്ന് മലബാര്‍ മേഖല അനുഭവിക്കുന്ന വിദ്യാഭ്യാസ അനീതിയുടെ അടിവേര്.
ഇടതുപക്ഷ വിദ്യാർഥി സംഘടനകൾപോലും ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ് കഴിഞ്ഞ ഇടതുഭരണ കാലം മുതൽ പ്രശ്നപരിഹാരം ആവശ്യപ്പെടുന്നു. മറ്റ് വിദ്യാർഥി സംഘടനകൾ സമരങ്ങളിലൂടെയും ഭരണാധികാരികളെ നേരിൽ കണ്ടും ഈ വിഷയം ഉന്നയിച്ച് പോന്നിട്ടുമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ മലബാറിലെ മിക്ക കൂട്ടായ്മകളും ഈ വിഷയത്തിലേക്ക് ഇരു മുന്നണികളുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു. എൽ.ഡി.എഫ് അവരുടെ പ്രകടനപത്രികയിൽ സ്പെഷൽ പാക്കേജ് എന്ന തലക്കെട്ടിനു കീഴിൽ മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പഠിച്ച് പരിഹരിക്കാനാവശ്യമായ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചത്.
ഓരോ വർഷവും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെടുന്ന മലബാർ ജില്ലകളിലെ ഹയർ സെക്കൻഡറി സീറ്റുകളുടെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കലായിരുന്നു പതിവ്. കഴിഞ്ഞവർഷമത് 30 ശതമാനം വരെയായി. 50പേർക്കിരിക്കാവുന്ന ഒരു ക്ലാസിൽ മലബാർ ജില്ലകളിൽ 65 വിദ്യാർഥികളെയാണ് കുത്തിക്കൊള്ളിക്കുന്നത്. ഇതു തുടരരുതെന്ന് കഴിഞ്ഞ അധ്യയന വർഷം കേരള സർക്കാറിനോട് ഹൈകോടതിക്ക് നിർദേശിക്കേണ്ടി വന്നു.
എന്നാൽ, 'പത്താംക്ലാസ് പാസായ എല്ലാ വിദ്യാർഥികൾക്കും സംസ്ഥാനത്ത് ഉപരിപഠന സൗകര്യമുണ്ട്. ഒരു ജില്ലയിലും സീറ്റ് പ്രതിസന്ധിയില്ല. നേരിയ പ്രശ്നങ്ങളുണ്ടെങ്കിൽ 20 ശതമാനം മാർജിനൽ ഇൻക്രീസ് നടപ്പാക്കിയതോടെ അതവസാനിച്ചു. ഇനി പ്രശ്നമുണ്ടാവുകയാണെങ്കിൽ സെക്കൻഡ് അലോട്ട്മെൻറിന് സീറ്റ് വീണ്ടും വർധിപ്പിക്കാം' എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലും നിയമസഭാ മറുപടികളിലും വ്യക്തമാക്കുന്നത്. മന്ത്രിയുടെ ജൂലൈ 27 ലെ കുറിപ്പ് ഇങ്ങനെയാണ്: ''എസ്.എസ്.എൽ.സി പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ഉപരിപഠനത്തിന് 4,62,527 സീറ്റുകൾ. ഹയർസെക്കൻഡറി മേഖലയിൽ 3,61,307, വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 33,000, ഐ.ടി.ഐകളിൽ 49,140, പോളിടെക്നിക്കുകളിൽ 19,080 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. 2020- 21 അധ്യയന വർഷം ആകെ 4,19,653 വിദ്യാർഥികൾ ആണ് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്.''
മലബാർ ജില്ലകളിൽ എസ്.എസ്.എൽ.സി പാസായവർക്ക് ഉപരിപഠനസൗകര്യങ്ങളില്ലെന്നത് പതിവിലധികം ചർച്ചയായ സന്ദർഭത്തിലാണ് സീറ്റുകുറവുള്ള മലബാറിനെ സ്പർശിക്കാതെ കേരളത്തെ മൊത്തം ഒരു യൂനിറ്റായി പരിഗണിച്ച് പത്താംക്ലാസ് പാസായ മുഴുവൻ പേർക്കും സംസ്ഥാനത്ത് ഉപരിപഠന സൗകര്യമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുന്നത്. മലബാറിലെ ആറ് ജില്ലകളിലും ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി, ഐ.ടി.ഐ, പോളിടെക്നിക് എന്നിങ്ങനെ മുഴുവൻ ഉപരിപഠന സാധ്യതകളെടുത്താലും ആവശ്യത്തിന് സീറ്റുകളില്ല. മലപ്പുറത്തും കോഴിക്കോടുമൊക്കെ പഠനം മുടങ്ങുന്ന കൗമാരക്കാരായ വിദ്യാർഥികൾ സീറ്റുകളൊഴിഞ്ഞുകിടക്കുന്ന കോട്ടയത്തും പത്തനംതിട്ടയിലുമെല്ലാം പോയി പ്ലസ് വൺ പഠിക്കട്ടെയെന്നാണോ മന്ത്രി ഉദ്ദേശിക്കുന്നത്?
ആഗസ്റ്റ് രണ്ടിന് എം.എൽ.എമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.യു. കേളു, സേവ്യർ ചിറ്റിലപ്പിള്ളി, കെ.യു. ജനീഷ് കുമാർ എന്നിവർ നൽകിയ ചോദ്യത്തിന് മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ 'പ്രവേശന നടപടികൾ അവസാനിച്ചു കഴിയുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലുമുള്ളത്. നിലവിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർസെക്കൻഡറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ല' എന്നാണ് പറയുന്നത്.
ഈ പ്രസ്താവനക്ക് തെളിവായി വിചിത്രമായ കണക്കുകളുടെ അനുബന്ധ പട്ടികയും മന്ത്രി നൽകുന്നുണ്ട്്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി പ്ലസ് വണിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികളുടെ ശരാശരി ജില്ല തിരിച്ച് രേഖപ്പെടുത്തി അത്രയും വിദ്യാർഥികൾ മാത്രമാണ് അതത് ജില്ലകളിൽ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്നവരായുള്ളൂ എന്നാണ് ഈ 'ഗവേഷണപട്ടിക' സമർഥിക്കുന്നത്. പ്ലസ് വണിന് അപേക്ഷിച്ച്, ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ മാത്രം കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ അഡ്മിഷൻ ലഭിക്കാത്ത മലബാറിലെ വിദ്യാർഥികൾ ഈ ശരാശരി കണക്കിന് പുറത്തായി. അവർ പ്ലസ് വൺ പഠിക്കാൻ ആഗ്രഹിക്കാത്തവരോ അതിന് അർഹതയില്ലാത്തവരോ ആണെന്ന് ഗവേഷക പട്ടിക തയാറാക്കിയവർ സ്വയം തീരുമാനിച്ചൂവെന്ന് ചുരുക്കം.
കണക്കറിയാഞ്ഞിട്ടോ കണ്ടില്ലെന്ന് നടിച്ചിട്ടോ
തെക്കൻ ജില്ലകളിൽ പത്താം ക്ലാസ് പാസാകുന്നവരെക്കാൾ പ്ലസ് വൺ സീറ്റുകൾ ഉണ്ട്. അതിനാൽ, അവിടെ പ്ലസ് വണിന് അപേക്ഷിക്കാതെ മറ്റു കോഴ്സുകൾക്ക് പോകുന്നവരുണ്ടെങ്കിൽ ആ ജില്ലകളിൽ ഈ ശരാശരി കണക്കുകൾ യാഥാർഥ്യമാകാം. അപേക്ഷിച്ചിട്ട് സീറ്റു ലഭിക്കാത്ത വിദ്യാർഥികളെ മൈനസ് ചെയ്ത് മലബാറിലെ പ്ലസ് വൺ അഡ്മിഷൻ എടുക്കാനാഗ്രഹിക്കുന്നവരുടെ കണക്കെടുക്കുന്നത് ഏതു ഗണിതശാസ്ത്ര യുക്തിവെച്ചിട്ടാണെന്ന് മനസ്സിലാവുന്നില്ല. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പ്ലസ് വൺ അഡ്മിഷൻ ആഗ്രഹിക്കുന്നവരുടെ കണക്കാണ് വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടതെങ്കിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഏകജാലകം വഴി ഈ ജില്ലകളിൽ പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെൻറിന് അപേക്ഷിച്ചവരുടെ എണ്ണമെടുക്കകയാണ് വേണ്ടത്. 2019 - 20 അധ്യയന വർഷത്തിൽ ഏകജാലകം വഴി പ്ലസ് വണിന് അപേക്ഷിച്ചവരുടെ എണ്ണം പാലക്കാട് (43,942), മലപ്പുറം (80,890), കോഴിക്കോട് (48,718). വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി രേഖയനുസരിച്ച് ഈ ജില്ലകളിൽ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്നവർ പാലക്കാട് (28,158 ), മലപ്പുറം (53,040), കോഴിക്കോട് (34,488) എന്നിങ്ങനെയാണ്.
പ്രവേശന നടപടികൾ പൂർത്തിയാവുമ്പോൾ സീറ്റുകൾ ഈ വർഷവും ഒഴിഞ്ഞുകിടക്കുമെന്ന മന്ത്രിയുടെ മറുപടി തെക്കന്‍ ജില്ലകൾക്ക് മാത്രമാണ് ബാധകം. തിരുവനന്തപുരം 916, കൊല്ലം 1783, പത്തനംതിട്ട 6130, ആലപ്പുഴ 3126, കോട്ടയം 4747, ഇടുക്കി 1942, എറണാകുളം 849 എന്നിങ്ങനെ നിലവില്‍ 19,493 സീറ്റുകള്‍ കൂടുതലാണവിടെ. എന്നാൽ, ഈ വർഷം മലപ്പുറത്ത് മാത്രം 28,804 സീറ്റുകളുടെ കുറവാണുള്ളത്. തൃശൂര്‍ 830, പാലക്കാട് 9695, കോഴിക്കോട് 9513, വയനാട് 1804, കണ്ണൂര്‍ 4670, കാസർേകാട് 3352 അടക്കം മലബാർ ജില്ലകളിൽ 58,668 ഉപരിപoന സീറ്റുകളുടെ കുറവുണ്ട്.
കേരള സർക്കാറിന് കീഴിലെ പ്രൈവറ്റ് ഹയർസെക്കൻഡറി ഓപൺ സ്കൂൾ പഠന സംവിധാനമായ സ്കോൾ കേരളയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ അഡ്മിഷൻ കണക്ക് ജില്ല തിരിച്ച് പരിശോധിച്ചാൽ അതിൽ പഠിക്കേണ്ടിവന്ന 80 ശതമാനം വിദ്യാർഥികളും മലബാർ ജില്ലകളിൽനിന്നുള്ളവരാണെന്ന് കാണാം. റെഗുലർ സംവിധാനത്തിൽ പ്ലസ് വൺ പഠനം ആഗ്രഹിച്ച് അപേക്ഷ നൽകിയശേഷം സീറ്റില്ലാത്തതിനാൽ നിർബന്ധിതരായി സ്കോൾ കേരളയിൽ പ്ലസ് വൺ പഠനത്തിന് രജിസ്റ്റർ ചെയ്യേണ്ടിവന്നവരാണിവരിലധികവും. ഹയർസെക്കൻഡറി റെഗുലർ സംവിധാനത്തിൽ വിജയശതമാനം എൺപതിന് മുകളിലാണെങ്കിൽ സ്കോൾ കേരളയിലത് അമ്പതിന് താഴെയാണെന്നറിയുക. പത്താം ക്ലാസിൽ എഴുപത് ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചിട്ടും സർക്കാർ / എയ്ഡഡ് മേഖലയിൽ പ്ലസ് വൺ സീറ്റില്ലാത്തതിനാൽ ഓപൺ സ്കൂളിൽ സ്വന്തം നിലക്ക് പഠിക്കേണ്ടി വരുന്ന മലബാറിലെ വിദ്യാർഥികളിൽ അമ്പതു ശതമാനം പേരും പരാജയപ്പെട്ട് തുടർപഠനം അവസാനിപ്പിക്കലാണെന്നു സാരം. എന്നാൽ, എസ്.എസ്.എൽ.സി യിൽ ഇവരേക്കാൾ മാർക്ക് കുറവായ മറ്റു ഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അവരുടെ ജില്ലകളിൽ റെഗുലർ സംവിധാനത്തിൽ ഹയർസെക്കൻഡറി പഠിക്കാനവസരം ലഭിക്കുന്നു. റെഗുലർ പഠന സംവിധാനമികവിെൻറ പിൻബലത്തിലിവർ പ്ലസ്ടു വിജയിച്ച് ബിരുദ-ബിരുദാനന്തര പഠനങ്ങൾക്ക് അവസരം നേടുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഈ സാമൂഹിക അനീതി ഏതെങ്കിലും സർക്കാർ എന്നെങ്കിലുമൊന്ന് അവസാനിപ്പിക്കേണ്ടതില്ലേ.
അതിനുവേണ്ടി ഒരു തലമുറ മുറവിളി കൂട്ടുമ്പോൾ വിചിത്രമായ കണക്കുകൾ നിരത്തി അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ ഇരുട്ടിൽ നിർത്തുന്ന നയം അതിക്രമമല്ലേ. മലബാറിലെ ജനത കൂടി വോട്ടുചെയ്ത് അധികാരത്തിലേറ്റിയ, സാമൂഹിക നീതിയിൽ വിശ്വസിക്കുന്ന ഒരു സർക്കാറിൽ നിന്നും രാഷ്ട്രീയ മുന്നണിയിൽ നിന്നും ഇനിയുമീ വിവേചനം പ്രതീക്ഷിക്കുന്നില്ലെന്ന് മാത്രം പറയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.