ഇതിനെയാണോ സർക്കാർ കരുതലെന്ന് വിളിക്കുന്നത്?
text_fieldsരാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 36,041 രോഗികളിൽ 21,427 പേരും നമ്മുടെ സംസ്ഥാനത്താണ്. ഒരു മാസമായി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ജൂലൈ പകുതിയിൽ ദിവസം പതിനായിരത്തിനടുത്തായിരുന്നു പുതിയ കോവിഡ് രോഗികളുടെ എണ്ണം. ഇപ്പോഴത് ഇരുപത്തിയൊന്നായിരത്തിനു മുകളിലാണ്.
രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) ദേശീയതലത്തിൽ 1.96 ശതമാനമാെണങ്കിൽ കേരളത്തിലേത് 15.5 ശതമാനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മരണങ്ങളിൽ 179 ഉം കോവിഡ് മൂലമാണന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മരണം 19000 കടന്നിരിക്കുന്നു. 1,77, 683 പേർ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലാണ്. അഞ്ചു ലക്ഷത്തിനടുത്താളുകൾ രോഗബാധിതരാണോ എന്നറിയുന്നതിനുള്ള നിരീക്ഷണത്തിലും. സർക്കാർ പുറത്തുവിടുന്ന ദിനസരി കണക്കുകൾ വ്യക്തമാക്കുന്നത്, സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമായിട്ടില്ല എന്നുതന്നെയാണ്. 52 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചശേഷവും രോഗികളുടെ എണ്ണം കുറയാത്തതിെൻറ കാരണങ്ങൾ ഗൗരവതരമായ പഠനവും നമ്മുടെ പ്രതിരോധ പ്രവർത്തനരീതികളെക്കുറിച്ച പുനരാലോചനകളും അനിവാര്യമാക്കുന്നുണ്ട്.
ജനങ്ങൾ ഓണത്തിരക്കുകളിൽ അമർന്നുകഴിഞ്ഞശേഷം രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുമോ, വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക് സംസ്ഥാനം പോകേണ്ടിവരുമോ തുടങ്ങിയ ആശങ്കകൾ സാമൂഹികാന്തരീക്ഷത്തിൽ കനത്തുനിൽക്കുന്ന ഈ നിർണായക സന്ദർഭത്തിൽ സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സക്ക് എത്തുന്ന എ.പി.എൽ വിഭാഗത്തിൽനിന്ന് പണം ഈടാക്കാനുള്ള തീരുമാനം കേരള സർക്കാർ എടുത്തിരിക്കുന്നു. കോവിഡ് രോഗികളെ സൗജന്യമായി ചികിത്സിക്കുന്നുവെന്നത് കരുതലിെൻറ അടയാളമായി സർക്കാർതന്നെ വ്യാപകമായി പ്രചരിപ്പിക്കുമ്പോഴാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്പ്) രജിസ്റ്റർ ചെയ്തവർക്കും ബി.പി.എൽ വിഭാഗങ്ങൾക്കും മാത്രമേ സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സ സൗജന്യമായിരിക്കൂ എന്ന ഉത്തരവ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയിരിക്കുന്നത്.
ഇനിമുതൽ, കോവിഡാനന്തര ചികിത്സക്ക് സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നവർ ജനറൽ വാർഡിൽ ദിനംപ്രതി 750 രൂപയും എച്ച്.ഡി.യുവിൽ 1250 രൂപയും ഐ.സി.സി.യുവിൽ 1500 രൂപയും വെൻറിലേറ്റർ ഐ.സി.യുവിൽ 2000 രൂപയും വീതം അടക്കണം. ശസ്ത്രക്രിയക്ക് 4800 രൂപ മുതൽ 27500 രൂപവരെ വിവിധ വിഭാഗങ്ങളിൽ ഈടാക്കും. ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിൽ സ്വകാര്യ ആശുപത്രികളിലെ കോവിഡാനന്തര ചികിത്സ നിരക്കും ഏകീകരിച്ചിട്ടുണ്ട്. വാർഡിൽ പ്രവേശിപ്പിക്കുന്നവരിൽ നിന്ന് 2645 രൂപ മുതൽ 2910 രൂപ വരെയും ഐ.സി.യുവിൽ ഇത് 7800 മുതൽ 8580 രൂപ വരെയുമാണ് ഈടാക്കുന്നത്. വെൻറിലേറ്ററിന് 13800 രൂപ മുതൽ 15180 രൂപവരെയും.
കോവിഡിെൻറ ആദ്യഘട്ടത്തിൽനിന്ന് വിഭിന്നമായി രണ്ടാം തരംഗത്തിൽ കോവിഡാനന്തര രോഗാവസ്ഥ സങ്കീർണവും രോഗികളുടെ എണ്ണം കൂടുതലുമാണ്. ഭാവിയിൽ സംസ്ഥാനം നേരിടേണ്ട വലിയ വെല്ലുവിളിയാണ് കോവിഡാനന്തര രോഗങ്ങളെന്ന വിദഗ്ധരുടെ വിലയിരുത്തലിനെ തുടർന്ന് റഫറൽ സ്പെഷാലിറ്റി സൗകര്യങ്ങളടക്കം ഉൾെപ്പടുത്തി കോവിഡ് ചികിത്സക്ക് സമാനമായി കോവിഡാനന്തര രോഗാവസ്ഥയെയും കൈകാര്യം ചെയ്യാൻ സർക്കാർ എടുത്ത തീരുമാനത്തിൽനിന്നുള്ള വ്യതിയാനമാണ് ആരോഗ്യ സെക്രട്ടറിയുടെ പുതിയ ഉത്തരവ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്കാശുപത്രികൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിങ്ങനെ എല്ലാ തലങ്ങളിലും കോവിഡാനന്തര ചികിത്സക്കുള്ള പ്രത്യേക സംവിധാനം ഒരുക്കുമെന്നായിരുന്നു നേരേത്തയുള്ള സർക്കാർ പ്രഖ്യാപനം. ജനങ്ങൾക്ക് നൽകിയ ഈ വാഗ്ദാനത്തിൽനിന്ന് പിന്നോട്ടുപോകാനുള്ള സർക്കാർ നിലപാട് മന്ത്രിസഭ അംഗീകരിച്ചതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ 90.67 ലക്ഷം കുടുംബങ്ങളിൽ 51.77 ലക്ഷം പേരും എ.പി.എൽ വിഭാഗത്തിലാണുള്ളത്. കോവിഡാനന്തര ചികിത്സ ദീർഘസമയമെടുക്കുന്നതുകൊണ്ട് സർക്കാർ ആശുപത്രികൾപോലും പണം കൊടുക്കേണ്ടിവരുന്നത് നിലവിൽതന്നെ ദുസ്സഹമായ സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ കഠിനതരമാക്കും. സാധാരണക്കാരുടെ ആരോഗ്യപരിരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഈ ഉത്തരവ് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയെന്ന പതിറ്റാണ്ടുകളായുള്ള നയത്തിൽ നിന്നുള്ള പിന്മടക്കം കൂടിയാണ്. എല്ലാ ചികിത്സകളും സൗജന്യമായിരുന്ന സർക്കാർ ആശുപത്രികളിൽ ഇതുവരെ പേ വാർഡിനു മാത്രമാണു തുക ഈടാക്കിയിരുന്നത്.
പുതിയ ഉത്തരവ് കോവിഡല്ലാത്ത മറ്റു രോഗങ്ങൾക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നവരും പണം നൽകേണ്ടിവരുന്ന അവസ്ഥ ഭാവിയിൽ സംജാതമാക്കും. അതുകൊണ്ട്, കോവിഡാനന്തര ചികിത്സ സൗജന്യമായി ലഭിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും തുടരാൻ സർക്കാർ സന്നദ്ധമാകണം. അതല്ല, സംസ്ഥാന ആരോഗ്യനയത്തിലെ ഈ മൗലികമാറ്റം ഇടതുപക്ഷത്തിെൻറ രാഷ്ട്രീയ തീരുമാനമാണെങ്കിൽ ദുരിതകാലത്ത് വേദനിക്കുന്ന മനുഷ്യരെയല്ല, മുതലാളിത്ത മൂല്യത്തെയാണ് ഈ സർക്കാർ മുറുകെ പുണരുന്നതെന്ന് ഉറക്കെ പറയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.