പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം
text_fieldsഇസ്രായേലുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം സമ്പൂർണ നിലയിലാക്കിയതിെൻറ രജതജൂബിലി വർഷത്തിൽ, ആദ്യമായി ഒരിന്ത്യൻ പ്രധാനമന്ത്രി ജൂതരാഷ്ട്രം സന്ദർശിക്കുന്നു എന്ന പ്രത്യേകതകൂടി ഉയർത്തിപ്പിടിച്ചാണ് നരേന്ദ്ര മോദി കഴിഞ്ഞദിവസം ടെൽഅവീവിൽ എത്തിയിരിക്കുന്നത്. മാനുഷികമായോ ധാർമികമായോ നൈതികമായോ ന്യായീകരിക്കാനാവാത്ത അധിനിവേശത്തിലൂടെ ഫലസ്തീനിൽ ഇസ്രായേൽ കുടിയിരുത്തപ്പെട്ടപ്പോൾ അതിലെ നീതിനിഷേധം ചൂണ്ടിക്കാണിച്ചവരായിരുന്നു മഹാത്മ ഗാന്ധിയും ജവഹർലാൽ നെഹ്റുവും. എങ്കിലും, പരിമിത ഭൂപരിധിക്കുള്ളിൽ ജൂതരാഷ്ട്രത്തിന് െഎക്യരാഷ്ട്രസഭ വൻശക്തികളുടെ പിന്തുണയോടെ അംഗീകാരം നൽകിയപ്പോൾ അനുകൂലിച്ച രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. എന്നാൽ, ഇസ്രായേലിെൻറ പിറവിമൂലം ജന്മഭൂമിയിൽനിന്ന് ബലപ്രയോഗത്തിലൂടെ ആട്ടിയോടിക്കപ്പെട്ട ഫലസ്തീൻ അഭയാർഥികളുടെ പുനരധിവാസത്തിനും തങ്ങളുടെ ജന്മഗേഹത്തേക്ക് തിരിച്ചുവരാനുള്ള അവരുടെ അനുസ്യൂത പോരാട്ടത്തിനും ഇന്ത്യ പിന്തുണ നൽകിയിരുന്നു. യാസിർ അറഫാത്ത് നേതൃത്വം നൽകിയ ഫലസ്തീൻ വിമോചന സംഘടന^പി.എൽ.ഒ^യെ രാജ്യം അംഗീകരിക്കുകയും അവർക്ക് ന്യൂഡൽഹിയിൽ നയതന്ത്രാലയം തുറക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. അറഫാത്ത് തലസ്ഥാനം സന്ദർശിച്ചപ്പോഴൊക്കെ അദ്ദേഹത്തിന് മാന്യോചിത സ്വീകരണവും ഒരുക്കിയിരുന്നു.
1967ലെ യുദ്ധത്തിൽ ജോർഡൻ നദിയുടെ പശ്ചിമതീരം ഉൾപ്പെടെ ജറൂസലം പൂർണമായും ഇൗജിപ്തിൽനിന്ന് ഗസ്സയും ഇസ്രായേൽ പിടിച്ചെടുത്തതിൽ പിന്നെ അധിനിവിഷ്ട പ്രദേശങ്ങളിൽനിന്ന് പിന്മാറാനുള്ള യു.എൻ പ്രമേയങ്ങളെ ഇന്ത്യ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരുവശത്ത് സമാധാനത്തിനും നീതിക്കും നിരക്കുന്ന ഇൗ നിലപാടുകളുമായി ഇന്ത്യ മുന്നോട്ടുനീങ്ങവെത്തന്നെ, മറുവശത്ത് കോൺസുലേറ്റ് തലത്തിൽ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനും തുടർന്ന് കാർഷിക, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെല്ലാം ആ രാജ്യവുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികൾ പരോക്ഷമായി സ്വീകരിക്കുകയുമായിരുന്നു കേന്ദ്ര സർക്കാറുകളുടെ നയം. ബി.ജെ.പിയാവെട്ട തുടക്കംമുതൽക്കേ ഇസ്രായേൽ ബന്ധം പൂർണ നയതന്ത്രതലത്തിലേക്കുയർത്താനും സഹകരണം സർവരംഗങ്ങളിലും ഉൗർജിതമാക്കാനും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ബി.ജെ.പി എം.പിമാർ സയണിസ്റ്റ് രാഷ്ട്ര സന്ദർശനവും പതിവാക്കി. 1992ൽ കോൺഗ്രസുകാരനെങ്കിലും തീവ്ര വലതുപക്ഷത്തോടാഭിമുഖ്യം പുലർത്തിയ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ബി.ജെ.പിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടത്. അതിൽപിന്നെയാണ് പ്രഥമ എൻ.ഡി.എ ഭരണകാലത്തടക്കം ഇന്ത്യ^ഇസ്രായേൽ ബന്ധം മുറുകുകയും സൈനിക രംഗത്തുൾപ്പെടെ അത് വ്യാപിക്കുകയും ഇന്ത്യക്ക് ഏറ്റവും കൂടുതൽ അത്യന്താധുനികായുധങ്ങൾ വിൽക്കുന്ന രാജ്യങ്ങളിലൊന്നായി ഇസ്രായേൽ മാറുകയും ചെയ്യുന്നത്. പ്രതിവർഷം 6500 കോടിയുടെ യുദ്ധോപകരണങ്ങളാണ് ഇന്ത്യ ഇസ്രായേലിനോട് വാങ്ങുന്നത്. അതിെൻറ പരിധി ഗണ്യമായി കൂട്ടാൻകൂടിയാണ് മോദിയുടെ സന്ദർശനം. ഭീകരതയെ നേരിടാൻ ഇരു രാജ്യങ്ങളും പൂർവാധികം സഹകരിക്കുമെന്ന് മോദിയും നെതന്യാഹുവും പറയുേമ്പാൾ ലക്ഷ്യംവെക്കുന്നത് ആരെയാണെന്ന് വ്യക്തമാണ്.
അറബി അയൽനാടുകളും മുസ്ലിം രാജ്യങ്ങളുമാണ് ഇസ്രായേലിെൻറ മുഖ്യശത്രുക്കൾ. അത്യന്തം പരിമിതമായ ഭൂപ്രദേശത്ത് ഒരു ഫലസ്തീൻ സ്റ്റേറ്റ് എന്ന സങ്കൽപത്തെ ഒാസ്ലോ കരാറിലൂടെ ഇസ്രായേൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും കരണീയമായ കാലയളവിലൊന്നും അത് യാഥാർഥ്യമാക്കാൻ ആ രാജ്യം തയാറായിട്ടില്ല. പകരം ഗസ്സയിലും പടിഞ്ഞാറെ കരയിലും ഞെങ്ങിഞെരുങ്ങിക്കഴിയുന്ന ഫലസ്തീൻകാരെ പരമാവധി ദ്രോഹിച്ചും കഷ്ടപ്പെടുത്തിയും നിരാലംബരായ അഭയാർഥികളാക്കി പലായനം ചെയ്യിക്കാനാണ് ഇസ്രാേയൽ ശ്രമിക്കുന്നത്. ഇൗ കുത്സിത ലക്ഷ്യം തിരിച്ചറിഞ്ഞ ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് സാധ്യമായ രീതിയിൽ തിരിച്ചടിക്കാൻ ശ്രമിക്കുന്നതാണ് ഇസ്രായേൽ നേരിടുന്ന ‘ഭീകരത’. മാനവികമോ നീതിയുക്തമോ അല്ലാത്ത ഇസ്രായേലിെൻറ ക്രൂരതയെ സൈനിക ഭരണാധികാരി അബ്ദുൽ ഫത്താഹ് സീസിയുടെ ഇൗജിപ്ത് അടക്കമുള്ള ചില അറബ് രാജ്യങ്ങൾകൂടി പിന്താങ്ങിയിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പക്ഷത്തു ചേരുന്നതിൽ അത്ഭുതപ്പെടാനില്ല. ഏറ്റവുമൊടുവിൽ ഹമാസ് പ്രഖ്യാപിച്ച നയത്തിൽ ഭൂമിശാസ്ത്രപരമായി ഇസ്രായേലിെൻറ അസ്തിത്വം ശരിവെക്കുകയും ഫലസ്തീൻ അതോറിറ്റി ചെയർമാൻ മഹ്മൂദ് അബ്ബാസുമായി ഏറ്റുമുട്ടലിനില്ലെന്ന് നേരത്തേത്തന്നെ തീരുമാനിക്കുകയും ചെയ്തിരിക്കെ ഹമാസിനെ ഭീകരസംഘടനകളുടെ പട്ടികയിൽ നിലനിർത്തുന്നതിന് ന്യായീകരണമൊന്നുമില്ലെങ്കിലും ട്രംപിെൻറ അമേരിക്കയും മോദി സർക്കാറും അതെല്ലാം കണ്ടില്ലെന്ന് നടിച്ച് യഥാർഥ ഭീകരരാഷ്്ട്രവുമായി കൈകോർക്കുന്നതിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്.
ഇസ്രായേൽ സന്ദർശനം ആരംഭിക്കുന്നതിെൻറ തലേദിവസം നരേന്ദ്ര മോദി ചെയ്ത പ്രസ്താവനയിൽ ഫലസ്തീനിൽ ദ്വിരാഷ്ട്ര ഫോർമുലയാണ് ഇന്ത്യക്ക് സ്വീകാര്യമെന്നും പ്രശ്നത്തിന് രമ്യമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തദനുസൃതമായ നയതന്ത്ര നീക്കങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മാത്രമല്ല, ഫലസ്തീൻ അേതാറിറ്റിയുടെ ആസ്ഥാനമായ റാമല്ല അദ്ദേഹം സന്ദർശിക്കുന്നുമില്ല. ഫലസ്തീൻ ഒരു പ്രശ്നമായവശേഷിക്കാതെ, ഫലസ്തീനിൽ അവശേഷിക്കുന്ന അറബികളെ ഇസ്രായേലിലെ രണ്ടാംകിട പൗരന്മാരായി മാറ്റി ഫലസ്തീൻ പ്രശ്നത്തെ എെന്നന്നേക്കുമായി കുഴിച്ചുമൂടാനുള്ള നിഗൂഢനീക്കങ്ങൾക്ക് പ്രബല അറബ്രാജ്യങ്ങൾകൂടി കൂട്ടുനിൽക്കുന്ന കെട്ടകാലത്ത് തീവ്ര വലതുപക്ഷക്കാരനായ നരേന്ദ്ര മോദിയും അദ്ദേഹം നേതൃത്വംനൽകുന്ന സർക്കാറും മാത്രം ആരെ പേടിച്ചാണ് നിലപാട് മയപ്പെടുത്തേണ്ടതെന്ന ചോദ്യമുണ്ട്. സത്യം, ധർമം, നീതി, മാനവികത മുതലായമൂല്യങ്ങൾക്ക് ആഭ്യന്തര രാഷ്ട്രീയത്തിലോ വൈദേശിക ബന്ധങ്ങളിലോ വല്ല പരിഗണനയുമുണ്ടെങ്കിലേ ഇന്ത്യയുടെ ഇസ്രായേൽ ബന്ധത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നതിൽ അർഥമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.