എന്തു ന്യായം, എന്തു നീതി?
text_fieldsതാൽക്കാലിക യുദ്ധവിരാമം വെള്ളിയാഴ്ച അവസാനിച്ചതു മുതൽ പൂർവാധികം മാരകവും ശക്തവുമായി സയണിസ്റ്റ് രാഷ്ട്രം പുനരാരംഭിച്ച വ്യോമാക്രമണം ഗസ്സയെ സമ്പൂർണ മനുഷ്യമുക്തവും ആവാസയോഗ്യമല്ലാത്ത പ്രദേശവുമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തോടെ അവിരാമം തുടരുന്നതായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ ഉത്തര ഗസ്സയിൽനിന്ന് ജീവനുംകൊണ്ട് ഓടിരക്ഷപ്പെടാൻ ആവശ്യപ്പെട്ട ജൂതപ്പട രണ്ടാംഘട്ടത്തിൽ ഗസ്സ സിറ്റി തകർത്തുതരിപ്പണമാക്കി, ഒരാഴ്ചത്തെ വിശ്രമാനന്തരം ദക്ഷിണ ഗസ്സയിലേക്ക് വ്യോമാക്രമണം വ്യാപിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസം.
ഉടൻ സുരക്ഷിതസ്ഥലത്തേക്ക് മാറിക്കൊള്ളണമെന്ന ഉത്തരവ് ആകാശത്തുനിന്ന് നോട്ടീസിറക്കി, സുരക്ഷിതമായ ഒരിഞ്ച് സ്ഥലവും ഗസ്സക്കകത്തോ പുറത്തോ ഇല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ മണിക്കൂർ കഴിയുമ്പോഴേക്ക് അതീവ സംഹാരശക്തിയുള്ള ബോംബുവർഷങ്ങളിലൂടെ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും രോഗികളും പരിക്കേറ്റവരുമായ നിസ്സഹായരുടെ കഥകഴിക്കുക എന്നതാണ് ലോകം പരിഷ്കൃതമെന്നും അത്യന്താധുനിക സാങ്കേതിക സൈനികശക്തിയെന്നും വിശേഷിപ്പിക്കുന്ന ഒരു രാജ്യത്തിന്റെ അനുസ്യൂത താണ്ഡവം.
കണ്ടെടുത്ത മൃതദേഹങ്ങളുടെ മാത്രം സംഖ്യ ഇതിനകം 16,000 കവിഞ്ഞു; തകർന്ന അഭയാർഥി ക്യാമ്പുകളിലും വീടുകളിലുമായി അനാഥമായിക്കിടക്കുന്ന മൃതദേഹങ്ങളുടെ എണ്ണം ദൈവത്തിനേ അറിയൂ. പരിക്കേറ്റ പതിനായിരങ്ങൾ മരണം കാത്തുകഴിയുന്ന ചിത്രം പുറമെ. ഇതൊന്നും പോരാഞ്ഞിട്ട് കരയുദ്ധത്തിനായുള്ള ടാങ്കുകളും കവചിതവാഹനങ്ങളും അനുബന്ധ സാമഗ്രികളും തെക്കൻ മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
18 ലക്ഷം വരുന്ന ഗസ്സനിവാസികളെ റഫ അതിർത്തി കടക്കാൻ ഈജിപ്ത് അനുവദിക്കുന്നില്ല. കാരണം അതിർത്തി കടന്ന അഭയാർഥികളെത്തന്നെ പാർപ്പിക്കാൻ ഒരു സംവിധാനവും ഇല്ലെന്നാണ് ആ രാജ്യം വിലപിക്കുന്നത്. റഫ അതിർത്തിയിലൂടെ കടത്തിവിട്ടിരുന്ന ജീവൻരക്ഷാമരുന്നുകളും ഭക്ഷണസാധനങ്ങളും കയറ്റിയ ട്രക്കുകളുടെ നീക്കവും നിലച്ചിരിക്കുന്നു. നിരന്തരമായ ബോംബിങ്ങിനെ അതിജീവിച്ച് എങ്ങനെ ട്രക്ക് ഡ്രൈവർമാർക്ക് ജോലി നിർവഹിക്കാനാവും? കാര്യം വ്യക്തമാണ്.
അവശേഷിച്ച ബന്ദികളെ വിട്ടുകിട്ടിയാലും ഇല്ലെങ്കിലും ഒരൊറ്റ ഫലസ്തീൻകാരനും ഇനി ഗസ്സയിൽ ബാക്കിയാവരുത്; ഹമാസിനെ നിശ്ശേഷം നിഷ്കാസനംചെയ്യണം എന്ന നെതന്യാഹുവിന്റെ ആക്രോശം അക്ഷരംപ്രതി നടപ്പാക്കുന്ന ദൗത്യത്തിലാണ് അയാളുടെ പൈശാചികപ്പട ഏർപ്പെട്ടിരിക്കുന്നത്. അതാവട്ടെ, ഭൂലോകത്തിന്റെ രക്ഷകരെന്നും സമാധാനത്തിന്റെ അപ്പോസ്തലരെന്നും സ്വയം അഭിമാനിക്കുന്ന അമേരിക്കയുടെ സമ്പൂർണ സഹായത്തോടെയും. റഷ്യയുമായി യുദ്ധം തുടരുന്ന യുക്രെയ്നും ഇസ്രായേലിനുമായി 106 ബില്യൺ ഡോളറിന്റെ സഹായപാക്കേജിന് പ്രസിഡന്റ് ജോ ബൈഡൻ സെനറ്റിന്റെ അനുമതി തേടിയിരിക്കുകയാണിപ്പോൾ. റിപ്പബ്ലിക്കരും ഡെമോക്രാറ്റുകളും ഒരുപോലെ ഇസ്രായേലിന്റെ ‘രക്ഷകരായി’ ചമയുന്ന യാങ്കിസാമ്രാജ്യം അവരുടെ ഭരണത്തലവന്റെ പാക്കേജിന് അനുകൂലമായി കൈപൊക്കുമെന്ന കാര്യത്തിൽ സംശയമേ ഇല്ല. ഗസ്സയിൽ സാധാരണ മനുഷ്യരുടെ മരണസംഖ്യ ഒരൽപം കുറക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടണമെന്ന് അഭിപ്രായപ്പെട്ടതുപോലും ബൈഡന്റെ സ്വന്തം പാർട്ടിയിലെ സെനറ്റർ ബർണി സാന്റേഴ്സും ഒരു ചെറിയ വിഭാഗവും മാത്രം.
യുദ്ധവിരാമത്തിനായി രാപ്പകൽ യത്നിച്ചുവരുന്ന ഖത്തർ ഇസ്രായേലിന്റെ ബഹിഷ്കരണംമൂലം നിരാശപ്പെട്ട് ദൗത്യം പരാജയപ്പെടുന്നതിൽ തീവ്രദുഃഖം പ്രകടിപ്പിക്കെതന്നെ, ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്കെതിരെ അന്താരാഷ്ട്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ഒടുവിലിപ്പോൾ. ജി.സി.സി ഉച്ചകോടിക്കു മുമ്പായി നടന്ന മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് എന്തുകൊണ്ടും ന്യായവും സന്ദർഭോചിതവുമായ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ശിക്ഷയിൽനിന്ന് അവർ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്താനും അന്വേഷണം ഉടൻ നടത്തണമെന്ന ഖത്തറിന്റെ ആധികാരികമായ ആവശ്യത്തെ ജി.സി.സി രാഷ്ട്രത്തലവന്മാരിൽനിന്ന് എത്രപേർ പിന്തുണക്കും, പുറത്തുള്ള എത്ര അറബ് രാജ്യങ്ങളും മറ്റു ലോകരാഷ്ട്രങ്ങളും ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും എന്നൊക്കെ അറിയാനിരിക്കുന്നേയുള്ളൂ.
ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഇസ്രായേൽ ആക്രമണമാണ് ഇസ്രായേലിന്റെ പ്രത്യാക്രമണത്തിന് കാരണമാക്കിയതെന്ന അമേരിക്ക-യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് അപ്പടി ശരിയാണെന്നുതന്നെ വാദത്തിനുവേണ്ടി സമ്മതിക്കുക. എങ്കിൽപോലും അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ പ്രമാണങ്ങൾക്കും മനുഷ്യത്വത്തിനുതന്നെയും കടക വിരുദ്ധമായ സിവിലിയൻ നരനായാട്ട് കുറ്റകൃത്യമല്ലാതാവുന്നതെങ്ങനെ? ബോസ്നിയയിലെ സാധാരണ പൗരന്മാരെ കൂട്ടക്കശാപ്പുചെയ്ത സെർബിയൻ ഭീകരൻ മിലോസെവിചിനെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ മുമ്പാകെ ഹാജരാക്കി വിചാരണക്കു വിധേയനാക്കിയതാണ് ഒടുവിലത്തെ മാതൃക. എങ്കിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെയും അയാളുടെ യുദ്ധകാര്യ മന്ത്രിയെയും ക്രിമിനൽ ട്രൈബ്യൂണൽ മുമ്പാകെ ഹാജരാക്കാതെ സംഹാരതാണ്ഡവം തുടരാൻ അനുവദിക്കുന്നതിനെന്തു ന്യായം? അതിലെന്തു നീതി?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.