മുല്ലപ്പെരിയാറിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതാര്?
text_fields
മുല്ലപ്പെരിയാറിലെ ബേബിഡാമിനു ബലംകൂട്ടാൻ അതിനു താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാട് സർക്കാറിന് നൽകിയ അനുമതി വിവാദമായതിനെ തുടർന്ന് കേരളസർക്കാർ തൽക്കാലം മരവിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തിെൻറ താൽപര്യങ്ങൾ ബലികഴിച്ച്, മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നാളിതുവരെ സ്വീകരിച്ചുപോന്ന നിലപാടുകളെ ദുർബലപ്പെടുത്തുന്ന ഈ അനുമതി ആരു നൽകി എന്നതാണിപ്പോൾ കേരളത്തിലെ പുതിയ രാഷ്ട്രീയവിവാദം. അന്തർസംസ്ഥാന നദീജല വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോ, പെരിയാർ കടുവസങ്കേത പ്രദേശത്തെ മരങ്ങളുടെ അവകാശം നിക്ഷിപ്തമായ വനംമന്ത്രിയോ വിവരമറിഞ്ഞില്ല പോലും.
മരം മുറിക്കാൻ അനുമതി നൽകിയ കേരളഗവൺമെൻറിന് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടപ്പോഴാണത്രേ അവർ കാര്യമറിയുന്നത്. അങ്ങനെ ഉദ്യോഗസ്ഥരെ ചൂണ്ടി കൈകഴുകി രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തലക്കുമുകളിലൂടെ ഉദ്യോഗസ്ഥർ കളിച്ചതാണോ അതല്ല, ഭരണകേന്ദ്രങ്ങൾക്കുതന്നെ ഇക്കാര്യത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകാനിരിക്കുന്നേയുള്ളൂ. മുഖ്യമന്ത്രിയുടെയും വനംമന്ത്രിയുടെയും വാദം മുഖവിലയ്ക്കെടുത്താൽ, ഒരു വിവാദവിഷയത്തിൽ ഇത്ര നിരുത്തരവാദപരമായി ഉദ്യോഗസ്ഥരെ കയറൂരി വിട്ടിരിക്കുകയാണോ എന്നു സംസ്ഥാനസർക്കാർ വിശദീകരിക്കേണ്ടിവരും.
അല്ലെങ്കിൽ, ഉദ്യോഗസ്ഥനീക്കങ്ങൾ മന്ത്രിമാർ അറിയാതെ പോകുന്നുവെങ്കിൽ സ്വന്തം ഓഫിസിെൻറ പിടിപ്പുകേടിനെക്കുറിച്ച് അവർ സമാധാനം പറയേണ്ടി വരും. രണ്ടായാലും കേരളസർക്കാറിെൻറ ഭാഗത്തു ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.
മുല്ലപ്പെരിയാറിൽ 126 വർഷം പഴക്കമുള്ള ഡാമിെൻറ സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി പുതിയ ഡാം പണിയാനുള്ള ഒരുക്കത്തിലാണ് കേരളം. അതേസമയം, കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് നിയമയുദ്ധത്തിനു തുടക്കമിട്ട തമിഴ്നാട്, ബേബിഡാമിനു കരുത്തുകൂട്ടി പ്രധാന അണക്കെട്ടിൽ 152 അടി വരെ ജലനിരപ്പുയർത്താനുള്ള നീക്കം ത്വരിതപ്പെടുത്തുകയാണ്. ഇക്കാര്യം വെള്ളിയാഴ്ച മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബേബിഡാമിെൻറ ബലക്ഷയം തീർക്കുന്നതോടെ ഡാം സുരക്ഷാഭീഷണി എന്ന കേരളവാദത്തെ മറികടക്കാമെന്നാണ് തമിഴ്നാടിെൻറ കണ്ടെത്തൽ. നേരത്തേ ജലനിരപ്പ് 136 അടിയിൽ നിൽക്കെ, സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഉയർന്ന ജലനിരപ്പ് 142 അടിയിൽ നിലനിർത്താമെന്നായിരുന്നു കോടതിയുടെ തീർപ്പ്. അതുസംബന്ധിച്ച കേസ് സുപ്രീംകോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് തമിഴ്നാടിനു വഴങ്ങുന്നതരത്തിൽ നിർമാണത്തിനായി മരം മുറിച്ചുമാറ്റിക്കൊള്ളാൻ കേരളം അനുമതി കൊടുത്തത്.
240 അടി നീളവും 54 അടി ഉയരവുമുള്ള ബേബിഡാമിനെ പ്രധാന അണക്കെട്ടിെൻറ കല്ലുകൈയാലയെന്നാണ് മുമ്പ് പരിശോധനക്കെത്തിയ ചീഫ് എൻജിനീയർ വിശേഷിപ്പിച്ചത്. ബലക്ഷയം നേരിടുന്ന ബേബിഡാം മുല്ലപ്പെരിയാറിലെ മുഖ്യഭീഷണിയാണ്. അതിെൻറ ബലം കൂട്ടിയെടുക്കുന്നതോടെ പ്രധാന അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിലെ ആശങ്ക ഇല്ലാതാക്കാമെന്നും അതോടെ ജലചൂഷണം സ്വൈരമായി തുടരാമെന്നുമാണ് തമിഴ്നാടിെൻറ ആലോചന. അതിനായി രണ്ടുവർഷം മുമ്പ് 7.89 കോടി രൂപ തമിഴ്നാട് സർക്കാർ അനുവദിച്ചതാണ്. നിലവിലെ ഡാമിനുപകരം പുതിയതൊന്നു പണിയാനുള്ള കേരളത്തിെൻറ നീക്കത്തിന് അതോടെ എെന്നന്നേക്കുമായി തിരിച്ചടിയാകും. അതുകൊണ്ടാണ് ബേബിഡാം ബലവത്താക്കി കാര്യങ്ങൾ വരുതിയിൽനിർത്താനുള്ള തമിഴ്നാട് നീക്കത്തെ കേരളം എതിർക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടും പരിസരവുമുൾക്കൊള്ളുന്ന 8000 ഏക്കർ വനഭൂമി പെരിയാർ പാട്ടക്കരാർ അനുസരിച്ച് തമിഴ്നാടിെൻറ അധീനതയിലാണ്. എന്നാൽ, പെരിയാർ കടുവസങ്കേതത്തിൽ പെടുന്ന ഈ പ്രദേശത്തെ മരങ്ങളുടെ അവകാശം സംസ്ഥാന വനം വകുപ്പിൽ നിക്ഷിപ്തമാണ്. മരംമുറി വിഷയത്തിൽ കേരളെത്ത ബന്ധപ്പെട്ടപ്പോൾ വനംവകുപ്പുമായി സംസാരിക്കണമെന്നും അവർ റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറഞ്ഞ കാര്യം വെള്ളിയാഴ്ച തമിഴ്നാട് മന്ത്രി പറഞ്ഞിരുന്നു. അന്നുതന്നെ മരംമുറിക്ക് അനുമതി നൽകി വനംവകുപ്പിെൻറ ഉത്തരവിറങ്ങിയത് യാദൃച്ഛികതയെന്നു പറയാനാവില്ല.
മന്ത്രിയറിയാതെ വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ബെന്നിച്ചൻ തോമസാണ് ഉത്തരവിറക്കിയതെന്നു പറയുന്നു. എന്നാൽ, ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് പങ്കെടുത്ത യോഗത്തിെൻറ തീരുമാനമനുസരിച്ചാണ് ഉത്തരവെന്നാണ് ബെന്നിച്ചെൻറ വിശദീകരണം. മുല്ലപ്പെരിയാർ നിരീക്ഷണസമിതിയിൽ കേരളത്തിെൻറ ഏക പ്രതിനിധിയാണ് ടി.കെ. ജോസ് എന്നത് മറ്റൊരു തമാശ. കടുവാസങ്കേത പരിധിയിൽനിന്നു മരംമുറിക്കാൻ കേന്ദ്ര അനുമതി വേണമെന്ന് വനം മന്ത്രി പറയുന്നു. എന്നാൽ, റിസർവിൽ തന്നെ നിയന്ത്രണമുക്തമായി പരിഗണിക്കപ്പെടുന്ന ബഫർ സോണായി വനംവകുപ്പ് നോട്ടിഫൈ ചെയ്ത പ്രദേശത്താണ് മരംമുറിക്ക് അനുമതി തേടിയതെന്നും അതിനു വേണ്ട നടപടിക്രമങ്ങൾ പാലിച്ചുവെന്നൊരു മറുന്യായീകരണവുമുണ്ട്. എല്ലാം കൂടി ഏറെ ദുരൂഹതകളുള്ള പ്രവൃത്തികളാണ് നടന്നതെന്നു വ്യക്തം.
അതുകൊണ്ടുതന്നെ, വ്യക്തമായി അന്വേഷിച്ച് വിശദാംശങ്ങൾ പുറത്തുവിടാൻ ഗവൺമെൻറിനു ബാധ്യതയുണ്ട്. അനുമതി മരവിപ്പിച്ച ഉത്തരവിലും അവ്യക്തത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേസ് വീണ്ടും സുപ്രീംകോടതിയിൽ വരാനിരിക്കുന്ന സന്ദർഭത്തിൽതന്നെ കേരളത്തിെൻറ നിലപാടുകളെ ദുർബലപ്പെടുത്തിയ അനുമതി ഉത്തരവിലൂടെ പിണറായി സർക്കാർ ഇരിക്കുന്ന കൊമ്പുമുറിക്കുന്ന സാഹസത്തിനാണ് മുതിർന്നത്. അതിനാൽ, ഇക്കാര്യത്തിൽ സർക്കാർ എവിടെ നിൽക്കുന്നു എന്നു വ്യക്തമാക്കുന്ന തുടർനടപടികളാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.