ഫലസ്തീന് ഒരു ആശ്വാസ നെടുവീര്‍പ്പ്
text_fieldsഅധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് അനധികൃത കോളനികള്‍ നിര്‍മിക്കാനുള്ള ഇസ്രായേലിന്‍െറ നീക്കത്തെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രസമൂഹം തള്ളിക്കളഞ്ഞിരിക്കുന്നു. ഇസ്രായേലിന്‍െറ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം 15 അംഗ രക്ഷാസമിതിയില്‍ 14 വോട്ടുകള്‍ക്കാണ് പാസായത്. ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവ ഉള്‍പ്പെടുന്ന, 1967ലെ ഇസ്രായേലി അധിനിവേശത്തിനു മുമ്പ് ഫലസ്തീന്‍െറ അധീനതയിലായിരുന്ന പ്രദേശത്ത് സ്വന്തം പൗരന്മാരെ കുടിയിരുത്താനുള്ള ഇസ്രായേലിന്‍െറ നീക്കത്തെയാണ് അന്താരാഷ്ട്രസമൂഹം നിയമവിരുദ്ധമെന്നു വിധിച്ചിരിക്കുന്നത്. പ്രദേശത്ത് സയണിസ്റ്റ് രാഷ്ട്രം നടത്തിവരുന്ന എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും ഇരു രാഷ്ട്രങ്ങളും ഉള്‍പ്പെട്ട മേഖലയിലെ സമാധാനനീക്കങ്ങള്‍ക്ക് ഇത് അത്യാവശ്യമാണെന്നും പ്രമേയം പറയുന്നു. 1967ല്‍ കടന്നുകയറിയ പ്രദേശത്തെ ജനസംഖ്യഘടനയില്‍ മാറ്റംവരുത്താന്‍ ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് ഇസ്രായേല്‍ നടത്തിവരുന്നത്. നിലവിലുള്ള ഫലസ്തീന്‍ സിവിലിയന്മാരെ കുടിയിറക്കി അവരുടെ വീടുകള്‍ ഇടിച്ചുനിരത്തുക, അവരുടെ ഭൂമി പിടിച്ചടക്കി ഇസ്രായേലിലും പുറത്തുമുള്ള ജൂതര്‍ക്ക് നല്‍കി അവരെ അധിനിവിഷ്ടപ്രദേശത്ത് കുടിയിരുത്തുക, സ്വന്തം പൗരന്മാരുടെ സ്ഥിരവാസത്തിനായി പാര്‍പ്പിടങ്ങളും കോളനികളും നിര്‍മിക്കുക എന്നിങ്ങനെ ഇസ്രായേല്‍ ചെയ്തുകൂട്ടുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും തള്ളിപ്പറയുന്നതാണ് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം യു.എന്നില്‍ ഫലസ്തീന്‍ പ്രശ്നത്തില്‍ എത്തിയ പുതിയ പ്രമേയം. ഇസ്രായേല്‍ എന്ന രാഷ്ട്രത്തെക്കുറിച്ച സങ്കല്‍പംതന്നെ 1967നു ശേഷമുള്ള അധിനിവിഷ്ടപ്രദേശങ്ങളെ ഒഴിവാക്കിവേണം കാണാനെന്ന് ലോകരാഷ്ട്രങ്ങളോട് അപേക്ഷിക്കുന്ന യു.എന്‍, കൈയടക്കിയ പ്രദേശങ്ങളില്‍നിന്ന് ഉടനടി പിന്മാറണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുന്നു. മേഖലയില്‍ എല്ലാവിധ ഭീകരപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് ഇസ്രായേല്‍, ഫലസ്തീന്‍ എന്നീ രണ്ടു ജനാധിപത്യരാഷ്ട്രങ്ങളുടെ സുസ്ഥിര നിലനില്‍പിന് ആവശ്യമായ സമാധാനാന്തരീക്ഷമൊരുക്കാന്‍ ഇരു രാജ്യങ്ങളോടും അപേക്ഷിക്കുന്നു. മൂന്നു മാസം കൂടുന്തോറും പ്രമേയത്തിന്‍െറ പ്രയോഗത്തിലെ പുരോഗതി റിപ്പോര്‍ട്ട് ചെയ്യണമെന്ന് സെക്രട്ടറി ജനറലിനോട് രക്ഷാസമിതി നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂസിലന്‍ഡ്, മലേഷ്യ, വെനിസ്വേല, സെനഗാള്‍ എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയമാണ് വെള്ളിയാഴ്ച അമേരിക്ക വിട്ടുനിന്നതോടെ പാസായത്. വ്യാഴാഴ്ച സമാനസ്വഭാവത്തിലുള്ള ഒരു പ്രമേയം ഈജിപ്ത് കൊണ്ടുവന്നെങ്കിലും നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കൈറോയിലേക്ക് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയെ വിളിച്ചതോടെ അത് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന നീക്കം വിജയിപ്പിച്ചത് അമേരിക്കയുടെ അത്യസാധാരണമായ ‘വിട്ടുനില്‍ക്കല്‍’ പിന്തുണയാണ്. 36 വര്‍ഷം മുമ്പാണ് ഇസ്രായേലിനെതിരായ ഒരു പ്രമേയം യു.എന്നില്‍ പാസായത്. അന്നും അമേരിക്ക വിട്ടുനിന്നതായിരുന്നു കാരണം. വാഷിങ്ടണ്‍ മുഖംതിരിച്ചതില്‍ ഇസ്രായേലിനു മാത്രമല്ല, അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റിനും കടുത്ത നീരസമുണ്ട്. സ്ഥാനമേല്‍ക്കുന്ന അടുത്ത ജനുവരി 20നു ശേഷം അമേരിക്കയുടെ നയം കടകവിരുദ്ധമായിത്തീരുമെന്നും ഏതാണ്ടുറപ്പാണ്. പ്രമേയം കൊണ്ടുവന്ന രാജ്യങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധം, നയതന്ത്ര ഉദ്യോഗസ്ഥരെ മടക്കിവിളിക്കല്‍ എന്നീ ശിക്ഷാവിധികളുമായി ഇസ്രായേല്‍ രംഗത്തത്തെിക്കഴിഞ്ഞു. മേഖലയിലെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് പ്രമേയത്തിന്‍െറ വിജയമെന്ന് ഇസ്രായേലും ട്രംപും ഒരുപോലെ വാദിക്കുന്നുണ്ട്. എന്നാല്‍, അന്താരാഷ്ട്ര നിയമങ്ങളുടെയും മാനവികതയുടെയും പ്രതിഫലനമാണ് പ്രമേയമെന്ന് ഫലസ്തീന്‍വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍ ട്രംപും ഇസ്രായേലില്‍ നെതന്യാഹുവും പിന്നെ യൂറോപ്പിലെ വിവിധ ദേശങ്ങളിലും അറബ്-മുസ്ലിം വിരുദ്ധ വലതുപക്ഷ രാഷ്ട്രീയം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കെ, തെല്‍അവീവിനെതിരായ പ്രമേയം പാസാകുമെന്ന പ്രതീക്ഷയുളവാക്കിയത് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ നാടകീയനീക്കങ്ങളാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള വലതു തീവ്രവാദികള്‍ പ്രമേയത്തെ വീറ്റോ ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയപ്പോഴും അര്‍ഥഗര്‍ഭമായ മൗനം പാലിച്ച ഒബാമ അവസാനമാണ് നയം വ്യക്തമാക്കിയത്.
പ്രമേയങ്ങള്‍ അവതരിപ്പിക്കാത്തതോ, അത് പാസാക്കാത്തതോ അല്ല, അവയൊന്നും ഫലപ്രാപ്തിയിലത്തൊന്‍ മേഖലയില്‍ നിക്ഷിപ്തതാല്‍പര്യങ്ങളുള്ള വന്‍ശക്തികളും അവരുടെ സഖ്യകക്ഷികളും അനുവദിക്കാത്തതാണ് ഫലസ്തീന്‍പ്രശ്നത്തിന്‍െറ എന്നത്തെയും ശാപം. പശ്ചിമേഷ്യയിലെ ശാശ്വതസമാധാനത്തിന്‍െറയും ക്ഷേമത്തിന്‍െറയും അച്ചുതണ്ട് വാസ്തവത്തില്‍ ഫലസ്തീന്‍ പ്രശ്നത്തിലെ പരിഹാരമാണ്. അക്കാര്യത്തില്‍ 1948ലെ ഇസ്രായേല്‍ രാഷ്ട്രനിര്‍മിതി മുതല്‍ അന്തര്‍ദേശീയസമൂഹത്തിന്‍െറ മുഖവേദിയായ യു.എന്‍ തുടര്‍ന്നുപോരുന്നത് വ്യക്തമായ ഇരട്ടത്താപ്പാണ്. ഇസ്രായേലിന്‍െറ നിയമവിരുദ്ധ താല്‍പര്യങ്ങള്‍ക്ക് എപ്പോഴും കൂട്ടുനിന്ന് അമേരിക്കയാണ് അതിന് ഒത്താശ ചെയ്യാറുള്ളത്. ഇപ്പോള്‍ അമേരിക്കയുടെ നിലപാട് നിര്‍ണായകമായതും അതുകൊണ്ടുതന്നെ. ട്രംപ് പ്രസിഡന്‍റ് സ്ഥാനത്തേക്കു കാത്തുനില്‍ക്കെ യു.എസിന്‍െറ ഇസ്രായേല്‍ വിരുദ്ധ നീക്കത്തിനു വലിയ ആയുസ്സില്ളെന്നു വന്നാലും ഫലസ്തീനികള്‍ക്കെതിരായ നിയമവിരുദ്ധനീക്കത്തിന് ലോകം മുഴുക്കെ എതിരാണെന്നൊരു സന്ദേശം പുതുക്കി നല്‍കാന്‍ കഴിഞ്ഞു എന്നതാണ് യു.എന്നിന്‍െറ 2334ാം പ്രമേയത്തിന്‍െറ വിജയം. ഫലസ്തീന്‍ സംബന്ധിച്ച് ഇനിയുള്ള ഏതു നീക്കവും ഇതിന്‍െറ തുടര്‍നീക്കമായേ സാധ്യമാകൂ എന്നൊരു ഗുണവും ഈ പ്രമേയവിജയത്തിനുണ്ട്. ‘ഇരുളിന്‍െറയും നിരാശയുടെയും ആഴക്കടലില്‍ ആശ്വാസത്തിന്‍െറ ഒരു നെടുവീര്‍പ്പ്’ എന്ന് അധിനിവേശവിരുദ്ധ ഇസ്രായേല്‍ പത്രമായ ‘ഹാരെറ്റ്സ്’ നല്‍കിയ വിശേഷണംതന്നെയാണ് ഈ വിജയത്തിന് ഏറ്റവും ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.