അഭയാർഥികളെ ഭീകരരായി കാണുന്നതിലെ ക്രൂരത
text_fieldsറോഹിങ്ക്യൻ പ്രശ്നം ആഗോളവേദികളിൽ ചൂടേറിയ ചർച്ചാവിഷയമായിരിക്കെ, നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട് കുടുസ്സായ രാഷ്ട്രീയ കാഴ്ചപ്പാട് വെച്ചുപുലർത്താത്ത എല്ലാവരെയും സ്തബ്ധരാക്കിയിട്ടുണ്ടാവുമെന്ന് തന്നെയാണ് കരുതേണ്ടത്. റോഹിങ്ക്യകൾക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്നും അവർ രാജ്യസുരക്ഷക്ക് ഗുരുതര ഭീഷണിയാണെന്നും അതുകൊണ്ട് തന്നെ പരമോന്നത നീതിപീഠം വിഷയത്തിൽ ഇടപെടാൻ പാടില്ലെന്നുമാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. നാൽപതിനായിരത്തോളം വരുന്ന ഈ അഭയാർഥികൾ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും രാജ്യത്തെ പൗരന്മാർക്കായി സർക്കാർ ഒരുക്കുന്ന ക്ഷേമസൗകര്യങ്ങൾ ഈ വിഭാഗം കാർന്നുതിന്നുന്നത് നിയമപരമായി ന്യായീകരിക്കാനാവില്ലെന്നുമാണ് സർക്കാറിെൻറ പക്ഷം. അയൽരാജ്യമായ മ്യാന്മറിൽനിന്ന് കുടിയേറിയ മുഴുവൻ മനുഷ്യരെയും രാജ്യത്തുനിന്ന് നാടുകടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമ്പോൾ നീതിപീഠം ഇടപെടരുതെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 20ലക്ഷത്തിലേറെ അഭയാർഥികൾ നമ്മുടെ രാജ്യത്ത് അഭയം തേടിയിട്ടുണ്ടെന്നിരിക്കെ, ഏറ്റവും കൂടുതൽ പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്നതിെൻറ പേരിൽ പിറന്നമണ്ണിൽനിന്ന് ഓടിരക്ഷപ്പെടേണ്ടിവന്ന ഒരു കൂട്ടരോട് മാത്രം നാം ഇമ്മട്ടിൽ മനുഷ്യത്വഹീനമായി പെരുമാറുന്നത് വ്യാപകമായി ചർച്ചചെയ്യപ്പെടുന്നതിൽ അത്ഭുതപ്പെടാനില്ല. ജീവച്ഛവങ്ങളായി രാജ്യത്തിെൻറ വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്ന റോഹിങ്ക്യകൾ ഏതെങ്കിലും തരത്തിലുള്ള സുരക്ഷഭീഷണി ഉയർത്തുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നിരിക്കെ, പെട്ടെന്നൊരു നാൾ ഇവർ ഭീകരവാദികളാണെന്നും സമാധാനം തകർത്തെറിയുമെന്നൊക്കെ ന്യായാസനത്തിനു മുന്നിൽ ചെന്ന് ബോധിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുതന്നെയായാലും സത്യമൊഴിയായി സാമാന്യജനത്തിനു പോലും തോന്നില്ല എന്ന് തീർച്ചയാണ്. റോഹിങ്ക്യൻ അഭയാർഥി പ്രവാഹം തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഏതെങ്കിലും രാജ്യത്ത് ഇവർ സുരക്ഷഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ഭീകരവാദത്തിെൻറ പേര് പറഞ്ഞാൽ, അതോടെ ആരും എതിർക്കാൻ ധൈര്യപ്പെടില്ല എന്ന വിശ്വാസമാവണം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ കൊണ്ട് അതീവഗുരുതരമായ ആരോപണം ഉന്നയിക്കാൻ േപ്രരിപ്പിച്ചത്. ഒരുനേരത്തെ ക്ഷുത്തടക്കാൻ പോലും വകയില്ലാതെ, ആരൊക്കെയോ എറിഞ്ഞുകൊടുക്കുന്ന ഉച്ചിഷ്ടങ്ങളും കാട്ടിൽനിന്ന് ശേഖരിക്കുന്ന ഇലകളും വേരുകളും കഴിച്ച് ജീവൻ നിലനിർത്താൻ പാടുപെടുന്ന ഒരു ജനത ഭീകരവാദികളായി ആയുധമെടുക്കുന്നുവെന്നൊക്കെ പറഞ്ഞാൽ ജനം അത് അണ്ണാക്ക് തൊടാതെ വിഴുങ്ങിക്കോളും എന്ന് കരുതുന്നത് ശുദ്ധഭോഷത്തമല്ലേ?
റോഹിങ്ക്യൻ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം മ്യാന്മർ ഭരണകൂടം ഇതുവരെ തുടർന്നുപോന്ന രാഖൈൻ പ്രവിശ്യയിലെ മുസ്ലിംകളോടുള്ള ‘അപ്പാർത്തൈറ്റ്’ നയം തിരുത്തുക എന്നത് മാത്രമാണ്. ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ലോകമനുഷ്യാവകാശ പ്രസ്ഥാനങ്ങളുമെല്ലാം ആ ദിശയിൽ മ്യാന്മർ സർക്കാറിൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ എക്കാലവും തത്ത്വാധിഷ്ഠിതവും മാനുഷികവുമായ നയനിലപാടുകളിൽ ഉറച്ചുനിന്ന ഇന്ത്യ, മർദകരുടെ പക്ഷത്ത് നിലകൊള്ളുന്ന ലജ്ജാവഹമായ കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ആ രാജ്യം സന്ദർശിച്ചപ്പോൾ കാണാൻ കഴിഞ്ഞത്. റോഹിങ്ക്യകൾ തീവ്രവാദപ്രവർത്തനങ്ങളിലേർപ്പെട്ട രാജ്യേദ്രാഹികളാണെന്ന ഓങ്സാൻ സൂചിയുടെ ഭാഷ്യം അപ്പടി അംഗീകരിച്ചപ്പോൾ നൂറ്റാണ്ടുകളുടെ വേരുള്ള ഒരു പ്രശ്നത്തിെൻറ മർമം തന്നെ നമുക്ക് മന$പൂർവം വിസ്മരിക്കേണ്ടിവന്നു. അതാവട്ടെ, സംഘ്പരിവാറിെൻറ പ്രത്യയശാസ്ത്ര പ്രതിബദ്ധതയിൽനിന്ന് പ്രചോദിതമാണെന്ന സത്യം ആർക്കും മറച്ചുവെക്കാനാവില്ല. അഭയാർഥികൾ ഏത് രാജ്യത്തുനിന്നുള്ളവരാവട്ടെ, ഏത് വിശ്വാസിവിഭാഗത്തിൽപ്പെട്ടവരാവട്ടെ, മനുഷ്യത്വം എന്നതായിരുന്നു ഇതുവരെ നാം പിന്തുടർന്ന ഏക മാനദണ്ഡം. അഭയാർഥികളുമായി ബന്ധപ്പെട്ട 1951ലെ അന്താരാഷ്ട്ര ഉടമ്പടിയിലും ’67ലെ േപ്രാട്ടോകോളിലും ഒപ്പുവെച്ച രാജ്യങ്ങളിൽ ഇന്ത്യ ഇല്ല എന്നത് നേരാണ്. ഹതാശരായി എത്തുന്ന മനുഷ്യരുടെ നേരെ കവാടങ്ങൾ കൊട്ടിയടക്കുക എന്നല്ല അതിനർഥം. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത് സംവത്സരങ്ങൾക്കിടയിൽ അയൽരാജ്യങ്ങളിൽ സംഘർഷം ഉടലെടുത്തപ്പോഴെല്ലാം ഇന്ത്യ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശം (21ാം ഖണ്ഡിക) കേവലം പൗരന്മാർക്ക് മാത്രമുള്ളതല്ലെന്നും ഈ രാജ്യത്ത് തങ്ങുന്ന എല്ലാ മനുഷ്യർക്കും അർഹതപ്പെട്ടതാണെന്നും സുപ്രീംകോടതി തന്നെ പലവുരു വ്യക്തമാക്കിയതാണ്. അതുകൊണ്ടാവണം, നാടുകടത്തൽ ഭീഷണി നേരിടുന്ന രണ്ടു റോഹിങ്ക്യൻ യുവാക്കൾ നൽകിയ ഹരജി പരിശോധിക്കുന്ന ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വിഷയത്തിെൻറ നിയമവശങ്ങളിലാണ് തങ്ങൾ ഉൗന്നുന്നതെന്ന് വെളിപ്പെടുത്തിയത്.
കൊടിയപീഡനം കാത്തിരിക്കുന്ന ഒരു രാജ്യത്തേക്ക് അത് പേടിച്ചോടി വന്ന മനുഷ്യരെ പുറന്തള്ളുക എന്ന കിരാത നടപടി അപ്രായോഗികം മാത്രമല്ല, മനുഷ്യത്വരഹിതവുമാണ്. അതുകൊണ്ടുതന്നെ, ഈ ദിശയിൽ ഉറച്ചതീരുമാനവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാറിനെതിരെ മാനവികതയിൽ വിശ്വസിക്കുന്ന മുഴുവനാളുകളും ഒന്നിക്കേണ്ട സമയമാണിത്. അതോടൊപ്പം തന്നെ, മ്യാന്മറിലെ മർദക ഭരണകൂടത്തെ കൊണ്ട് തെറ്റ് തിരുത്തിക്കാൻ എന്താണ് പോംവഴി എന്നതിനെ കുറിച്ച് ആഗോളസമൂഹത്തോടൊപ്പം നാമും ആഴത്തിൽ വിചിന്തനങ്ങൾ നടത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.