കശ്മീരിലെ ജനാധിപത്യ കശാപ്പ്
text_fieldsജമ്മു-കശ്മീർ നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഗവർണർ സത്യപാൽ മലികിെൻറ നവംബർ 21ലെ നടപടി കാലാകാലങ്ങളായി കേന്ദ്ര ഭരണകൂടം ആ സംസ്ഥാനത്തോടും ജനങ്ങളോടും കാണിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനങ്ങളുടെ തുടർച്ചയായി മാത്രമേ കാണാൻ സാധിക്കൂ. രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചാണ് 2015ൽ ബി.ജെ.പിയും പി.ഡി.പിയും ചേർന്ന് മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായി കശ്മീരിൽ കൂട്ടുകക്ഷി മന്ത്രിസഭ രൂപവത്കരിക്കപ്പെടുന്നത്. പിന്നീട് സഈദിെൻറ മരണത്തെത്തുടർന്ന് മകൾ മഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാൽ, 2018 ജൂണിൽ ബി.ജെ.പി സഖ്യത്തിൽനിന്ന് പിൻവാങ്ങിയതോടെ മന്ത്രിസഭ നിലംപതിച്ചു. മറ്റൊരു പാർട്ടിക്കോ മുന്നണിക്കോ മന്ത്രിസഭ രൂപവത്കരിക്കാൻ സാധിക്കാതെ വന്നതോടെ സംസ്ഥാനം ഗവർണർ ഭരണത്തിലേക്കുപോയി. ഗവർണർ ഭരണ കാലാവധി ഈ ഡിസംബർ 18ന് അവസാനിക്കേണ്ടതാണ്.
അതിനിടെയാണ് രണ്ടു ദിവസം മുമ്പ് മന്ത്രി സഭ രൂപവത്കരിക്കാൻ അവകാശവാദമുന്നയിച്ച് പി.ഡി.പി, നാഷനൽ കോൺഫറൻസ്, ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്നീ പാർട്ടികൾ ഗവർണർക്ക് കത്ത് നൽകുന്നത്. 2020 ഡിസംബർവരെ നിലവിലെ നിയമസഭക്ക് കാലാവധിയുണ്ട്. മേൽ പറഞ്ഞ മൂന്ന് പാർട്ടികൾ ചേർന്നാൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയിരിക്കെ ഗവർണർ പ്രസ്തുത സഖ്യത്തിെൻറ നേതാവിനെ മന്ത്രിസഭ രൂപവത്കരിക്കാൻ ക്ഷണിക്കുക എന്നതാണ് സ്വാഭാവിക നടപടി. എന്നാൽ, തികച്ചും അപ്രതീക്ഷിതമായി, നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഗവർണറുടെ ഉത്തരവാണ് അടുത്തദിവസം പുറത്തുവരുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു നിയമസഭയെ രാഷ്ട്രീയ മേലാളന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻവേണ്ടി മാത്രം പിരിച്ചുവിട്ട നടപടി നമ്മുടെ ജനാധിപത്യ സങ്കൽപങ്ങൾക്ക് മേലുള്ള പ്രഹരമാണ്.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയെന്നത് നരേന്ദ്ര മോദി സർക്കാറിെൻറ പ്രധാനപ്പെട്ടൊരു കാര്യപരിപാടിയാണ്. ഗവർണറുടെ ഓഫിസ് മാത്രമല്ല, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമീഷൻ, റിസർവ് ബാങ്ക് എന്നു തുടങ്ങി ഏറ്റവും അവസാനം സി.ബി.ഐയെ വരെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതിെൻറ തെളിവുകൾ പുറത്തുവന്നതാണ്. പ്രസ്തുത പരിപാടിയിലെ അവസാനത്തെ ഇനമായാണ് കശ്മീരിലെ ഇടപെടലിനെയും കാണേണ്ടത്. കശ്മീരിൽ തങ്ങളില്ലാത്ത ഒരു കൂട്ടുകക്ഷി സർക്കാർ രൂപവത്കരിക്കപ്പെടുന്നത് ബി.ജെ.പിക്ക് സഹിക്കാൻ കഴിയില്ലെന്നത് യാഥാർഥ്യമാണ്. കശ്മീരിെൻറ ഭരണഘടനാധിഷ്ഠിതമായ പ്രത്യേക പദവിയെപോലും അംഗീകരിക്കാത്തവരാണ് ബി.ജെ.പിക്കാർ. ഗവർണർ ഭരണത്തിൽ സംസ്ഥാനത്തെ നിലനിർത്തുമ്പോഴേ തങ്ങളുടെ വിഭാഗീയ അജണ്ടകൾ നടപ്പാക്കാൻ സാധിക്കൂ എന്നും അവർ മനസ്സിലാക്കുന്നുണ്ടാകും.
പണം കൈമാറ്റവും കുതിരക്കച്ചവടവും നടക്കാൻ സാധ്യതയുള്ളതിനാലാണ് നിയമസഭ പിരിച്ചുവിട്ടതെന്നാണ് ഗവർണറുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. വളരെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കാൻ അംഗബലമുള്ള മൂന്ന് പാർട്ടികൾ ചേർന്ന് മന്ത്രിസഭ രൂപവത്കരിക്കാൻ അവകാശവാദമുന്നയിക്കുമ്പോൾ കുതിരക്കച്ചവടത്തിെൻറ പ്രസക്തി എന്തെന്ന് മനസ്സിലാവുന്നില്ല. വിരുദ്ധ ആശയങ്ങൾ പങ്കുവെക്കുന്നവർ മന്ത്രിസഭ രൂപവത്കരിക്കുന്നതിലെ അസാധ്യതയെക്കുറിച്ചും ഗവർണറുടെ വാർത്തക്കുറിപ്പിലുണ്ട്. വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന പി.ഡി.പിയും ബി.ജെ.പിയും ചേർന്ന് മന്ത്രി സഭ രൂപവത്കരിച്ച ഒരു സംസ്ഥാനത്തെ ഗവർണറുടെ ഈ അഭിപ്രായ പ്രകടനം തമാശയായി മാത്രമേ പരിഗണിക്കാനാവൂ. ഏതൊക്കെ പാർട്ടികൾ ചേർന്നാണ് മന്ത്രിസഭ രൂപവത്കരിക്കേണ്ടത് എന്നത് ഗവർണറുടെ പരിഗണന വിഷയമാകേണ്ട കാര്യവുമല്ല. ആവശ്യത്തിന് അംഗബലമുള്ള കക്ഷികൾ അവകാശവാദമുന്നയിച്ചാൽ അത് അംഗീകരിക്കുകയായിരുന്നു അദ്ദേഹം പ്രാഥമികമായി ചെയ്യേണ്ടിയിരുന്നത്.
ഗവർണറുടെ യുക്തിരഹിതമായ വിശദീകരണങ്ങളെക്കാൾ മാരകമാണ് ബി.ജെ.പി നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങൾ. അതിർത്തിക്കപ്പുറത്തുനിന്നുള്ള നിർദേശത്തെ തുടർന്നാണ് മന്ത്രിസഭ രൂപവത്കരിക്കാനുള്ള നീക്കമുണ്ടായത് എന്നാണ് ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ് പ്രതികരിച്ചത്. കശ്മീരിലെ തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച പ്രതിപക്ഷ പാർട്ടികളുടെ നടപടിയും അതിർത്തിക്കപ്പുറത്തുള്ള നിർദേശത്തെ തുടർന്നായിരുന്നു എന്നും രാം മാധവ് ആരോപിക്കുന്നു. രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുന്ന മുഖ്യധാരാ പാർട്ടികളെപ്പോലും അതിർത്തിക്കപ്പുറത്തെ ആജ്ഞകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സംഘമായാണ് ബി.ജെ.പി കാണുന്നത്. അങ്ങനെയെങ്കിൽ ആ സംസ്ഥാനത്തെ ജനങ്ങളെ ബി.ജെ.പിയും കേന്ദ്ര ഭരണകൂടവും എങ്ങനെയാണ് കാണുന്നെതന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
കശ്മീർ പ്രശ്നം ഇന്ന് രാജ്യത്തിന് വലിയ ബാധ്യതകളും ഭാരങ്ങളുമുണ്ടാക്കുന്ന ഒന്നാെണന്ന് എല്ലാവർക്കുമറിയാം. രാജ്യം സ്വതന്ത്രമായ അന്നുമുതൽ കശ്മീർ ഒരു പ്രശ്നമായി നിലനിൽക്കുന്നുമുണ്ട്. അതിന് സങ്കീർണമായ ഒട്ടേറെ കാരണങ്ങളുണ്ടാകാം. അവയെ സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കേണ്ടതുമാണ്. എന്നാൽ, കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാനും ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും മാറിമാറി വന്ന കേന്ദ്ര ഭരണകൂടങ്ങൾ സന്നദ്ധമായിട്ടില്ല എന്നത് വാസ്തവമാണ്. നിലവിലെ വിഘടനവാദ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുന്നതിൽ 1987ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ പ്രധാനപ്പെട്ട ഘടകമായിട്ടുെണ്ടന്നത് വാസ്തവമാണ്. ഏതാണ്ട് അതിന് സമാനമായ അനുഭവമാണ്, ജനങ്ങൾ തെരഞ്ഞെടുത്ത ഒരു നിയമസഭയെ പിരിച്ചുവിട്ടുകൊണ്ടുള്ള പുതിയ നടപടിയും. ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലമാക്കുന്ന നടപടികൾ കശ്മീർപ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുകയേയുള്ളൂ എന്നതിൽ തർക്കമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.