ലജ്ജാകരം ഈ പങ്കുവെപ്പ് പരിപാടി
text_fieldsകോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവടക്കം ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കേസന്വേഷണവുമായി മുന്നോട്ടുപോവുകയാണെന്ന വാർത്ത കേരളത്തിന്റെ സാംസ്കാരിക സദാചാര ജീവിതം അധഃപതനത്തിന്റെ പടുകുഴിയിലെത്തുന്നതിന്റെ നേർസാക്ഷ്യമാണ് നൽകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പങ്കാളികളെ കൈമാറുന്ന ലജ്ജാകരമായ ഏർപ്പാടിൽ ആയിരക്കണക്കിന് കുടുംബങ്ങൾ ബന്ധപ്പെട്ടതിന്റെ ചുരുളുകളാണ് അഴിഞ്ഞുകൊണ്ടിരിക്കുന്നത്. സുദീർഘമായ പ്രണയബന്ധത്തിനുശേഷം വിവാഹിതയായ യുവതി പെൺകുഞ്ഞ് ജനിച്ച് മൂന്നു വർഷം പിന്നിട്ടശേഷമാണ് ഭർത്താവിന്റെ നിർബന്ധംമൂലം കപ്പിൾസ് മീറ്റ് എന്ന സ്വാപിങ് കെണിയിൽ അകപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന പാശ്ചാത്യ സംസ്കാരം സമൂഹമാധ്യമങ്ങൾ വഴി കേരളത്തിലും അതിവേഗം പ്രചരിക്കുകയാണെന്ന് പ്രാഥമികാന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗത്തിന്റെയും പ്രകൃതിവിരുദ്ധ ലൈംഗികപീഡനങ്ങളുടെയും ദുരനുഭവങ്ങൾ സഹിക്കാവുന്നതിലപ്പുറം കടന്നപ്പോഴാണ് പരാതിക്കാരിക്ക് സ്വസഹോദരനോടൊപ്പം പൊലീസിനെ സമീപിക്കേണ്ടിവന്നത്. പകരക്കാരിയെ അനുഭവിക്കാനുള്ള അവസരം മാത്രമല്ല, പണവും ലഭിക്കുന്നുവെന്നതാണത്രെ ഈ അറുവഷളൻ ഏർപ്പാടിന് ഭർത്താവെന്നു പറയുന്ന നരാധമന് പ്രേരണയായത്.
പങ്കാളികളെ കൈമാറുന്നത് വിരുന്നിനെന്നപേരിൽ വീടുകളിലെത്തിയ ശേഷമാണെന്നും സകുടുംബം എത്തുന്നവരെ കുടുംബസുഹൃത്തുക്കളെന്നാണ് അയൽക്കാർക്ക് പരിചയപ്പെടുത്തുന്നെതന്നും വാർത്തകളിൽ പറയുന്നു. ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളകളിൽ ഇത്തരം വിരുന്നുകൾ സംഘടിപ്പിക്കാറുണ്ടത്രെ. നിലവിൽ കണ്ടെത്തിയ സംഘം രണ്ടു വർഷത്തിലധികമായി ഈ രംഗത്ത് സജീവമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് സ്വാപിങ് ഗ്രൂപ്പുകളിൽ ആളുകളെ കണ്ടെത്തുന്നതും ചേർക്കുന്നതും.
സംഘത്തിൽ എല്ലാ ജില്ലകളിൽനിന്നുള്ളവരും പ്രവാസികളും അംഗങ്ങളാണ്. നടേസൂചിപ്പിച്ച യുവതിയുടെ പരാതിയിൽ പിടിയിലായ ഭർത്താവ് ദുബൈയിൽനിന്നെത്തിയശേഷമാണ് ഏർപ്പാട് തുടങ്ങിയത്. ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങിയ മേൽത്തട്ടിലുള്ളവരും സംഘത്തിൽ സജീവമാണ്. നിലവിൽ 25 പേർ കറുകച്ചാൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കേസന്വേഷണം എത്ര കാര്യക്ഷമമായാലും നിലവിലെ നിയമങ്ങളിൽ കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ വേണ്ടത്രയുണ്ട്. പ്രായപൂർത്തിവന്ന സ്ത്രീ-പുരുഷന്മാർ ഉഭയകക്ഷിസമ്മതത്തോടെ ഏർപ്പെടുന്ന ലൈംഗികബന്ധം ഇന്ത്യയിൽ കുറ്റമല്ലെന്നതുതന്നെ ഒന്നാമത്തെ തടസ്സം.
ബലപ്രയോഗം നടന്നു എന്ന് തെളിയിക്കുക അങ്ങേയറ്റം ശ്രമകരമാണുതാനും. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമുപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്നതും സാധാരണ സംഭവം മാത്രം. വർഷങ്ങളോളം നീണ്ട പീഡനം സഹനത്തിന്റെ എല്ലാ സീമകളും ലംഘിച്ചപ്പോഴാണ് താൻ പരാതിപ്പെടേണ്ടിവന്നതെന്ന് കറുകച്ചാലിലെ യുവതി തുറന്നുപറയുന്നത് ശ്രദ്ധേയമാണ്. സർവോപരി ഇപ്പോൾ പങ്കിടൽ പരിപാടി അനാവരണം ചെയ്യപ്പെട്ടിരിക്കെ അതിൽ പങ്കാളികളാകാൻ വഴിയന്വേഷിച്ച് പുറപ്പെടുന്നവരും ഒട്ടും കുറവാകാനിടയില്ല.
വിദ്യാഭ്യാസപരമായും സാംസ്കാരികമായും രാജ്യത്തേറ്റവും മുൻനിരയിലെത്തിയ കേരളത്തിന്റെ നൈതിക-ധാർമിക പുറംതോട് തീർത്തും പാപ്പരാണെന്നതാണ് യഥാർഥ പ്രശ്നം. മതോപദേശികളും മതസംഘടനകളും സ്ഥാപനങ്ങളും മറ്റ് ഏതു സംസ്ഥാനത്തേക്കാളും ഒരുവേള കൂടുതലാണെങ്കിലും യുവതലമുറകളിൽ ധാർമിക സ്വാധീനം അതീവ ദുർബലമാണെന്ന സത്യം നിഷേധിച്ചിട്ട് കാര്യമില്ല. പ്രവാസികളിലൂടെ ഒഴുകുന്ന പണവും വികസനനേട്ടങ്ങളുമെല്ലാം വികസിത രാഷ്ട്രങ്ങളോടൊപ്പമെത്തിച്ചിരിക്കാമെങ്കിലും ജീവിത സംശുദ്ധിയും മാനവികബോധവും കളഞ്ഞുകുളിച്ചാണ് മലയാളിസമൂഹം മുന്നേറുന്നത്.
പുരോഗമനത്തിന്റെയും പരിഷ്കാരത്തിന്റെയും പേരിലെ നാട്യങ്ങൾ എല്ലാ പരിധികളെയും വിലക്കുകളെയും മറികടന്ന് അരാജകജീവിതം നയിക്കാനുള്ള തൃഷ്ണയും താൽപര്യവും കേരളീയ സമൂഹത്തിൽ അപകടകരമാംവിധം ശക്തിപ്പെടുകയാണെന്ന യാഥാർഥ്യം കണ്ടില്ലെന്നു നടിച്ചിട്ട് കാര്യമില്ല. സമൂഹമാധ്യമങ്ങളുടെ അപ്രതിഹതമായ കടന്നുകയറ്റം ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നുമുണ്ട്. നാസ്തികതയും മൂല്യനിരാസവും സർവതന്ത്ര സ്വതന്ത്രചിന്തയും എല്ലാം ചേർന്ന് സൃഷ്ടിക്കുന്ന വിഷമവൃത്തത്തിൽനിന്ന് പുറത്തുകടക്കാൻ ഉന്നത വിദ്യാഭ്യാസം നേടിയവർക്കുപോലും സാധ്യമാവാതെ വരുകയാണ്.
തങ്ങൾ യാഥാസ്ഥിതികരും പിന്തിരിപ്പന്മാരും പരിഷ്കൃത സമൂഹത്തോടൊപ്പം ചലിക്കാൻ അയോഗ്യരുമായി മുദ്രകുത്തപ്പെടുമോ എന്ന ഭീതിയും അപകർഷബോധവുമാണ് വലിയൊരു വിഭാഗത്തെ നയിക്കുന്നത്. വൻ പുരോഗമനവും സ്വാധീനവും വിപ്ലവവീര്യവും അവകാശപ്പെടുന്ന വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ പൂർണ നഗ്നതാചിത്രങ്ങൾ പ്രദർശിപ്പിച്ച് നവാഗതരെ കാമ്പസുകളിലേക്ക് സ്വാഗതംചെയ്യുന്നത് രോഗമായല്ല, രോഗലക്ഷണമായാണ് കാണേണ്ടത്. മേമ്പൊടിയെന്നോണം കവലകൾതോറും ബാർ ഹോട്ടലുകളും ലഹരിവിൽപനകേന്ദ്രങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്നു.
മദ്യപർക്ക് സ്വസ്ഥമായിരുന്നു ലഹരിസേവ നടത്താൻ വേണ്ടത്ര സൗകര്യമില്ലാത്തതിലാണ് കോടതികൾക്കുപോലും കുണ്ഠിതം! പ്രശ്നത്തിന് സത്വര പരിഹാരം കാണാൻ അടിയന്തര നടപടികളെടുക്കുകയാണ് സർക്കാറും. വിനാശകരമായ ഈ പോക്കിനെതിരെ വിരൽചൂണ്ടുന്നവരെ 'മതമൗലികവാദികളും തീവ്രവർഗീയവാദികളുമായി' മുദ്രകുത്തി സാമൂഹിക അകലം പാലിക്കണമെന്ന നിരന്തര ഉദ്ബോധനങ്ങളും മുറക്ക് നടക്കുന്നുണ്ട്. പക്ഷേ, സാംസ്കാരികവും ധാർമികവുമായ ഈ കൂട്ട ആത്മഹത്യക്കെതിരായ കരുതലും പോരാട്ടവും എന്തു വിലകൊടുത്തും മനുഷ്യസ്നേഹികൾ തുടരണമെന്നേ സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിക്കാനും പറയാനുമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.