അതിവേഗമാകാം; പക്ഷേ അമിതവേഗം വേണ്ട
text_fieldsസിൽവർലൈൻ അതിവേഗ റെയിലിന്‍റെ പരിസ്ഥിതി വിരുദ്ധതയും ജനവിരുദ്ധതയും സജീവമായിത്തന്നെ പൊതുചർച്ചയിലുണ്ട്. അവക്കപ്പുറം, പദ്ധതിയുടെ ജനാധിപത്യ വിരുദ്ധത കൂടി വെളിപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവിട്ട വിശദ പദ്ധതിരേഖ (ഡി.പി.ആർ) അടക്കമുള്ള പദ്ധതി നടത്തിപ്പിന്‍റെ വിവിധ വശങ്ങൾ. ജനങ്ങളെയും സംസ്ഥാനത്തെയും, പരിസ്ഥിതിയെയും സാമ്പത്തിക മേഖലയെയുമെല്ലാം ആഴത്തിൽ തൊടുന്ന ഒരു പദ്ധതിയുടെ വിശദരേഖ നിയമസഭ വെബ്സൈറ്റിൽ ലഭ്യമാകാൻ കടന്നുപോകേണ്ടിവന്ന വഴികൾ, എന്തോ ഒളിച്ചുകളിയുടെ സൂചനയാണ് നൽകിയത്. എന്തുവന്നാലും, ആരെതിർത്താലും പദ്ധതി നടപ്പാക്കുമെന്നത് ഒരു ജനാധിപത്യ സർക്കാറിന്‍റെ നയമായിക്കൂടാ. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വവും നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്നത് അതാണ്. വിദഗ്ധരും ശാസ്ത്ര പ്രസ്ഥാനങ്ങളും ഭരണകക്ഷികളിൽപെട്ടവരടക്കമുള്ള ജനനേതാക്കളും ഉയർത്തിയ ആശങ്കകൾക്കു മുന്നിൽ ഒടുവിൽ സർക്കാർ പൗരപ്രമുഖരുടെ യോഗങ്ങൾ വിളിച്ചുചേർത്ത് വിശദീകരിക്കാൻ തീരുമാനിക്കുന്നു. എല്ലാതരം ആശങ്കകളെയും അഭിമുഖീകരിക്കാനും ചർച്ചചെയ്യാനും പരിഹാരം കാണാനുമുള്ള ജനായത്ത സംവിധാനങ്ങളാണ് നിയമസഭയും അതിന്‍റെ ഉപസമിതികളും. എന്നാൽ, അവിടെ ചർച്ച പോയിട്ട് ഡി.പി.ആർ പോലും പുറമേക്ക് ലഭ്യമാക്കാതെ പൗരപ്രമുഖരോട് പദ്ധതി നടപ്പാക്കുന്നതിനെപ്പറ്റി സംസാരിക്കുന്നതിൽ ജനാധിപത്യം ഏതായാലുമില്ല. ഡി.പി.ആർ രഹസ്യരേഖയാണെന്നു പറഞ്ഞാണ് ഇതുവരെ പുറത്തുവിടാതിരുന്നത്. ആകാശ സർവേയുടെ വിവരങ്ങൾ പരസ്യപ്പെടുത്തില്ലെന്ന് പ്രതിരോധ, വ്യോമ മന്ത്രാലയങ്ങൾക്ക് ഉറപ്പുകൊടുത്തിട്ടുണ്ടെന്നാണത്രെ, 'രഹസ്യരേഖ' വാദത്തിന് ന്യായമായി അന്നെല്ലാം പറഞ്ഞത്. ഡി.പി.ആറിന്‍റെയും പരിസ്ഥിതി ആഘാത പഠനത്തിന്‍റെയും പകർപ്പ് നൽകാമെന്ന് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പുനൽകിയിട്ടും അത് പിടിച്ചുവെക്കുകയായിരുന്നു. ഒടുവിൽ അവകാശലംഘനത്തിന് സ്പീക്കർക്ക് പരാതി ചെന്നപ്പോഴാണ് സഭാ വെബ്സൈറ്റിൽ ഡി.പി.ആർ പരസ്യപ്പെടുത്തുന്നത്.
ഒറ്റനോട്ടത്തിൽ ഈ ഡി.പി.ആർ നമ്മോടു പറയുന്നത്, ഇത്രനാളും സർക്കാർ ഉന്നയിച്ചുവന്ന 'രഹസ്യരേഖ' വാദം വ്യാജമായിരുന്നു എന്നാണ്. സർക്കാറും പദ്ധതി നിർമാതാക്കളായ കെ- റെയിലും ഇത്രയും കാലം നേരല്ല പറഞ്ഞത്. തങ്ങളുടെ മണ്ണും പരിസ്ഥിതിയും പണവും അവിഹിതമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്നറിയാൻ ജനങ്ങളെ സഹായിക്കുന്നതിനാണ് വിവരാവകാശ കമീഷൻ രൂപവത്കരിച്ചത്. രഹസ്യാത്മകത പറഞ്ഞ് സർക്കാർ പിടിച്ചുവെക്കുന്ന വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ധർമം കമീഷനുണ്ട്. എന്നാൽ, സിൽവർ ലൈനിന്‍റെ കാര്യത്തിൽ സർക്കാറിന്‍റെ വാദം ഏകപക്ഷീയമായി അംഗീകരിച്ചുകൊടുക്കുന്ന നിലപാട് സംസ്ഥാന വിവരാവകാശ കമീഷൻ കൈക്കൊണ്ടു. സർക്കാർ പറയുന്നതിന് കീഴൊപ്പ് ചാർത്തുക മാത്രമാണ് കമീഷന്‍റെ ജോലിയെങ്കിൽ അങ്ങനെയൊന്നിന്‍റെ ആവശ്യമില്ലല്ലോ. ഒടുവിൽ നിയമസഭ വെബ്സൈറ്റിലൂടെ ഡി.പി.ആർ പൊതുമണ്ഡലത്തിലെത്തുമ്പോൾ സർക്കാറിന്‍റെ നിലപാടിനൊപ്പം വിവരാവകാശ കമീഷന്‍റെ നിലപാടും പൊള്ളയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ജനപക്ഷത്തുനിൽക്കാൻ ബാധ്യതയുള്ളവരൊക്കെ ജനങ്ങൾക്ക് വിവരം നിഷേധിച്ചുകൊണ്ടു പറയുന്നു, ജനങ്ങൾക്കുവേണ്ടിയാണ് ഇതെല്ലാം എന്ന്. ആദ്യം പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നീട് ജനങ്ങളുടെ അഭിപ്രായം തേടുമെന്ന് പറയുകയും ചെയ്യുന്ന ജനനേതാക്കൾ ജനാധിപത്യത്തെ തലകുത്തി നിർത്തുകയാണ് ചെയ്യുന്നത്.
സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങൾ വികസിക്കുകയും മെച്ചപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന ബോധ്യം സർക്കാറിനു മാത്രമല്ല, സിൽവർലൈൻ പദ്ധതിയെപ്പറ്റി ആശങ്ക പ്രകടിപ്പിക്കുന്നവർക്കുമുണ്ട്. എന്നാൽ, രഹസ്യാത്മകതയുടെ മറപറ്റി തട്ടിക്കൂട്ടിയ ഗൂഢപദ്ധതികൾ പ്രശ്നം പരിഹരിക്കാനല്ല, കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് നിമിത്തമാവുക. അതുകൊണ്ട്, ഞങ്ങൾ മുമ്പ് എഴുതിയപോലെ, ആദ്യം വിശദമായ ചർച്ചകളും കൂടിയാലോചനകളും നടക്കണം. ജനങ്ങൾക്ക് കൃത്യമായ വിവരം നൽകിയും അവരുടെ പിന്തുണ ഉറപ്പാക്കിയും വേണം പദ്ധതി നടപ്പാക്കാനെന്ന് ഡി.പി.ആർ തന്നെ പറഞ്ഞുവെക്കുന്നുണ്ട്. പരിസ്ഥിതിത്തകർച്ച, കടക്കെണി, കൂടുതൽ മെച്ചപ്പെട്ട ബദൽ രീതികൾ തുടങ്ങിയവ പരിഗണിക്കപ്പെടണം. സിൽവർലൈൻ പദ്ധതിക്ക് ബ്രോഡ്ഗേജിനു പകരം സ്റ്റാൻഡേഡ് ഗേജ് തിരഞ്ഞെടുക്കുന്നതിലെ യുക്തി ശരിക്കും വിലയിരുത്തപ്പെടണം. പൊതുറെയിൽ സംവിധാനവുമായി ചേർക്കാൻ പറ്റാത്ത ഇത്ര ബൃഹത്തായ ഗതാഗത സംവിധാനത്തിന്‍റെ ഗുണം ആർക്കാണ് കിട്ടുക എന്ന് പരിശോധിക്കണം. മുമ്പ് ഉന്നയിക്കപ്പെട്ട സംശയങ്ങളും ആശങ്കകളും അസ്ഥാനത്തല്ല എന്ന് ഇപ്പോൾ പുറത്തുവന്ന ഡി.പി.ആർ തന്നെ കാണിച്ചുതരുന്നുണ്ട്. അതുകൊണ്ട്, സർക്കാർ ആദ്യം പിടിവാശി ഒഴിവാക്കണം. തുറന്ന മനസ്സോടെ ചർച്ചക്ക് തയാറാകണം. ഭരണകക്ഷികളുടെ തന്നെ അണികളിൽ പദ്ധതിയുടെ ദോഷങ്ങളെ കുറിച്ച് ബോധ്യമുള്ളവരുണ്ട്. അവർ പാർട്ടി നേതൃത്വങ്ങളെ ജനാധിപത്യത്തിലേക്കും ജനങ്ങളെ കേൾക്കുന്ന ഭരണസംവിധാനത്തിലേക്കും വഴി കാട്ടണം, ഏതുനിലക്കും ഒരു വീണ്ടുവിചാരത്തിന്‍റെ ആവശ്യകതയിലേക്കാണ് ഡി.പി.ആർ വിരൽചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.