Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ ആശയപാപ്പരത്തം

text_fields
bookmark_border
ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ ആശയപാപ്പരത്തം
cancel




വംശീയവിദ്വേഷം വിതച്ച്​ ​അധികാരം വിളയിക്കുന്നതിനപ്പുറം കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ മുന്നിൽ കൃത്യമായ രാഷ്ട്രീയദി​ശാബോധമോ ഭരണതന്ത്രമോ ഇല്ലെന്നു നാൾക്കുനാൾ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്​. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചശേഷം ഉത്തർപ്രദേശ്​ ബി.ജെ.പിയിലുണ്ടായ പൊട്ടലും ചീറ്റലും തെളിയിക്കുന്നത്​ മറ്റെന്തിനേക്കാളും ബി.ജെ.പിയുടെ ആശയപാപ്പരത്തവും രാഷ്​ട്രീയ ദാരിദ്ര്യവുമാണ്​. അതു വ്യക്തമായി വെളിപ്പെട്ടിട്ടും യുക്തമായ പരിഹാരം കാണുന്നതിനുപകരം അധികാരരാഷ്ട്രീയത്തിന്‍റെ പണ, പേശീബലമുപയോഗിച്ച്​ മറികടക്കാനുള്ള ചതുരുപായങ്ങളാണ്​ സംഘ്​പരിവാർ മെനഞ്ഞുകൊണ്ടിരിക്കുന്നത്​. ദാരിദ്ര്യം, തൊഴിലില്ലായ്മ, ജാതിവിവേചനം തുടങ്ങി സാധാരണക്കാരുടെ പ്രശ്നങ്ങളെ നേർക്കുനേർ അഭിമുഖീകരിക്കുന്നതിനു പകരം വോട്ടർമാരുടെ കണ്ണിൽപൊടിയിടാനുള്ള അടവുകൾ തേടുകയാണ്​ പാർട്ടി. പിന്നാക്കവിഭാഗക്കാരായ ബി.ജെ.പി മന്ത്രിമാരും എം.എൽ.എമാരും ബി.ജെ.പിയിൽനിന്നു വിട്ടുപോരുമ്പോൾ അവരെല്ലാം ഒരേ ശബ്​ദത്തിൽ ഉന്നയിച്ച ഗുരുതരമായ ചില രാഷ്ട്രീയപ്രശ്നങ്ങളുണ്ട്​. സംസ്ഥാനത്ത്​ നിലനിൽക്കുന്ന ജാതിമേധാവിത്വത്തിൽനിന്നു പാർട്ടിക്കു രക്ഷപ്പെടാനായില്ലെന്നും സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കക്ഷിയുടെ തലപ്പത്തെത്തിയിട്ടും ജാതിവിവേചനത്തിൽനിന്നു മന്ത്രിമാർക്കോ എം.എൽ.എമാർക്കോപോലും രക്ഷയില്ലെന്നുമുള്ള തിക്തസത്യമാണ്​ അവർ വെട്ടിത്തുറന്നു പറഞ്ഞത്​. എന്നാൽ, അവർ ഉന്നയിച്ചതിന്‍റെ വിശദാംശങ്ങൾ ചികഞ്ഞു യാഥാർഥ്യബോധത്തിലുറച്ച തീർപ്പിൽ എത്തുന്നതിനുപകരം ഇരുട്ടുകൊണ്ട്​ ഓട്ടയടക്കുന്ന വിദ്യയാണ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പയറ്റുന്നത്​. പിന്നാക്കവിഭാഗങ്ങൾ നേരിടുന്ന വിവേചനത്തെക്കുറിച്ച പരാതി ദലിതന്‍റെ വീട്ടിൽ പരിപ്പുകറി കഴിച്ചു പരിഹരിക്കാവുന്നതാണ്​ എന്ന ലളിതയുക്തിയിലാണ്​ അദ്ദേഹം എത്തിച്ചേർന്നത്​. നാടു നേരിടുന്ന പ്രശ്നങ്ങൾക്ക്​ ബി.ജെ.പിയുടെ മുന്നിൽ ​പൊടിക്കൈകളല്ലാതെ മറ്റൊന്നുമില്ല എന്നു തുറന്നുപറയുകയാണ്​ യോഗി.

തെരഞ്ഞെടുപ്പിന്‍റെ സന്ദർഭം ഉപയോഗപ്പെടുത്തുകയായിരുന്നു സ്വാമി പ്രസാദ്​ മൗര്യ അടക്കം എസ്​.പിയിലേക്ക്​ മറുകണ്ടം ചാടിയ പിന്നാക്ക ബി.ജെ.പി നേതാക്കൾ എന്നത്​ ശരിയാണെങ്കിലും ദീർഘനാളായി അടക്കിപ്പിടിച്ച രോഷം വമിപ്പിക്കാൻ ഏറ്റവും ഉചിതമായ സന്ദർഭം അവർ ​തിരഞ്ഞെടുത്തു എന്നതാണ്​ വലിയ ശരി. രണ്ടു വർഷം മുമ്പ്​ 2019 ഡിസംബറിൽ 100 ബി.ജെ.പി എം.എൽ.എമാർ ലഖ്​നോയിലെ നിയമസഭമന്ദിര പരിസരത്ത്​ ധർണയിരുന്നിരുന്നു. വോട്ടർമാരുടെ 44 ശതമാനവും പിന്നാക്കസമുദായ/ജാതികളിൽനിന്നുള്ളവരായിട്ടും സംസ്ഥാനത്ത്​ ഭരണത്തിലെയും എക്സിക്യൂട്ടിവിലെയും ഉയർന്ന ജാതിക്കാരുടെ ​സ്വേഛാവാഴ്ചയാണ്​ എന്ന്​ ആരോപിച്ചായിരുന്നു ആ പ്രതിഷേധപരിപാടി. തനിക്കെതിരായി ​പൊലീസ്​ രജിസ്​റ്റർ ചെയ്ത കേസിൽ സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും നിഷേധിച്ചു എന്ന ഒരു എം.എൽ.എയുടെ ആക്ഷേപമായിരുന്നു അന്നത്തെ ഉടൻപ്രകോപനം. രണ്ടു വർഷം കഴിഞ്ഞും മന്ത്രിസഭയിലെ പിന്നാക്കജാതിക്കാർപോലും അവഗണനയിലും വിവേചനത്തിലുമാണെന്നാണ്​ മൗര്യയും ധരംസിങ്​ സൈനിയുമടക്കമുള്ളവർ ഇപ്പോഴും പറയുന്നത്​. അധികാരത്തിന്‍റെ ആനുകൂല്യങ്ങളിൽനിന്നു തങ്ങൾ അകറ്റിനിർത്തപ്പെടുകയാണെന്നാണ്​ അവരുടെ ആക്ഷേപം. തൊഴിൽ/ഉദ്യോഗസംവരണം, ഗവൺമെന്‍റ്​ കരാറുകളിൽ വിഹിത, അവിഹിത ഇടപാടുകൾക്കുള്ള വഴിവിട്ട സ്വാതന്ത്ര്യം, അഴിമതി, ​​പൊലീസ്​ സ്​റ്റേഷനുകളുടെ വിധേയത്വം എന്നിവയെല്ലാം ഭരണത്തിലെ മേൽജാതിക്കു മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത്​ ഏതാണ്ട്​ എല്ലാം സ്വകാര്യമേഖലക്ക്​ തീറെഴുതിക്കൊടുത്തു കഴിഞ്ഞു. സ്കൂൾ അധ്യാപകജോലി മാത്രമാണ്​ തൽക്കാലം ഒഴിവായിട്ടുള്ളത്​. അതും സ്വകാര്യമേഖലയെ ഏൽപിക്കുകയാണ്​. സ്വകാര്യ മുതലാളിമാരാവട്ടെ, ശമ്പളവും ​പെൻഷൻ പ്രായവും വെട്ടിക്കുറച്ചു തുടങ്ങി. പിന്നാക്കക്കാർ ഏറെ ​ആശ്രയിച്ചിരുന്ന അധ്യാപനമേഖല കൂടി അന്യംനിൽക്കുന്നതോടെ തൊഴിൽ, ഉപജീവന രംഗങ്ങളിൽ പിന്നാക്കക്കാർ ദുരിതത്തിലാവും എന്ന ആശങ്കകൂടിയാണ്​ നേതാക്കൾ പങ്കുവെക്കുന്നത്​.

മണ്ഡൽ കമീഷൻ റിപ്പോർട്ട്​ പിന്നാക്കക്കാർക്ക്​ തുറന്നുവെച്ച ആനുകൂല്യം യു.പിയിൽ പിന്നാക്കക്കാർക്കിടയിലെ ജാതിവിവേചനത്തിന്​ ഇടയാക്കി എന്നതാണ്​ വലിയ വിരോധാഭാസം. പിന്നാക്ക മിശിഹമാർ അവതരിച്ചതിൽ മുലായംസിങ്ങിന്‍റെ സമാജ്​വാദി പാർട്ടി യാദവർക്കും മായാവതിയുടെ ബി.എസ്​.പി ജാദവർക്കും വേണ്ടതു​ നേടിയെടുത്തു. മൗര്യ, സൈനി, കശ്യപ്​, കുഷ്​വാഹ തുടങ്ങിയ പിന്നാക്കത്തിലെ പിന്നാക്കക്കാർ അവഗണിക്ക​പ്പെട്ടു. ഒടുവിൽ നേരത്തേ പിന്നാക്കക്കാരനായ കല്യാൺസിങ്ങിനെ ബി.ജെ.പി ഒതുക്കിയവിധം അറിഞ്ഞിട്ടും യോഗിയെ കേന്ദ്രം കെട്ടിയിറക്കി​യപ്പോൾ പിന്നാക്കക്കാർ പ്രതീക്ഷയർപ്പിച്ചു. എന്നാൽ, 'കാവിയുടുത്ത സന്യാസിവര്യൻ' തികഞ്ഞ 'ഠാകുർവാദി'യായി മാറുന്നതു കണ്ടപ്പോൾ അവർക്കു സഹിച്ചില്ല. അതാണ്​ 2019 ലെ ​ധർണയായി പുറത്തുവന്നത്​. ​തെരഞ്ഞെടുപ്പിൽ ഇതിനു പകവീട്ടുമെന്നു പിന്നാക്കവിഭാഗം നേതാക്കൾ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ജാതിപ്രശ്നത്തെ അയോധ്യ, മഥുര പോലുള്ള മതവർഗീയ കാർഡുകൊണ്ടു മറച്ചുകളയാനാണ്​ ബി.ജെ.പി ശ്രമിച്ചത്​. അത്​ അ​ത്ര എളുപ്പമല്ല എന്നാണ്​ പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്​.

സംഘ്​പരിവാറിന്‍റെ ഹിന്ദുത്വ തത്ത്വശാസ്ത്രം സവർണ ബ്രാഹ്മണ വരേണ്യവിഭാഗത്തിന്‍റെ അധികാരവാഴ്ചക്കുള്ള ഉപാധി മാത്രമാണെന്ന വിചാരധാര അവർ നേ​രത്തേ വ്യക്തമാക്കിയതാണ്​. അതു മറച്ചുപിടിച്ച്​ അധികാരം വെട്ടിപ്പിടിക്കാനായി എല്ലാവരെയും ഹിന്ദു എന്ന സാംസ്കാരികവംശീയതയുടെ കുടക്കീഴിൽ അണിനിരത്തുന്നു​വെന്നും അവരുടെ അഭ്യുദയമാണ്​ ലക്ഷ്യമെന്നും സംഘ്​പരിവാർ അവകാശ​പ്പെടാറുണ്ട്​.​ എന്നാൽ, സവർണബ്രാഹ്മണ്യതയുടെ ജനിതകവൈകല്യത്തിൽനിന്ന്​ അതിനു മുക്തമാകാൻ കഴിയില്ല എന്നുറപ്പിക്കുന്നതാണ്​ സന്യാസി മുഖ്യമന്ത്രിയായ യു.പിയിലെ ബി.ജെ.പി ഭരണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്​. ഇന്ത്യയുടെ മതനിരപേക്ഷ ബഹുസ്വരതയുടെ ശീട്ടുകീറി 'ഹിന്ദു ഏകീകരണ'ചീട്ടുമായി അധികാരത്തിലേറിയാലും അതും പ്രയോഗത്തിൽ വരുത്താനാവുന്നില്ല എന്നർഥം. ഹിന്ദുത്വവാദത്തിന്‍റെ ദയനീയമായ നിവർത്തികേടും പരാജയവുമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialmadhyamam editorialSanghparivarBJPUttar Pradesh
News Summary - jan 18th editorial
Next Story