വർഗീയത വിളമ്പാൻ എന്തിനാണ് ഒരു ഇടതുപക്ഷ പാർട്ടി?
text_fieldsഹസൻ–കുഞ്ഞാലിക്കുട്ടി–അമീർ സഖ്യമാണ് കേരളത്തെ നയിക്കാൻപോകുന്നത് എന്നായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇറക്കിയ കാർഡ്. അതായത്, യു.ഡി.എഫ് എന്നു പറഞ്ഞാൽ വെറുമൊരു മുസ് ലിം ഏർപ്പാടാണ് എന്ന സന്ദേശം സന്ദേഹിച്ചുനിൽക്കുന്ന ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളിലെത്തിച്ച് മുസ്ലിം വിരുദ്ധ ധ്രുവീകരണം സൃഷ്ടിച്ച് വോട്ടുകൾ സമാഹരിക്കുക എന്ന തന്ത്രം. ആ തന്ത്രം വിജയിച്ചു. ഒരു ഇടതുപക്ഷ പ്രസ്ഥാനം ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് അദ്ഭുതപ്പെടുന്നതിൽ വലിയ കാര്യമൊന്നുമില്ല. എൺപതുകൾക്കുശേഷം ഏതാണ്ടെല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം ഈ തന്ത്രം പയറ്റിയിട്ടുണ്ട്. 1985ലെ ശരീഅത്ത് വിവാദത്തെ തുടർന്നാണ് സി.പി.എം മുസ്ലിംവിരുദ്ധത തങ്ങളുടെ മുഖ്യ അജണ്ടകളിലൊന്നായി സ്വീകരിക്കുന്നത്. വിവാഹമോചിതയായ മുസ്ലിം സ്ത്രീയെ ജീവിതകാലം മുഴുവൻ മുൻ ഭർത്താവിെൻറ ആശ്രിതയായി ജീവിക്കാൻ നിർബന്ധിതയാക്കുന്ന അങ്ങേയറ്റം സ്ത്രീ വിരുദ്ധവും വിചിത്രവുമായ വിധി ഷാബാനു കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ചതും അതിനെ മുസ് ലിം സംഘടനകൾ എതിർത്തതുമാണ് ശരീഅത്ത് വിവാദം. സാധാരണ ഗതിയിൽ, സ്ത്രീകളുടെ സ്വയംനിർണയാവകാശത്തിനുവേണ്ടി നിലകൊള്ളേണ്ട ഇടതുപക്ഷ സംഘടനകൾ പക്ഷേ, ഈ സന്ദർഭത്തിൽ ശരീഅത്തിനെയും ഇസ്ലാമിക സംസ്കാരത്തെയും പരിഹസിക്കുന്ന തരത്തിലുള്ള പ്രചാരണവുമായി രംഗത്തിറങ്ങുകയായിരുന്നു. 1987ലെ തെരഞ്ഞെടുപ്പിൽ വർഗീയവാദികളില്ലാത്ത 'ശുദ്ധ മതേതര മുന്നണി'യാണ് തങ്ങളുടേത് എന്നതായിരുന്നു ഇ.എം.എസിെൻറ അവകാശവാദം. 1989ലാണ് അദ്ദേഹം കാഞ്ചി കാമകോടി മഠാധിപതിക്കൊപ്പം ശങ്കര ജയന്തിയുടെ വേദി പങ്കിടുന്നതും 'സോഷ്യൽ സയന്‍റിസ്റ്റ്' മാസികയിൽ ശങ്കരദർശനത്തെ പ്രകീർത്തിച്ചുകൊണ്ട് ലേഖനമെഴുതുന്നതും. 1980െൻറ പകുതി മുതൽ മുസ്ലിം വിരുദ്ധവും ഹിന്ദുത്വ അനുകൂലവുമായ രാഷ്ട്രീയ ലൈൻ സ്വീകരിച്ചതിെന്‍റ ദിനവഴി ചരിത്രം കേരള സി.പി.എമ്മിൽ കാണാം. ഇതേ കാലത്താണ് രാമജന്മഭൂമി പ്രസ്ഥാനത്തെ മുൻനിർത്തി സംഘ്പരിവാർ ദേശീയ രാഷ്ട്രീയത്തിെൻറ മുഖ്യധാരയിലേക്ക് തീവ്രമായി പ്രവേശിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ തടഞ്ഞു നിർത്താൻ കേരളത്തിൽ സി.പി.എം സ്വീകരിച്ച ലൈൻ അതിെൻറ തന്നെ രീതികൾ പരോക്ഷമായി സ്വീകരിക്കുക എന്നതായിരുന്നു. ഇടക്ക് ചിലപ്പോഴൊക്കെ അമേരിക്കൻ സാമ്രാജ്യത്വത്തെയും മറ്റും മുൻനിർത്തി മുസ്ലിം അനുഭാവം കാണിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുമെങ്കിലും അതിെൻറ അന്തർധാര മുസ്ലിം വിരുദ്ധതയുടെതും ഹിന്ദു ഏകീകരണത്തിേൻറതുമായിരുന്നു. ലവ് ജിഹാദിനെക്കുറിച്ച് ആർ.എസ്.എസുകാരേക്കാൾ കടുത്ത വാക്കുകൾ ഉപയോഗിച്ച് വി.എസ്. അച്യുതാനന്ദൻ പ്രസംഗിക്കുന്നതും പച്ച ബോർഡിനെതിരെ പിണറായി വിജയൻ രംഗത്തുവരുന്നതുമൊക്കെ അതുകൊണ്ടാണ്. കുഞ്ഞൂഞ്ഞ്– കുഞ്ഞാലിക്കുട്ടി–കുഞ്ഞുമാണി സഖ്യമാണ് കേരളത്തിൽ വരാൻ പോകുന്നത് എന്ന് പേടിപ്പിച്ചാണ് 2011ലെ തെരഞ്ഞെടുപ്പിനെ സി.പി.എം നേരിട്ടത്. അതിെൻറ തുടർച്ചയിലാണ് ഹസൻ–കുഞ്ഞാലിക്കുട്ടി–അമീർ സഖ്യം എന്ന കാർഡ് രൂപപ്പെട്ടത്. കോൺഗ്രസിൽ ഹസനെക്കാൾ മുൻനിരയിലുള്ള നേതാക്കൾ ഉണ്ടെങ്കിലും ഹസൻ എന്ന പേര് പ്രത്യേകമായി എടുത്തു പ്രയോഗിക്കുന്നതിെൻറ ഉദ്ദേശ്യമെന്തെന്ന് തലച്ചോറുള്ളവർക്കെല്ലാം മനസ്സിലാവുന്നതാണ്. മുസ്ലിം 'ആധിപത്യ'ത്തിനെതിരായ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ് എന്ന സന്ദേശം മുസ്ലിമിതര സമൂഹങ്ങൾക്ക് നൽകുകയായിരുന്നു അവർ.
തിരുവനന്തപുരത്തെ സി.പി.എം ജില്ല സമ്മേളനത്തിൽ എന്നാൽ, നേരെ മറുകണ്ടം ചാടിയാണ് കോടിയേരി വെടിപൊട്ടിച്ചത്. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷത്തെ പരിഗണിക്കുന്നില്ല എന്നാണ് ആരോപിച്ചിരിക്കുന്നത്. ഹിന്ദു, ക്രൈസ്തവ, മുസ്ലിം സമുദായത്തിൽ പെട്ടവർ കോൺഗ്രസ് പിന്തുണയിൽ കേരളത്തിൽ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഈ മൂന്ന് സമുദായത്തിൽ പെട്ടവരും കെ.പി.സി.സി പ്രസിഡൻറുമാരും ആയിട്ടുണ്ട്. എന്നാൽ, പാർട്ടി സെക്രട്ടറി സ്ഥാനമോ മുഖ്യമന്ത്രി സ്ഥാനമോ ഒരു മുസ്ലിമിനോ ക്രൈസ്തവനോ ഇതുവരെ നൽകിയിട്ടില്ലാത്ത സി.പി.എം ഇപ്പോൾ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നത് വിചിത്രമാണ്. ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്തിയതിനെതിരെ ക്രൈസ്തവ വികാരമുണർത്താനാണ് കോടിയേരി ആ ഏറ് എറിഞ്ഞതെന്നാണ് മനസ്സിലാക്കപ്പെടുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ സംഘ്പരിവാർ ആഖ്യാനങ്ങൾ പിൻപറ്റുന്ന തീവ്ര ക്രൈസ്തവ ഗ്രൂപ്പുകളെ സി.പി.എം േപ്രാത്സാഹിപ്പിച്ചുപോരുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിെൻറ പദ്ധതികളെ മുൻനിർത്തി അതിതീവ്ര മുസ്ലിം വിരുദ്ധത ഈ ഗ്രുപ്പൂകൾ പ്രചരിപ്പിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഔദ്യോഗിക വിശദീകരണം നൽകാതെ വർഗീയ പ്രചാരണങ്ങളെ േപ്രാത്സാഹിപ്പിക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചത്. നേരത്തേയുള്ള ഹിന്ദു ഏകീകരണം എന്ന അജണ്ടയിൽ നിന്ന് മാറി ഹിന്ദു–ക്രൈസ്തവ ഏകീകരണം എന്ന നിലപാടിലേക്ക് സി.പി.എം ചുവടുമാറ്റിയതിെൻറ ഭാഗമായിരുന്നു അത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അത് പാർട്ടിക്ക് ഗുണം ചെയ്തു. അതുകൊണ്ടാണ്, നാർകോട്ടിക് ജിഹാദ് വാദമുയർത്തി കേരള ചരിത്രത്തിലെ ഏറ്റവും പ്രമാദമായ വർഗീയ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ സി.പി.എമ്മിെൻറ മന്ത്രി അരമനയിൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
കേരളത്തിലെ അധികാരം സി.പി.എമ്മിെൻറ നിലനിൽപുമായി തന്നെ ബന്ധപ്പെട്ട അതിനിർണായക കാര്യമാണ്. അത് നിലനിർത്തുന്നതിലും കേരളത്തിലെ സ്വാധീനം നഷ്ടപ്പെടാതെ നോക്കുന്നതിലും കുറ്റം പറയാൻ പറ്റില്ല. പക്ഷേ, അതിെൻറ പേരിൽ നമ്മുടെ സാമൂഹിക മനസ്സിൽ വർഗീയതയുടെ വിഷപ്പുക പരത്തുന്നത് കുറ്റകൃത്യമാണ്. ഈ ജനതയോട് ചെയ്യുന്ന ക്രൂരതയാണ്. അത് കേരളസമൂഹത്തെ തകർക്കും. കുറച്ചുകൂടി മുന്നോട്ടുപോയാൽ സി.പി.എമ്മിനെയും തകർക്കും. പക്ഷേ, ഇതൊന്നും മനസ്സിലാകുന്ന ആരും ആ പാർട്ടി നേതൃത്വത്തിൽ ഇല്ലെന്ന് തോന്നുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.