തല്ലിയും തലോടിയും ഒരു സംവരണ വിധി
text_fieldsസമൂഹത്തിൽ ജാതീയവും ചരിത്രപരവുമായ കാരണങ്ങളാൽ പിന്നാക്കം പോയവരെയും വിവേചനം നേരിടുന്നവരെയും മുഖ്യധാരയിലെത്തിക്കാനും അതുവഴി സമത്വം ഉറപ്പുവരുത്താനുമുള്ള ഭരണഘടനാപദ്ധതിയാണ് സംവരണം. എന്നാൽ, ഭരണഘടനയെയും സംവരണതത്ത്വങ്ങളെയും ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയല്ല പലപ്പോഴും സമൂഹത്തിൽ സംവരണചർച്ചകൾ നടക്കാറുള്ളത്. മറിച്ച്, സംവരണവിരുദ്ധ ആശയങ്ങളും സമരങ്ങളും പലരൂപത്തിൽ സമൂഹത്തിൽ ഉയർന്നുവരുമ്പോഴാണ് ഇത്തരം ചർച്ചകൾക്ക് ജനശ്രദ്ധയും മാധ്യമപിന്തുണയും ലഭിക്കുക. ഭരണഘടനാപരമായ ഒരു അവകാശം എന്നതിനേക്കാൾ, ആരോ വെച്ചുനീട്ടിയ ഔദാര്യമോ ആനുകൂല്യമോ എന്ന നിലയിലായിരിക്കും ഈ സന്ദർഭങ്ങളിലെല്ലം സംവരണം എന്ന ആശയം അവതരിപ്പിക്കപ്പെടാറുള്ളത്. ഇതുപോലുള്ള 'ഔദാര്യങ്ങളി'ലൂടെ സംവരണേതര വിഭാഗങ്ങൾക്ക് അവസരം നഷ്ടപ്പെടുന്നുവെന്നും അതുവഴി വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ 'മെറിറ്റി'ൽ കാര്യമായ ഇടിവ് സംഭവിക്കുന്നുവെന്ന വാദമൊക്കെ കടന്നുവരുന്നതും സമൂഹത്തിന്റെ പൊതുബോധത്തിൽ അതിന് വലിയ സ്വീകാര്യത ലഭിക്കുന്നതുമൊക്കെ ഇത്തരം ചർച്ചകളുടെ പശ്ചാത്തലത്തിൽകൂടിയാണ്. മാർക്ക് കുറഞ്ഞ പിന്നാക്കക്കാരന് ഉന്നത വിദ്യാഭ്യാസത്തിനും സർക്കാർ തൊഴിലിനുമെല്ലാം അവസരം ലഭിക്കുന്നതും അതുകാരണം മുന്നാക്കക്കാരൻ പുറന്തള്ളപ്പെടുന്നതുമെല്ലാം മുഖ്യധാര സാഹിത്യ, സിനിമയുടെ ആഖ്യാനങ്ങളായി മാറുന്നതിന്റെ പിന്നിലും മറ്റൊന്നല്ല. സംവരണത്തിനെതിരായ ഈ മെറിറ്റ് വാദത്തെ ഒരളവിൽ തുറന്നുകാണിച്ചിരിക്കുകയാണ് രാജ്യത്തെ പരമോന്നത നീതിപീഠം. ബിരുദ, ബിരുദാനന്തര മെഡിക്കൽ കോഴ്സുകളുടെ 'നീറ്റ്' അഖിലേന്ത്യ േക്വാട്ടയിൽ 27 ശതമാനം പിന്നാക്കക്കാർക്ക് സംവരണം ചെയ്ത കേന്ദ്ര നടപടിയെ ശരിവെച്ച വിധിന്യായത്തിലാണ് സംവരണവിരുദ്ധർക്ക് സുപ്രീംകോടതി അക്കമിട്ട് മറുപടി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് ഒ.ബി.സി സംവരണം 27 ശതമാനമാക്കിയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തുവന്നത്. ഇതിനെതിരെ ഏതാനും ഡോക്ടർമാർ സുപ്രീംകോടതിയെ സമീപിച്ചു. ഹരജിക്കാരുടെ വാദങ്ങളിലൊന്ന് മേൽപറഞ്ഞ 'മെറിറ്റ്' തന്നെയായിരുന്നു. എന്നാൽ, പരീക്ഷയിലെ െമറിറ്റും സംവരണവും രണ്ടായിതന്നെ കാണണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹിക, സാമ്പത്തിക, സാംസ്കാരികവശങ്ങൾ പ്രതിഫലിപ്പിക്കാത്ത മത്സരപരീക്ഷകൾക്ക് ഒരാളുടെ 'യോഗ്യത' പൂർണമായി എങ്ങനെ നിർണയിക്കാനാകുമെന്ന അതിപ്രധാനമായൊരു ചോദ്യം ഉന്നയിച്ചശേഷമാണ് ഹരജിക്കാരുടെ വാദം തള്ളി സുപ്രീംകോടതി കേന്ദ്ര വിജ്ഞാപനത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. മറ്റൊരർഥത്തിൽ, മത്സരപ്പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽമാത്രം തിട്ടപ്പെടുത്താവുന്നതല്ല യോഗ്യതാമാനദണ്ഡങ്ങൾ എന്ന സംവരണവാദികളുടെ നിലപാടിന് പരമോന്നത നീതിപീഠം അടിവരയിട്ടിരിക്കുന്നു. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗത്തിൽ ക്രീമിലെയർ വിഭാഗത്തിന്റെ മികച്ച ജീവിത സാഹചര്യം ചൂണ്ടിക്കാട്ടി മൊത്തം വിഭാഗത്തിന്റെയും സംവരണം നിഷേധിക്കണമെന്ന വാദത്തെയും കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരളവിൽ, സംവരണവിരുദ്ധർ കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചില വികല ന്യായങ്ങളെയാണ് കോടതി വേണ്ടവിധം കൈകാര്യം ചെയ്തിരിക്കുന്നത്. ആ അർഥത്തിൽ, ഭരണഘടനയുടെ അന്തസ്സിനെയും അതുവഴി ജനാധിപത്യമൂല്യങ്ങളെത്തന്നെയും ഉയർത്തിപ്പിടിക്കുന്നു ഈ വിധിന്യായമെന്ന് നിസ്സംശയം പറയാം.
എന്നാൽ, വിധിക്ക് ഒരു മറുവശം കൂടിയുണ്ട്. അത് പരോക്ഷമായി സാമ്പത്തിക സംവരണത്തെ ശരിവെക്കുന്നു. 'യോഗ്യത'യെക്കുറിച്ച് പറയുന്നിടത്ത് സാമൂഹികം, സാംസ്കാരികം തുടങ്ങിയ ഘടകങ്ങൾക്കൊപ്പം 'സാമ്പത്തിക' മാനദണ്ഡങ്ങൾകൂടി ചേർത്താണ് വിധിന്യായത്തിലെ പരാമർശങ്ങളെല്ലാം എന്നത് ഒട്ടും യാദൃച്ഛികമല്ല. സാമൂഹികവും ജാതീയവുമായ കാരണങ്ങളാൽ ഏതെങ്കിലുമൊരു വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുന്നതുപോലെ സാമ്പത്തികമായി പിന്നാക്കം പോയവരെയും ആ ഗണത്തിൽപെടുത്തുന്നത് അടിസ്ഥാനപരമായി യുക്തിരഹിതമായ സമീപനമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ കാഴ്ചപ്പാടുകൾക്ക് എതിരുമാണത്. എന്നാൽ, ഈ കാഴ്ചപ്പാടിൽ വെള്ളം ചേർത്താണ് 2019 ജനുവരിയിൽ പാർലമെന്റിൽ നിയമം പാസാക്കി രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പത്ത് ശതമാനം സംവരണം അനുവദിക്കുന്ന ബില്ലായിരുന്നു അത്. മുന്നാക്കക്കാരൻ പുറന്തള്ളപ്പെടുന്ന വ്യാജ ആഖ്യാനങ്ങളുടെ മറപറ്റിയുള്ള ഒരു നിയമനിർമാണമായിരുന്നു അത്. മറ്റൊരർഥത്തിൽ, അതുവഴി സംഭവിച്ചത് സംവരണ അട്ടിമറിതന്നെയാണ്. സവർണർക്കായുള്ള ഈ സംവരണത്തെയും മേൽസൂചിപ്പിച്ച വിധിന്യായത്തിൽ കോടതി ശരിവെക്കുകയാണ്. ഒരുവശത്ത് മെറിറ്റ് വാദത്തെ പൊളിച്ചടുക്കുകയും മറുവശത്ത് 'സവർണ സംവരണ'ത്തെ അംഗീകരിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം കാണാതിരുന്നുകൂടാ. ഈ വിധിന്യായത്തിലെ വലിയൊരു പോരായ്മയായിത്തന്നെ അത് വിലയിരുത്തപ്പെടും. ഒരു പക്ഷേ, സംവരണത്തിനായുള്ള ജനാധിപത്യവാദികളുടെ നിയമപോരാട്ടങ്ങൾക്ക് തുരങ്കംവെക്കുന്നതിനും പരമോന്നത നീതിപീഠത്തിന്റെ ഈ 'സവർണ സംവരണ' വാദം കാരണമായേക്കും. സവർണർക്കായുള്ള പത്തു ശതമാനം ശരിവെക്കാൻ വേണ്ടിയാണോ കോടതി ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണത്തിനും അനുമതി നൽകിയതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.