റെയിൽവേ ട്രാക്കിലെ യുവരോഷം
text_fieldsകേന്ദ്ര റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ അനാസ്ഥക്കും സുതാര്യമല്ലാത്ത പരീക്ഷാനടപടികൾക്കുമെതിരെ ബിഹാർ തലസ്ഥാനമായ പട്നയിലെ രാജേന്ദ്ര നഗർ ടെർമിനലിൽ തിങ്കളാഴ്ച ആരംഭിച്ച പ്രതിഷേധസമരമിപ്പോൾ വലിയൊരു പ്രക്ഷോഭമായി വികസിച്ചിരിക്കുകയാണ്. രാജ്യം റിപ്പബ്ലിക്ദിനമാഘോഷിക്കുമ്പോൾ, ബിഹാർ അക്ഷരാർഥത്തിൽ കത്തുകയായിരുന്നു. ആര, നളന്ദ, നവാദ, ഗയ തുടങ്ങിയ സ്ഥലങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ 'പിടിച്ചടക്കിയ' പ്രക്ഷോഭകർ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി. കഴിഞ്ഞ ദിവസം, ഗയ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ആളില്ലാ തീവണ്ടിക്ക് തീയിട്ടതടക്കം ചില ഘട്ടങ്ങളിൽ സമരക്കാർ അക്രമാസക്തരായ സംഭവങ്ങളും അരങ്ങേറി. മറുവശത്ത്, തോക്കും ലാത്തിയുമുപയോഗിച്ചുള്ള പൊലീസിന്റെ തേരോട്ടത്തിനും ബിഹാറിലെ വിവിധ നഗരങ്ങൾ സാക്ഷ്യംവഹിച്ചു. നൂറുകണക്കിന് പേർ അറസ്റ്റ് ചെയ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസങ്ങളിൽ, സമരം ഉത്തർപ്രദേശിലേക്കും വ്യാപിച്ചു. അവിടെയും സമരക്കാരും പൊലീസും ഏറ്റുമുട്ടി. ആഴ്ചകൾക്കുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിൽ പ്രതിപക്ഷപാർട്ടികൾക്ക് ഈ പ്രക്ഷോഭത്തോടെ പുതിയൊരു പ്രചാരണവിഷയംകൂടി വീണുകിട്ടിയിരിക്കുന്നു. പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കൾ ഇതിനോടകംതന്നെ സമരക്കാർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
നൂറിൽതാഴെ വരുന്ന ഉദ്യോഗാർഥികൾ തുടങ്ങിവെച്ചൊരു ചെറിയ സമരത്തിനാണിപ്പോൾ ദേശീയശ്രദ്ധ ആകർഷിക്കുംവിധമുള്ള ഈ പരിണതി. റിക്രൂട്ട്മെന്റ് ബോർഡ് നോൺ ടെക്നിക്കൽ പോപുലർ കാറ്റഗറിയിലേക്ക് നടത്തിയ പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ ഒരുങ്ങിയതാണ് ഈ സമരത്തിന്റെ കാരണം. 2019ലെ വിജ്ഞാപനത്തിൽ 'ഒറ്റ പരീക്ഷ'യെന്ന് പറഞ്ഞശേഷം, ഒരു മുന്നറിയിപ്പുമില്ലാതെ രണ്ടാംഘട്ട പരീക്ഷ നടത്തുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ഉദ്യോഗാർഥികളുടെ വാദം. സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ബോർഡിന്റെ നീക്കമാണിതിനു പിന്നിലെന്നും അവർ ആരോപിക്കുന്നു. ലെവൽ രണ്ട് മുതൽ ആറ് വരെയുള്ള കാറ്റഗറിയിൽ 35,000ത്തോളം തസ്തികകളിലേക്കു നടന്ന പരീക്ഷയിൽ ഏകദേശം 60 ലക്ഷം ഉദ്യോഗാർഥികൾ പങ്കെടുത്തിരുന്നു. ഏതാണ്ട് അതിനിരട്ടി അപേക്ഷകളിൽനിന്നാണ് റിക്രൂട്ട്മെന്റ് ബോർഡ് പ്രാഥമിക സ്ക്രീനിങ് നടത്തി പരീക്ഷാർഥികളെ കണ്ടെത്തിയത്. 2020ൽ നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞമാസം പുറത്തുവന്നു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട തുടർനടപടികൾ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കേട്ടുകേൾവിയില്ലാത്ത 'രണ്ടാം ഘട്ട പരീക്ഷ'യെന്ന വ്യവസ്ഥയുമായി ബോർഡ് രംഗത്തെത്തിയത്. ഇത് ലക്ഷക്കണക്കിനു വരുന്ന ഉദ്യോഗാർഥികളെ പ്രകോപിതരും നിരാശരുമാക്കുമെന്നത് സ്വാഭാവികം മാത്രം. അതാണ് ആറു ദിവസമായി യു.പിയിലെയും ബിഹാറിലെയും വിവിധ കേന്ദ്രങ്ങളിൽ പ്രതിഫലിച്ചത്. വിഷയത്തിൽ ഇടപെട്ട റെയിൽവേ മന്ത്രാലയം 'രണ്ടാം പരീക്ഷ' തൽക്കാലത്തേക്ക് നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുകയാണ്. വിഷയം പഠിക്കാനും പരാതികൾ പരിശോധിക്കാനും മന്ത്രാലയം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
പ്രക്ഷോഭകരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ട സാഹചര്യത്തിൽ സമരം അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, സംഭവിച്ചത് നേരെ തിരിച്ചാണ്. സമരം അനുനിമിഷം ശക്തിയാർജിച്ചുകൊണ്ടിരിക്കുന്നു; ഓരോ സമരകേന്ദ്രത്തിലേക്കും കൂടുതൽ യുവാക്കൾ അണിചേർന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ അഴിമതിക്കും പക്ഷപാതപരമായ സമീപനങ്ങൾക്കും എതിരായ കേവല സമരമല്ല ഇതെന്ന് വ്യക്തം. സമാനതകളില്ലാത്തവിധം തൊഴിലില്ലായ്മയിൽ അരക്ഷിതരായ യുവത്വമാണ് സമരകേന്ദ്രങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധിക്കുക. അവിടെനിന്നു കേൾക്കുന്ന ദേശീയഗാനത്തിന്റെ അകമ്പടിയോടെയുള്ള മുദ്രാവാക്യങ്ങളും അക്കാര്യം ശരിവെക്കുന്നു. കഴിഞ്ഞ 45 വർഷത്തിനിടെ, രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ ഇത്തരമൊരു പ്രക്ഷോഭം സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. 2017ൽ 4.7 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അതിപ്പോൾ എട്ടു ശതമാനത്തിനടുത്തെത്തിയിരിക്കുന്നു. ഒരു വർഷത്തിനിടെ മാത്രം ഒന്നര ശതമാനത്തിന്റെ വർധനയുണ്ടായിരിക്കുന്നു. മോദി സർക്കാറിന്റെ തെറ്റായ സാമ്പത്തിക 'പരിഷ്കരണ' പരിപാടികളാണ് രാജ്യത്തെ ഈ ദുരിതക്കയത്തിലെത്തിച്ചതെന്ന് ഇന്ന് ആരും സമ്മതിക്കും. നോട്ടുനിരോധനവും ജി.എസ്.ടിയുമെല്ലാം സാധാരണക്കാരന്റെ നടുവൊടിച്ചതെങ്ങനെയെന്നത് ഓരോ ഇന്ത്യക്കാരന്റെയും അനുഭവമാണ്. തലതിരിഞ്ഞ ഈ സാമ്പത്തികനയങ്ങൾ രാജ്യത്തെ പട്ടിണിയിലേക്കും സമാനതകളില്ലാത്ത തൊഴിലില്ലായ്മയിലേക്കും നയിച്ചുവെന്നതും വിവിധ ഏജൻസികൾ സാക്ഷ്യപ്പെടുത്തുകയുണ്ടായി.
തീർച്ചയായും, മഹാമാരിയും ലോക്ഡൗണുമെല്ലാം ഈ പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്. ഡെൽറ്റ വ്യാപനം ഒന്നടങ്ങിയപ്പോൾ നേരിയതോതിൽ സാമ്പത്തിക വളർച്ചയുണ്ടായി എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ, തൊഴിലില്ലായ്മ പിടിച്ചുകെട്ടാൻ ഒരു നിർദേശവും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നില്ല. ഇതിന്റെയൊക്കെ സ്വാഭാവിക തുടർച്ചയാണ് റെയിൽ ട്രാക്കുകളിൽനിന്നുയരുന്ന യുവരോഷത്തിൽ പ്രതിഫലിക്കുന്നത്. അതുകൊണ്ടുതന്നെ, രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ ബിഹാറിലാണ് സമരം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് എന്നത് ഒട്ടും യാദൃച്ഛികമാണെന്ന് പറഞ്ഞുകൂടാ. തൊഴിലില്ലായ്മ പട്ടികയിൽ തൊട്ടുതാഴെയുള്ള യു.പിയാണ് പ്രക്ഷോഭത്തിന്റെ മറ്റൊരു കേന്ദ്രമെന്നതും സവിശേഷ ശ്രദ്ധയർഹിക്കുന്നു. അഭ്യസ്തവിദ്യരായ തൊഴിലില്ലാപ്പടയുടെ ഈ പ്രതിഷേധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചാൽ അത് സി.എ.എ വിരുദ്ധ സമരം പോലെയോ കർഷകപ്രക്ഷോഭം പോലെയോ മറ്റൊരു ജനകീയ മുന്നേറ്റമായി മാറാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ അതിനെ പിടിച്ചുകെട്ടുക ഭരണകൂടത്തെ സംബന്ധിച്ച് എളുപ്പമാകില്ല. സാമ്പത്തികമാന്ദ്യത്താലും തൊഴിലില്ലായ്മയാലും അരക്ഷിതരായ യുവജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ ഏകാധിപതികൾ മുട്ടുമടക്കിയതിന് ഈ നൂറ്റാണ്ടുതന്നെ ഒന്നിലധികംതവണ സാക്ഷിയായതാണല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.