ഈ സ്ത്രീകളെ അവർ ഭയപ്പെടുന്നുണ്ട്
text_fieldsഒരു സ്ത്രീ ഉറച്ച നിലപാടുകാരിയായാൽ, അത് ഉറക്കെ പറയാനും പ്രയോഗവത്കരിക്കാനും മുന്നോട്ടുവന്നാൽ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അവഹേളിച്ചും നിശ്ശബ്ദയാക്കാൻ ഏതു പുരുഷാധിപത്യ സമൂഹവും അവരുടെ സവിശേഷാധികാരം എന്ന മട്ടിൽ ശ്രമിച്ചുപോരാറുണ്ട്. കേരളത്തിലുൾപ്പെടെ കുടുംബങ്ങളിലും മതസംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും പുരോഗമന പ്രസ്ഥാനങ്ങളിലുമെല്ലാം അതിന് എത്രവേണമെങ്കിലും ഉദാഹരണങ്ങളുമുണ്ട്. അതിനെയെല്ലാം കടത്തിവെട്ടുന്നതാണ് ഇന്ത്യയിലെ മുസ്ലിം വനിത ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും സമൂഹ മാധ്യമ ഉപയോക്താക്കളും കുറച്ചു നാളുകളായി നേരിടുന്ന അവഹേളനം-ചിത്രങ്ങളും വ്യക്തിവിവരങ്ങളും സമൂഹമാധ്യമ വിലാസങ്ങളും രേഖപ്പെടുത്തി ഓൺലൈനിൽ വിൽപനക്ക് വെക്കുന്ന വർഗീയ സൈബർ ലൈംഗികാക്രമണം.
ലോകം നന്മയും സമാധാനവും സന്തോഷവും ആശംസിച്ച് കൺതുറന്ന 2022ന്റെ പുതുവർഷ പുലരിയിൽ പല സ്ത്രീപ്രവർത്തകരുടെയും ഫോണുകളിൽ ആദ്യമെത്തിയത് 'ബുള്ളി ബായ്' എന്ന ആപ് മുഖേനെ അവരെ ലേലം െചയ്യാൻ വെച്ചിരിക്കുന്നു എന്ന സന്ദേശമാണ്; ഒരു വ്യക്തിക്ക് തന്റെ വർഷം തുടങ്ങിയതുതന്നെ സ്വാഭിമാനവും വ്യക്തിത്വവും ചോദ്യം ചെയ്യപ്പെടുന്നത്ര ദുരന്തപൂർവമായിപ്പോയല്ലോ എന്നു തോന്നാൻ ഇതിലേറെയെന്തു വേണം?
മുതിർന്ന മാധ്യമ പ്രവർത്തകയും 'മാധ്യമം' കോളമിസ്റ്റുമായ സബാ നഖ്വി, എഴുത്തുകാരി റാണ സഫ്വി, യുവ മാധ്യമ പ്രവർത്തകരായ ഇസ്മത്ത് ആറ, സായിമ, ഫാതിമ ഖാൻ, ഖുർറത്തുൽഐൻ റഹ്ബർ, ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവായിരുന്ന ഷഹ്ല റാഷിദ്, പൗരത്വ സമരത്തിൽ സജീവമായിരുന്ന മലയാളി വിദ്യാർഥിനികളായ ആയിഷ റെന്ന, ലദീദ സഖ്ലൂൻ തുടങ്ങി നൂറിലേറെ സ്ത്രീകളുടെ പേരും ചിത്രങ്ങളും ആപ്പിൽ ഉൾക്കൊള്ളിച്ചിരുന്നു. മുസ്ലിം സ്ത്രീകൾ, മാധ്യമ-സാമൂഹിക-വിദ്യാർഥി പ്രവർത്തകർ എന്നതിനൊപ്പം അവർക്കെല്ലാം മറ്റൊരു സമാനത കൂടിയുണ്ട്- മുസ്ലിം ചെറുപ്പക്കാരെയും പണ്ഡിതരെയും ഭീകരവാദ ചാപ്പകുത്തി അറസ്റ്റു ചെയ്യുന്നതും ബീഫ് കൈയിൽ വെച്ചെന്നും കഴിച്ചെന്നും കച്ചവടം ചെയ്തെന്നും കുറ്റം ചുമത്തി ആൾക്കൂട്ടക്കൊലക്ക് വിധേയമാക്കുന്നതും രാജ്യഭരണത്തിന്റെ മറവിൽ ഭരണഘടനയെത്തന്നെ അട്ടിമറിക്കുന്നതും ഉൾപ്പെടെയുള്ള ആക്രമണോത്സുക ഹിന്ദുത്വ ഭീകരതക്കെതിരെ ശബ്ദമുയർത്തുന്നവരാണ് അവരോരോരുത്തരും.
കഴിഞ്ഞ വർഷം ജൂലൈയിൽ 'സുള്ളി ഡീൽസ്' എന്ന പേരിൽ ഒരു ആപ്പിലൂടെ ഇതേ രീതിയിൽ വർഗീയ സൈബർ ലൈംഗികാക്രമണമുണ്ടായിരുന്നു. നിരവധി പരാതികൾ നൽകിയിട്ടും കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരാനോ ശിക്ഷിക്കാനോ അധികൃതർ തയാറായില്ല എന്നതുതന്നെ ഇത്തരം പ്രവൃത്തി ചെയ്യുന്നവർ നടപടികളെക്കുറിച്ച് ഭയപ്പെടേണ്ടതില്ല എന്ന സന്ദേശമായിരുന്നു. അതോടെ കൂടുതൽ രൂക്ഷമായ രീതിയിൽ അത് ആവർത്തിക്കപ്പെട്ടിരിക്കുന്നു. ഹരിദ്വാറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഉയർന്ന വെറുപ്പിന്റെ വിളികളും അതിന് ഊർജം പകർന്നിട്ടുണ്ട്. 'സുള്ളിഡീൽസ്' ആപ്പിൽ ഉൾക്കൊള്ളിച്ചിരുന്ന ഏതാണ്ടെല്ലാ പേരുടെയും ചിത്രങ്ങൾ ഇക്കുറിയുമുണ്ട്. അന്ന് ഇതേക്കുറിച്ച് ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽ വാർത്തയെഴുതിയ മുസ്ലിം വനിത റിപ്പോർട്ടർമാരെ തിരഞ്ഞുപിടിച്ച് അവരുടെ ചിത്രങ്ങളും 'ബുള്ളി ബായി'യിൽ ചേർത്തിരിക്കുന്നു. ഇത് വെറും മനോവൈകൃതമല്ല, വർഗീയ ആൺകോയ്മയുടെ ആസൂത്രിത വിളയാട്ടം തന്നെ; ഈ കുറ്റവാളികളുടെ മനോനില വിശദമാക്കുന്ന ഒരു ഉദാഹരണം പറയാം: മാധ്യമ- സാമൂഹിക പ്രവർത്തകർക്ക് പുറമെ ആപ്പിൽ വിൽപനക്ക് വെച്ചിരിക്കുന്ന ഒരു വനിതയുടെ പേര് ഫാത്തിമ നഫീസ് എന്നാണ്. ഹിന്ദുത്വ വർഗീയവാദികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് തിരോഭവിക്കപ്പെട്ട ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദിന്റെ ഉമ്മ! മാധ്യമപ്രവർത്തകയോ ഏതെങ്കിലുമൊരു മത-രാഷ്ട്രീയസംഘടനയിൽ അംഗമോ അല്ല ആ 52കാരി. മകനെ കാണാതായതറിഞ്ഞ് അന്വേഷിച്ച് പുറപ്പെടുന്നതുവരെ തനിച്ച് യാത്ര ചെയ്തിട്ടില്ലാത്ത ഒരു സാധാരണ ഉത്തരേന്ത്യൻ മുസ്ലിംവനിത. നജീബ് എവിടെ എന്ന ചോദ്യവുമായി അവർ കയറിയിറങ്ങാൻ ഇനി ഉന്നത പൊലീസ് ആസ്ഥാനങ്ങളേതും ബാക്കിയില്ല. ആട്ടും തൊഴിയുമേറ്റ് ഓരോ തവണ വീണുപോകുമ്പോഴും എഴുന്നേറ്റുനിന്ന് കൂടുതൽ ഉച്ചത്തിൽ അവർ മകനെ അന്വേഷിച്ചു, അവന്റെ മേൽ ഭീകരബന്ധം കെട്ടിവെക്കാൻ ശ്രമിച്ച ഭരണകൂട ഗൂഢതന്ത്രത്തെ പൊളിച്ചു കാണിച്ചു. തന്റെ മകനോട് അന്യായം പ്രവർത്തിച്ച വെറുപ്പിന്റെ ശക്തികൾ നടത്തുന്ന വേട്ടകൾക്കെതിരായ മുന്നേറ്റങ്ങളിൽ കൈകോർത്തു. അന്തസ്സോടെ, മൗലികാവകാശങ്ങളോടെ ജീവിക്കാനുള്ള എഴുന്നേറ്റുനിൽപിനെ ഒരു മുസ്ലിം സ്ത്രീയുടെ ധിക്കാരമായി കണക്കാക്കിയതു കൊണ്ടാണ് 'ബുള്ളി ബായ്' നിർമിച്ചവർക്ക് ഫാത്തിമ നഫീസിന്റെ ചിത്രവും അതിൽ ചേർക്കണമെന്ന് തോന്നിയത്.
പരാതികളെത്തുടർന്ന് ഈ ആപ്പിനെതിരെ ഡൽഹിയിലും മുംബൈയിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു, ആപ്പും അവരുടെ ട്വിറ്റർ അക്കൗണ്ടും റദ്ദാക്കി. 'സുള്ളി ഡീൽസി'നെതിരെ പരാതി നൽകിയപ്പോൾ അനുവർത്തിച്ചതിലപ്പുറം നടപടികളുണ്ടാകുമെന്ന വിശ്വാസം ആർക്കുമില്ല. എന്നാൽ, തുടർച്ചയായ ഈ ആക്രമണം ഒരു കാര്യം വ്യക്തമാക്കുന്നു- രാജ്യത്തെ ഏറ്റവും ശക്തരെന്ന് സ്വയം വിശ്വസിക്കുകയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചില പുരുഷന്മാരും അവർ നേതൃത്വം നൽകുന്ന വർഗീയ-രാഷ്ട്രീയ സംഘവും ഈ സ്ത്രീകളെ വല്ലാതെ ഭയപ്പെടുന്നുണ്ട്. ആ പേടിയാണ് തങ്ങളുടെ കൂലിപ്പടയെ ഉപയോഗിച്ച് ഇത്തരം ഒളിയാക്രമണങ്ങൾ നടത്താൻ അവരെ പ്രേരിപ്പിക്കുന്നത്; ആ സ്ത്രീകൾ കൂടുതൽ കരുത്തരാവുകയാണെന്ന് പക്ഷേ അവർക്ക് മനസ്സിലാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.