വംശീയതയോടു കണക്കുതീർത്ത് ഝാർഖണ്ഡ്
text_fieldsവംശീയതയും ജാതിവർഗീയതയും പച്ചക്കു പറഞ്ഞു പകയുടെ രാഷ്ട്രീയം വിതച്ച് അധികാരം കൊയ്യാൻ പ്രധാനമന്ത്രിതന്നെ ക ച്ചകെട്ടിയിറങ്ങിയിട്ടും ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ബി.ജെ.പിക്ക് കനത്തപ്രഹരം നൽകി. കോൺഗ്രസ്^ഝാർഖണ്ഡ് മുക്തി മോർച്ച^ആർ.ജെ.ഡി മഹാസഖ്യം ആകെയുള്ള 81സീറ്റുകളിൽ 47എണ്ണം നേടിയപ്പോൾ കേന്ദ്രഭരണത്തിെൻറ തണലിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങിയ ബി.ജെ.പിക്ക് മുഖ്യമന്ത്രിയെയടക്കം നഷ്ടമായി. ആദിവാസി സ്വാതന്ത്ര്യസമര സേനാനി ബിർസ മുണ്ടയുടെ പിന്മുറക്കാരായ ഗോത്രവർഗജനത പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ദലിത് സംരക്ഷകവേഷത്തിൽ അവതരിച്ചിട്ടും ബി.ജെ.പിയോട് കനിഞ്ഞില്ല. ദലിത് സംരക്ഷണത്തിനെന്ന് ഉയർത്തിക്കാട്ടിയ വിവാദ പൗരത്വഭേദഗതി നിയമം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ആക്കം കൂട്ടിയെന്നാണ് അവസാന വിശകലനങ്ങൾ.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങൾ നേരത്തേ നഷ്ടപ്പെടുകയും ഹരിയാനയിൽ വീമ്പുപറഞ്ഞ ഭൂരിപക്ഷത്തിെൻറ അയലത്തെത്താതിരിക്കുകയും ചെയ്ത വെപ്രാളത്തിലാണ് മഹാരാഷ്ട്രയിൽ ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും വൃത്തികെട്ട പിന്നാമ്പുറക്കളികളിലൂടെ അധികാരം കൈയടക്കാനുള്ള ശ്രമം ബി.ജെ.പി നടത്തിയത്. അവിടെയും നാണംകെട്ട് പിൻവാങ്ങിയ പാർട്ടിക്ക് ഝാർഖണ്ഡിൽ ജയിച്ചേ പറ്റുമായിരുന്നുള്ളൂ. അതിന് 2000ത്തിലെ സംസ്ഥാന രൂപവത്കരണ ശേഷം അഞ്ചുവർഷത്തെ ഉൗഴം പൂർത്തീകരിച്ച ആദ്യസർക്കാറെന്ന രഘുബർദാസിെൻറ ഖ്യാതി ഉയർത്തിപ്പിടിക്കുകയായിരുന്നു ബി.ജെ.പി. എന്നാൽ, ദാസിെൻറ അഴിമതിക്കഥകൾ പാർട്ടിക്ക് അകത്തുള്ളവർ തന്നെ വിവാദമാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കരിഷ്മ’യെന്ന ഒറ്റമൂലിയിലേക്കുതന്നെ മടങ്ങേണ്ടി വന്നു.
പ്രചാരണത്തിനെത്തിയ മോദിയാവെട്ട, വികസനമൊക്കെ മാറ്റിവെച്ച് ശുദ്ധവർഗീയതയുടെ മുഴുവൻ ശീട്ടുകളും പുറത്തെടുക്കുകയും ചെയ്തു. സംസ്ഥാനത്തെ അഞ്ചുഘട്ട തെരഞ്ഞെടുപ്പിൽ രണ്ടു ഘട്ടം നടന്നത് പാർലമെൻറ് പൗരത്വഭേദഗതി ബിൽ പാസാക്കിയ ശേഷമായിരുന്നു. അതിെൻറ മറപറ്റി ശുദ്ധവംശീയ വിദ്വേഷ പ്രസംഗവുമായി ഇറങ്ങിത്തിരിച്ച മോദി പൗരത്വ പ്രക്ഷോഭകരുടെ വസ്ത്രം ചൂണ്ടി നടത്തിയ വംശീയാധിക്ഷേപം േലാകെമങ്ങും കുപ്രസിദ്ധി നേടിയിരുന്നു. മറുഭാഗത്ത് പ്രതിപക്ഷ മഹാസഖ്യം സംസ്ഥാന ഗവൺമെൻറിെൻറ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടി. ആദിവാസികളുടെ ഭൂമി അപഹരിച്ചത്, തൊഴിലില്ലായ്മ വർധിച്ചത്, അംഗൻവാടി ജീവനക്കാരുടെയും സർക്കാർ ജീവനക്കാരുടെയും പ്രക്ഷോഭങ്ങെള പൊലീസ് അതിക്രമത്തിലൂെട അടിച്ചമർത്തിയത്...ഇങ്ങനെ മനുഷ്യനും മണ്ണിനുമെതിരായ ബി.ജെ.പി ഭരണത്തിെൻറ ചെയ്തികൾ എടുത്തുകാട്ടിയുള്ള പ്രചാരണം ഏശിയെന്ന് ഫലങ്ങൾ തെളിയിക്കുന്നു. നാടിെൻറ മണ്ണും മനവുമറിയുന്ന ആദിവാസി നേതാവ് ഹേമന്ത് സോറനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയതും മോദിയുടെ പ്രചണ്ഡഘോഷങ്ങളുടെ പ്രതിച്ഛായ തകർത്തു. വികസനം വിട്ട് വംശീയതയെ പുണർന്ന ബി.ജെ.പിയെ മൂലക്കിരുത്തിയ ജനം ജീവൽപ്രശ്നങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട മഹാസഖ്യത്തെ പിന്തുണച്ചിരിക്കുന്നു.
കോൺഗ്രസും ഝാർഖണ്ഡ് മുക്തിമോർച്ചയും ആർ.ജെ.ഡിയും കക്ഷികൾ കലഹിച്ച് സഖ്യശ്രമം പരാജയപ്പെട്ടതാണ് ബി.ജെ.പിക്ക് കഴിഞ്ഞ തവണ ജയം നേടിക്കൊടുത്തത്. ആകെയുള്ള 81സീറ്റിൽ 28 ഉം ആദിവാസി വിഭാഗങ്ങൾക്കായി നീക്കിവെച്ച ഒരു സംസ്ഥാനത്ത് ബി.ജെ.പി മുഖ്യമന്ത്രിയായി അവതരിപ്പിച്ചത് അയൽ സംസ്ഥാനക്കാരനായ രഘുബർ ദാസിനെയായിരുന്നു. ഒ.ബി.സി വിഭാഗത്തിൽപെട്ട അദ്ദേഹത്തിനു ആദിവാസി വികാരത്തോടൊപ്പം നിൽക്കാനായില്ല എന്നു മാത്രമല്ല, അവരുടെ അവകാശങ്ങൾ അപഹരിക്കുന്ന തരത്തിലായിരുന്നു ഭരണത്തിെൻറ പോക്ക്. സംസ്ഥാനത്തെ വന^ഖനിജ സമ്പന്നമായ പ്രദേശങ്ങൾ മുഴുവനായി വികസനത്തിെൻറ പേരുപറഞ്ഞ് കുത്തകവ്യവസായികൾക്ക് തീറെഴുതിക്കൊടുക്കാനായിരുന്നു രഘുബർദാസിെൻറ തിരക്ക്. ആദിവാസി ഭൂമി ഇതരർക്ക് കൈമാറുന്നത് തടയുന്ന 1908 ലെ ഛോട്ടാനാഗ്പുർ കുടിയായ്മ നിയമവും സന്താൾ പർഗാനാസ് കുടിയായ്മ നിയമവും 2016ൽ ഭേദഗതി ചെയ്തു. ഇതിനെതിരായ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടതോടെ 2017 പാതിവെച്ച് ഭേദഗതി പിൻവലിച്ചു.
എന്നാൽ, പൊതുആവശ്യത്തിനും പൊതു^സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭങ്ങൾക്കുമായി ഭൂമി ഏറ്റെടുക്കാൻ പുതിയ നിയമനിർമാണങ്ങൾക്ക് കേന്ദ്രത്തിെൻറ പിന്തുണയോടെ സംസ്ഥാന സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നു. ഇതോടെ ഇളകിവശായ ആദിവാസികൾ തങ്ങളുടെ പ്രദേശത്ത് സ്വയംഭരണം പ്രഖ്യാപിക്കുന്ന ശിലാലിഖിതങ്ങൾ (പത്തൽഗഢി) നാട്ടി പുതിയ പ്രതിഷേധപ്രസ്ഥാനത്തിനു രൂപം നൽകി. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ആദിവാസിമേഖലയിൽ നൽകിയ പ്രത്യേക സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കല്ലിൽ കൊത്തി കവലകളിൽ നാട്ടുന്ന പത്തൽഗഢി പ്രസ്ഥാനം ശക്തിപ്രാപിക്കുമെന്നു കണ്ടതോടെ രാജ്യദ്രോഹനിയമം വെച്ച് അവരെ നേരിടുകയാണ് സർക്കാർ ചെയ്തത്. ഝാർഖണ്ഡിലെ ഏറ്റവും പിന്നാക്കമായ ഖുണ്ടി ജില്ലയിലാണ് ഇൗ വേദി രൂപം കൊണ്ടത്. 43 ഗ്രാമമുഖ്യന്മാരടക്കം 12000ത്തോളം പേരെയാണ് ഇൗ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിട്ടത്. ആദിവാസികളുടെ അടിസ്ഥാനാവശ്യങ്ങൾ പരിഗണിക്കുന്ന 2006 ലെ വനാവകാശനിയമം നടപ്പാക്കാൻ ബി.ജെ.പി സർക്കാർ തയാറായില്ല. ആൾക്കൂട്ടക്കൊലകൾ ആവർത്തിച്ചിട്ടും അതിനെതിരെ നടപടിയുണ്ടായില്ല. പശ്ചിമ സിങ്ഭൂം ജില്ലയിൽ ആധാറിനെ റേഷൻകാർഡുമായി ബന്ധിപ്പിക്കാത്തതുകൊണ്ടു മാത്രം റേഷൻ മുടങ്ങി കുഞ്ഞുങ്ങൾ പട്ടിണി കിടന്നുമരിക്കുന്ന സ്ഥിതിവിശേഷം വരെയുണ്ടായി. ഇൗ ദുഃസ്ഥിതിയിൽ നിന്നു കരകയറ്റുന്നതിനു പകരം ആദിവാസികളുടെ ഗോത്രജനസവിശേഷതകൾ എടുത്തുകളയാനുള്ള നീക്കമാണ് രഘുബർദാസ് ഗവൺമെൻറ് നടത്തിയത്.
ഇക്കണ്ട ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കിട്ടിയ ആദ്യ അവസരത്തിൽ ശക്തമായി ജനം പ്രതികരിച്ചതാണ് ഝാർഖണ്ഡിൽ ബി.ജെ.പിക്കേറ്റ പരാജയം. കഴിഞ്ഞ ദിവസം ഡൽഹിയിലെ തെരഞ്ഞെടുപ്പു റാലിയിൽ ദലിത്സംരക്ഷണത്തെക്കുറിച്ച് വലിയവായിൽ സംസാരിച്ച മോദിയുടെയും ബി.ജെ.പിയുടെയും കാപട്യത്തിെൻറ കരണത്താണ് ഝാർഖണ്ഡുകാർ ആഞ്ഞടിച്ചിരിക്കുന്നത്. വികസനം വായ്ത്താരിയിലൊതുക്കി വംശീയവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ ഒപ്പം നിർത്താമെന്ന അതിമോഹത്തിനേറ്റ ഇൗ തിരിച്ചടി പൗരത്വഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം നാടാകെ കത്തിപ്പടരുന്ന നാളുകളിലാണ് എന്നത് ഇൗ പരാജയത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.