ജെ.എൻ.യു ഫലം നൽകുന്ന സൂചനകൾ
text_fieldsകാമ്പസിനെ കാവിവത്കരിക്കാനുള്ള കേന്ദ്രത്തിലെ സംഘ്പരിവാർ സർക്കാറിെൻറ കൊണ്ടുപിടിച്ച ശ്രമങ്ങൾക്കിടെ, ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേടിയ മിന്നുന്ന വിജയം രാജ്യത്തിെൻറ സവിശേഷ ശ്രദ്ധയാകർഷിച്ചിരിക്കുന്നു. കാമ്പസുകളിലെ സ്വതന്ത്ര ജനാധിപത്യ ആവിഷ്കാരങ്ങളെ ദേശവിരുദ്ധമെന്നു മുദ്രകുത്തി, അക്കാദമിക, ഭരണരംഗങ്ങളിൽ പിടിമുറുക്കി കേന്ദ്രസർവകലാശാല കാമ്പസുകളെ പരിവാർശാഖകളുടെ അച്ചടക്കത്തിൽ വാർത്തെടുക്കുന്നതിനുള്ള പരിപാടിയുമായി ബി.ജെ.പി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ ഒാൾ ഇന്ത്യ സ്റ്റുഡൻറ്സ് അസോസിയേഷൻ (െഎസ), എസ്.എഫ്.െഎ, എ.െഎ.എസ്.എഫ്, ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് ഫെഡറേഷൻ (ഡി.എസ്.എഫ്) എന്നീ ഇടതു വിദ്യാർഥി മുന്നണി, ആർ.എസ്.എസ് വിദ്യാർഥി സംഘടനയായ എ.ബി.വി.പിയെ ബഹുദൂരം പിന്നിലാക്കിയാണ് പ്രധാന നാലു സീറ്റുകളും നേടിയത്. അക്കാദമിക പാരമ്പര്യവും തുറന്ന കാമ്പസ് അന്തരീക്ഷവുമൊക്കെ അട്ടിമറിച്ച് അരാഷ്ട്രീയ സംഘ് സൈനികച്ചിട്ടയിലേക്ക് ജെ.എൻ.യുവിനെ കൊണ്ടുവരാൻ ഭരണത്തിലേറിയതു മുതൽ മോദിസർക്കാർ നേരിട്ട് ശ്രമം നടത്തിവരുകയായിരുന്നു.
പ്രവേശനരീതിയിൽ തുടങ്ങി കരിക്കുലത്തിലും കൈകാര്യക്കാരിലും നടത്തിയ അഴിച്ചുപണികൾ വിദ്യാർഥികളുടെ സ്വപ്നകലാലയത്തിലെ സ്വതന്ത്ര പഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങൾ വെട്ടിച്ചുരുക്കി. കലാലയാന്തരീക്ഷം വിദ്യാസൗഹൃദമല്ലാതാക്കി. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഇതിനെതിരെയുള്ള പ്രതിഷേധത്തിൽ പുകയുകയാണ് ജെ.എൻ.യു. തുടർന്ന് കേരളത്തിലെ കാസർകോട് അടക്കമുള്ള കേന്ദ്ര സർവകലാശാലകളെ കൂടി ആർ.എസ്.എസ് ആലയിൽ കെട്ടാനുള്ള ധിറുതിയിലാണ് കേന്ദ്രം. കാസർേകാട്ടും തമിഴ്നാട്ടിലെ തിരുവാരൂരിലുമൊക്കെ ഇത്തരം നീക്കങ്ങൾക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ കനക്കുകയാണ്. അതിനിടെ, ജെ.എൻ.യുവിൽ മതനിരപേക്ഷ വിദ്യാർഥിസഖ്യം നേടിയ വിജയം പ്രത്യാശജനകമാണ്.
2014ൽ കേന്ദ്രത്തിൽ അധികാരമേറ്റ ശേഷം ബി.ജെ.പി സർക്കാർ ജെ.എൻ.യു അടക്കമുള്ള കേന്ദ്ര സർവകലാശാലകളിൽ ‘ഹിന്ദുത്വ അധിനിവേശം’ പൂർത്തിയാക്കാനുള്ള വ്യവസ്ഥാപിത നീക്കത്തിലാണ്. ഉന്നതവിദ്യാഭ്യാസത്തെ സംഘ്പരിവാറിെൻറ പ്രത്യയശാസ്ത്രത്തിനും അതിെൻറ പ്രയോഗവത്കരണത്തിനും അനുയോജ്യമായി ഉടച്ചുവാർക്കുകയും കാമ്പസിനകത്തെ രാഷ്ട്രീയ ഉണർവിനെ അടിച്ചമർത്തുകയും ചെയ്യുകയെന്ന മിനിമം പരിപാടിയാണ് അവർ നടപ്പാക്കിയത്. 2016 ഫെബ്രുവരി ഒമ്പതിന് അഫ്സൽ ഗുരുവിെൻറ തൂക്കിക്കൊല വാർഷികവുമായി ബന്ധപ്പെട്ട ഒരു പരിപാടിയെ, കാമ്പസ് ജനാധിപത്യത്തെ ഗളഹസ്തം ചെയ്ത് വിശ്വവിദ്യാലയത്തിലേക്ക് സംഘ്പരിവാറിന് അധിനിവേശം ചെയ്യാനുള്ള കരുവാക്കുകയായിരുന്നു ബി.ജെ.പി സർക്കാർ.
കനയ്യകുമാർ, ഉമർ ഖാലിദ് തുടങ്ങിയ വിദ്യാർഥി നേതാക്കളെ രാജ്യേദ്രാഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ഗവേഷണവിദ്യാർഥികളായ അവരുടെ ഭാവി നശിപ്പിക്കുന്ന പ്രതികാര പ്രവർത്തനങ്ങൾക്ക് മുതിർന്നു. സ്വന്തം വരുതിയിലുള്ള മുഖ്യധാര മാധ്യമങ്ങളിലൂടെ ജെ.എൻ.യുവിനെ ദേശവിരുദ്ധ ശക്തികളിൽനിന്ന് മോചിപ്പിക്കാനുള്ള യുദ്ധപ്രഖ്യാപനമായി നടന്ന ഇൗ സംഭവത്തിൽ രണ്ടു കൊല്ലം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനായില്ല. എന്നാൽ, ഉമർ ഖാലിദിനെ പുറന്തള്ളിയും കനയ്യകുമാറിന് പതിനായിരത്തിെൻറ പിഴ വിധിച്ചും ശിക്ഷയുമായി മുന്നോട്ടുപോകുകയാണ് സ്ഥാപനമേധാവികൾ. ഇൗ ബഹളത്തിനിടെ എ.ബി.വി.പി-ബി.ജെ.പി ഗുണ്ടായിസത്തിനിരയായി കാമ്പസിൽനിന്ന് കാണാതായ നജീബ് അഹ്മദ് എന്ന വിദ്യാർഥിയെ ഇന്നുവരെ കണ്ടെത്താനായില്ല.
കാമ്പസിലെ മതേതര, ജനാധിപത്യ കക്ഷികളുടെ സ്വാധീനത്തിന് തടയിടാൻ കോഴ്സുകളും പരീക്ഷകളുമൊക്കെ പൊളിച്ചെഴുതി. എലിയെ പേടിച്ച് ഇല്ലം ചുടുന്ന പണിയാണ് ജെ.എൻ.യുവിലും രാജ്യത്തെ ഇതര കാമ്പസുകളിലും കഴിഞ്ഞ രണ്ടുവർഷമായി ബി.ജെ.പി ചെയ്തുവരുന്നത്. ഒപ്പം കാമ്പസുകളിലെ ഹിന്ദുത്വസംഘടന സ്വാധീനം വർധിപ്പിക്കാനുള്ള നീക്കങ്ങളുമുണ്ടായി. കഴിഞ്ഞ രണ്ടു യൂനിയൻ തെരഞ്ഞെടുപ്പുകളിലും ഫാഷിസ്റ്റ് വിരുദ്ധ സ്ഥാനാർഥികൾ നേരിയ മാർജിന് കടന്നുകയറുകയായിരുന്നു.
എന്നാൽ, ഇത്തവണ ഇടതുവിദ്യാർഥികൾ, കീഴാള വിദ്യാർഥി കൂട്ടായ്മയായ ബിർസ അംബേദ്കർ ഫുലെ സ്റ്റുഡൻറ്സ് അസോസിയേഷൻ (ബാപ്സ), എൻ.എസ്.യു എന്നിവരൊന്നടങ്കം ഭരണത്തിെൻറ തിണ്ണബലത്തിൽ കാമ്പസ് പിടിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്ക് ശക്തമായ പ്രതിരോധം തീർത്തു. സി.പി.െഎ -എം.എൽ വിദ്യാർഥിവിഭാഗം മുതൽ എസ്.എഫ്.െഎ പിരിഞ്ഞുണ്ടായ ഡി.എസ്.എഫ് അടക്കമുള്ളവരുമായി സി.പി.െഎ, സി.പി.എം വിദ്യാർഥി സംഘടനകൾ കൈകോർത്ത് െഎക്യമുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടു. എ.ബി.വി.പി പ്രധാന ശക്തിയായ ഡൽഹി വാഴ്സിറ്റി തെരഞ്ഞെടുപ്പിൽ െഎസയും എസ്.എഫ്.െഎയും വെവ്വേറെ നിന്ന് പോരടിക്കുകയായിരുന്നു. ഇങ്ങനെ ഫാഷിസത്തിനെതിരായ പ്രതിരോധത്തിെൻറ ഉപായങ്ങൾ ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തുന്നുമുണ്ട് ഇൗ വിജയം.
ഡൽഹി സർവകലാശാലയിലെ പ്രധാനപ്പെട്ട മൂന്നു സീറ്റുകൾ നേടിയ ആഹ്ലാദത്തിമിർപ്പിനിടയിലാണ് എ.ബി.വി.പിക്ക് കനത്ത തിരിച്ചടി നൽകിയ ജെ.എൻ.യു ഫലം. ബാലറ്റ് പേപ്പർ ഉപയോഗിച്ച ജെ.എൻ.യുവിലെ ഫലപ്രഖ്യാപനത്തിൽ ആശങ്കപൂണ്ട എ.ബി.വി.പി വോെട്ടണ്ണൽ തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഫലപ്രദമായ ചെറുത്തുനിൽപുമൂലം അത് വിലപ്പോയില്ല. ഒടുവിൽ ഫലം വന്നപ്പോൾ കാമ്പസ് അവരെ തൂത്തെറിഞ്ഞിരിക്കുന്നു. ഇടതുസഖ്യത്തിനു പുറമെ തനിച്ചു മത്സരിച്ച ‘ബാപ്സ’ അടക്കമുള്ളവർ മികച്ച പ്രകടനം കാഴ്ചവെച്ചു. അഥവാ, ജെ.എൻ.യുവിനെയും ഇതര കാമ്പസുകളെയും കാവി കുളിപ്പിക്കാനുള്ള നീക്കത്തെ പ്രബുദ്ധമായ കാമ്പസും ഇന്ത്യൻ യുവതയും തള്ളിക്കളയുന്നുവെന്ന സൂചനയായി വേണം ഇൗ തെരഞ്ഞെടുപ്പ് ഫലത്തെ കാണാൻ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കു വരെയുള്ള ശക്തമായ സന്ദേശങ്ങൾ ജയിച്ചവർക്കും തോറ്റവർക്കും ഒരു പോലെ നൽകുന്നുണ്ട് ഇൗ ഫലങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.