പാരമ്പര്യം കൈവിടാതെ ജോസ് കെ. മാണി
text_fieldsതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദ്രുതവാട്ടം ഒഴിവാക്കാൻ രണ്ടിലൊരു മുന്നണിയല്ലാതെ മറുവഴിയില്ലാത്തതിനാൽ രണ്ടിലയുമായി ജോസ് കെ. മാണി ഇടതുമുന്നണിയിൽ ചെന്നുകയറിയതിൽ ആകസ്മികതയോ അസ്വാഭാവികതയോ ഇല്ല. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണിയാണ് എന്നൊരു മുഖവുര മുന്നണിമാറ്റത്തിന് ജോസ് കെ. മാണി പറയുന്നത് അച്ഛെൻറ വഴിയിൽ തന്നെ മകനും എന്നുറപ്പിക്കുന്ന മികച്ചൊരു രാഷ്ട്രീയഫലിതം മാത്രം.
ഒന്നായി നിൽക്കുേമ്പാഴും രണ്ടായി പിളരാനുള്ള സാധ്യത പിറവിയിലേ കൊണ്ടുനടക്കുന്ന കേരളകോൺഗ്രസിനകത്ത് കുറെക്കാലമായി മാണി-ജോസഫ് വിഭാഗങ്ങൾ പിരിഞ്ഞുനിൽപായിരുന്നു. കെ.എം. മാണി ദിവംഗതനായ ശേഷം ജോസഫിെൻറ നെടുനായകത്വത്തിനു വെല്ലുവിളിയുയർത്തി മാണിപുത്രൻ രംഗത്ത് ഉറച്ചതോടെ പാർട്ടി െഎക്യജനാധിപത്യ മുന്നണിക്കുതന്നെ തലവേദനയായി.
അതിനൊടുവിലാണ് കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദം ജോസഫ് വിഭാഗത്തിനു വിട്ടുകൊടുക്കാത്തതിനു ശിക്ഷയായി കഴിഞ്ഞ ജൂലൈ 29ന് യു.ഡി.എഫിൽ നിന്നു പുറത്തുനിർത്തിയത്. അച്ചടക്കനടപടിയിൽ അഗ്നിശുദ്ധി വരുത്തി നല്ല പിള്ളയായി യു.ഡി.എഫിൽ തിരിച്ചുകയറണോ അതോ, അച്ഛെൻറ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ അഗ്നിപരീക്ഷെയാരുക്കിയ ഇടതുമുന്നണിയിൽ ചേക്കേറണമോ എന്നതു മാത്രമായിരുന്നു ജോസിെൻറ പ്രശ്നം. അതിനിടെ, മൂന്നാംമുന്നണി മോഹവുമായി ബി.ജെ.പി വട്ടംപിടിച്ചെങ്കിലും രാഷ്ട്രീയ ആത്മഹത്യയായി മാറുമെന്ന ഭീതിയുള്ളതിനാൽ അതിനു മിനക്കെട്ടില്ല.
ബാർകോഴക്കേസിനെ തുടർന്ന് മാണിക്കെതിരെ പ്രതിഷേധങ്ങളുടെ വേലിക്കെട്ടുയർത്തി ബജറ്റു പ്രസംഗം തടഞ്ഞു സഭയിലും പുറത്തും അദ്ദേഹത്തിന് അഗ്നിപരീക്ഷെയാരുക്കിയ ഇടതുപക്ഷത്ത് ഇടമുറപ്പിക്കുേമ്പാൾ ജോസിന് അതൊരു മധുരപ്രതികാരം കൂടിയാണ്.
ഹൈകോടതി വിമർശനത്തിൽ 2015 നവംബർ 10ന് രാജിെവക്കുന്നതുവരെ യു.ഡി.എഫിെൻറ ശക്തമായ കാവലിൽ മന്ത്രിയായി തുടർന്ന മാണി തനിക്കെതിരായ ആരോപണങ്ങളെല്ലാം തള്ളിക്കളയുേമ്പാഴും അതിലെല്ലാം ഉറച്ചുനിന്ന് അദ്ദേഹത്തിനെതിരായ പ്രക്ഷോഭം നയിക്കുകയായിരുന്നു സി.പി.എം നേതൃത്വത്തിൽ എൽ.ഡി.എഫ്. പ്രതിപക്ഷനേരേമ്പാക്കായുള്ള വെറുതെ ഒരു സമരമായിരുന്നു അതെന്ന് എൽ.ഡി.എഫിനെക്കൊണ്ട് ഏറ്റുപറയിച്ചുകൊണ്ടാണ് മാണിപുത്രൻ 38 വർഷത്തിനു ശേഷം വീണ്ടുമൊരിക്കൽ കൂടി കേരള കോൺഗ്രസിനെ മറുകണ്ടത്തെത്തിക്കുന്നത്. ഭരണത്തുടർച്ചയുടെ സ്വപ്നം വഴിയിലുപേക്ഷിക്കേണ്ട നിലയിൽ നിൽക്കുന്ന ഇടതുപക്ഷത്തിനാകെട്ട, അടുത്ത തെരഞ്ഞെടുപ്പുകളിലെ വിജയവും ഭരണത്തുടർച്ചയുമെന്നതിൽ മാത്രമാണ് കണ്ണ്.
വളരുന്തോറും പിളർന്നും പിളരുന്തോറും വളർന്നും വന്നതുപോലെ തന്നെ അധികാരരാഷ്ട്രീയത്തിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിലും കേരള കോൺഗ്രസ് തുടക്കംതൊേട്ട മിടുക്കു കാണിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ സാമുദായികസമവാക്യങ്ങളിൽ തങ്ങൾക്കുള്ള ശക്തിയെ സംബന്ധിച്ച ആത്മവിശ്വാസമാണ് ഇത്തരത്തിൽ കുറുകെയും നെടുകെയും പിളരാനും തുണ്ടംതുണ്ടമായി പോലും മുന്നണികളിൽ മാറിമാറി രാഷ്ട്രീയപരീക്ഷണം നടത്താനും കേരളകോൺഗ്രസ് വിഭാഗങ്ങൾക്ക് ധൈര്യം പകരുന്നത്.
ഒാരോ മുന്നണി മാറ്റത്തിനും പറഞ്ഞ ന്യായവും ഒന്നുതന്നെ -നീതി കിട്ടിയില്ല എന്ന പരിഭവം. 1964 ഒക്ടോബർ എട്ടിന് കേരളകോൺഗ്രസ് പിറക്കുന്നതുതന്നെ അങ്ങനെയാണ്. അന്നു കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്ന കെ.എം. മാണി അടുത്ത വർഷം മാർച്ചിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെത്തി പാലായിൽ മത്സരിച്ചു വിജയിച്ചു. അന്നു തുടങ്ങിയ രാഷ്ട്രീയ ജൈത്രയാത്ര ജീവിതാന്ത്യം വരെ തുടരാൻ അദ്ദേഹത്തിനായി. 1977ലെ കേരള കോൺഗ്രസിലെ ആദ്യ പിളർപ്പ് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നുവെങ്കിൽ രണ്ടാമത്തെ പിളർപ്പിന് മാണി നേതൃത്വം നൽകി. അതിൽ പിന്നെ മുന്നണികൾ മാറിമാറി പുൽകി രാഷ്ട്രീയത്തിൽ അധികാരസ്ഥിരത നിലനിർത്തിയതാണ് കേരള കോൺഗ്രസിലെ പ്രബലമായ മാണി വിഭാഗത്തിെൻറ ചരിത്രം. മാണി വലതെങ്കിൽ ജോസഫ് ഇടത് എന്ന രീതിയിലേക്കും കേരള കോൺഗ്രസ് രാഷ്ട്രീയം മാറി.
ഏതു മാറ്റത്തിലും അധികാരം കൈവിടാതെ, സ്വന്തം ചുറ്റുവട്ടത്തുനിന്നു പോകാതെ സൂക്ഷിക്കുന്നതിൽ മാണിയും കേരള കോൺഗ്രസും കാണിച്ച മിടുക്ക് ഒന്നു വേറെ തന്നെ. ഭരണത്തിൽ മാത്രമല്ല, പാർട്ടിക്കകത്തും അധികാരം നിലനിർത്താൻ നേതാക്കൾ അന്യോന്യം മത്സരിച്ചു. മാണി കാണിച്ച ആ ആവേശകരമായ പാർട്ടി, അധികാരപിടിത്ത മത്സരത്തിെൻറ വഴിയിൽ തന്നെയാണ് താനും എന്നു തെളിയിക്കാൻ ജോസ് കെ. മാണിക്കു കഴിഞ്ഞു എന്നതാണ് പുതിയ മുന്നണി പ്രവേശനത്തിെൻറ വിശേഷം.
ഇങ്ങനെയുള്ള രാഷ്ട്രീയ അങ്കപ്പോരുകളിലൂടെ കേരള കോൺഗ്രസ് വിഭാഗങ്ങൾ തങ്ങൾക്കു പിറകിലെ സാമുദായികപിൻബലമുയർത്തിപ്പിടിച്ച് കേരളരാഷ്ട്രീയത്തിലെ പ്രധാന വിലപേശൽ ശക്തിയായി മാറിയെന്നത് വാസ്തവം. വർഗീയതയും പിന്തിരിപ്പത്തവുമൊക്കെ ആരോപിച്ച് മത, സമുദായചിന്തകളുമായി വിയോജിക്കുന്നവരെയും വിമർശിക്കുന്ന മുന്നണി നേതൃത്വങ്ങളെ പോലും പിറകെ നടത്താൻ കേരള കോൺഗ്രസിനായി. മുന്നണി ഏതു ഭരിച്ചാലും സ്വാധീനവൃത്തം കൈവിടാതെയുള്ള ഇൗ അധികാര കിടമത്സരം കേരളത്തിലെ രാഷ്ട്രീയ, സാമുദായിക, സാമ്പത്തികമണ്ഡലങ്ങളിലുണ്ടാക്കിയ മാറ്റങ്ങൾ രാഷ്ട്രീയവിദ്യാർഥികൾക്ക് പഠനവിധേയമാക്കാവുന്ന മികച്ച വിഷയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.