ജുഡീഷ്യറി സ്വതന്ത്രമാകണം; സുതാര്യവും
text_fields
സുപ്രീംകോടതിയിലെ രണ്ടു ജഡ്ജിമാർ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ആ ഭരണഘടനസ്ഥാപനത്തിെൻറ നിലനിൽപ്പിെൻറ മർമമാണ്. ജസ്റ്റിസ് കുര്യൻ ജോസഫ് സഹ ജഡ്ജിമാർക്ക് എഴുതിയ കത്തുവഴി തെൻറ ആശങ്കകൾ പങ്കുവെച്ചപ്പോൾ ജസ്റ്റിസ് ചെലമേശ്വർ കോടതിയിൽ വാക്കാൽ നടത്തിയ നിരീക്ഷണത്തിലൂടെയാണ് പ്രശ്നത്തിലേക്ക് വിരൽചൂണ്ടിയത്. ജഡ്ജിനിയമനത്തിൽ കേന്ദ്രം തടസ്സം നിൽക്കുന്നതിെൻറ ഗുരുതരമായ ഭവിഷ്യത്തുകളെപ്പറ്റി ഒാർമിപ്പിച്ചുള്ള കത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെയാണ് മുഖ്യമായും അഭിസംബോധന ചെയ്തിരിക്കുന്നത്. ഫലത്തിൽ ജുഡീഷ്യൽ നിയമങ്ങളിലെ രാഷ്ട്രീയഇടപെടലാണ് കേന്ദ്രസർക്കാറിെൻറ ഇേപ്പാഴത്തെ നിഷ്ക്രിയത്വം എന്നതാണ് അദ്ദേഹം ഉന്നയിച്ച പ്രശ്നത്തിെൻറ കാതൽ. ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം കുര്യൻ േജാസഫ് ഉയർത്തിപ്പിടിക്കുേമ്പാൾ ചെലമേശ്വർ അതിനുള്ളിലെ നടപടിക്രമങ്ങളുടെ സുതാര്യത എന്ന മൂല്യമാണ് ഉൗന്നിപ്പറയുന്നത്. രണ്ടും-സ്വതന്ത്രതയും സുതാര്യതയും-നീതിപൂർവകമായ ജുഡീഷ്യൽ സംവിധാനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.
ജഡ്ജിനിയമനരീതിയെക്കുറിച്ചുള്ള തർക്കങ്ങൾ നേരേത്ത ഉള്ളതാണ്. കൊളീജിയം സമ്പ്രദായത്തിെൻറ ദൂഷ്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. എന്നാൽ, ഉന്നത നിയമജ്ഞരുടെ ഇടപെടലിലൂടെ പരിഹരിക്കേണ്ട ആ തർക്കത്തിെൻറ ബലത്തിൽ സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന ആരോപണത്തിൽ കഴമ്പുണ്ട്. സുപ്രീംകോടതി കൊളീജിയം നിയമനത്തിനായി സമർപ്പിച്ച പട്ടിക കേന്ദ്രസർക്കാർ വെച്ചുതാമസിപ്പിക്കുകയാണ്.
ശിപാർശ അംഗീകരിക്കുകയാണ് സാധാരണരീതി. ന്യായമായ വിയോജിപ്പുണ്ടെങ്കിൽ അതെന്തെന്ന് വ്യക്തമാക്കിക്കൊണ്ട് ശിപാർശ മടക്കുകയുമാവാം. എന്നാൽ, അംഗീകരിക്കുകയോ മടക്കുകയോ ചെയ്യാതെ ജുഡീഷ്യറിയെ പ്രതിസന്ധിയിലേക്ക് തള്ളുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇത് കോടതിയുടെ സ്വതന്ത്രസ്വഭാവത്തിനുമേലുള്ള കോടാലിയായി ഭവിക്കുന്നു എന്നത് ഗൗരവമേറിയ കാര്യമാണ്. ചരിത്രത്തിലാദ്യമായാണ് സ്വന്തം ശിപാർശയുടെ ഗതിയെന്തെന്ന് കൊളീജിയം അറിയാതിരിക്കുന്ന അവസ്ഥ. ഇതിലെ വ്യംഗ്യമായ രാഷ്ട്രീയ ഇടപെടൽ ജസ്റ്റിസ് കുര്യൻ ജോസഫിനെപ്പോലുള്ളവർ തിരിച്ചറിയുന്നു. ശിപാർശ ചെയ്യപ്പെട്ട ജസ്റ്റിസ് കെ.എം. േജാസഫിനോട് േകന്ദ്രസർക്കാറിന് നീരസമുണ്ടാകാൻ കാരണമുണ്ട്. ഉത്തരാഖണ്ഡിൽ മോദിസർക്കാർ കേന്ദ്രഭരണമേർപ്പെടുത്തിയപ്പോൾ ആ നടപടി ഭരണഘടനപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത് കെ.എം. ജോസഫാണ്. ഭരണകൂടത്തിന് അതൃപ്തിയുണ്ടാക്കുന്നതൊന്നും ജഡ്ജിമാർ ചെയ്തുപോകരുത് എന്ന ഇൗ സേന്ദശം ജുഡീഷ്യറിയുടെ സ്വതന്ത്രനിലനിൽപ്പിനെത്തന്നെ ചോദ്യംചെയ്യലാണ്. ഇത് അനുവദിക്കുന്നത് ജുഡീഷ്യറി സ്വയം ഇല്ലാതാക്കുന്നതിന് തുല്യമാകും. തുടർനടപടിയിലേക്ക് കടന്ന് സ്വതന്ത്രത പുനഃസ്ഥാപിച്ചെടുക്കണമെന്നാണ് കുര്യൻ േജാസഫ് ചീഫ് ജസ്റ്റിസിനോടാവശ്യപ്പെടുന്നത്. വിഷയം സ്വമേധയാ കേസാക്കി ഭരണഘടനബെഞ്ചിന് വിടണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. തീർച്ചയായും അടിയന്തരശ്രദ്ധയും നടപടിയും അർഹിക്കുന്നതാണ് അദ്ദേഹത്തിെൻറ ഒാർമപ്പെടുത്തൽ.
ജുഡീഷ്യറിക്കുള്ളിലെ സുതാര്യത അതിെൻറ വിശ്വാസ്യതയുടെതന്നെ താൽപര്യമാണ്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തനിക്ക് ചെയ്യാമായിരുന്ന പലതും ചെയ്തിട്ടില്ലെന്നും പറയേണ്ടിവരും. നിഷ്പക്ഷവും സ്വതന്ത്രവുമായാൽ പോരാ, അങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുകയും വേണമല്ലോ. ജനുവരി 12ന് നാല് ജഡ്ജിമാർ പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിെൻറ ഒൗചിത്യക്കുറവിലേക്ക് വിരൽചൂണ്ടിയത് മറ്റു നിവൃത്തിയില്ലാഞ്ഞിട്ടായിരുന്നു. ഏതെല്ലാം കേസ് ഏതെല്ലാം ബെഞ്ചിൽ പോകണമെന്ന് തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസാണ്. എന്നാൽ, ഇൗ നടപടിക്രമം ചോദ്യംചെയ്യപ്പെടാൻ ദീപക് മിശ്ര പിന്തുടർന്ന രീതി കാരണമായി. അദ്ദേഹം കുറ്റാരോപിതനായിട്ടുള്ള പ്രസാദ് മെഡിക്കൽ കോളജ് കോഴക്കേസിെൻറ കാര്യം തീരുമാനിക്കുന്ന ബെഞ്ചിൽ അദ്ദേഹം തന്നെ ഉണ്ടാവുകയെന്നത് ഏറെ അനുചിതമാണെന്ന് പറയേണ്ടതില്ല. ജസ്റ്റിസ് ചേലമേശ്വർ ആ കേസിന് പ്രത്യേക ഭരണഘടനബെഞ്ചുണ്ടാക്കിയപ്പോൾ അത് ദീപക് മിശ്ര തന്നെ റദ്ദാക്കി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള ജഡ്ജിയുടെ ബെഞ്ചിന് കൈമാറിയതിലെ ഉദ്ദേശ്യത്തെത്തന്നെ നാലു ജഡ്ജിമാർ പത്രസമ്മേളനത്തിൽ ചോദ്യം ചെയ്തിരുന്നു. കേസുകൾ ആർക്കൊക്കെ നൽകണമെന്ന് തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസിെൻറ അധികാരപരിധിയിലാണെന്ന് വിധിക്കുന്നതും ചീഫ് ജസ്റ്റിസ് തന്നെ. സമാനമായ മറ്റൊരു ഹരജി ചെലമേശ്വറിനുമുമ്പാകെ ശാന്തിഭൂഷൺ സമർപ്പിച്ചപ്പോഴാണ് റദ്ദാക്കപ്പെടാനായി ഉത്തരവിറക്കാൻ താനില്ലെന്ന് ചെലമേശ്വർ തുറന്നടിച്ചത്. ദീപക് മിശ്രയുടെ നിലപാട് നിയമപരമായി എത്രതന്നെ സാധുവാണെങ്കിലും സുതാര്യതയും ന്യായബോധവും ഉറപ്പാക്കാത്തിടത്തോളം അത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. കർണാടകയിലെ ജസ്റ്റിസ് പി. കൃഷ്ണഭട്ടിനെതിരെ കേന്ദ്രസർക്കാർ പ്രതികാരമനോഭാവം പുലർത്തുന്നതായി പരാതിവന്നതും നിസ്സാരമായി തള്ളേണ്ടതല്ല. വിശ്വാസ്യത ജുഡീഷ്യറിയുടെ ആത്മാവാണ്. അതിനുനേരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.