ഭരണഘടനയെ രക്ഷിക്കാൻ ജുഡീഷ്യറി ഉണരണം
text_fields
ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന അധികാരാവകാശങ്ങൾ പരസ്യമായി ചവിട്ടിയരക്കപ്പെടുന്ന സന്ദർഭത്തിലൂടെയാണ് ഇന്ത്യ റിപ്പബ്ലിക് കടന്നുപോകുന്നത്. മധ്യപ്രദേശിലെ ഇന്ദോറിൽ മുനവ്വർ ഫാറൂഖി എന്ന ഹാസ്യകലാകാരനും പ്രകാർവ്യാസ്, നളിൻ യാദവ്, പ്രതീക് വ്യാസ്, എഡ്വിൻ ആൻറണി എന്നിവർക്കും നേരിടേണ്ടിവന്നത് ആൾക്കൂട്ടനീതിയുടെ പുതിയ ആവിഷ്കാരമാണ്. സ്റ്റേജുകളിൽ ഹാസ്യപരിപാടികൾ നടത്തുന്ന 'സ്റ്റാൻഡപ് കോമിക്കു'കളിൽ ഒരാളാണ് ഗുജറാത്തുകാരനായ മുനവ്വർ ഫാറൂഖി. ജനുവരി ഒന്നിന് ഇന്ദോറിൽ അദ്ദേഹത്തിെൻറ പരിപാടി തുടങ്ങാനിരിക്കെ ഒരുകൂട്ടം ആളുകൾ വന്ന് തടസ്സപ്പെടുത്തി. അവർ ഫാറൂഖിയോട് കയർത്തു; ബഹളം വെച്ചു. കുറച്ചുകഴിഞ്ഞപ്പോൾ പൊലീസ് എത്തി പരിപാടി നിർത്തിച്ചു. വൈകുന്നേരത്തോടെ ഫാറൂഖിയെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്ത് തടവിലാക്കി. ഭരണഘടനയും നിയമവാഴ്ചയുമാണ് പൊലീസിനെ നയിക്കുന്നതെങ്കിൽ അവർ ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയും കാര്യമന്വേഷിക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ഹിന്ദു ദേവന്മാരെ ഫാറൂഖി കളിയാക്കി എന്ന ആൾക്കൂട്ടത്തിെൻറ ആരോപണം അതേപടി ഏറ്റെടുത്ത് അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തത്. അങ്ങനെയൊരു കുറ്റവും ഫാറൂഖി ചെയ്തിട്ടില്ലെന്ന് സദസ്സിലുണ്ടായിരുന്നവരും വിഡിയോ ദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തിയതാണ്. പഴയ ഏതോ റിഹേഴ്സലിെൻറ ദൃശ്യങ്ങളല്ലാതെ, പൊതു പരിപാടിയിൽ ദേവനിന്ദ നടത്തിയതിന് തെളിവില്ലെന്ന് പൊലീസും സമ്മതിക്കുന്നു.
എന്നിട്ടും എന്തിന് അവരെ കസ്റ്റഡിയിൽ വെക്കുന്നു എന്ന ചോദ്യത്തിന് പൊലീസ് സൂപ്രണ്ട് വിജയ് ഖാത്രി നൽകിയത്, ഫാറൂഖി അങ്ങനെ ചെയ്യാൻ പോവുകയായിരുന്നു എന്ന വിചിത്രമായ മറുപടിയാണ്. ആൾക്കൂട്ടം തീരുമാനിക്കുകയും പൊലീസ് അനുസരിക്കുകയും ചെയ്യുേമ്പാൾ കോടതികൾ എന്തു നിലപാടെടുത്തു? പൗരസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകേണ്ടിയിരുന്ന കോടതികളും ഇവിടെ ഭരണഘടനാനുസൃതമായ നിലപാടല്ല എടുത്തത്. ഒന്നിലേറെ തവണ ജാമ്യം നിഷേധിച്ചത്, ഫാറൂഖിയെ വിട്ടാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന പൊലീസിെൻറ വാദം അപ്പടി സ്വീകരിച്ചാണ്. ആൾക്കൂട്ടഭരണത്തെ ന്യായീകരിക്കുന്നതും പൗരസ്വാതന്ത്ര്യം തടയുന്നതുമായ ഇൗ നിലപാട് ഭരണഘടനയെത്തന്നെ ലംഘിക്കലാണ്. അപ്പീലുമായി മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചെങ്കിലും അടിയന്തരമായി അത് പരിഗണിക്കാൻ കോടതി തയാറായില്ല. ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടിവരുന്ന അനേകം പേർക്ക് ഇങ്ങനെ ഭരണഘടന നൽകിയ ഉറപ്പ് ലഭ്യമാകാതിരിക്കുന്നുണ്ട്.
വിവിധ മതവിശ്വാസികളുൾപ്പെട്ട പൊതുപരിപാടിയായിരുന്നു ഫാറൂഖിയുടേത്. ഹിന്ദു രക്ഷക് സംഘടൻ എന്ന ഒരു കൂട്ടരുടെ നേതാവും ബി.ജെ.പിക്കാരി എം.എൽ.എയുടെ മകനുമായ ഏകലവ്യസിങ് ഗോർ ആണ് അത് തടസ്സപ്പെടുത്തിയ ആൾക്കൂട്ടത്തിെൻറ തലവൻ. കലാകാരന്മാരുടെയും സംഘാടകരുടെയും അവകാശത്തെപ്പറ്റി ചിന്തിക്കേണ്ടിയിരുന്ന പൊലീസ് ആൾക്കൂട്ടത്തിെൻറ ജാഗ്രതയെ പ്രശംസിക്കുകയാണ് ചെയ്തത്. ചെയ്യാത്ത കുറ്റത്തിന് പൗരന്മാരെ തടവിലിട്ട പൊലീസിെൻറ നടപടിയിൽ ഒരു അനീതിയും കാണാൻ ഇന്ദോർ സെഷൻസ് കോടതിക്കോ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കോ മധ്യപ്രദേശ് ഹൈകോടതിക്കോ കഴിയുന്നില്ലെങ്കിൽ അത് വലിയ ആപദ്സൂചനയാണ്. ക്രിമിനൽകേസിൽ, തെളിവുകളുണ്ടായിരിക്കെ, അർണബ് ഗോസ്വാമിയുടെ ജാമ്യഹരജി അടിയന്തരമായി കേട്ട് ജാമ്യം നൽകി സുപ്രീംകോടതി. സൂഫിവര്യൻ മുഈനുദ്ദീൻ ചിശ്തിയെ നിന്ദിച്ച ടെലിവിഷൻ അവതാരകൻ അമിഷ് ദേവ്ഗണിന് അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയിട്ടുണ്ട് സുപ്രീംകോടതി. ഇവിടെയെല്ലാം വ്യക്തിസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വിലകൽപിച്ച ജുഡീഷ്യറി തെളിവില്ലാക്കേസിൽ ജാമ്യം നൽകാൻപോലും വിസമ്മതിക്കുന്നത് ഭരണഘടനയെ നിന്ദിക്കലല്ലേ? അതിനിടെ ഒരു പഴയ കേസുമായി ഉത്തർപ്രദേശ് പൊലീസ് മുനവ്വർ ഫാറൂഖിയെ പിടികൂടാനിറങ്ങുകയും ചെയ്തിരിക്കുന്നു -ഹാഥറസ് കേസ് റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദീഖ് കാപ്പനെ പിടിച്ച് തടവിലിട്ട അതേ പൊലീസ്.
ഭരണപരാജയം പൊതുചർച്ചയിലെത്താതിരിക്കാൻ തൽപരകക്ഷികൾ നടത്തുന്ന ആസൂത്രിത പദ്ധതികളാണ് ഇത്തരം കള്ളക്കേസുകളെന്ന വിമർശനം പ്രസക്തമാണ്. ഈ അവസ്ഥയിൽ ജുഡീഷ്യറിയും അതിെൻറ വിശ്വാസ്യതയും പരമപ്രധാനമാണ്. ആൾക്കൂട്ട വാഴ്ചക്ക് സാധുത നൽകുന്നതിൽ അറിഞ്ഞോ അറിയാതെയോ ജുഡീഷ്യറി പങ്കാളിയാകുന്നു എന്ന ധാരണപോലും രാഷ്ട്രീയത്തിന് മാരകമായ ആഘാതമുണ്ടാക്കും. പൗരത്വ പ്രക്ഷോഭകരുടേതടക്കം മനുഷ്യാവകാശ പ്രശ്നങ്ങളിൽ സർക്കാറിനെതിരെ കേസ് നടത്തുന്ന അഡ്വ. മഹ്മൂദ് പ്രാചയുടെ ഓഫിസിൽ റെയ്ഡ് നടത്താൻ ഡൽഹി പൊലീസിന് ഒരു കോടതി അനുമതി നൽകിയ സംഭവം ഏറെ വിമർശിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. രാഷ്ട്രീയ, വർഗീയതാൽപര്യങ്ങളാൽ ഭരണകൂടം തടങ്കലിലിട്ട അസംഖ്യ വ്യക്തികൾ ജുഡീഷ്യറിയുടെ നീതിബോധത്തിനുനേരെ ഉയരുന്ന ചോദ്യങ്ങളാണ്. ഈ റിപ്പബ്ലിക് ദിനത്തിൽ നമ്മെ വളരെ ആശങ്കപ്പെടുത്തേണ്ട ഒരു ആഗോള റിപ്പോർട്ട്കൂടി പുറത്തുവന്നിട്ടുണ്ട്. 'പരാജിത രാഷ്ട്രസൂചിക' (Failed States Index) എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന 'ലോലരാഷ്ട്രസൂചിക' (Fragile States Index)യുടെ പുതിയ റിപ്പോർട്ടിൽ പറയുന്നത്, നിയമവാഴ്ച അതിവേഗം തകർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉൾപ്പെട്ടു എന്നാണ്. 'ഉയർന്ന ജാഗ്രത മുന്നറിയിപ്പ്' ആവശ്യപ്പെടുന്ന ഗണത്തിൽ ഇന്ത്യ ഉൾപ്പെട്ടത്, സാമ്പത്തിക രംഗം, സുസ്ഥിരത, വികസനം, സുരക്ഷിതത്വം, നിയമവാഴ്ച തുടങ്ങിയ മേഖലകളിലെ അധോഗതി പരിഗണിച്ചാണ്. ഈ തകർച്ച ഭരണകൂടവും ഭരണഘടനയും തമ്മിലുള്ള ബലാബലമായി മാറുന്നു എന്നതാണ് റിപ്പബ്ലിക് വേള നൽകുന്ന ദുഃസൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.