ജസ്റ്റിസ് കർണെൻറ ചോദ്യങ്ങളും സുപ്രീംകോടതിയുടെ ഉത്തരങ്ങളും
text_fieldsകൊൽക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണന് ആറു മാസത്തെ തടവു ശിക്ഷ നൽകിക്കൊണ്ടുള്ള ചൊവ്വാഴ്ചയിലെ സുപ്രീംകോടതി വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ സംഭവമാണ്. ഒരു സിറ്റിങ് ജഡ്ജി കോടതിയലക്ഷ്യ കേസ് നേരിടുന്നതും ശിക്ഷിക്കപ്പെടുന്നതും ഇതാദ്യമാണ്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് ഈ വിധിപ്രസ്താവം നടത്തിയിരിക്കുന്നത്. വരുന്ന ജൂൺ 11ന് വിരമിക്കുന്നയാളാണ് കർണൻ. അതായത്, ബാക്കിയുള്ള തെൻറ സർവിസ് കാലം അദ്ദേഹം ജയിലഴികൾക്കകത്തായിരിക്കും. ജസ്റ്റിസ് സി.എസ്. കർണൻ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ദലിത് വിഭാഗത്തിൽ പെടുന്നയാളാണ് ജസ്റ്റിസ് കർണൻ. ജുഡീഷ്യറിയിൽ കടുത്ത ദലിത് വിവേചനവും അഴിമതിയും നിലനിൽക്കുന്നുവെന്നതാണ് അദ്ദേഹത്തിെൻറ പ്രധാന വിമർശനം. തനിക്കെതിരായ സുപ്രീംകോടതിയുടെ നീക്കങ്ങളും ദലിത് വിവേചനത്തിെൻറ ഭാഗം മാത്രമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്.
2009 മാർച്ച് 30നാണ് കർണൻ മദ്രാസ് ഹൈകോടതിയിൽ ജഡ്ജി ആയി നിയമിക്കപ്പെടുന്നത്. 2011 നവംബറിൽ, ദലിതനായ കാരണത്താൽ താൻ തെൻറ സഹജഡ്ജിമാരിൽനിന്ന് വിവേചനം അനുഭവിക്കുന്നുവെന്ന് കാണിച്ച് ദേശീയ പട്ടികജാതി കമീഷന് പരാതി നൽകി. പട്ടികജാതി കമീഷൻ അധ്യക്ഷൻ പി.എൽ. പുനിയ പരാതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എച്ച്. കപാഡിയക്ക് കൈമാറി. 2014 ജനുവരിയിൽ മദ്രാസ് ഹൈകോടതിയിലെ ഡിവിഷൻ ബെഞ്ച്, ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ഒരു പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കവെ, കോടതി ഹാളിൽ കയറിവന്ന കർണൻ ബഹളംവെച്ചെന്ന ആരോപണവുമുണ്ട്. നിയമന രീതി അനീതിപരമാണെന്ന് അദ്ദേഹം അവിടെ വെച്ച് വിളിച്ചുപറഞ്ഞുവെന്നാണ് ആരോപണം. 2014 മാർച്ചിൽ കർണെൻറ ഈ ചെയ്തിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇതെ തുടർന്നാണ് കർണനെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആർ.കെ. അഗർവാൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന് കത്തയക്കുന്നത്. തുടർന്നാണ് കർണനെ കൊൽക്കത്ത ഹൈകോടതിയിലേക്ക് സ്ഥലംമാറ്റുന്നത്. സ് ഥലംമാറ്റ ഉത്തരവ് സ്വന്തം നിലക്ക് സ്റ്റേ ചെയ്തുകൊണ്ടാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.
അഴിമതിക്കാരായ 20 ജഡ്ജിമാരുടെ പേരു വിവരങ്ങൾ വെച്ചുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി. ഇതേ തുടർന്നാണ് സുപ്രീംകോടതി ഇദ്ദേഹത്തിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കുന്നത്. എന്നാൽ, സുപ്രീംകോടതി ജഡ്ജിമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും പാസ്പോർട്ടുകൾ പൊലീസിനെ ഏൽപിക്കുകയും ചെയ്യുന്നതടക്കമുള്ള വിധി പ്രസ്താവിച്ചുകൊണ്ടാണ് കർണൻ ഇതിനോട് പ്രതികരിച്ചത്. മാർച്ച് 31ന് കോടതിയലക്ഷ്യ കേസ് പരിഗണിച്ച സുപ്രീംകോടതി കർണെൻറ മാനസികനില മനോരോഗ വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കാൻ ഉത്തരവിറക്കി. രണ്ട് ദിവസം മുമ്പ് ഈ വിധിപ്രസ്താവം നടത്തിയ മുഴുവൻ ജഡ്ജിമാരെയും അറസ്റ്റ് ചെയ്യണമെന്ന വിധി ജസ്റ്റിസ് കർണനും പുറപ്പെടുവിച്ചു! ഹൈകോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുക, സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ ഹൈകോടതി ജഡ്ജി ശിക്ഷാ വിധികൾ പുറപ്പെടുവിക്കുക, ഹൈകോടതി ജഡ്ജിയുടെ മനോനില പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിറക്കുക, സുപ്രീംകോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യാൻ ഹൈകോടതി ജഡ്ജി പിന്നെയും ഉത്തരവിറക്കുക, ഒടുവിൽ ഹൈകോടതിയിലെ സിറ്റിങ് ജഡ്ജിയെ ആറ് മാസത്തെ തടവിന് ശിക്ഷിക്കുക- ആകെപ്പാടെ നോക്കിയാൽ അസാധാരണവും വിചിത്രവുമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ നീതിന്യായ സംവിധാനത്തിെൻറ വിശ്വാസ്യതയിലും പവിത്രതയിലും കരിനിഴൽ വീഴ്ത്തുന്നതാണ്.
ജസ്റ്റിസ് കർണെൻറ പല നടപടികളും വിചിത്രവും ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് ചേരാത്തതുമാണ് എന്നതിൽ സംശയമില്ല. ഏതൊരു സംവിധാനത്തിലുമുള്ള അധികാര േശ്രണിയുമായി ബന്ധപ്പെട്ട നിയമങ്ങളെയും വഴക്കങ്ങളെയും അദ്ദേഹം ലംഘിച്ചിട്ടുണ്ട്. അതേസമയം, അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളും വിമർശനങ്ങളും അസ് ഥാനത്താവുന്നില്ല. ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും ചോദ്യം അവിടെ ബാക്കിയുണ്ടാവുമെന്ന് പറഞ്ഞതുപോലെ, കർണനെ അറസ്റ്റ് ചെയ്താലും കർണൻ ഉന്നയിച്ച വിമർശനങ്ങളിൽ ചിലത് നിശ്ചയമായും ബാക്കിയുണ്ടാവും. അതാകട്ടെ, കർണൻ മാത്രം ഉന്നയിക്കുന്നതോ അല്ല. സിക്കിം ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ, സർവിസിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി.ഡി. ദിനകരൻ സമാനമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തനിക്കെതിരെ ഇംപീച്മെൻറ് നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് ദിനകരൻ വിരമിക്കുന്നത്. സാമൂഹികമായി അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽപെട്ട, കുറഞ്ഞ അവകാശങ്ങൾ മാത്രമുള്ള സമുദായത്തിൽ ജനിച്ചതാണോ തെൻറ ദൗർഭാഗ്യത്തിന് കാരണം എന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീലിന് അയച്ച കത്തിൽ അന്ന് ദിനകരൻ ചോദിച്ചിരുന്നു. ദിനകരന് ഇതുവരേക്കും ആരെങ്കിലും ഉത്തരം നൽകിയതായി അറിയില്ല.
സുപ്രീംകോടതി വിധിക്കെതിരെയുള്ള കർണെൻറ പ്രതികരണങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളെ നിർദേശിക്കുക കൂടി ചെയ്തിരിക്കുന്നു സുപ്രീംകോടതി. നമ്മൾ അഭിമാനം കൊള്ളുന്ന ഉയർന്ന ജനാധിപത്യ തത്ത്വങ്ങളുമായി ഇതെങ്ങനെ ഒത്തുപോകും എന്ന് മനസ്സിലാവുന്നില്ല. സുപ്രീംകോടതിയടക്കമുള്ള ജുഡീഷ്യൽ സംവിധാനങ്ങൾ ആത്്മപരിശോധനകൾക്ക് സന്നദ്ധമാവേണ്ടത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.