Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകരുതൽ വേണം കൊടും...

കരുതൽ വേണം കൊടും വിഷത്തിനെതിരെ

text_fields
bookmark_border
കരുതൽ വേണം കൊടും വിഷത്തിനെതിരെ
cancel

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയവർക്കെതിരെ കേരള പൊലീസ് കേസെടുത്തിരിക്കുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി ദേശീയ വക്താവ് അനിൽ ആന്‍റണി, ജനം ടി.വി തുടങ്ങി സമൂഹത്തിൽ ചെറുതും വലുതുമായ രീതിയിൽ വിഷം വമിപ്പിച്ച 25ലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. വിദ്വേഷ പ്രചാരണം കുറച്ചുകാലമായി നാട്ടിൽ അസാധാരണമല്ലാതായിക്കഴിഞ്ഞിരിക്കുന്നുവെങ്കിലും ഒരു പക്ഷേ, ആദ്യമായിരിക്കാം ഇത്ര വ്യാപകമായി അതിനെതിരെ കേസെടുക്കുന്നത്. സമൂഹത്തിൽ ഭിന്നത വ്യാപിപ്പിക്കാനുള്ള വ്യാപക ശ്രമത്തിലെ അപകടവ്യാപ്തി തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് കേരള പൊലീസിന്റെ നടപടിയെങ്കിൽ അത് സ്വാഗതാർഹമാണ്.

അതല്ല, മുട്ടുശാന്തി മാത്രമാണെങ്കിൽ അത് വെള്ളത്തിൽ വരച്ച വരയാവുമെന്ന് ഉറപ്പുമാണ്. ഈയൊരു ശങ്ക വെറുതെയല്ല. ‘പ്രശസ്തനാകാൻ വേണ്ടി’ സ്വന്തം മുതുകിൽ നിരോധിത സംഘടനയുടെ പേര് എഴുതിപ്പിച്ച് രക്തസാക്ഷി ചമയാൻ ശ്രമിച്ച സൈനികനെയും സുഹൃത്തിനെയും തൊട്ടടുത്ത ദിവസം തന്നെ പൊലീസ് തൂക്കിയെടുത്തിരുന്നു. പിന്നെ എന്തുണ്ടായി? നാട്ടിൽ വിദ്വേഷം പടർത്താനും കേരളത്തിനും ഇവിടത്തെ മുസ്‍ലിം ന്യൂനപക്ഷത്തിനുമെതിരെ ദേശീയതലത്തിൽ വ്യാജ ആഖ്യാനങ്ങൾ പ്രചരിക്കാനും വഴിവെച്ച ഈ സംഭവം കോടതിയിൽ എത്തിയപ്പോൾ സർക്കാർ അഭിഭാഷകൻ ഹാജരായില്ല, വെറുപ്പിന്റെ കാലാൾ പടയാളി സുഖമായി ജാമ്യത്തിലിറങ്ങി. കേരളത്തിന്റെ മനസ്സും മണ്ണും ഭിന്നിപ്പിച്ച് വെടക്കാക്കി തനിക്കാക്കാനുള്ള നടപടികൾക്കെതിരെ പരാതി ഉയരുമ്പോഴും സത്വര നടപടികൾക്ക് പൊലീസ് അറച്ചുനിൽക്കുന്നതാണ് വെറുപ്പുൽപാദകർക്ക് പ്രോത്സാഹനമാകുന്നത് എന്ന് പറയാതിരിക്കാനാവില്ല. കേസെടുത്താൽതന്നെ, തൂക്കമൊപ്പിക്കാൻ വിദ്വേഷ പ്രചാരകരെ വിമർശിച്ചവർക്കെതിരെ കേസെടുക്കുന്നതും നാട്ടുനടപ്പായിട്ടുണ്ട്.

ബസ് സ്റ്റോപ് ആവശ്യപ്പെട്ട് കുമ്പളയിലെ വിദ്യാർഥികൾ ബസ് തടയുന്നതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച്, കേരളത്തിൽ പർദയിടാതെ ഇതര മതസ്ഥർക്ക് സഞ്ചരിക്കാൻ കഴിയുന്നില്ലെന്ന പെരുങ്കള്ളം പ്രചരിപ്പിച്ച അനിൽ ആന്റണിയെപ്പോലുള്ളവരുടെയും സംഘ്പരിവാറിന്റെ പേ റോളിലുള്ള ഓൺലൈൻ, ഓഫ്ലൈൻ മാധ്യമങ്ങളുടെയും നിയോഗം തന്നെ സമൂഹത്തിൽ വെറുപ്പുപരത്തി വർഗീയ ഫാഷിസ്റ്റുകൾക്ക് കലാപം കത്തിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കലാണ് എന്നു വന്നിരിക്കുന്നു. ചാനൽ മുതലാളി കൂടിയായ കേന്ദ്രത്തിലെ ബി.ജെ.പി മന്ത്രിയുടെ ഉള്ളിലിരിപ്പ് മുഖ്യമന്ത്രി വെടിപ്പായി പറഞ്ഞിട്ടുമുണ്ട്. എന്നാൽ, നിഷ്പക്ഷത നടിക്കുന്ന മുഖ്യധാര മാധ്യമങ്ങളും മാധ്യമ വിശാരദരും അവർക്കൊപ്പം കൈകോർക്കുന്നുവെന്നത് ഒരൽപം കടുപ്പമാണ്.

മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോരകുടിക്കാൻ വെമ്പിനിൽക്കുന്നവരെപ്പോലെ മലയാളിയെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതാരൊക്കെ എന്ന് വെളിപ്പെടുത്തിത്തന്നു കളമശ്ശേരി സ്ഫോടനത്തിനു പിന്നാലെ വന്ന പ്രതികരണങ്ങളും പത്ര-മാധ്യമങ്ങളുടെ നിലപാടുകളും. സ്ഫോടനത്തിന്റെ പിറ്റേന്നാൾ ഒരു ദേശീയ മാധ്യമത്തിൽ വന്ന തലക്കെട്ട് സ്ഫോടനത്തിൽ ട്വിസ്റ്റ് സംഭവിച്ചുവെന്നും ‘ടെറർ ലിങ്ക്’ ഇല്ല എന്നുമായിരുന്നു. എന്താണ് അവർ ടെറർ ലിങ്കിന് കൽപിച്ചിരിക്കുന്ന യോഗ്യതയും മാനദണ്ഡവും? യഹോവയുടെ സാക്ഷികൾക്കൊപ്പമുണ്ടായിരുന്ന മാർട്ടിൻ എന്ന പേരുകാരനാണ് സ്ഫോടനം നടത്തിയതെന്ന് പുറത്തുവന്നതോടെ അവരുടെ ‘പ്രതീക്ഷകൾ’ തെറ്റിയതെങ്ങനെ?

67 തികഞ്ഞ കേരളത്തോട് അതിജാഗ്രതയും സൂക്ഷ്മതയും ആവശ്യപ്പെടുന്നതാണ് പുതിയ സംഭവവികാസങ്ങൾ ഓരോന്നും. മലയാളിയോട്, മലയാളിയുടെ ജീവിതത്തോട് വർഗീയ സംഘ്പരിവാർ പുലർത്തിപ്പോരുന്ന അരിശവും അസൂയയും പുതിയ കാര്യമല്ല. വിവിധ മതസ്ഥർ ഇടകലർന്ന് ജീവിക്കുന്നതും സ്കൂളിൽ ഒരു ബെഞ്ചിൽ ഇരിക്കുന്നതും അവർക്ക് അസഹനീയമാണ്. ആ സാഹോദര്യത്തിനും സഹിഷ്ണുതക്കും തുരങ്കംവെക്കാൻ വെറുപ്പിന്റെ പരീക്ഷണ ശാലയിൽ ഉൽപാദിപ്പിച്ച പുതിയ ആശയങ്ങളും ആയുധങ്ങളുമായി അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും.

1956ൽ കേരളം പിറവിയെടുത്തശേഷം ഒരുപാട് പരീക്ഷണങ്ങൾ നമ്മൾ മലയാളികൾ അഭിമുഖീകരിച്ചു. സമീപ വർഷങ്ങളിൽ തന്നെ പ്രളയവും നിപയും കോവിഡുമെല്ലാം തോളോടു തോൾ ചേർന്ന് വിജയകരമായി നേരിട്ടു. സകല വിഭജന ശ്രമങ്ങളെയും നാം ഒത്തൊരുമിച്ചുനിന്ന് മറികടക്കുന്നു. എന്നാൽ, ഓരോ ദിവസം പുലരുമ്പോഴും നമ്മുടെ സ്വൈരജീവിതത്തിന് വിലയിടാനുള്ള ശ്രമങ്ങൾ വർധിക്കുകയാണ്. അവയെ മറികടക്കാൻ ഇനിയും നാം ഒന്നിച്ചുനിന്നേ തീരൂ.

വിവിധ മതസ്ഥർ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന നമ്മുടെ നാടിന്റെ സ്വസ്ഥത തകർക്കാൻ, മനുഷ്യരെ ശത്രുക്കളാക്കാൻ തക്കം പാർത്തിരിക്കുന്നവർ ഏറെയാണ്. അതിന് ഒരു വാക്കോ വാചകമോ വ്യക്തികളെത്തന്നെയോ ആയുധമാക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കും. അതിനാൽ പറയുന്ന ഓരോ വാക്കും പ്രയോഗവും ദുരുപയോഗപ്പെടാതിരിക്കാനുള്ള ജാഗ്രത എല്ലായിടത്തുനിന്നും എല്ലാവരിൽനിന്നും ഉണ്ടാകേണ്ടതുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialKerala NewsLatest Malayalam NewsKalamassery blast
News Summary - Kalamassery blast: Case against Hate propaganda
Next Story