മഴയല്ല, പെയ്തിറങ്ങിയത് മാലാഖമാർ
text_fieldsഏത് സ്റ്റെതസ്കോപ്പുമെത്താത്തൊരേകാന്ത
ഹൃത്തടത്തിൽനിന്നു പാടുന്നു പക്ഷികൾ
ഏതു സൂചിക്കുമിറങ്ങുവാനാവാത്തൊ-
രാഴത്തിലൂടെയൊഴുകുന്നു ജീവിതം
(ആശുപത്രിയിൽ -റഫീഖ് അഹമ്മദ്)
കോവിഡ് ഭീതിയിൽനിന്ന് ജന്മനാടിെൻറ സുരക്ഷിതത്വത്തിലേക്ക് അഭയം തേടി പുറപ്പെട്ടവരായിരുന്നു ആ വിമാനത്തിലുണ്ടായിരുന്നത്. ഗർഭിണികളും പിഞ്ചുകുഞ്ഞുങ്ങളും തൊഴിൽ നഷ്ടപ്പെട്ടവരുമടക്കം 184 യാത്രികരെയും വഹിച്ചാണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ െഎ.എക്സ്-1344 വിമാനം ദുബൈയിൽനിന്ന് കോഴിക്കോേട്ടക്ക് പറന്നത്. ആറു ജീവനക്കാരുമുണ്ടായിരുന്നു അതിൽ. ആ യാത്രയുടെ അന്ത്യനിമിഷങ്ങളിൽ എന്തു സംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. കോക്പിറ്റിൽ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന പൈലറ്റ് ദീപക് ബസന്ത് സാഠെക്ക് വിമാനം സുരക്ഷിതമായി ഇറക്കാൻ സാധിച്ചില്ലെന്നു മാത്രമേ ഇപ്പോൾ പറയാനാകൂ. അതെന്തായാലും, മരണമുനമ്പിലേക്കുള്ള ആ ഇടിച്ചിറക്കത്തിൽ ജീവൻ നഷ്ടമായത് ബസന്ത് സാഠെയടക്കം 20 പേർക്കാണ്. പലരും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലുണ്ട്. പത്തുവർഷം മുമ്പ്, 158 പേരുടെ മരണത്തിൽ കലാശിച്ച മംഗലാപുരം വിമാനാപകടത്തോട് ഏറെ സാമ്യമുണ്ടായിട്ടും കരിപ്പൂരിൽ അത്തരമൊരു ദുരന്തം ആവർത്തിച്ചില്ല. ലാൻഡ് ചെയ്ത വിമാനം റൺവേയും സുരക്ഷ മേഖലയും പിന്നിട്ട് 35 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു കരിപ്പൂരിലും. എന്തുകൊേണ്ടാ, മംഗലാപുരത്തേതുപോലെ വിമാനം കത്തിയമരാതെ വൻദുരന്തം ഒഴിവായി.
അപകടസ്ഥലത്ത് ഒാടിക്കൂടി ആരെയും കാത്തുനിൽക്കാതെ രക്ഷാപ്രവർത്തനം ആരംഭിച്ച പരിസരവാസികളുടെയും ടാക്സി ഡ്രൈവർമാരുടെയും അവസരോചിതമായ ഇടപെടലും ദുരന്തത്തിെൻറ ആഴം കുറച്ചുവെന്നതിൽ സംശയമില്ല. അവിടെനിന്ന് മാറിനിൽക്കാൻ അവർക്ക് ഒേട്ടറെ കാരണങ്ങളുണ്ടായിരുന്നു. ട്രിപ്പ്ൾ ലോക്ഡൗൺ മേഖലയിലെ കോവിഡ് പ്രോേട്ടാകോൾ മുതൽ തോരാമഴയിലും വിമാനത്തിൽനിന്നുയർന്ന തീപ്പുകവരെ എത്രയോ പ്രതിബന്ധങ്ങളെ തരണം ചെയ്തുവേണമായിരുന്നു അവർക്ക് അവിടെയെത്താൻ. എന്നിട്ടും, സ്വജീവൻ തൃണവത്ഗണിച്ച് അവിടെയെത്തി അവർ; അപകടത്തിൽപെട്ടവരെ കോരിയെടുത്ത് കിട്ടിയ വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് മാനവികതയുടെ മഹനീയ മാതൃക സൃഷ്ടിച്ച മാലാഖമാരോളം ഉയർന്നു. അതുകൊണ്ട് ദുരന്തത്തിെൻറ കണ്ണീരിനിടയിലും അവർ മുക്തകണ്ഠം അഭിനന്ദിക്കപ്പെടുന്നു.
കരിപ്പൂരിൽ മാത്രമല്ല, കഴിഞ്ഞദിവസം രാജമലയിൽ ഉരുൾപൊട്ടലുണ്ടായപ്പോഴും അതുതന്നെ സംഭവിച്ചു. പെട്ടിമുടിയിൽ അപകടമുണ്ടായി എന്നറിഞ്ഞ നിമിഷത്തിൽതന്നെ മൂന്നാർ, മറയൂർ ഭാഗങ്ങളിൽനിന്ന് ഒേട്ടറെ യുവാക്കൾ കിലോമീറ്ററുകൾ നടന്ന് അവിടെയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കരിപ്പൂരിലെപോെല വേണ്ടത്ര ഗതാഗത, വൈദ്യുതി സൗകര്യങ്ങളുള്ള സ്ഥലമല്ല പെട്ടിമുടി. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ അവിടെയെത്താൻ മണിക്കൂറുകളെടുക്കും. കോവിഡ് ഭീതിയുമുണ്ട് അവിടെ. എന്നിട്ടും പെട്രോൾമാക്സ് കത്തിച്ചും മറ്റും അവർ ഡസനിലേറെ പേരെ ആശുപത്രിയിലെത്തിച്ചു. മുൻവർഷങ്ങളിലെ പ്രളയകാലത്തും നാമിത് കണ്ടു. ഒാർമയില്ലേ, 2018ൽ പ്രളയക്കയത്തിൽ അകപ്പെട്ട എത്രയോ പേർക്ക് മരണമുഖത്തുനിന്ന് ജീവിതത്തിലേക്കുള്ള 'ചവിട്ടുപടി'യായി മാറിയ കടൽ തൊഴിലാളി ജൈസലിനെ? ഉയരം കൂടിയ പ്ലാസ്റ്റിക് ബോട്ടുകളിലേക്ക് കയറിപ്പറ്റാൻ പ്രയാസപ്പെടുന്നവർക്കു മുന്നിൽ, രണ്ടടിയിലേറെ ഉയരമുള്ള വെള്ളത്തിൽ മുട്ടുകുത്തിക്കിടന്ന് സ്വയമൊരു 'ചവിട്ടുപടി'യായി മാറുകയായിരുന്നു അയാൾ. കഴിഞ്ഞദിവസം കൊേണ്ടാട്ടിയിലെ ആശുപത്രികളിൽ നാട്ടുകാരും ഡ്രൈവർമാരും സ്വയമൊരു നഴ്സിങ് അസിസ്റ്റൻറുമാരെപ്പോലെ ഒാടിനടന്ന ദൃശ്യങ്ങൾ ജൈസലിനെപ്പോലുള്ളവരെ ഒാർമിപ്പിച്ചു. പരിക്കേറ്റവർക്ക് രക്തം ആവശ്യമുണ്ടെന്ന അറിയിപ്പ് വന്നപ്പോൾ മുതൽ രക്തബാങ്കുകൾ നിറഞ്ഞു. മഹാമാരി തീർത്ത പ്രോേട്ടാകോളോ പേമാരിയുടെയും പ്രളയത്തിെൻറയും അപകടങ്ങളോ വകവെക്കാതെ നൂറുകണക്കിനാളുകൾ ഒരുരാത്രി മുഴുവൻ ഇങ്ങനെ ഒാടിനടന്നപ്പോഴാണ് പലരും മരണക്കയത്തിൽനിന്ന് രക്ഷപ്പെട്ടത്. സ്റ്റെതസ്കോപ്പുകളിലൂടെ തിരിച്ചറിയാനാകാത്ത ഹൃദയത്തുടിപ്പുകൾക്കും സൂചിക്കിറങ്ങുവാനാകാത്ത ആഴങ്ങൾക്കുമപ്പുറമുള്ള ജീവസ്പന്ദനങ്ങളായിരിക്കാം ആ നിമിഷങ്ങളിൽ ആശുപത്രികളിലുണ്ടായത്. സമൂഹ മാധ്യമങ്ങളും ആരോഗ്യവകുപ്പും കൂടി ഉണർന്നിരുന്നതോടെ, രക്ഷാപ്രവർത്തനത്തിെൻറ മറ്റൊരു കേരള മോഡലായി അതു മാറി.
ഭീകരവാദത്തിെൻറയും മതമൗലികവാദത്തിെൻറയും കേന്ദ്രമെന്ന് തൽപരകക്ഷികളായ രാഷ്ട്രീയ നേതാക്കളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നിരന്തരം അധിക്ഷേപിക്കുന്ന ഒരു നാട്ടിലാണ് മാനവികതയുടെ ഇൗ കുളിർമഴയെന്നോർക്കണം. ദുഷ്ടലാക്കോടെ നിരന്തരം ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾക്കുള്ള കൃത്യമായ മറുപടികൂടിയാണീ 'മാലാഖമാർ'. അക്കാരണംകൊണ്ടുതന്നെ, ഇവരുടെ സ്നേഹത്തിെൻറയും കരുതലിെൻറയും കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുക എന്നതും മികച്ചൊരു രാഷ്ട്രീയ പ്രവർത്തനംതന്നെയാണ്. ഇൗ സന്ദർഭത്തിൽ, ഇൗ 'മാലാഖ'മാർക്ക് നാമെന്തു തിരിച്ചുനൽകി എന്ന മറ്റൊരു ചോദ്യംകൂടി ഉയരേണ്ടതുണ്ട്. പല ഘട്ടത്തിലും അവഗണിക്കപ്പെട്ട സമൂഹമായിരുന്നില്ലേ അവർ? പ്രളയകാലത്ത് കേരളത്തിന് കാവൽ തീർത്ത കടൽതൊഴിലാളികളോട് അധികാരികൾ നീതി കാണിച്ചുവോ? കേരളത്തിെൻറ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ സമൂഹമിപ്പോൾ ചെല്ലാനം, പൊന്നാനി പോലുള്ള തീരദേശങ്ങളിൽ നരകിക്കുകയാണ്. വാഴ്ത്തുപാട്ടുകളുടെ ശബ്ദകോലാഹലങ്ങൾക്കിടയിൽ അവരുടെ ജീവിതം ഭരണകൂടം മറന്നുപോകുന്നത് തികഞ്ഞ നീതികേടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.