പൂർവാധികം കലുഷമാകുന്ന കശ്മീർ
text_fields2019 ആഗസ്റ്റ് 5 മുതൽ കേന്ദ്രഭരണ പ്രദേശമായി മാറ്റപ്പെട്ട ജമ്മു-കശ്മീരിൽ തുടർച്ചയായ ഭീകരാക്രമണങ്ങൾ മൂലം ഹിന്ദു-സിഖ്-ന്യൂനപക്ഷ സമുദായക്കാരും ഇതര സംസ്ഥാന തൊഴിലാളികളും വിഹ്വലരായി കൂട്ടത്തോടെ പലായനം ചെയ്യുന്നതായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒക്ടോബറിൽ മാത്രം സൈനികരും സിവിലിയന്മാരുമടക്കം 33 പേർ മരിച്ചിട്ടുണ്ട്. ഇതിൽ ഹിന്ദുക്കളും മുസ്ലിംകളും സിഖ്കാരിയായ അധ്യാപികയും ഉൾപ്പെടുന്നു. 1990കളിൽ പണ്ഡിറ്റുകളുടെ കൂട്ടപ്പലായന സന്ദർഭത്തിലും പിടിച്ചുനിന്ന 800 കുടുംബങ്ങൾ അരക്ഷിതാവസ്ഥമൂലം നാടുവിടാൻ തുടങ്ങിയിരിക്കുന്നു എന്നാണ് വിവരം. ബിഹാർ, യു.പി, ഝാർഖണ്ഡ്, ഛത്തിസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നാലു ലക്ഷത്തോളം തൊഴിലാളികൾ ജമ്മു-കശ്മീരിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇത്തവണ അവർകൂടി ഭീകരാക്രമണത്തിന് ശരവ്യമായതോടെ ജമ്മു, ഉദ്ദംപുർ റെയിൽവേ സ്റ്റേഷനുകളിൽ നാടുവിടാൻ തയാറായി കൂട്ടത്തോടെ എത്തിയിട്ടുണ്ട് നൂറുകണക്കിന് പേർ. കശ്മീരിലെ സ്ഥിതിഗതികൾ അത്യന്തം വഷളായിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ചശേഷം കശ്മീരിലേക്ക് പുറപ്പെടാനിരിക്കുകയാണ്.
അടുത്ത 23, 24 തീയതികളിൽ അദ്ദേഹം താഴ്വരയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പതിവുപോലെ പട്ടാളം-പൊലീസ് വിന്യാസം ശക്തിപ്പെടുത്തി സ്ഥിതിഗതികൾ നേരിടാനാണ് ലഫ്. ഗവർണർ മനോജ് സിൻഹയുടെ ശ്രമമെങ്കിലും വ്യാപകമായി പടർന്ന ഭീതിയും അരക്ഷിതബോധവും അതുമൂലം ശമിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. വെറും സംശയാടിസ്ഥാനത്തിൽ 700 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരോപിക്കപ്പെട്ട ദ െറസിസ്റ്റൻസ് ഫ്രണ്ടിനെ(ടി.ആർ.എഫ്)ക്കുറിച്ച് പൂർണ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാകിസ്താൻ പശ്ചാത്തലമുള്ള ലശ്കറെ ത്വയ്യിബ, കശ്മീർ സംഘടനയായ ഹിസ്ബുൽ മുജാഹിദീൻ എന്നിവയാണ് ടി.ആർ.എഫിന്റെ പിന്നിലെന്നാണ് അധികൃതരുടെ ഭാഷ്യം. തങ്ങൾ മതാടിസ്ഥാനത്തിൽ ജനങ്ങളെ കൊല്ലുന്നവരല്ലെന്നും ഇന്ത്യൻ അധികാരികളോട് സഹകരിക്കുന്നവരാണ് തങ്ങളുടെ ഉന്നമെന്നുമാണ് നേരത്തേ ടി.ആർ.എഫ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടത്.
2019ൽ ഇന്ത്യൻ ഭരണഘടനയുടെ 370ാം വകുപ്പ് മാറ്റിവെച്ചുകൊണ്ട് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും മറ്റു സംസ്ഥാനങ്ങളുടെ പദവിപോലും നൽകാതെ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തപ്പോൾ മോദി സർക്കാർ നടത്തിയ അവകാശവാദം തീവ്രവാദവും ഭീകരതയും അവസാനിപ്പിക്കാനും കശ്മീരിൽ സാധാരണ ജനജീവിതം പുനഃസ്ഥാപിക്കാനുമുള്ള പോംവഴി അതാണെന്നതായിരുന്നു. രാജ്യം പൊതുെവ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഈ നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജി സുപ്രീംകോടതി രണ്ടു വർഷമായിട്ടും പരിഗണനക്കെടുത്തിട്ടുമില്ല. നേരത്തേ 500, 1000 കറൻസി നോട്ടുകൾ റദ്ദാക്കിയപ്പോഴും അതിനുള്ള ന്യായമായി പറഞ്ഞ പ്രധാനകാര്യം തീവ്രവാദികൾക്ക് ലഭിക്കുന്ന ഫണ്ട് തടയുക എന്നതായിരുന്നു. എന്നാൽ ഭീകരാക്രമണങ്ങളുടെയും ക്രമസമാധാനത്തകർച്ചയുടെയും സംഭവങ്ങൾ പൂർവാധികം വർധിച്ചതല്ലാതെ ഒട്ടും കുറഞ്ഞില്ല.
ബി.ജെ.പി ഒഴിച്ചുള്ള രാഷ്ട്രീയ പാർട്ടികളുടെയെല്ലാം നേതാക്കളെ അറസ്റ്റു ചെയ്തു; ഒട്ടേറെ പ്രവർത്തകരും തടവിലായി. ചിലരെ വളരെ സാവകാശത്തിൽ സോപാധികം വിട്ടയച്ചുവെങ്കിലും മുൻമുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയെപ്പോലുള്ളവർ ഇപ്പോഴും സ്വതന്ത്രരല്ല. ഇൻറർനെറ്റിനും സമൂഹ മാധ്യമങ്ങൾക്കും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നു. പട്ടാള സാന്നിധ്യം മുെമ്പാരിക്കലും ഇല്ലാത്തവിധം ശക്തമാണ്. ഇതൊന്നും പക്ഷേ കശ്മീരിൽ സമാധാനം കൊണ്ടുവന്നിട്ടില്ല. ഇപ്പോഴാകട്ടെ, മുൻ വിലക്കുകളെല്ലാം റദ്ദുചെയ്ത് ജമ്മു-കശ്മീരിൽ പുറത്തുനിന്നു വന്ന ഹിന്ദുക്കൾക്ക് താമസിക്കാനും 15 വർഷം താമസിച്ചാൽ ഭൂമി വാങ്ങി സ്ഥിരതാമസമാക്കാനും നിയമംമൂലം അനുമതി നൽകിയിരിക്കുന്നു. കശ്മീരി മുസ്ലിംകളുടെ ഭൂരിപക്ഷം കുറക്കാനുള്ള ആസൂത്രിത നീക്കമായാണ് ഇതിനെ തദ്ദേശീയർ കാണുന്നത്.
തിരിച്ചെത്തിയ പണ്ഡിറ്റുകൾക്ക്, കിട്ടിയ വിലക്ക് തങ്ങൾ വിറ്റുപോയ സ്വത്തുക്കൾ തിരിച്ചുവാങ്ങാനുള്ള അവകാശം കൂടി നൽകിയതോടെ കേന്ദ്ര സർക്കാറിന്റെ മനസ്സിലിരിപ്പിനെക്കുറിച്ച് അവരുടെ ആശങ്ക വർധിക്കുന്നു. ഇതെല്ലാമാണ് ടി.ആർ.എഫ് പോലുള്ള ഭീകര ഗ്രൂപ്പുകളുടെ പിറവിക്ക് അനുകൂല സാഹചര്യമൊരുക്കുന്നതെന്ന അഭിപ്രായം ശക്തമാണ്.
ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകി സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ അവരുടെ യഥാർഥ പ്രതിനിധികൾക്ക് അധികാരം ഏൽപിച്ചുകൊടുക്കാതെ, മൂർച്ഛിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്ന് വ്യക്തമാണ്. ഉത്തരവുകൾ അടിേച്ചൽപിച്ചും മനുഷ്യാവകാശങ്ങൾ നിഷേധിച്ചും സ്വതന്ത്ര ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ഒരു ജനവിഭാഗത്തെ എത്രനാൾ കെട്ടിപ്പൂട്ടാനാവും എന്നതാണ് സഗൗരവം ഗൗനിക്കേണ്ട പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.