ജനങ്ങളാണ്, ഭൂമിയല്ല രാജ്യം
text_fields‘ഈ രാഷ്ട്രം അതിലെ ജനങ്ങൾ ഉണ്ടാക്കിയതാണ്, ഭൂമിയുടെ കഷണങ്ങളല്ല’ എന്നാണ് ജമ്മു-കശ ്മീരിനെ വിഭജിച്ച്, കേവലം കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ബില്ലിനെക്കുറിച്ച് പ്രതികരിക്കവെ സ്ഥാനമൊഴിഞ്ഞ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ എഴുതിയിരിക്കുന്നത്. എന്നുവെച്ചാൽ, കശ്മീരികളെ പൂർണമായി എഴുതിത്തള്ളിക്കൊണ്ടും ആ ഭൂവിഭാഗത്തിലെ ജനപ്രതിനിധികളെ ജയിലിലടച്ചുകൊണ്ടും ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻറിൽ അവതരിപ്പിച്ച ഏകപക്ഷീയമായ ബിൽ ജനാഭിലാഷം മാനിക്കാത്തതാണെന്ന്. പ്രകൃതിസുന്ദരമായ കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമാക്കുേമ്പാൾ അതവിടത്തെ ജനഹിതം കൂടി മാനിച്ചുകൊണ്ടും പതിറ്റാണ്ടുകളായി തീവ്രവാദികളുടെയും പട്ടാളത്തിെൻറയും തീയുണ്ടകൾക്കിടയിൽ കത്തിത്തീരുന്ന കശ്മീരികൾക്ക് സ്വസ്ഥജീവിതം ഉറപ്പുവരുത്തിക്കൊണ്ടുമാവണം ഏതു നടപടിയുമെന്ന് സമാധാനപ്രിയരും മനുഷ്യസ്നേഹികളുമായ ആരും ആഗ്രഹിക്കും. അതാണ് പരോക്ഷമായി രാഹുൽ ഗാന്ധിയും സൂചിപ്പിച്ചിരിക്കുന്നത്.
1948 ജനുവരി മൂന്നിന്, കശ്മീരിൽ ഹിതപരിശോധന നടത്താൻ തയാറാണെന്ന് ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിയെ അറിയിച്ചിരുന്നതാണ്. 1952 ജൂലൈ 24ന് കശ്മീരിൽ പൂർണ സ്വയംഭരണം നൽകാനുള്ള കരാറിൽ ഇന്ത്യ ഒപ്പിടുകയും ചെയ്തിരുന്നു. 1953 ആഗസ്റ്റ് 20ന് ഇന്ത്യയും പാകിസ്താനും 1954 ഏപ്രിലിനു മുമ്പ് ജനഹിത പരിശോധന നടത്താൻ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ ധാരണയിലേർപ്പെടുകയും ചെയ്തിരുന്നു. പിൽക്കാലത്ത് പലവിധ കാരണങ്ങളാൽ ജനഹിത പരിശോധന എന്ന ആവശ്യത്തെ ഇന്ത്യ നിരാകരിക്കുകയും ജമ്മു-കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോഴും കശ്മീരികളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഒരിക്കലും നിരാകരിച്ചിരുന്നില്ല.
ഇന്ത്യയിലെ മറ്റേത് പൗരന്മാരെയുംപോലെ സ്വതന്ത്രരായി ജീവിക്കാനും സഞ്ചരിക്കാനും വിദ്യ അഭ്യസിക്കാനും തൊഴിലെടുക്കാനും അഭിപ്രായ പ്രകടനം നടത്താനും കശ്മീരികൾക്ക് അവകാശമുണ്ടെന്ന സത്യം ഒരാൾക്കും നിഷേധിക്കാനാവില്ല. ഇതിന് വിഘാതം സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ നയതന്ത്രപരമായും ജനാധിപത്യത്തിലൂടെയും തട്ടിമാറ്റാനാണ് വിവേകവും ദീർഘദൃഷ്ടിയുമുള്ള സർക്കാറുകൾ ശ്രമിക്കേണ്ടത്. അതിനാദ്യമായി വേണ്ടത് ജനങ്ങളെ വിശ്വാസത്തിലെടുക്കുകയാണ്. ജമ്മു-കശ്മീരിൽ നാളിതുവരെ ഭരിച്ചവർക്കും കേന്ദ്ര ഭരണാധികാരികൾക്കും ഇല്ലാതെപോയതും ജനങ്ങളോടുള്ള പ്രതിബദ്ധതയാണ്. തദ്വിഷയകമായി ബി.ജെ.പിയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ ന്യായവും നീതിയുമില്ല. ദീർഘകാലം കേന്ദ്രവും ജമ്മു-കശ്മീരും ഭരിച്ച കോൺഗ്രസ് പാർട്ടിയും നേതാക്കളും ഇതഃപര്യന്തം സ്വീകരിച്ച നയനിലപാടുകളെ ആത്മപരിശോധനക്ക് വിധേയമാക്കേണ്ട സന്ദർഭം ഇതല്ലെങ്കിൽ പിന്നെ എപ്പോഴാണ്?
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും മതനിരപേക്ഷ ജനാധിപത്യ ഭരണഘടന രാജ്യം അംഗീകരിക്കുേമ്പാൾ ഭരണത്തിലിരുന്ന മഹാനുമായിരുന്ന ജവഹർലാൽ നെഹ്റു മുതൽക്കിങ്ങോട്ട് ശാന്തനും സമാധാന പ്രിയനുമായ മൻമോഹൻ സിങ് വരെയുള്ള കോൺഗ്രസ് നേതാക്കൾ കശ്മീരി ജനതയുമായി നേരിട്ട് സംവദിച്ച് അവരെ വിശ്വാസത്തിലെടുത്ത് തൃപ്തികരമായ ഒരു പരിഹാരം കണ്ടെത്താൻ ആത്മാർഥ ശ്രമം നടത്തിയോ എന്ന് സംശയിക്കാതെയും ചോദിക്കാതെയും വയ്യ. തീവ്രവലതുപക്ഷം നടത്തിക്കൊണ്ടിരുന്ന ആസൂത്രിത നീക്കങ്ങൾ ഒടുവിൽ ലക്ഷ്യം കാണുന്നതുവരെ കാത്തിരിക്കാതെ, അത്തരമൊരാപത്ത് മുൻകൂട്ടി കണ്ട് കശ്മീരടക്കമുള്ള ഇന്ത്യയെ പ്രശാന്തമായ ജനാധിപത്യ രാജ്യമായി നിലനിർത്താൻ അവർ എന്തു ചെയ്തു എന്ന് വീണ്ടുവിചാരം നടത്തേണ്ടിയിരിക്കുന്നു.
24 മണിക്കൂറും ആയുധ സംഭരണത്തെ കുറിച്ചും സൈനിക ശക്തിയെക്കുറിച്ചും സംസാരിച്ചും അയൽരാജ്യങ്ങളോടുള്ള ശത്രുത തീവ്രതരമായി നിലനിർത്തിയും ദേശഭക്തിയെന്നാൽ ദേശത്തെ ജനങ്ങളോടുള്ള സ്നേഹമല്ല വെറും ഭൂമിയോടുള്ള ഭ്രമമാണെന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചും വളർന്നുവന്ന വർഗീയ-വിഭാഗീയ ശക്തികൾക്ക് രാജ്യഭരണം ഏൽപിച്ചുകൊടുക്കുന്നതിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനുള്ള പങ്ക് തുറന്നു സമ്മതിക്കപ്പെടേണ്ടതുണ്ട്. രാഹുൽ ഗാന്ധിയുടെ രാജിയെ തുടർന്ന് അനാഥമായ പാർട്ടി ഇപ്പോൾ അക്ഷരാർഥത്തിൽ അതിജീവന വെല്ലുവിളി നേരിടുകയാണ്. കശ്മീർ വിഭജന ബില്ലിനെ കോൺഗ്രസ് അനുകൂലിക്കാത്തതിെൻറ പേരിൽ പാർട്ടിയുടെ രാജ്യസഭ ചീഫ് വിപ്പ് തൽസ്ഥാനം രാജിവെച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകപോലും ചെയ്തിരിക്കുന്നു. ബില്ലിനെതിരെ കശ്മീരുകാരനായ മുതിർന്ന നേതാവും രാജ്യസഭയുടെ പാർട്ടി ലീഡറുമായ ഗുലാം നബി ആസാദ് ഉറച്ച നിലപാട് സ്വീകരിച്ചതിെൻറ പേരിലാണ് ഇപ്പോൾ കോൺഗ്രസിൽ അസ്വാസ്ഥ്യം പടരുന്നത്.
വിഷയത്തിൽ അസന്ദിഗ്ധ നിലപാട് പാർട്ടിക്കില്ലെന്ന് മാത്രമല്ല, പലരുടെയും മനസ്സ് ഹിന്ദുത്വ തീവ്രതക്ക് പാകപ്പെട്ടിരിക്കുന്നു എന്നുകൂടിയാണ് മനസ്സിലാക്കേണ്ടത്. മഹാഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്ന ബി.ജെ.പി മാത്രമല്ല, മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും കശ്മീർ കാര്യത്തിൽ തുല്യ നിലപാട് വെച്ചുപുലർത്തുന്നു എന്ന് ജനങ്ങൾ ധരിച്ചുവശാവുന്ന സാഹചര്യം മതനിരപേക്ഷ ജനാധിപത്യത്തിെൻറയും സമാധാനത്തിെൻറയും പാതയിൽനിന്ന് രാജ്യം മൊത്തം തന്നെ വഴുതിേപ്പാവുന്നു എന്ന അപകടകരമായ സന്ദേശമാണ് നൽകുക. അത്രയളവിൽ നിഷ്പക്ഷ-ന്യൂനപക്ഷ മനസ്സുകളിൽ അരക്ഷിതബോധവും നിസ്സഹായതയും വളരുമെന്നതും കോൺഗ്രസിന് പാർലമെൻറിൽ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത പിന്നാക്ക-ന്യൂനപക്ഷങ്ങളെ കൂടി അത് പാർട്ടിയിൽനിന്ന് അകറ്റുമെന്നും തെളിയിക്കേണ്ടതായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.