നന്നായി പെരുമാറുക, എന്തെന്നാൽ...
text_fields2012 ഒക്ടോബറിൽ ‘ഹിന്ദു’ ദിനപത്രം ക്ലാസ് റൂമിലെ മാതൃക പാർലമെൻറിെൻറ പരസ്യം പുറത്തിറക്കിയിരുന്നു. സമകാലിക നിയമ നിർമാണസഭകളിൽ അരങ്ങേറുന്ന അക്രമങ്ങളും ആഭാസങ്ങളും അതേപോലെ ചിത്രീകരിച്ച, ജനശ്രദ്ധയാകർഷിച്ച ആ പരസ്യം അവസാനിക്ക ുന്നത് ഒരു മുന്നറിയിപ്പ് വാചകത്തോടെയാണ്: ‘നന്നായി പെരുമാറുക; ചെറുപ്പക്കാർ കണ്ടുകൊണ്ടിരിക്കുകയാണ്’. അമാന്യവാ ക്കുകൾ അശരീരിപോലെ നിയമനിർമാണസഭകളിൽ ഉയരുകയും തിരുത്താതെ ന്യായീകരിക്കപ്പെടുകയും ചെയ്യുമ്പോൾ നമ്മുടെ നിയമസാമാജികരെയും മന്ത്രി പുംഗവന്മാരെയും വീണ്ടും ഓർമപ്പെടുത്തേണ്ടിവരുന്നു: നന്നായി പെരുമാറുക; ജനം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്.
അർഥപൂർണതയും സാംസ്കാരിക സമ്പന്നതയും പരിലസിക്കുന്ന സംവാദ ഭൂമികയായിരുന്നില്ല ചരിത്രത്തിലൊരിക്കലും നിയമനിർമാണസഭകൾ.
നൂലിഴ കീറിയ നിയമനിർമാണ ചർച്ചകളേക്കാൾ എന്നും നിയമസഭക്ക് പഥ്യമായിരുന്നത് വാഗ്വാദങ്ങളും പ്രക്ഷുബ്ധതകളും ഗ്വാഗ്വാ വിളികളും ശാരീരികാക്രമണങ്ങളുമായിരുന്നു. ജനങ്ങളുടെമേൽ പ്രയോഗിക്കുന്ന ഭൂരിപക്ഷം നിയമങ്ങളുടെയും നിർമാണം നടക്കുന്നത് വൈകാരിക വാക്കുതർക്കങ്ങളിലും ഇറങ്ങിപ്പോകലുകൾക്കുമിടയിലെ ഏതോ ഒരു ശൂന്യ നിമിഷങ്ങളിലാണ് എന്നതാണ് അനുഭവം. വിരുദ്ധ താൽപര്യങ്ങളുള്ള ഭരണപക്ഷവും പ്രതിപക്ഷവും സമ്മേളിക്കുന്ന നിയമസഭ പവിത്രമായ സാംസ്കാരിക സമുച്ചയങ്ങളായി പരിവർത്തിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നത് ആനമണ്ടത്തമായിരിക്കാം. എന്നിരുന്നാലും, ആഭാസ വർത്തമാനങ്ങളുടെ കേളീരംഗമായി അധഃപതിക്കരുതെന്ന മിനിമം ആവശ്യമെങ്കിലും ഉറപ്പുവരുത്താൻ ഭരണ -പ്രതിപക്ഷ കക്ഷികൾക്ക് ബാധ്യതയില്ലേ? ഗർവിെൻറ പ്രകടനവേദികളാണോ നമ്മുടെ നിയമസഭയുടെ അകത്തളം?
സി.പി.എം പ്രവർത്തകർ രണ്ടു യൂത്ത് കോൺഗ്രസുകാരെ കൊലപ്പെടുത്തിയ, പെരിയ കേസിെൻറ പേരിലെ പ്രമേയാവതരണമാണ് നിയമസഭയിൽ അസഭ്യപ്രയോഗങ്ങളിലേക്കും പോർവിളികളിലേക്കും നയിച്ചത്. ഷാഫി പറമ്പിലിെൻറ അടിയന്തരപ്രമേയാവതരണം മുഖ്യമന്ത്രിയെ അങ്ങേയറ്റം പ്രകോപിപ്പിച്ചുവെന്ന് തെളിയിക്കുന്നതാണ് മറുപടി പ്രസംഗത്തിൽ അദ്ദേഹം ഉപയോഗിച്ച വാക്പ്രയോഗങ്ങളും ശരീരഭാഷയും. വിടുവായത്തമെന്ന വാക്ക് അനേകം തവണ ആവർത്തിച്ചുകൊണ്ടിരുന്നു.
പ്രകോപിതരായി ഇളകിമറിഞ്ഞ പ്രതിപക്ഷത്തിനുനേരെ പൊടുന്നനെ സഭ്യേതര വാക്കുകൾ ഉയർന്നത് എല്ലാവരെയും ഞെട്ടിക്കുന്നതും സാംസ്കാരിക കേരളത്തിന് നാണക്കേടുമാണ്. മന്ത്രി ജയരാജന് താൻ മൈക്ക് നൽകിയില്ലെന്നും സഭ്യേതരമായി അദ്ദേഹം പറഞ്ഞത് എന്തെങ്കിലും രേഖയിൽ ഉണ്ടെങ്കിൽ നീക്കുമെന്നും മര്യാദയില്ലാത്ത കമൻറുകൾ ശരിയല്ലെന്നുമുള്ള സ്പീക്കറുടെ വിശദീകരണമാണ് സഭയെ പിന്നീട് ശാന്തമാക്കിയത്. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോഴേ പ്രതിപക്ഷത്തുനിന്ന് ഒച്ചപ്പാടുകൾ ഉയർന്നു. കേൾക്കാനുള്ള സന്നദ്ധതയും മാന്യതയുടെ ലക്ഷണമാണ്. വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലും സഭ്യേതരമാവരുത് സഭ.
തെറിവാക്കുകളെ വാമൊഴി വഴക്കങ്ങളുടെ പട്ടികയിൽപെടുത്തുന്നത് വാമൊഴി പാരമ്പര്യത്തോട് ചെയ്യുന്ന കടുത്ത അന്യായമാണ്. പ്രാദേശികപ്രയോഗങ്ങളും വാമൊഴികളും ഭാഷയുടെ സത്തും സൗന്ദര്യവുമാണ്. ഭാഷയുടെ ദേശാന്തര പ്രയോഗങ്ങളും വാക്കുകളുടെ അർഥഭേദങ്ങളും ഇതര ദേശവാസികൾക്ക് അരുചി തോന്നാമെങ്കിലും അതുൾക്കൊള്ളാനുള്ള ശേഷി നേടുകയാണ് ഭാഷയുടെ ജനാധിപത്യപരത. എന്നാൽ, വാമൊഴിയിലായാലും അച്ചടിയിലായാലും തെറിപ്രയോഗങ്ങൾ തെറി തന്നെയാണ്. അത് സാംസ്കാരിക ശൂന്യതയുടെ പ്രതിഫലനമാണ്. അതിനെ വാമൊഴിയായി വ്യാഖ്യാനിക്കുന്നത് ഭാഷയോടും സംസ്കാരത്തോടും ചെയ്യുന്ന അന്യായമാണ്.
പൊതുവിൽ ഒരു വാക്കിനെ അസഭ്യമായി വ്യവഹരിക്കുന്നത് അതിലടങ്ങിയ അർഥധ്വനിയിലൂടെയും സമൂഹം അതിനെ മനസ്സിലാക്കുന്ന ആശയധ്വനിയിലൂടെയുമാണ്. എന്നാൽ, സവിശേഷമായ സ്ഥലകാല സന്ദർഭങ്ങളിൽ അമാന്യമല്ലാത്ത വാക്കും സഭ്യേതരമായി മാറും എന്ന കാര്യവും വിസ്മരിക്കുന്നില്ല. വെറുപ്പിെൻറ മാനസികഭാവമാണ് യഥാർഥത്തിൽ തെറിയായി ഭാഷയിലൂടെ പുറത്തുവരുന്നത്. ഒരു വ്യക്തിയെയോ സമൂഹത്തെയോ അപമാനിക്കാനും ഇകഴ്ത്താനുമുള്ള അധികാരപ്രയോഗമായാണ് തെറികൾ ഉരുവം കൊള്ളുന്നതെന്ന് ഇടതുപക്ഷത്തെ പഠിപ്പിക്കേണ്ടതില്ല. അസഭ്യമായി വ്യവഹരിക്കപ്പെടുന്ന പല വാക്കും സാംസ്കാരിക, വംശീയ വരേണ്യതയെയും മുൻവിധികളേയും പേറുന്നതായിരിക്കും. പലപ്പോഴുമത് പൂർവികരുടെ വേരുകളെവരെ മുറിപ്പെടുത്തുകയും ചെയ്യും.
ഭരണനേതൃത്വത്തിൽനിന്നു വരുന്ന ഭാഷയുടെ അമിതാധികാരധ്വനികൾ ജനാധിപത്യസംവിധാനത്തിൽ അസഹനീയമാണ്. ബോധപൂർവമല്ലായിരിക്കാം, വിടുവായത്തമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചാവർത്തിച്ച് പ്രയോഗിക്കുന്നതിലൂടെ സംഭവിക്കുന്നത് ഭാഷയുടെ അമിതാധികാര പ്രയോഗം തന്നെയാണ്. സാഹചര്യത്തിെൻറ വൈകാരികതയിലായിരിക്കാം, ഇ.പി. ജയരാജൻ നടത്തിയ അനിയന്ത്രിത പ്രയോഗങ്ങളും ജനാധിപത്യ സാമൂഹിക ക്രമത്തിൽ വലിയ വിലകൊടുക്കേണ്ട തരമാണ്. ജനപ്രതിനിധികളും മനുഷ്യരെന്ന നിലക്ക് തെറ്റുകൾക്ക് അതീതരല്ല.
പക്ഷേ, വീഴ്ചകൾ തിരുത്താൻ തയാറാകുമ്പോഴാണ് ഏവരും സാംസ്കാരിക ജീവിയാകുന്നത്. ഗർവിെൻറ അധികാര പ്രയോഗങ്ങളും ജനാധിപത്യപരമായ സംവാദാത്മകതയും ജനത്തിന് വേർതിരിച്ചറിയാം. മികച്ച അവസരത്തിൽ അനുയോജ്യമായ രീതിയിൽ പ്രതികരിക്കുന്നതിലും അവർ മിടുക്കരാണ്. നിയമസാമാജികരും ഭരണീയരും അത് മനസ്സിലാക്കണം. അന്തസ്സുള്ള പെരുമാറ്റങ്ങളിലേക്കും ജനാധിപത്യപരമായ ഭാഷാപ്രയോഗങ്ങളിേലക്കും മടങ്ങുന്നതാണ് അവരുടെതന്നെ രാഷ്ട്രീയഭാവിക്ക് ഉചിതം. എന്തെന്നാൽ, ജനം എല്ലാം കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.