കേരളം അറുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍
text_fields1956ല്‍ ഭാഷാടിസ്ഥാനത്തില്‍ നടന്ന സംസ്ഥാന പുന$സംഘടനയുടെ ഭാഗമായി തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം നിലവില്‍വന്നതിന്‍െറ അറുപതാം പിറന്നാള്‍ സമുചിതമായി ആഘോഷിക്കുകയാണ് നാമിന്ന്. സംഭവബഹുലമായ ആറു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ കേരളത്തിന്‍െറ വളര്‍ച്ചയും തളര്‍ച്ചയും അവലോകനം ചെയ്യുക സ്വാഭാവികമാണ്. 1951ലെ 1.35 കോടിയില്‍നിന്ന് 2011ലെ കണക്കെടുപ്പുപ്രകാരം കേരളീയരുടെ സംഖ്യ 3.34 കോടിയിലധികമായി വര്‍ധിച്ചിട്ടും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശിശുമരണ നിരക്കിലും ആളോഹരി വരുമാനത്തിലും വ്യവസായികമായും സംസ്ഥാനം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു എന്നത് ചാരിതാര്‍ഥ്യത്തിനും സംതൃപ്തിക്കും വകനല്‍കുന്നതാണ്. 1956ല്‍ പ്രതിശീര്‍ഷ വരുമാനം 219 രൂപ മാത്രമായിരുന്നത് 2015ല്‍ ഒന്നര ലക്ഷമായി ഉയര്‍ന്നത് ജീവിത നിലവാര സൂചികയുടെ ഉയര്‍ച്ചകൂടി കണക്കിലെടുത്താലും ശരാശരി കേരളീയന്‍െറ ജീവിത സാഹചര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടതിന്‍െറ തെളിവായി കാണണം. 1951ല്‍ 47.18 മാത്രമായിരുന്നു കേരളത്തിന്‍െറ സാക്ഷരതാ നിരക്കെങ്കില്‍ 2011ല്‍ അത് 93.91 ആയി കുതിച്ചുയരുകവഴി ദേശീയ തലത്തില്‍തന്നെ മുന്‍നിരയിലത്തെി.
1957ല്‍ ശിശുമരണനിരക്ക് ആയിരത്തിന് 61 ആയിരുന്നു. 2014ല്‍ അത് 12 മാത്രമായി. 1956ല്‍ 17,182 കിലോമീറ്റര്‍ റോഡ് മാത്രമായിരുന്ന സ്ഥാനത്ത് 2015ല്‍ 1,73,592 കിലോമീറ്ററായി റോഡുകളുടെ സ്ഥിതി മെച്ചപ്പെട്ടു. അറുപതുവര്‍ഷം മുമ്പ് ടെലിഫോണ്‍ സമ്പന്നര്‍ക്കുമാത്രം വിധിച്ച ആഡംബര വസ്തുവായിരുന്നപ്പോള്‍ ഇന്ന് മൊബൈല്‍ ഫോണും സ്മാര്‍ട്ട് ഫോണും കൈയിലില്ലാത്തവരുടെ എണ്ണമെടുക്കുകയാണ് എളുപ്പം. അന്ന് സാദാ സൈക്കിള്‍പോലും ഗ്രാമങ്ങളില്‍ അപൂര്‍വമായിരുന്നെങ്കില്‍ അത്യാധുനിക ദ്വിചക്ര, നാലുചക്ര വാഹനങ്ങള്‍കൊണ്ട് വീഥികള്‍ വീര്‍പ്പുമുട്ടുന്നതാണ് കേരളം നേരിടുന്ന മുഖ്യ പ്രശ്നങ്ങളിലൊന്ന്. ചുരുക്കത്തില്‍ ദേശീയ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് ഗ്രാമങ്ങളേ ഇല്ളെന്ന് പറയണം. വൈദ്യുതി, ഫോണ്‍, ടി.വി, വാഹനം തുടങ്ങിയ സൗകര്യങ്ങള്‍ ഏതാണ്ട് മുഴുവന്‍ ജനസംഖ്യക്കും ലഭ്യമായി കഴിഞ്ഞിരിക്കുന്നു. ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്നവരുടെ സംഖ്യ ഏഴു ശതമാനമായി കുറഞ്ഞു. അവരുടെപോലും അവസ്ഥ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ ഭേദമാണുതാനും.
താഴ്ന്നവരോ ഉയര്‍ന്നവരോ ആയ ഇടത്തരക്കാരുടെ ഇടമായി കേരളം മാറിക്കഴിഞ്ഞു. പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ കാലത്ത് നടപ്പിലായ ഭൂപരിഷ്കരണം, ഗൗരവതരമായ പരിമിതികള്‍ക്കുള്ളിലാണെങ്കിലും കേരളത്തിന്‍െറ വികസനത്തിന് നാന്ദി കുറിച്ചു എന്ന് സമ്മതിക്കലാണ് നീതി. എന്നാല്‍, ഭാവിയിലേക്ക് നോക്കുമ്പോള്‍ സമാശ്വസിക്കാനും പ്രതീക്ഷിക്കാനും വകനല്‍കാത്ത പ്രശ്നങ്ങളും പ്രതിസന്ധികളും കേരളം നേരിടുന്നുണ്ട് എന്ന സത്യം അവഗണിക്കുന്നത് ആത്മഹത്യാപരമാവും. സംസ്ഥാനത്തിന്‍െറ അഭിമാനമായിരുന്ന വിദ്യാഭ്യാസം ഗുണപരമായി താഴോട്ടു കുതിക്കുന്നതും നമ്മുടെ യൂനിവേഴ്സിറ്റികള്‍ നിലവാരത്തകര്‍ച്ചയുടെ മാതൃകകളായി മാറുന്നതും പുതിയ തലമുറകളെ ഉത്കണ്ഠാകുലരാക്കുകയാണ്. അതോടൊപ്പം സാങ്കേതിക വൈദഗ്ധ്യം നേടിയ അനേകായിരങ്ങള്‍ തൊഴിലില്ലാതെ അലയുന്ന സ്ഥിതിവിശേഷവുമുണ്ട്. മൊത്തം യുവസമൂഹത്തെ നിര്‍വീര്യരും കര്‍മവിമുഖരും അരാജകവാദികളുമാക്കുന്നവിധം ലഹരിവസ്തുക്കളുടെ ഉപഭോഗം മുന്‍ റെക്കോഡുകള്‍ ഭേദിച്ച് വ്യാപകമാവുകയാണ്. സ്ത്രീപീഡനവും അശ്ളീലാസക്തിയും കുടുംബത്തകര്‍ച്ചയും കുറ്റകൃത്യങ്ങളും അപ്രതിരോധ്യമായ പതനത്തിലത്തെിയിരിക്കുന്നു.
അമ്മാതിരി സംഗതികള്‍ അനാരോഗ്യകരവും അപകടകരവുമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രതിലോമപരമെന്നും മൗലികവാദമെന്നും ഉറക്കെപറയുന്ന ആണ്‍-പെണ്‍ യുവാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നു. പട്ടിണി നിര്‍മാര്‍ജനം ചെയ്യുന്നതില്‍ ഒരുപരിധിവരെ നാം വിജയിച്ചുവെന്ന് അവകാശപ്പെടുമ്പോഴും പോഷകാഹാരക്കമ്മിമൂലം ജീവച്ഛവങ്ങളായി കഴിയുന്ന കുഞ്ഞുങ്ങളടക്കമുള്ളവരുടെ ദീനരോദനം ഇപ്പോഴും മുഴങ്ങുന്നുണ്ട്. അവശ്യസാധനങ്ങളുടെ വില, പൊതുവിതരണ ശൃംഖലയെ നോക്കുകുത്തിയാക്കി, കുതിച്ചുയരുന്നു. പാര്‍പ്പിടമില്ലാതെ ആകാശത്തിനു താഴെ അന്തിയുറങ്ങുന്നവരുടെ പ്രശ്നം ഇനിയും പരിഹരിക്കാനായിട്ടില്ല. കാര്‍ഷികമേഖല അഭൂതപൂര്‍വമായ തകര്‍ച്ചയെ നേരിടുകയാണ്. അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മാരക വ്യാധികള്‍, പെരുകുന്ന ആശുപത്രികളുടെയും ഭിഷഗ്വരന്മാരുടെയും എണ്ണത്തെ തോല്‍പിച്ച് പടര്‍ന്നുകയറുന്നു. പരിസ്ഥിതി മലിനീകരണം കേരളം നേരിടുന്ന വന്‍ വിപത്തായി മാറുന്നു. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം പൂര്‍ണമായി അവസാനിപ്പിച്ച സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടിരിക്കത്തെന്നെ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ വഴികള്‍ കണ്ടത്തൊതെ അന്തംവിട്ടുനില്‍ക്കുകയാണ് സര്‍ക്കാറും സമൂഹവും.
അനുനിമിഷം അനിയന്ത്രിതമാവുന്ന വാഹനപ്പെരുപ്പം റോഡ് ഗതാഗതത്തെ കഠിനശിക്ഷയാക്കി മാറ്റിയിരിക്കുന്നു. നമ്മുടെ സമ്പദ്വ്യവസ്ഥയെ മുഖ്യമായും താങ്ങിനിര്‍ത്തിയിരുന്ന വിദേശനാണ്യം പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവോടെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. അവരുടെ പുനരധിവാസമാകട്ടെ, പ്രതിവിധി തേടുന്ന വന്‍ പ്രശ്നവും. കേരളത്തിന്‍െറ വികസനത്തിനും പ്രശ്നപരിഹാരത്തിനുമുള്ള സമസ്ത സാധ്യതകളെയും അട്ടിമറിക്കുന്നതാണ് ഭരണതലത്തിലെ അഴിമതി. അതിനെതിരെ പ്രഖ്യാപിക്കപ്പെടുന്ന പോരാട്ടവും അവകാശവാദങ്ങളും എങ്ങുമത്തെുന്നതായി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല. എല്ലാറ്റിനും പുറമെയാണ് ജനങ്ങളെ ജാതിയുടെയും മതത്തിന്‍െറയും പേരില്‍ ധ്രുവീകരിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ പിഴുതെറിയാനുമുള്ള ആസൂത്രിത നീക്കങ്ങള്‍. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഗൗരവതരമായ ഈ സമസ്യകളുടെ പരിഹാരത്തെക്കുറിച്ചായിരിക്കട്ടെ സര്‍ക്കാറിന്‍െറയും പാര്‍ട്ടികളുടെയും ജനങ്ങളുടെയും ആലോചനകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.