ഭൂവിനിയോഗത്തെക്കുറിച്ച ആലോചനകൾ
text_fieldsസംസ്ഥാനത്തെ ഭൂവിനിയോഗത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായ ി സമിതിയെ നിശ്ചയിക്കാൻ തീരുമാനിച്ചതായി ബുധനാഴ്ച മന്ത്രിസഭ യോഗത്തിനുശേഷം മുഖ്യമ ന്ത്രി അറിയിക്കുകയുണ്ടായി. ജല വിഭവ വകുപ്പ് ഡയറക്ടർ അധ്യക്ഷനായ സമിതി മൂന്നു മാസത് തിനകം റിപ്പോർട്ട് സമർപ്പിക്കും. ഏതൊക്കെ സ്ഥലത്തു താമസിക്കാം, വീടു വെക്കാം തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും. പ്രകൃതിയിൽനിന്നുള്ള കൂടുതൽ വസ്തുക്കൾ ഉപയോഗപ്പെടുത്തിയുള്ള നിർമാണ രീതിക്കു പകരം ബദൽ നിർമാണ രീതികൾ എന്തൊക്കെയാണ്; പ്രീ ഫാബ്രിക്കേറ്റഡ് ഉൽപന്നങ്ങൾ കൊണ്ടുള്ള നിർമാണത്തിെൻറ സാധ്യതകൾ എങ്ങനെ തുടങ്ങിയവയും പഠനവിധേയമാക്കും. കല്ല്, മണൽ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക; പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുണ്ടാവുമ്പോൾ അതിെൻറ ആഘാതങ്ങൾ കുറക്കുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകുക എന്നിവയാണ് സർക്കാർ ലക്ഷ്യമിടുന്നത് -ഇത്രയുമാണ് വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞത്.
കാലങ്ങളായി വിദഗ്ധർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആശയമാണ് കേരളത്തിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട അടിസ്ഥാനതല മാറ്റമെന്നത്. അതു പക്ഷേ, ഗൗരവത്തിൽ എവിടെയും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. കേരളം രണ്ടാമതും വൻ പ്രളയത്തെ അഭിമുഖീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം ഉണ്ടാകുന്നത്. നിശ്ചയമായും സ്വാഗതാർഹമായ നീക്കമാണിത്. അതേസമയം, കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കുറേയധികം പുതിയ ചട്ടങ്ങളുടെ രൂപവത്കരണം എന്ന കുറഞ്ഞ ലക്ഷ്യത്തിൽ അത് അവസാനിച്ചുപോകരുത്. നമ്മുടെ ആവാസഘടനയും ഭൂവിനിയോഗവുമായി ബന്ധപ്പെട്ട അടിസ്ഥാന ഘടനമാറ്റങ്ങൾക്കു വഴിതെളിക്കുന്നതാവണം അത്.
പ്രളയം, ഉരുൾപൊട്ടൽ, കടലാക്രമണം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാവുമ്പോഴെല്ലാം പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചർച്ചകൾ നാട്ടിലുണ്ടാവാറുണ്ട്. ക്വാറി, മണ്ണെടുപ്പ്, മണലൂറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചർച്ചകളിൽ അത് ഒടുങ്ങുകയും ഒതുങ്ങുകയും ചെയ്യും. മേൽപറഞ്ഞ ഏർപ്പാടുകൾ അഭംഗുരം തുടരുകയും ചെയ്യും. നിർമാണ മേഖല സജീവമായ, അതിന് അനുബന്ധമായ വ്യവസായങ്ങൾക്കു വലിയ സാന്ദ്രതയുള്ള ഒരു നാട്ടിൽ ക്വാറിക്കും മണലൂറ്റിനുമെതിെര പരിസ്ഥിതി സിദ്ധാന്തങ്ങൾ എഴുന്നള്ളിച്ചതുകൊണ്ടു കാര്യമൊന്നുമില്ല. ക്വാറിയിൽനിന്നു കൊണ്ടുവന്ന കല്ലും മെറ്റലും ഉപയോഗിച്ചു പണിത കെട്ടിടങ്ങളിലിരുന്നുകൊണ്ടാണ് ഈ സിദ്ധാന്തങ്ങൾ ഉണ്ടാക്കപ്പെടുന്നത് എന്ന വൈരുധ്യവുമുണ്ട്. അതിനാൽതന്നെ നാട്ടാചാരം പോലെ ആവർത്തിക്കപ്പെടുന്ന പരിസ്ഥിതിവാദങ്ങൾകൊണ്ട് പ്രയോഗതലത്തിൽ പ്രത്യേകിച്ചു കാര്യമൊന്നുമില്ല. എല്ലാവരും അണുകുടുംബമായി മാറി, അവർ കഷ്ടപ്പെട്ട് സമ്പാദിച്ചെടുക്കുന്ന ഭൂമിയിൽ അവർക്കിഷ്ടപ്പെട്ട തരത്തിൽ വീടുവെക്കുന്നതിനെ തടയാൻ കഴിയുന്ന സാഹചര്യവുമല്ല ഉള്ളത്. അതിനാൽ, നമ്മുടെ ആവാസഘടനയിൽ കാതലായ മാറ്റം വരുത്താതെ ഈ സങ്കീർണവൃത്തത്തിൽനിന്നു പുറത്തുകടക്കാൻ പറ്റില്ല എന്നതാണ് വസ്തുത.
ലോകത്ത്, ഒരുപക്ഷേ, മറ്റൊരിടത്തുമില്ലാത്ത ആവാസഘടനയാണ് കേരളത്തിലേത്. കേരളം ഒരറ്റം മുതൽ മറ്റേ അറ്റം വരെ അതിസാന്ദ്രമായ ജനവാസ മേഖലയാണ്. കൃഷിഭൂമി, താമസഭൂമി, വ്യവസായഭൂമി തുടങ്ങിയ വേർതിരിവുകളൊന്നും നമുക്കില്ല. എവിടെയാണോ ഏതാനും സെൻറ് ഭൂമി ലഭിക്കുന്നത് അവിടെയൊരു വീടു വെക്കുക എന്നതാണ് രീതി. സാർവത്രികമായ ജല ലഭ്യതയാണ് ഇങ്ങനെയൊരു ആവാസഘടന രൂപപ്പെടാനുള്ള പ്രധാന കാരണം. ഇതിൽ ഘടനപരമായ മാറ്റം വരുത്താൻ സാധിക്കുമോ എന്നതാണ് ചോദ്യം. അതായത്, ഭൂമിയെ അതിെൻറ ഘടന, ആവശ്യം, സ്വഭാവം എന്നിവയനുസരിച്ചു തരംതിരിക്കുക, ഓരോ മേഖലക്കും അതിനാവശ്യമായ പ്രത്യേക നിയമങ്ങളും ചട്ടങ്ങളും കൃത്യപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കേണ്ടി വരും. തണ്ണീർത്തട-നെൽവയൽ സംരക്ഷണ നിയമം, പരിസ്ഥിതി ലോല പ്രദേശ സംരക്ഷണത്തിനായുള്ള നിയമങ്ങൾ, വന നിയമങ്ങൾ തുടങ്ങിയ ചിതറിക്കിടക്കുന്ന നിയമങ്ങളാണ് ഈ മേഖലയിലുള്ളത്. അവയെല്ലാം പുനഃപരിശോധനക്കു വിധേയമാക്കേണ്ടി വരും. ഓരോരുത്തരും അവർക്കു തോന്നുന്നിടത്തു വീടുവെക്കുകയും കെട്ടിടം പണിയുകയും ചെയ്യുന്ന രീതി മാറ്റി; താമസം, വ്യവസായം, കൃഷി തുടങ്ങിയ ആവശ്യങ്ങൾക്കായി മേഖലകൾ തരംതിരിച്ചു നിജപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കേണ്ടി വരും. ഈ നിലയിൽ ഘടനമാറ്റങ്ങൾ നടപ്പാക്കുമ്പോൾ യാത്ര, റോഡ്, ഇന്ധനച്ചെലവ്, കാർബൺ നിർഗമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. അതേസമയം, ഇതൊന്നും പറയുന്നതുപോലെ എളുപ്പമല്ല. തലമുറകളായി ശീലിച്ച രീതികൾ നമുക്കുണ്ട്. ഒരു സുപ്രഭാതത്തിൽ ഒരു കമ്മിറ്റി റിപ്പോർട്ട് കൊണ്ട് അതു മാറ്റിമറിക്കാൻ സാധ്യമല്ല. സമൂഹത്തിലെ എല്ലാ തലത്തിലും നടക്കുന്ന അതിവിപുലമായ കൂടിയാലോചനകളിലൂടെയും സംവാദങ്ങളിലൂടെയും ആശയസമന്വയത്തിലെത്തിയതിനു ശേഷം മാത്രമേ അതു സാധ്യമാവൂ. കഠിനതരമായ അത്തരമൊരു പ്രയത്നത്തിനു തുടക്കമിടേണ്ട സന്ദർഭമാണിത്. സർക്കാറിെൻറ പുതിയ കമ്മിറ്റി അത്തരമൊരു മഹായത്നത്തിനുള്ള തുടക്കം കുറിക്കുമെന്നു പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.