വിദ്യാഭ്യാസ രംഗത്തെ കേരള മോഡല്‍ വിവേചനം
text_fieldsഎസ്.എസ്.എല്‍.എസി പരീക്ഷ ഫലങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. കോവിഡ് കാലത്ത് കുഴപ്പങ്ങളൊന്നുമില്ലാതെ പരീക്ഷ നടത്തി അധികം വൈകാതെ ഫലം പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ വിദ്യാഭ്യാസ വകുപ്പിന് നിശ്ചയമായും അഭിമാനിക്കാം. എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നതോടെ സ്വാഭാവികമായും ഉപരിപഠനത്തിന് കുട്ടികളെ സജ്ജമാക്കുന്ന തിരക്കുകളിലും ഉത്കണ്ഠകളിലുമായിരിക്കും രക്ഷിതാക്കള്‍. ആ പശ്ചാത്തലത്തില്‍ പലകുറി ഈ കോളത്തില്‍ ഉന്നയിക്കപ്പെട്ട വിഷയംതന്നെയാണ് വീണ്ടും എഴുതാന്പോകുന്നത്. അതായത്, ഉപരിപഠന സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം അതിഭീകരമായ ഭൂമിശാസ്ത്ര വിടവ് അനുഭവിക്കുന്നുണ്ട്. അതായത്, മലബാര്‍ മേഖലയില്‍ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ഉപരിപഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ആ വിടവ് ഇന്നും നികത്തപ്പെടാതെ തുടരുകയാണ്.
കണക്കുകളിലേക്ക് കടന്നാല്‍ ധാരാളമുണ്ട് ഉദ്ധരിക്കാന്‍. മലപ്പുറം ജില്ലയില്‍ 76,633 കുട്ടികളാണ് എസ്.എസ്.എല്‍.സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്. എന്നാല്‍, ഹയര്‍ സെക്കൻഡറി, വി.എച്ച്.എസ്.സി, ടി.എച്ച്.എസ്.സി, പോളിടെക്നിക്, ഐ.ടി.ഐ എന്നിവയെല്ലാം ചേര്‍ത്ത് ആ ജില്ലയില്‍ ലഭ്യമായ സീറ്റുകള്‍ 52,100 മാത്രമാണ്. അതായത്, ആ ജില്ലയിലെ 24,533 കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമില്ല. ആ ജില്ലയിലെ മികച്ച വിജയം നേടിയ കുട്ടികള്‍ക്കു പോലും ഇഷ്ടപ്പെട്ട സ്ട്രീം തിരഞ്ഞെടുത്ത് ഉപരിപഠനം നടത്താന്‍ നന്നായി പ്രയാസപ്പെടേണ്ടി വരും. മലബാറിലെ എല്ലാ ജില്ലയിലും ഏതാണ്ടിങ്ങനെത്തന്നെയാണ് കണക്കുകള്‍. തൃശൂര്‍ 1455, പാലക്കാട് 11,117, കോഴിക്കോട് 7203, വയനാട് 1804, കണ്ണൂര്‍ 3840, കാസര്‍കോട് 5874 എന്നിങ്ങനെയാണ് മറ്റു മലബാര്‍ ജില്ലകളിലെ സീറ്റുകളുടെ കുറവ്. ഈ വര്‍ഷം പൊടുന്നനെ സംഭവിച്ചതല്ല ഈ കുറവുകള്‍. വര്‍ഷങ്ങളായി ഈ ജില്ലകളില്‍ ഇങ്ങനെത്തന്നെയാണ് കാര്യങ്ങള്‍. അങ്ങേയറ്റം വിചിത്രവും ക്രൂരവുമായ ഒരു മറുവശവും കൂടിയുണ്ട് ഇതിന്. മലബാറില്‍ സീറ്റുകളുടെ കുറവ് കാരണം പതിനായിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും കഷ്ടപ്പെടുകയാണെങ്കില്‍ തെക്കന്‍ കേരളത്തില്‍ കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥികളേക്കാള്‍ കൂടുതലാണ് ഉപരിപഠനത്തിനുള്ള സീറ്റുകള്‍. വിവിധ ജില്ലകളില്‍ അധികമായ സീറ്റുകളുടെ കണക്ക് ഇങ്ങനെ: തിരുവനന്തപുരം 2054, പത്തനംതിട്ട 1865, ആലപ്പുഴ 58, കോട്ടയം 1676, ഇടുക്കി 160, എറണാകുളം 727. നോക്കൂ, സന്തുലിത വികസനത്തിെൻറയും സാമൂഹിക നീതിയുടെയും ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലാണ് ഹയര്‍സെക്കൻഡറി വിദ്യാഭ്യാസ രംഗത്ത് ഇത്രയും ഭീകരമായ വിവേചനം നിലനില്‍ക്കുന്നത്. സംസ്ഥാനത്തിെൻറ ഒരു ഭാഗത്ത് ആവശ്യത്തിലധികം സീറ്റുകള്‍, മറ്റൊരു ഭാഗത്ത് ആവശ്യത്തിന് അടുത്തുപോലും സീറ്റുകളില്ല, എന്നിട്ടും നാമെത്ര കാലമായി കേരള മോഡല്‍ എന്ന വീമ്പുപറച്ചിലുമായി നടക്കുന്നു!
ഹയര്‍സെക്കൻഡറി സീറ്റുകളുടെ കാര്യത്തില്‍ മാത്രമാണ് ഈ വിവേചനം നിലനില്‍ക്കുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. ഹയര്‍ സെക്കൻഡറി പാസാകുന്നവരുടെ എണ്ണവും സംസ്ഥാനത്ത് ലഭ്യമായ ബിരുദ സീറ്റുകളുടെ എണ്ണവും എടുത്താല്‍ 21.11 എന്നതാണ് സംസ്ഥാനത്തെ ശരാശരി അനുപാതം. എന്നാല്‍, മലബാറിലെ എല്ലാ ജില്ലകളും ഈ ശരാശരി അനുപാതത്തിന് താഴെയാണ്. മലപ്പുറം ജില്ലയാണ് ഇതില്‍ ഏറ്റവും പിറകില്‍. 10.18 ആണ് ജില്ലയുടെ അനുപാതം. ബിരുദാനന്തര പഠന സൗകര്യത്തിെൻറ കാര്യത്തിലും ചിത്രം ഇങ്ങനെത്തന്നെ.
മലബാര്‍ മേഖലയോടുള്ള വിവേചനം കേവലം വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല എന്നതാണ് വാസ്തവം. ഭരണകൂട സേവനങ്ങളുടെ ഏത് മേഖല എടുത്ത് പരിശോധിച്ചാലും ഇതുതന്നെയാണ് അവസ്ഥ. വിവിധ വിദ്യാര്‍ഥി സംഘടനകളും വിദ്യാഭ്യാസ പ്രവര്‍ത്തകരും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ അല്പമെങ്കിലും പൊതുശ്രദ്ധയില്‍ വന്നത്. പക്ഷേ, അവര്‍ അത് നിരന്തരം ഉന്നയിക്കുക എന്നതല്ലാതെ, പ്രായോഗികമായ എന്തെങ്കിലും പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ സന്നദ്ധമായിട്ടില്ല. ഹയര്‍സെക്കൻഡറി ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എല്ലാ ബാച്ചിലും ഏതാനും സീറ്റുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കുക എന്നതാണ് പതിവ്. ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും അപ്പുറമുള്ള വിദ്യാര്ഥികളെക്കൊണ്ട് ക്ലാസ് മുറികള്‍ വീര്‍പ്പുമുട്ടുക എന്നല്ലാതെ, അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. മലബാറിലെ വിദ്യാര്‍ഥികള്‍ അങ്ങനെയൊക്കെ പഠിച്ചാല്‍ മതി എന്നതാണ് ഭരണകൂട സമീപനം. പക്ഷേ, പിന്നെയും നാം കേരള മോഡലിനെക്കുറിച്ച് ഗീര്‍വാണം വിട്ടുകൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.