പുതിയ സംവരണ നിലപാട് സർക്കാർ തിരുത്തണം
text_fieldsഏതാനും ദിവസം മുമ്പ് കേരളത്തിലെ ഇടതുമുന്നണി മന്ത്രിസഭ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിലെ സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നു; കേരളത്തിൽ സാമ്പത്തികസംവരണം നടപ്പാക്കാൻ പോകുകയാെണന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭ തീരുമാനത്തിൽ വിശദീകരിച്ചതുപോലെ, സർക്കാർ സർവിസിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നടപ്പാക്കുന്നതിെൻറ ആദ്യഘട്ടമായി ദേവസ്വം ബോർഡിലെ നിയമനത്തിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണമേർപ്പെടുത്തുകയാണ്. സാമ്പത്തിക സംവരണ പ്രഖ്യാപനത്തിൽ പട്ടികജാതി വിഭാഗങ്ങൾക്ക് രണ്ടു ശതമാനവും ഈഴവ സമുദായത്തിന് മൂന്നു ശതമാനവും ഇതര പിന്നാക്കവിഭാഗങ്ങൾക്ക് മൂന്നു ശതമാനവും സംവരണത്തോത് ഉയർത്തുമെന്നുകൂടി പ്രഖ്യാപിച്ചിട്ടുണ്ട്.
സാമൂഹികനീതിക്കുവേണ്ടിയുള്ള പുതിയ സംവരണമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഭരണഘടന ഭേദഗതിക്കുള്ള ആഹ്വാനവും അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു പടികൂടി കടന്ന്, സാമ്പത്തിക സംവരണം നടപ്പാക്കാൻ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് സാധിക്കുമോയെന്ന വെല്ലുവിളിതന്നെ ഉയർത്തിയിരിക്കുന്നു. മുന്നാക്ക സമൂഹത്തിലെ 90 ശതമാനം പേർക്ക് ആനുകൂല്യം എടുത്തുകളഞ്ഞിരിക്കുന്നുവെന്ന വസ്തുത മനസ്സിലാക്കാതെയാണ് തെറ്റിദ്ധാരണജനകമായ പ്രചാരണങ്ങൾ നടക്കുന്നതെന്നും 10 ശതമാനം പേർക്കു മാത്രമായി സംവരണം നിജപ്പെടുത്തുകയാണ് സർക്കാർ ചെയ്തതെന്നുമുള്ള വിചിത്രമായ വാദഗതിയും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
1991ൽ പി.വി. നരസിംഹറാവു നടപ്പാക്കാൻ ശ്രമിച്ച് സുപ്രീം കോടതിയിൽ പരാജയപ്പെട്ട സാമ്പത്തിക സംവരണ നയമാണ് 2017ൽ പിണറായി വിജയൻ നടപ്പാക്കാനൊരുമ്പെടുന്നത്. 25 സംവത്സരങ്ങൾക്കുമുമ്പ് പ്രമാദമായ ഇന്ദ്ര സാഹ്നി കേസിൽ സാമ്പത്തിക സംവരണം ഭരണഘടനവിരുദ്ധമെന്ന ഒമ്പതംഗ ബെഞ്ചിെൻറ വിധിന്യായത്തിലൂടെ റദ്ദാക്കിയ ഒരാശയം സി.പി.എം പുനരാനയിക്കുന്നതിെൻറ രാഷ്ട്രീയവും സാമൂഹികവുമായ അനിവാര്യതയെന്താണ്? ഭരണഘടനയുടെ 16ാം ഖണ്ഡികയിലെ സാമൂഹിക സംവരണത്തെക്കുറിച്ച അനുച്ഛേദം തിരുത്താൻ മാത്രം കേരളത്തിൽ ഏതു മുന്നാക്ക ജാതി വിഭാഗമാണ് സാമൂഹികമായി പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നത്? അങ്ങനെ ഏതെങ്കിലുമൊരു ജാതി/സമുദായ വിഭാഗം സാമൂഹികമായി ബഹിഷ്കൃതരായിരിക്കുന്നുവെന്നുന്നയിച്ച പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷിയായിട്ടുണ്ടോ? നിലവിലെ സംവരണ സമൂഹങ്ങളുടെയും മുന്നാക്ക സമുദായങ്ങളുടെയും അധികാരപങ്കാളിത്തത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ കമീഷനെ നിശ്ചയിക്കുകയും സാമൂഹിക സന്തുലനവും അധികാരപങ്കാളിത്തവും കീഴ്മേൽ മറിഞ്ഞിരിക്കുന്നുവെന്നുമുള്ള റിപ്പോർട്ട് പുറത്തുവരുകയും ചെയ്തിട്ടുണ്ടോ? ഏറ്റവും ചുരുങ്ങിയത് മുന്നാക്ക വിഭാഗത്തിൽപെട്ട ജാതി, സാമുദായിക വിഭാഗങ്ങളിൽ ആരെങ്കിലും ഞങ്ങളെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയ പിന്നാക്ക വിഭാഗ വർഗീകരണ കമീഷനു മുന്നിൽ തങ്ങളുടെ പിന്നാക്കാവസ്ഥയുടെ കണക്കുകൾ സമർപ്പിച്ച് സംവരണത്തിന് ആവശ്യമുന്നയിച്ചിട്ടുണ്ടോ? ഭരണഘടനാപരമായ സംവരണത്തിെൻറ തോത് പുനഃപരിശോധിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രതയില്ലായ്മയുടെ ആഴം വെളിപ്പെടുത്തും മേൽ ചോദ്യങ്ങൾക്ക് സർക്കാറും സി.പി.എമ്മും ഉത്തരം പറയാൻ തുനിഞ്ഞാൽ. സാമ്പത്തിക സംവരണം നടപ്പാക്കും മുമ്പ് സാമൂഹിക, രാഷ്ട്രീയ മേഖലയിലെ ജാതിതിരിച്ച കണക്ക് പ്രസിദ്ധപ്പെടുത്താൻ തയാറാകുകയാണ് സർക്കാർ ചെയ്യേണ്ടത്. ജനസംഖ്യാനുസൃതമായി ഏതു വിഭാഗങ്ങൾക്കാണ് അധികാരനഷ്ടം സംഭവിച്ചതെന്ന് വ്യക്തമായിട്ടുവേണമല്ലോ സംവരണത്തോത് അഴിച്ചുപണിയാൻ.
സംവരണമെന്നത് ദാരിദ്ര്യനിർമാർജന യജ്ഞമോ തൊഴിൽദാന പദ്ധതിയോ അല്ലെന്ന് തിരിച്ചറിയാൻ ഇടതുപക്ഷത്തിന് സ്വാതന്ത്ര്യത്തിെൻറ ഏഴു പതിറ്റാണ്ടിനുശേഷവും സാധിച്ചിട്ടില്ല; ജാതിസമുദായങ്ങളുടെ പിന്നാക്കാവസ്ഥയുടെയും അധികാര ബഹിഷ്കരണത്തിെൻറയും കാരണം സാമ്പത്തിക സ്ഥിതിഗതികൾ മാത്രമല്ലെന്ന് തിരിച്ചറിയാനും. സാമൂഹിക അസമത്വത്തെയും സാമ്പത്തിക അസമത്വത്തെയും തത്ത്വദീക്ഷയില്ലാതെ ഉൾച്ചേർത്ത് സംവരണമെന്ന ആശയത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നത് ചരിത്രപരമായി അധികാരം നിഷേധിക്കപ്പെട്ടവരുടെ ഉണർവുകളെ അട്ടിമറിക്കാനുള്ള ഹീനമായ ശ്രമങ്ങളുടെ തുടർച്ചയാണ്. ദാരിദ്ര്യനിർമാർജന യജ്ഞത്തിെൻറ ഗുണഭോക്താക്കൾ സാമൂഹികമായി സുരക്ഷിതമായ വിഭാഗമാകുന്നതോടെ ഒരേ സമയം സാമൂഹിക സുരക്ഷയും സാമ്പത്തിക സുരക്ഷയും ലഭിക്കുന്ന ഏക വിഭാഗമായി മുന്നാക്ക സമൂഹം മാറുകയാണ്.
ബി.ജെ.പിപോലും ദേശീയമായി ഉന്നയിക്കാൻ വൈമനസ്യം കാണിക്കുന്ന ആശയമാണിത്. സാമൂഹികമായി പിന്നാക്കമായവരുടെ അധികാര, രാഷ്ട്രീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ഭരണഘടനാദത്തമായ സംവരണമെന്ന ആശയത്തെ തകിടംമറിക്കുന്നതും സൈദ്ധാന്തികമോ അനുഭവപരമോ ആയ സാധുതയുമില്ലാത്തതുമായ പ്രതിലോമ നിലപാടുമായി സി.പി.എം രംഗപ്രവേശം ചെയ്തിരിക്കുന്നത് താൽക്കാലിക രാഷ്ട്രീയമോഹങ്ങളുടെ സാക്ഷാത്കാരത്തിനുവേണ്ടിയാണ്. അതിനു നൽകേണ്ടിവരുന്ന വില രാഷ്ട്രീയമായും സാമൂഹികമായും കനത്തതായിരിക്കും, തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.