മാതൃഭാഷയെ നടതള്ളരുത്
text_fieldsതിരുവനന്തപുരം പട്ടത്തെ കേരള പി.എസ്.സി കാര്യാലയത്തിനു മുന്നിൽ ഏതാനും ദിവസങ്ങളായി തുടരുന്ന ‘ഭാഷാ സമരം’, നമ്മുടെ അധികാരികളും പൊതുസമൂഹവും അവഗണിച്ചുവോ എന്നു സംശയം. 97 ശതമാനം പേരും മലയാളം സംസാരിക്കുന്ന കേരളത്തിൽ, പി.എസ്.സിയുടെ പ്രവർത്തനങ്ങളിൽ മാതൃഭാഷക്ക് അർഹമായ പ്രാധാന്യം നൽകണമെന്നാവശ്യപ്പെട്ട് തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചിട്ടും ഉത്തരവാദപ്പെട്ടവർക്ക് കുലുക്കമില്ല; കേവലമൊരു ‘സാംസ്കാരിക ഇടപെടൽ’ എന്നതിനപ്പുറം ഈ സമരത്തെ ഏറ്റെടുക്കാൻ നാട്ടിലെ രാഷ്ട്രീയപാർട്ടികളോ വിദ്യാർഥിപ്രസ്ഥാനങ്ങളോ തയാറായിട്ടുമില്ല. പി.എസ്.സി നടത്തുന്ന തൊഴിൽ പരീക്ഷകൾ മാതൃഭാഷയിലും എഴുതാൻ അനുവദിക്കുക, വരാനിരിക്കുന്ന കെ.എ.എസ് പരീക്ഷയുടെ മാധ്യമം മലയാളമാക്കുക, സംസ്ഥാന സർക്കാറിെൻറ ഭാഷാ നയം പി.എസ്.സി അംഗീകരിക്കുക തുടങ്ങി സമരവേദിയിൽ ഉയർന്നുകേൾക്കുന്ന ആവശ്യങ്ങൾ ന്യായവും യുക്തിസഹവുമാണ്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെല്ലാം അതത് മാതൃഭാഷയിലാണ് പി.എസ്.സി പരീക്ഷകൾ നടന്നുവരുന്നത്; ഭാഷാന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടാതിരിക്കാൻ അവർക്ക് പ്രത്യേകപരിഗണന നൽകുകയും ചെയ്യും. എന്തിനേറെ, യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷകൾപോലും മലയാളമടക്കം പ്രാദേശികഭാഷകളിൽ എഴുതാവുന്ന കാലമാണിത്. അപ്പോഴാണ് കേരളത്തിൽ മാതൃഭാഷക്ക് പി.എസ്.സി അയിത്തം കൽപിച്ചിരിക്കുന്നത്. ആലോചിച്ചുനോക്കൂ, മലയാളത്തിൽ ഐ.എ.എസ് പരീക്ഷയെഴുതി കേരളത്തിൽ ജോലിക്കുവരുന്ന സിവിൽ സർവിസ് ഓഫിസറുടെ കീഴിൽ പണിയെടുക്കേണ്ടവരാണ് പി.എസ്.സി റിക്രൂട്ട്മെൻറിലൂടെ സർക്കാർ സർവിസിൽ കയറിപ്പറ്റേണ്ടത്. അവർക്കുള്ള യോഗ്യത പരീക്ഷക്ക് മാതൃഭാഷ വേണ്ടെന്നു പറയുന്നത് എന്തുതരം യുക്തിയാണ്? അടിസ്ഥാനപരമായി കേരള പി.എസ്.സിയുടെ ഭാഷാനയ വൈകല്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനവിഭജനത്തിെൻറ അടിസ്ഥാനത്തിൽ ഐക്യകേരളം യാഥാർഥ്യമായ 1956 നവംബർ ഒന്നിനു തന്നെയാണ് കേരള പി.എസ്.സിയും നിലവിൽ വന്നത്. 1926ൽ സ്ഥാപിക്കപ്പെട്ട പബ്ലിക് സർവിസ് കമീഷൻ ഇന്ത്യൻ റിപ്പബ്ലിക്കിൽ വിഭജിക്കപ്പെട്ടതും ഭാഷാടിസ്ഥാനത്തിലായിരുന്നുവെന്നാണ്ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭാഷയുടെ അടിസ്ഥാനത്തിലുള്ള ഈ സാംസ്കാരിക യുക്തിയെ പിൻപറ്റിയാണ് സർക്കാർ, പി.എസ്.സി സംവിധാനങ്ങളെ സജ്ജമാക്കിയതെങ്കിലും കേരളം എന്തുകൊണ്ടോ പിന്നാക്കം പോയി. കേരളത്തിൽ ഭരണഭാഷ മലയാളമായി പ്രഖ്യാപിക്കപ്പെട്ടിട്ട് രണ്ടു വർഷം മാത്രമേ ആയിട്ടുള്ളൂ. അതുവരെ, സർക്കാർ ഫയലുകളത്രയും ഇംഗ്ലീഷിലായിരുന്നു. സാധാരണക്കാരായ മലയാളികളിൽ എത്രപേർക്ക് ആ ഫയലുകൾ മനസ്സിലാക്കാൻ കഴിയും? കേരളപ്പിറവിതൊട്ട് തുടങ്ങിയ ഒട്ടേറെ സമരങ്ങളുടെ ഫലമായിട്ടാണ് കേരളത്തിൽ മാതൃഭാഷ ഭരണഭാഷയായത്.
അപ്പോഴും പി.എസ്.സി പഴയ ഭാഷാനയം തന്നെ തുടർന്നു. പരീക്ഷകൾ മലയാളത്തിൽകൂടി നടത്താൻ ഇതിനകം സർക്കാർ നിർദേശം നൽകിയതാണ്. വികലന്യായങ്ങൾ നിരത്തി പി.എസ്.സിയുടെ തലപ്പത്തുള്ളവർ ആ നിർദേശങ്ങൾ കാറ്റിൽപറത്തി. ചോദ്യങ്ങൾ മലയാളത്തിലാക്കിയാൽ, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിൽനിന്ന് പഠിച്ചിറങ്ങിയ ഉദ്യോഗാർഥികൾ എന്തുചെയ്യുമെന്നാണ് ഇക്കൂട്ടത്തിലെ ഒരു ചോദ്യം. കേരളത്തിൽ ഏതു സിലബസിൽ പഠിക്കുന്ന വിദ്യാർഥിയും മാതൃഭാഷകൂടി നിർബന്ധമായും പഠിച്ചിരിക്കണമെന്ന നിയമം നിലനിൽക്കുന്ന കാര്യം ചോദ്യം ഉന്നയിക്കുന്നവർ മറന്നുപോകുന്നു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള വിദ്യാഭ്യാസവകുപ്പിെൻറ ശ്ലാഘനീയ നീക്കങ്ങളെയാണ് ഇത്തരം ‘നിർദോഷ’കരമായ ചോദ്യങ്ങൾ പ്രതിരോധിക്കുന്നതെന്നും നാം കാണേണ്ടതുണ്ട്. എന്നിട്ടും സർക്കാറും വിദ്യാഭ്യാസ വകുപ്പുമൊക്കെ മൗനം പാലിക്കുന്നതിെൻറ കാര്യമെന്താണെന്നാണ് ഇനിയും മനസ്സിലാകാത്തത്.
മാതൃഭാഷ മനുഷ്യാവകാശമാണ്. വിവിധ ജനവിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും നിലനിൽപിന് അടിസ്ഥാനം പ്രാദേശിക ഭാഷകളാണ് എന്നതുകൊണ്ടുകൂടിയാണ് ഇതൊരു മനുഷ്യാവകാശ പ്രശ്നം കൂടിയായി ഉയർത്തപ്പെട്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിെൻറ ഭേദഗതി പ്രമേയങ്ങളിലെ, അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പരാമർശങ്ങളിലെല്ലാം ഭാഷാ വൈവിധ്യത്തെ മുറുകെപ്പിടിക്കേണ്ടതിെൻറ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഓരോ നാടിെൻറയും പ്രാദേശിക ഭാഷകൾ സംരക്ഷിക്കപ്പെടുക എന്നത് അടിസ്ഥാനപരമായി മനുഷ്യരാശിയുടെ തന്നെ നിലനിൽപിെൻറ വിഷയമാണ്. മലയാള ഭാഷക്ക് അത്തരമൊരു ദുർഗതി തൽക്കാലമില്ലെങ്കിലും അധികാരിവർഗത്തിെൻറ ഭാഗത്തുനിന്നുണ്ടാകുന്ന അയിത്തം വിദൂര ഭാവിയിൽ ഈ ഭാഷയുടെ നാശത്തിനും വഴിവെച്ചേക്കാം.
ആ അർഥത്തിൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭാഷാസമരം ജനകീയസ്വഭാവം കൈവരിക്കേണ്ടതുണ്ട്. അതേസമയം, ഈ മുദ്രാവാക്യങ്ങൾ മാതൃഭാഷാ മൗലികവാദമായും ഇംഗ്ലീഷ് വിരോധമായും പരിണമിക്കാനും പാടില്ല. കർണാടകയിൽ സമീപകാലത്ത് ഹിന്ദിവിരുദ്ധ പ്രചാരണങ്ങൾ സംഘടിപ്പിക്കപ്പെട്ടത് ‘മാതൃഭാഷാ സ്നേഹ’ത്തിെൻറ പേരിലായിരുന്നു; മഹാരാഷ്ട്രയിലെ മണ്ണിെൻറ മക്കൾവാദത്തിെൻറ കെടുതികളും മറക്കാറായിട്ടില്ല. മൗലികവാദത്തിനപ്പുറം വർത്തമാനലോകത്തിെൻറ അനുരണനങ്ങൾക്കനുസൃതമായ ഭാഷാനയമാണ് രുപപ്പെടേണ്ടത്. അത്തരമൊരു തീരുമാനത്തിലേക്ക് ഭരണകൂടത്തെ വഴികാണിക്കാൻ ഈ സമരത്തിന് കഴിയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.