കേരള (വിരുദ്ധ) സ്റ്റോറി വീണ്ടും പൊളിയുമ്പോൾ
text_fields‘സത്യം ചെരിപ്പിടുമ്പോഴേക്ക് നുണ ലോകസഞ്ചാരം പൂർത്തിയാക്കുന്നു’ എന്ന പഴമൊഴി നിരന്തരം ആവർത്തിക്കേണ്ടിവരുന്നത്ര സംഘടിതവും സുസജ്ജവുമായാണ് ഐ.ടി സെൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, സംഘ്പരിവാർ പ്രായോജകരായുള്ള രാജ്യത്തെ നുണഫാക്ടറികളുടെ പ്രവർത്തനം. രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീകര കൂട്ടായ്മ ഏതെന്നു ചോദിച്ചാൽ ഈ നുണക്കഥകൾ കെട്ടിപ്പടുക്കുകയും നാടൊട്ടുക്ക് പ്രചരിപ്പിക്കുകയും ജനങ്ങളെ വെറുപ്പിന്റെയും സംശയത്തിന്റെയും നിഴലിൽ നിർത്തി തമ്മിൽ തല്ലിച്ച് നശിപ്പിക്കുകയും ചെയ്യുന്ന ഈ ശക്തി എന്നുതന്നെയാണുത്തരം. കിംവദന്തികൾ പരത്തുന്നതിലും കലാപങ്ങൾ സൃഷ്ടിക്കുന്നതിലും അവർ വഹിച്ചുവരുന്ന പങ്ക് കുപ്രസിദ്ധമാണ്.
രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾ; വിശിഷ്യാ മുസ്ലിംകൾ, പ്രതിപക്ഷ പാർട്ടികളും നേതാക്കളും, കീഴൊതുങ്ങാനും വാഴ്ത്തുപാട്ടെഴുതാനും തയാറല്ലാത്ത മാധ്യമ പ്രവർത്തകർ എന്നിവർക്കുപുറമെ ഐ.ടി സെല്ലിന്റെ ഹിറ്റ് ലിസ്റ്റിലുള്ളത് കേരള സംസ്ഥാനമാണ്. നട്ടാൽകുരുക്കാത്ത നുണകൾ മലയാള നാടിനെതിരെ പടച്ചുവിടാൻ അവർക്ക് മടിയേതുമില്ല, അതിന്റെ പ്രചാരണം ഏറ്റെടുക്കാൻ കേരളത്തിലെ സംഘ്പ്രവർത്തകർക്കുമില്ല തെല്ല് സങ്കോചം.
രാജസ്ഥാനിൽ ജോലിചെയ്യുന്ന മലയാളി സൈനികനെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ച് പുറത്ത് നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേരെഴുതി എന്ന കഥയാണ് ഏതാനും ദിവസമായി ഐ.ടി സെല്ലുകാർ വിളമ്പിക്കൊണ്ടിരുന്നത്. കേരളത്തിലെ പച്ച ഭീകരത എന്ന മട്ടിൽ സമൂഹ മാധ്യമങ്ങളിൽ അത് വ്യാപകമായി പ്രചരിപ്പിച്ചു, സംഘ്പരിവാർ നേതാക്കളും സൈബർ പോരാളികളും ഏറ്റെടുത്തു, ദേശീയ ചാനലുകൾ ശ്വാസംവിടാതെ ചർച്ച ചെയ്തു. നിരോധിച്ച ശേഷവും സംഘടന കേരളത്തിൽ ഒളിപ്രവർത്തനം നടത്തുന്നുവെന്നും കേരളത്തിലെ ഇടതുപക്ഷ സർക്കാർ അതിന് ഒത്താശ ചെയ്യുന്നു എന്നുമായിരുന്നു പ്രചാരണങ്ങളുടെ ആകെത്തുക.
സർക്കാറിനെ തന്നെ സമ്മർദത്തിലാഴ്ത്തുന്ന വിധത്തിലേക്ക് ചർച്ചകൾ വ്യാപിച്ചതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾപോലും സംഭവത്തെക്കുറിച്ച് വിശദാംശങ്ങൾ തേടി, കേരള പൊലീസ് ആഞ്ഞുപിടിച്ച് അന്വേഷണം തുടങ്ങി. ഒടുവിൽ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നിരിക്കുന്നു. സംഘ്പരിവാർ സഹയാത്രികനായ സൈനികൻ ചുളുവിൽ പ്രശസ്തി നേടാൻ അതേ പ്രത്യയശാസ്ത്രക്കാരനായ സുഹൃത്തിന്റെ സഹായത്തോടെ നടത്തിയ നാടകമായിരുന്നു ഈ ‘ഭീകരാക്രമണ’മെന്ന്!
ചാപ്പകുത്ത് വ്യാജമാണെന്ന് വ്യക്തമായതോടെ കേരളത്തിലെ അച്ചടി-ദൃശ്യമാധ്യമങ്ങൾ അക്കാര്യം പ്രാധാന്യപൂർവം നൽകിയിട്ടുണ്ട്, ഓൺലൈൻ മാധ്യമങ്ങൾ പഴയ വാർത്ത മായ്ച്ചുകളഞ്ഞിട്ടുണ്ട്, പക്ഷേ അപ്പോഴേക്കും ഈ ഭീകരനുണ ലോകസഞ്ചാരം തുടങ്ങിയിരുന്നു. കോടികളുടെ കുഴൽപ്പണക്കേസിൽ കുറ്റാരോപിതനായ ബി.ജെ.പി സംസ്ഥാന നേതാവ് ഇതുസംബന്ധിച്ച തന്റെ സമൂഹ മാധ്യമ പോസ്റ്റ് പിൻവലിക്കാൻപോലും മെനക്കെട്ടിട്ടില്ല. കീറിയ കുപ്പായത്തിനുള്ളിലെ പച്ചച്ചായം കൊണ്ടുള്ള എഴുത്തിന്റെ ചിത്രം പല ഭാഷകളിൽ വെറുപ്പും വ്യാജവും നിറച്ച അടിക്കുറിപ്പുകളുമായി ഇപ്പോഴും കറങ്ങിനടക്കുന്നു. ഇതുപോലെയാണ് ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, ഫുഡ് ജിഹാദ്, ഹലാൽ ജിഹാദ് എന്നിങ്ങനെ മുസ്ലിം സമുദായത്തിനും കേരളത്തിനുമെതിരെ ഒട്ടനവധി കള്ളക്കഥകളും ആഖ്യാനങ്ങളും രാജ്യമൊട്ടാകെ വ്യാപിച്ചത്, മലയാളികൾക്കിടയിൽപോലും അതിന് സ്വീകാര്യത സിദ്ധിച്ചത്.
സംഭവത്തിനുപിന്നിലെ കഥ ഇത്ര പെട്ടെന്ന് വെളിപ്പെട്ടതുകൊണ്ട് നമ്മളത് തമാശയായി വായിക്കുന്നു, കാർട്ടൂൺ വരക്കുന്നു, ട്രോളുകൾ ചമക്കുന്നു. പ്രശസ്തി മോഹിച്ച് അൽപം കടന്ന മറ്റെന്തെങ്കിലും സാഹസത്തിന് വെറുപ്പിന്റെ ഈ കാലാൾ പടയാളികൾ മുതിർന്നിരുന്നുവെങ്കിൽ, ഇത്തരം ഭീകരനാടകങ്ങൾ സൃഷ്ടിക്കാൻ കൂടുതൽ മിടുക്കുള്ള ആരെങ്കിലും അവർക്കൊപ്പം ചേർന്നിരുന്നുവെങ്കിൽ ഗതിയെന്താകുമായിരുന്നു എന്ന് ആലോചിച്ചുനോക്കൂ.
നിരോധിത സംഘടനയുടെ താവളം എന്നു പറഞ്ഞ് ആ ഗ്രാമത്തിലെ വീടുകളിൽ കയറി നിരങ്ങുമായിരുന്നില്ലേ നിയമപാലകർ? കണ്ണിൽക്കണ്ട ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോകുമായിരുന്നില്ലേ? അവിടത്തെ ഉമ്മമാരുടെയും വയോധികരുടെയും ഉറക്കം കെടുത്തുമായിരുന്നില്ലേ? കള്ളക്കഥയുടെ മറവിൽ ‘ഭീകരർക്കെതിരെ’ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ സംഘ്പരിവാറും രമേഷ് ബിധുരി മുതൽ അനിൽ ആന്റണി വരെയുള്ള വിദ്വേഷഭാഷികളും മുസ്ലിം വിരുദ്ധ ആഖ്യാനങ്ങളുമായി ആടിത്തിമിർക്കുമായിരുന്നില്ലേ? ഒടുവിൽ എല്ലാം കെട്ടിച്ചമച്ച കഥകൾ എന്ന് നീതിപീഠത്തിന് ബോധ്യമാകുമ്പോഴേക്ക് അതിൽ കുരുക്കപ്പെട്ട മനുഷ്യരുടെ ജീവിതം പാതിയും കത്തിത്തീർന്നിട്ടുണ്ടാവും. ഇതുപോലെ ചമയ്ക്കപ്പെട്ട ‘പാനായിക്കുളം സിമി ക്യാമ്പ്’ കേസിന്റെ പേരിൽ ഒന്നര വ്യാഴവട്ടത്തോളം തീ തിന്ന് ജീവിക്കുകയും ഒടുവിൽ പരമോന്നത നീതിപീഠത്താൽ കുറ്റമുക്തരാക്കപ്പെടുകയും ചെയ്തവരുൾപ്പെടെ എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്.
വർഷങ്ങൾക്കുമുമ്പ് മലപ്പുറം താനൂരിൽ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സംഘ്പരിവാർ നടത്തിയ ഭീകരനീക്കം പൊളിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ ഓർമയിലെത്തുന്നു: ‘കേരളത്തെ വീണ്ടും ദൈവം രക്ഷിച്ചിരിക്കുന്നു’!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.