ശൈലജ ടീച്ചർ ശ്രദ്ധക്ഷണിക്കുേമ്പാൾ
text_fieldsകോവിഡ് മഹാമാരിപോലെതന്നെ, അതിനെ പ്രതിരോധിക്കാനായി തുടങ്ങിവെച്ച ലോക്ഡൗണും ഇന്ത്യയിൽ ചെറുതല്ലാത്ത ദുരിതം വിതച്ചിട്ടുണ്ടെന്ന് ആരും സമ്മതിക്കുന്ന യാഥാർഥ്യമാണ്. ഒട്ടും ആസൂത്രണമില്ലാതെയും ആളുകൾക്ക് തയാറെടുപ്പിന് വേണ്ടത്ര സമയം നൽകാതെയും ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾതന്നെ അതിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ച് വിവരമുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഏകപക്ഷീയമായി മോദി സർക്കാർ മുന്നോട്ടുപോയതോടെയാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആഭ്യന്തര പലായനങ്ങളുടെയും ആത്മഹത്യകളുടെയുമെല്ലാം വാർത്തകൾ കേട്ടുതുടങ്ങിയത്. ഇൗ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന സുപ്രധാനമായൊരു പഠനറിപ്പോർട്ട് കഴിഞ്ഞ ജൂലൈയിൽ വേൾഡ് വിഷൻ ഏഷ്യ പസഫിക് എന്ന സന്നദ്ധസംഘടന പുറത്തിറക്കുകയുണ്ടായി. അതുപ്രകാരം, ഇന്ത്യയിലെ 55 ശതമാനം വീടുകൾ കോവിഡ് കാലയളവിൽ രണ്ടു നേരത്തെ ഭക്ഷണത്തിലേക്കു ചുരുങ്ങിയെന്നാണ് പറയുന്നത്.
രാജ്യത്തെ ഒന്നേകാൽ കോടി ജനങ്ങൾ കോവിഡ് കാരണം കൊടിയ ദാരിദ്ര്യത്തിലേക്കു വഴിമാറുമെന്ന ലോക ബാങ്കിെൻറ റിപ്പോർട്ടിനെ ശരിവെക്കുന്നു ഇൗ പഠനം. സാമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായ്മക്കുമൊപ്പം കോവിഡും ലോക്ഡൗണും രാജ്യത്തിന് പട്ടിണികൂടി സമ്മാനിച്ചുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കേരളത്തിെൻറ കാര്യം ഇതിൽനിന്നെല്ലാം വ്യത്യസ്തമാണെങ്കിലും ആശങ്കയുടെ കാർമേഘങ്ങൾ ഇവിടെയുമുണ്ട്. കഴിഞ്ഞദിവസം, നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ ചർച്ചക്കിടെ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർതന്നെ ഇക്കാര്യം പരോക്ഷമായി സമ്മതിക്കുകയുണ്ടായി. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടക്കമുള്ള പദ്ധതികൾ തുടരുന്നതുകാരണം അക്ഷരാർഥത്തിൽ കേരളത്തിൽ പട്ടിണിയില്ലെങ്കിലും പ്രതിസന്ധിയുടെ ആഴം ഏറെ വലുതാണെന്ന് അവർ പറഞ്ഞു. പൊതുവിൽ സാധാരണക്കാർ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളിലേക്ക് സഭയുടെ ശ്രദ്ധക്ഷണിക്കുന്നതിനൊപ്പം ധനമന്ത്രിയുടെ പുതിയ പാക്കേജ് പര്യാപ്തമല്ലെന്ന സൂചനയും ആ ഹ്രസ്വഭാഷണത്തിലുണ്ടായിരുന്നു.
കേരളത്തിലെ ചെറുകിട, പരമ്പരാഗത െതാഴിൽമേഖലകളെ ലോക്ഡൗൺ എപ്രകാരമാണ് തകർത്തുകളഞ്ഞതെന്നാണ് പ്രധാനമായും ടീച്ചർ പറയാൻ ശ്രമിച്ചത്. കൈത്തറി, കയർ, കരകൗശലം, കശുവണ്ടി മേഖലകളിലും ലൈറ്റ് ആൻഡ് സൗണ്ട്സ് പോലുള്ള തൊഴിൽരംഗങ്ങളിലുമായി നേരിട്ട് പണിയെടുക്കുന്ന രണ്ടര ലക്ഷത്തിലധികം പേർക്ക് കഴിഞ്ഞ ഒന്നര വർഷമായി കാര്യമായ വരുമാനങ്ങളൊന്നുമില്ല. ലോൺ തിരിച്ചടവ്, മക്കളുടെ വിദ്യാഭ്യാസം തുടങ്ങി ഒേട്ടറെ പ്രയാസങ്ങളും അവർ നേരിടുന്നു. ഇൗ വിഭാഗത്തെ സവിശേഷമായി പരിഗണിച്ച് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നാണ് ടീച്ചർ ആവശ്യപ്പെട്ടത്. ഭരണപക്ഷത്തുള്ള ഒരംഗത്തിന് നിയമസഭയിൽ ഇങ്ങനെയൊക്കെയേ ആവശ്യപ്പെടാനാകൂ. ഇതേകാര്യങ്ങൾ, മുൻദിവസങ്ങളിൽ പ്രതിപക്ഷം കുറച്ചുകൂടി ശക്തമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്; ലോക്ഡൗൺ ഇളവുകളിൽ തുടരുന്ന അശാസ്ത്രീയതകളും ആ ചർച്ചയിൽ ഉയർന്നുവന്നിരുന്നു. അല്ലെങ്കിലും, ലോക്ഡൗണിൽ സംഭവിച്ച പിഴവുകളെന്തൊക്കെയായിരുന്നുവെന്ന് ഇന്ന് ഒാരോ കേരളീയരുടെയും നേരനുഭവംതന്നെയാണ്.
വിദഗ്ധ സമിതിയെന്ന പേരിൽ തട്ടിക്കൂട്ടിയ ഉദ്യോഗസ്ഥവൃന്ദങ്ങൾ മുകളിൽനിന്ന് ഇറക്കുന്ന തീട്ടൂരങ്ങൾ ജനങ്ങൾക്ക് എങ്ങനെയൊക്കെയാണ് ദുരന്തമായി ഭവിക്കുന്നതെന്നതിന് നമ്മുടെ ജീവിതംതന്നെയാണ് സാക്ഷ്യം. കഴിഞ്ഞദിവസം, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട് നഗരസഭ ചെയർപേഴ്സൺ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ഒരു യുവവ്യാപാരി വിളിച്ചുപറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലോക്ഡൗൺ ഇളവുകൾക്ക് ടി.പി.ആർ നിരക്ക് മാനദണ്ഡമാക്കുന്നതിെൻറ കുഴപ്പങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തുേമ്പാൾ അവിടെക്കൂടിയ അധികാരികൾക്ക് മുഖംതാഴ്ത്തിയിരിക്കാനേ കഴിയുമായിരുന്നുള്ളൂ. കച്ചവടക്കാരും തൊഴിലാളികളും ഇക്കാലത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും ആ ചെറുപ്പക്കാരൻ കൃത്യമായി വിവരിച്ചു. ആ വിവരണം മൊത്തം നാമോരോരുത്തരുടെയും വേദനയായിരുന്നു.
അനിശ്ചിതമായി തുടരുന്ന ലോക്ഡൗണിെൻറ ദുരന്തങ്ങളിലേക്ക് സൂചന നൽകുന്ന മറ്റു ചില കണക്കുകൾകൂടി പുറത്തുവന്നിരിക്കയാണിപ്പോൾ. ഇതിനകം സംസ്ഥാനത്ത് 33,000 റസ്റ്ററൻറുകൾ പൂട്ടിപ്പോയിട്ടുണ്ട്. ഇതിൽ 12000 റസ്റ്റാറൻറ് ഉടമകൾ ജി.എസ്.ടി രജിസ്ട്രേഷൻ നിർത്തലാക്കാൻ അപേക്ഷ നൽകിയിട്ടുമുണ്ട്. അതായത്, പൂട്ടിപ്പോയ ഹോട്ടലുകളിൽ പകുതിയും ഇനി ഒരിക്കലും തുറക്കില്ല. റസ്റ്റാറൻറ് അസോസിയേഷനിൽ അംഗത്വമുള്ള സ്ഥാപനങ്ങളുടെ മാത്രം കണക്കാണിത്. ഇതുപോലുള്ള വ്യവസ്ഥാപിത സംഘടനകളിലൊന്നുമില്ലാത്ത പതിനായിരക്കണക്കിന് ചെറുകിട ഹോട്ടൽ സംരംഭങ്ങളുടെ കാര്യമൊക്കെ ഇതിൽനിന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
മറ്റു മേഖലകളിലെ പതിനായിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾക്കും താഴുവീണിരിക്കുന്നു. ഇവയുടെ ഉടമകളുടെയും അവിടെ ജോലി ചെയ്തിരുന്ന ലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെയും ഭാവി എന്താണ്? ഭക്ഷ്യകിറ്റ്കൊണ്ടു മാത്രം പരിഹരിക്കാവുന്നതാണോ ഇൗ പ്രതിസന്ധികളത്രയും? മടങ്ങിവന്ന പ്രവാസികളുടെ കാര്യവും ഇതിനോടൊപ്പംതന്നെ പരിഗണിക്കേണ്ടതുണ്ട്. മടങ്ങിയെത്തിയ 14 ലക്ഷത്തിൽ പകുതിയിലധികം പേർക്കും അവിടെതിരിച്ചുചെല്ലാനാകാത്ത സാഹചര്യമാണുള്ളത്. ഇവരുടെ പുനരധിവാസത്തിന് ചില വായ്പാ പദ്ധതികളല്ലാതെ സമഗ്രമായ പാക്കേജുകളൊന്നുമില്ല. ഇന്നലെ ധനമന്ത്രി പ്രഖ്യാപിച്ച 5650 കോടിയുടെ പാക്കേജ് ആശ്വാസത്തിന് വകനൽകുന്നതുതന്നെയാണ്. എന്നാൽ, കേരളത്തിനിപ്പോൾ ആവശ്യം അതിനപ്പുറമുള്ള സമാശ്വാസ നടപടികളാണ്. ജാഗ്രത പുലർത്തുേമ്പാൾതന്നെ, ലോക്ഡൗൺ ഇളവുകൾ എങ്ങനെ കൂടുതൽ വ്യവസ്ഥാപിതവും ശാസ്ത്രീയവുമാക്കാമെന്ന് ഇനിയും ആലോചിക്കേണ്ടിയിരിക്കുന്നു. ലോക്ഡൗൺ പ്രതിസന്ധികൾ സമൂഹത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഉന്നയിക്കപ്പെടുേമ്പാൾ അതിനെ സീറോ സർവേയുടെ ബലത്തിൽ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത് ആ സമൂഹത്തെ ആത്യന്തികമായി പട്ടിണിയിലേക്കായിരിക്കും നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.