പി.എസ്.സിയുടെ വിശ്വാസ്യത
text_fieldsതെരഞ്ഞെടുപ്പ് കമീഷൻ, കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) എന്നിവയെപ്പോലെ തീർത്തും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് രാജ്യത്തെ പബ്ലിക് സർവിസ് കമീഷനുകൾ (പി.എസ്.സി). പാർലമെൻറിേൻറയോ സംസ്ഥാന നിയമസഭകളുടേയോ നിയമനിർമാണത്തിലൂടെയല്ലാതെ ഭരണഘടന നേരിട്ട് രൂപം നൽകിയ സ്ഥാപനങ്ങളാണിവ. ഏൽപിക്കപ്പെട്ട ദൗത്യം നിഷ്പക്ഷവും നീതിപൂർവമായും നടപ്പാക്കാൻ എക്സിക്യൂട്ടിവിൽനിന്ന് സ്വതന്ത്രമായ പ്രത്യേക സംവിധാനം വേണമെന്ന ഭരണഘടന ശിൽപികളുടെ ദീർഘവീക്ഷണമാണ് ഇത്തരമൊരു ആശയത്തിനുപിന്നിൽ. സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള റിക്രൂട്ടിങ് ഏജൻസി എന്നനിലയിൽ പി.എസ്.സിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിെൻറ ഭാഗധേയം നിർണയിക്കുന്നതിൽ ഏറെ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞാണ് ഈ പട്ടികയിലേക്ക് ആ സ്ഥാപനത്തെയും ഉൾപ്പെടുത്തുന്നത്. അത്രമേൽ പ്രാധാന്യമേറിയതും വിശുദ്ധിയോടെ കാത്തുസൂക്ഷിക്കേണ്ടതുമായ ഒന്നാണത്.
നിർഭാഗ്യവശാൽ, രാജ്യത്ത് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുെന്നന്ന് പറയപ്പെടുന്ന കേരള പി.എസ്.സിയുടെ കാര്യം പോലും മഹാകഷ്ടമാണെന്നാണ് അവിടെനിന്ന് പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് ഇപ്പോൾ വഴിതിരിഞ്ഞെത്തിയിരിക്കുന്നത് പി.എസ്.സിയുടെ നാറുന്ന കഥകളുടെ പുതിയ എപ്പിസോഡിലേക്കാണ്. കത്തിക്കുത്ത് കേസിലെ പ്രതികളായ മുൻ എസ്.എഫ്.ഐ നേതാക്കൾ, സിവിൽ െപാലീസ് ഓഫിസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ നടത്തിയ ഗുരുതരമായ ക്രമക്കേടുകൾ പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് സംഘം കണ്ടെത്തിയതിെന തുടർന്ന്, ഏഴ് െപാലീസ് ബറ്റാലിയനുകളിലേയും റാങ്ക് പട്ടികയിലെ നിയമനങ്ങൾ താൽക്കാലികമായി മരവിപ്പിക്കേണ്ടി വന്നിരിക്കുന്നു. പരീക്ഷസമയത്ത് മൊബൈൽ ഫോൺ വഴി പുറത്തുനിന്നുള്ള സഹായിയിൽനിന്ന് ഉത്തരങ്ങൾ ഇവർ ശേഖരിച്ചതായി സ്ഥിരീകരിച്ചതോടെ, റാങ്ക് പട്ടികയിൽ ഇടം പിടിച്ച ആദ്യ 100 പേരുടെ ഫോൺ വിവരങ്ങൾകൂടി അന്വേഷിക്കാനും പി.എസ്.സി തീരുമാനിച്ചിരിക്കുകയാണ്. ഇത്തരത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുേമ്പാൾ അതിനർഥം, ഈ ഭരണഘടനസ്ഥാപനത്തിെൻറ നടത്തിപ്പിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചു എന്നാണ്; അതിെൻറ വിശ്വാസ്യതക്ക് കോട്ടം തട്ടിയിരിക്കുന്നു എന്നുതന്നെയാണ്.
കേരള പി.എസ്.സിയുടെ പ്രവർത്തന വൈപുല്യം വലുതാണ്. പൊതുനിയമനങ്ങളെല്ലാം പി.എസ്.സി വഴിയാകണെമന്ന കേരളജനതയുടെ നിഷ്കർഷയാണ് ഇതിനുപിന്നിൽ. മറ്റെല്ലാ മേഖലകളിലുമെന്നപോലെ, പബ്ലിക് സർവിസ് കമീഷനിലുമുണ്ടൊരു ‘കേരള മോഡൽ’. എന്നാൽ, ഒന്നര പതിറ്റാണ്ടിലേറെയായി ഈ ‘കേരള മോഡലി’ൽ കാര്യമായ കളങ്കങ്ങൾ പലകുറി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2003ൽ കോട്ടയത്ത് എൽ.ഡി ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി 36 പേർ നിയമനം നേടിയ സംഭവമുണ്ടായി. അന്ന് െക്രെംബ്രാഞ്ചിന് മുന്നിൽ എട്ട് ഉദ്യോഗാർഥികൾ കുറ്റസമ്മതം നടത്തിയിട്ടും കോടതി ഉത്തരവ് വഴി സർക്കാർ അന്വേഷണം നിർത്തിച്ചു. കാര്യങ്ങൾ അന്വേഷിക്കാൻ പി.എസ്.സിക്ക് സ്വന്തം സംവിധാനമുണ്ടെന്ന ന്യായം നിരത്തിയാണ് ആ അന്വേഷണം അട്ടിമറിക്കപ്പെട്ടത്. ക്രൈംബ്രാഞ്ച് പോലെ ‘പുറം സംഘ’ങ്ങൾ കേസന്വേഷിക്കുന്നത് പി.എസ്.സിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും സർക്കാർ വാദിച്ചു. ഇപ്പോൾ, ‘യൂനിവേഴ്സിറ്റി കോളജ് സംഭവ’ത്തിനുശേഷം, പി.എസ്.സിയുടെ പേര് ഉയർന്നുവന്നപ്പോഴും ബന്ധപ്പെട്ടവർ ഇതേ ന്യായംതന്നെയാണ് നിരത്തിയത്.
പി.എസ്.സിയെക്കുറിച്ച് അനാവശ്യചോദ്യങ്ങൾ ഉയർത്തുന്നത് അതിെൻറ വിശ്വാസ്യതയെ തകർക്കുമെന്ന് മുഖ്യമന്ത്രിയടക്കം പ്രസ്താവിച്ചു. 2013ൽ വെയിറ്റേജ് മാർക്കിെൻറ മറവിൽ നടന്ന റാങ്ക് അട്ടിമറിയും 2014ൽ എസ്.ഐ നിയമനപരീക്ഷ കഴിഞ്ഞശേഷം വിജ്ഞാപനം തിരുത്തിയതും വിവാദമായപ്പോഴും ഇതേ മുട്ടുന്യായങ്ങൾ തന്നെയാണ് അധികാരികൾ ഉയർത്തിയത്. ചോദ്യപേപ്പറുമായി ബന്ധപ്പെട്ടും മറ്റും വേറെയും പരാതികൾ ഉദ്യോഗാർഥികൾ ഉന്നയിക്കാറുണ്ട്. 2012ൽ, ഹെയർ സെക്കൻഡറി ഇക്കണോമിക്സ് ജൂനിയർ അധ്യാപക തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലെ പലചോദ്യങ്ങളും ചില കോച്ചിങ് സെൻററുകളിലെ ക്വസ്റ്റ്യൻ ബാങ്കിെൻറ പകർപ്പായിരുെന്നന്ന ആക്ഷേപത്തെ തുടർന്ന് റദ്ദാക്കിയത് ഉദാഹരണം. 2018ൽ ഇതേ തസ്തികയിലേക്ക് വീണ്ടും പരീക്ഷ നടത്തിയപ്പോൾ പിശക് ആവർത്തിച്ചു. ചോദ്യപേപ്പർ തയാറാക്കുന്നതിലും പരീക്ഷ നടത്തിപ്പിലുമെല്ലാം പി.എസ്.സിയുടെ ‘ജാഗ്രത’ എത്രത്തോളമെന്ന് വ്യക്തമാക്കുന്നുണ്ട് ഇവ.
പൊതുജനങ്ങൾ കൂടുതലായി പി.എസ്.സിയെ ആശ്രയിക്കുന്ന കാലമാണിത്. അപേക്ഷകരുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. 2008ൽ 17.42 ലക്ഷം പേരാണ് പി.എസ്.സി പരീക്ഷക്ക് അപേക്ഷിച്ചത്. ആ വർഷം 25,762 പേർക്ക് നിയമന ശിപാർശ നൽകി. 2017ൽ അപേക്ഷകർ 1.21 കോടിയിലെത്തി; നിയമന ശിപാർശ നൽകിയത് 35,911പേർക്ക്. അതായത്, അപേക്ഷകരുടെ എണ്ണം ആറിരട്ടിയോളം വർധിച്ചിട്ടും ആനുപാതികമായ നിയമനങ്ങൾ നടക്കുന്നില്ല. അതു പ്രായോഗികവുമല്ല. അതേസമയം, നിയമനങ്ങൾ സുതാര്യവും നിഷ്പക്ഷവുമാക്കാനുള്ള ബാധ്യത പി.എസ്.സിക്കുണ്ട്. അതു നിറവേറ്റാതെ, കക്ഷിരാഷ്ട്രീയത്തിെൻറയും സ്വജനപക്ഷപാതത്തിെൻറയും പടുകുഴിയിൽ അമർന്നുപോയ ഉദ്യോഗസ്ഥ ലോബി ഗുരുതരമായ കൃത്യവിലോപം കാണിക്കുന്നതാണ് ഈ ദുരവസ്ഥയുടെ മർമം. മറ്റൊരർഥത്തിൽ, വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഉത്തരവാദിത്തമുള്ള സ്ഥാപനത്തിനുള്ളിലുള്ളവർ തന്നെയാണ് കുഴപ്പക്കാർ. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ ലോകത്തിനുതന്നെ മാതൃക കാണിച്ച കേരളം പിന്നീട് പിന്നാക്കം പോയതിനുപിന്നിൽ, ബ്യൂറോക്രാറ്റുകളുടെ തൊഴുത്തിൽകുത്തും അഴിമതിയും കൂടിയായിരുന്നല്ലോ. സമാനമാണ് പി.എസ്.സി വർത്തമാനവും. സമഗ്രമായ അഴിച്ചുപണിയിലൂടെ സുതാര്യമായ പരീക്ഷാ സമ്പ്രദായം ആവിഷ്കരിക്കുകയും രാഷ്ട്രീയപക്ഷപാതമില്ലാത്ത ഒരു നേതൃത്വത്തെ നിയന്ത്രണം ഏൽപിക്കുകയുമാണ് കരകയറാനുള്ള വഴി. അതിനുശ്രമിക്കാതെ, ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ വായ്മൂടി കെട്ടാനുള്ള ശ്രമം ഈ ഭരണഘടനാ സ്ഥാപനത്തിെൻറ തകർച്ച എളുപ്പമാക്കുകയേ ഉള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.