തെക്കേയറ്റത്തെ പ്രശ്നം രാജ്യത്തിന്റേത് മൊത്തമാണ്
text_fieldsരാജ്യത്തിെൻറ മൊത്തം അവസ്ഥയുടെ പരിഛേദമെന്ന നിലക്ക് ലക്ഷദ്വീപ് മുഴുവൻ ജനാധിപത്യവാദികളുടെയും ശ്രദ്ധ ആവശ്യപ്പെടുന്നു. മുമ്പില്ലാത്തവിധം അസ്വസ്ഥമാണ് ഇക്കാലമത്രയും സമാധാനപരമായി ജീവിതം നയിച്ച ആ ജനത. അതിന് കാരണമാകട്ടെ, ജനവിരുദ്ധ നടപടികൾകൊണ്ട് ജനജീവിതം വഴിമുട്ടിക്കുന്ന ഭരണകൂടം. മുമ്പില്ലാത്തവിധം ഭരണകൂട വിരുദ്ധ വികാരം അവിടെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. അതിലേറെ ജനവിരുദ്ധമായ ശാഠ്യങ്ങളുമായി അഡ്മിനിസ്ട്രേഷൻ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. അഡ്മിനിസ്ട്രേറ്റർ ഇത്തവണ ലക്ഷദ്വീപിലെത്തിയപ്പോൾ ദ്വീപ് ജനത തങ്ങളുടെ പ്രതിഷേധം ആവുന്നത്ര ശക്തമായി പ്രകടിപ്പിച്ചു. അതൊന്നും കൂസാതെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പേട്ടൽ തെൻറ അജണ്ടയുമായി മുന്നോട്ടുപോകുന്നു; എങ്കിലും ജനകീയ പ്രതിഷേധം കണ്ടില്ലെന്നുവെക്കാൻ അദ്ദേഹം ചില മുറകൾ തെറ്റിച്ചു.
ദ്വീപിലേക്ക് പോകുേമ്പാൾ കൊച്ചിയെ ഒഴിവാക്കിയെന്നു മാത്രമല്ല, തിരിച്ചുപോയത് നിശ്ചയിച്ചതിലും നേരത്തേയാണ്. ജനങ്ങളോടും അവരുടെ താൽപര്യങ്ങളോടുമുള്ള നിതാന്ത സംഘർഷമായി ഭരണത്തെ പുനർനിർവചിച്ചത് ഏറെയും എൻ.ഡി.എ സർക്കാറുകളാണ്. ആ മാതൃകയുടെ പുതിയ ഇരയാണ് ലക്ഷദ്വീപ് എന്നേയുള്ളൂ. അവിടത്തേത് നാട്ടിെൻറ മൊത്തം പ്രശ്നം തന്നെയാണ്. ഈ രീതിയുടെ ഒന്നാമത്തെ സവിശേഷത, ഭരിക്കുന്നത് ജനാധിപത്യത്തിെൻറ പേരിലാണെങ്കിലും നാട്ടിെൻറ വിഭവങ്ങൾ ഉപയോഗിക്കുന്നതിൽ ഭരണകർത്താക്കളുടെ താൽപര്യങ്ങളാണ് പ്രാവർത്തികമാകുന്നത് എന്നതും, ആ താൽപര്യങ്ങൾ ജനതാൽപര്യങ്ങളിൽനിന്ന് ഏറെ ഭിന്നമാണ് എന്നതുമാണ്.
രണ്ടാമതായി, ജനാധിപത്യ വ്യവസ്ഥിതിയെന്ന് മേനിനടിക്കുേമ്പാഴും നിയമനിർമാണത്തിലോ ഭരണനിർവഹണത്തിലോ ജനങ്ങളുടെ ക്ഷേമത്തിന് ഇടംകിട്ടുന്നില്ല എന്നതത്രെ. പ്രതിഷേധിക്കാനും അഭിപ്രായപ്രകാശനത്തിനുമുള്ള ജനായത്ത മാർഗങ്ങൾ അടച്ചുകൊണ്ട് ജനങ്ങളെ തികഞ്ഞ നിസ്സഹായതയിലേക്ക് തള്ളിവിടുന്നു എന്നത് മൂന്നാമത്തെ പ്രത്യേകത. ചൂഷണത്തിെൻറ സ്ഥാപനവത്കരണം, സ്വേഛാധിപത്യത്തിന് നിയമസാധുത നൽകൽ, ജനകീയ വിയോജിപ്പുകളെ അടിച്ചമർത്തൽ എന്നീ മൂന്നു മുഖങ്ങളും ലക്ഷദ്വീപ് ഭരണകൂടം അതിവേഗം പുറത്തെടുത്തുകഴിഞ്ഞു.
ലക്ഷദ്വീപിൽ വികസനം നടപ്പാക്കാൻ ശ്രമിക്കുന്നു എന്നുപറഞ്ഞ പ്രഫുൽ പേട്ടൽ അവിടത്തെ ജനങ്ങളുടെ തൊഴിലും ജീവിതോപാധികളും ഇല്ലാതാക്കിക്കൊണ്ടാണ് അതിന് തുടക്കമിട്ടത്. ചെലവു ചുരുക്കലിെൻറ പേരുപറഞ്ഞ് തൊഴിലുകൾ ഇല്ലാതാക്കി. രോഗികൾക്ക് അത്യാവശ്യസന്ദർഭങ്ങളിൽ പുറത്തേക്ക് പോകാനുള്ള എയർ ആംബുലൻസിനു വരെ നിയന്ത്രണം കൊണ്ടുവന്നു. ഈ ചെലവു ചുരുക്കലിനിടയിൽ പ്രഫുൽ പേട്ടൽ ദ്വീപിലേക്ക് പറന്നതാകട്ടെ പ്രത്യേക ഡോണിയർ വിമാനത്തിൽ. 30,000 രൂപക്ക് സാധ്യമാകുന്ന യാത്രക്ക് 23 ലക്ഷം രൂപ ചെലവിട്ടത് ലക്ഷദ്വീപുകാരുടെ കണക്കിൽ.
കോവിഡ് ദുരിതത്തിനിടയിൽ ഡൽഹിയിലെ സെൻട്രൽ വിസ്റ്റ പദ്ധതി നടപ്പാക്കുന്ന മുൻഗണനാ അട്ടിമറിയുടെ മറ്റൊരു പതിപ്പ്. ഇത്തരം ചൂഷണത്തിനുവേണ്ടി നിയമം വളച്ചൊടിക്കുന്നുണ്ട്. ആറേഴുമാസത്തിനിടെ പ്രഫുൽ പേട്ടൽ യാത്രക്ക് ചെലവാക്കിയത് 90 ലക്ഷത്തിലേറെ രൂപയാണ്. നിയമപരമായി പാസാക്കിയ 'ഗ്രാൻറ് ഡിമാൻഡ്' എന്ന ബജറ്റ് നീക്കിയിരിപ്പ് വെറും 20 ലക്ഷം രൂപയാണ്. വകമാറ്റിയാണ് യാത്രക്ക് ചെലവഴിക്കുന്നത് എന്നർഥം. പാർലമെൻറ് പാസാക്കിയെങ്കിൽ മാത്രം അനുവദനീയമായ ധനവ്യയം തന്നിഷ്ടത്തിന് ചെയ്യുകയാണ് അഡ്മിനിസ്ട്രേറ്റർ. ആഭ്യന്തരയാത്ര അടക്കമുള്ള ചെലവുകൾ കർശനമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം മന്ത്രിമാർക്കും ഉന്നതോദ്യോഗസ്ഥർക്കും കൽപന നൽകിയ അതേ സമയത്താണല്ലോ പേട്ടൽ 23 ലക്ഷത്തിെൻറ ആർഭാടയാത്ര നടത്തിയത്. ചട്ടവും നിയമവുമൊക്കെ മറ്റുള്ളവർക്കു മാത്രം എന്നർഥം.
വികസനം ജനങ്ങൾക്കുവേണ്ടിയല്ല എന്ന് ലക്ഷദ്വീപിൽ നടപ്പാക്കിവരുന്ന പരിഷ്കാരങ്ങൾ തെളിയിക്കുന്നു. ജനപങ്കാളിത്തമില്ലാതെയാണ് അഡ്മിനിസ്േട്രറ്റർ പുതിയ നിയമങ്ങൾക്ക് രൂപംകൊടുത്തത്. സ്വകാര്യ ഭൂമിയടക്കം പിടിച്ചെടുക്കാൻ അധികാരം നൽകുന്ന ചട്ടങ്ങൾ ഭരണഘടനയോടോ പാർലമെൻറ് പാസാക്കിയ നിയമങ്ങളോടോ പൊരുത്തെപ്പടുന്നില്ല. കരടുനിയമങ്ങൾ മാത്രമെന്ന് പറയുേമ്പാഴും അവ നടപ്പിൽ വരുത്തിത്തുടങ്ങി. ഇതിനെതിരെ സമാധാനപരവും ജനാധിപത്യപരവുമായി പ്രതിഷേധിക്കാൻപോലും അനുവദിക്കുന്നില്ലതാനും. പ്രതിഷേധിക്കുന്നവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്നു.
വിയോജിപ്പുകൾക്ക് ശബ്ദം നൽകുന്നവർക്കെതിരെ കേസെടുക്കുന്നു. ഭരിക്കുന്നവരും ഭരണീയരും തമ്മിൽ ഇത്ര വലിയ വിടവ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമാണ്. പരിഹാരമാർഗങ്ങൾപോലും വിരളം. ജനങ്ങൾക്ക് ആശ്വാസം നൽകാൻ പലപ്പോഴും കോടതികൾക്കുപോലും കഴിയുന്നില്ല. സ്വാതന്ത്ര്യവും പൗരാവകാശങ്ങളും വലിയ ഭീഷണി നേരിടുേമ്പാൾ ജനങ്ങളുടെ ഉത്തരവാദിത്തം കൂടുകയാണ്. ജനങ്ങളാണ് രാജ്യം; ജനങ്ങളുടെ ക്ഷേമമാണ് രാജ്യേക്ഷമം. അതു സ്ഥാപിച്ചെടുക്കേണ്ടത് ജനങ്ങൾ തന്നെയാണ്. ലക്ഷദ്വീപിെൻറ സംരക്ഷണം പൊതുവായ രാജ്യസംരക്ഷണത്തിൽനിന്ന് വേറിട്ട ഒന്നല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.