നിയമപ്പെരുക്കം,നീതിക്കമ്മി
text_fields'സത്യാന്വേഷണങ്ങളു'ടെ ബലത്തിൽ, ജനപക്ഷരാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെ, നിലവിൽവന്ന രാജ്യമാണ് നമ്മുടേത്. ഏതോ ഘട്ടത്തിൽ സത്യാന്വേഷണം വ്യാജങ്ങൾക്കും ജനപക്ഷ രാഷ്ട്രീയം നിക്ഷിപ്ത താൽപര്യ സംരക്ഷണത്തിനും വഴിമാറിപ്പോയതിന് രാജ്യം വലിയ വില ഒടുക്കിക്കൊണ്ടിരിക്കുന്നു. വസ്തുതകളെ കീഴ്മേലാക്കി അവതരിപ്പിക്കുന്നതാണ് രാഷ്ട്രീയമിടുക്ക്. ഭാരതീയ ജനത പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ പറയുന്നത്, പ്രതിപക്ഷം പ്രധാനമന്ത്രി മോദിയെ എതിർക്കുന്നു എന്ന ഭാവേന രാജ്യത്തെത്തന്നെ എതിർക്കുകയാണ് എന്നാണ്. വസ്തുതയെന്താണ്? മോദി സർക്കാറിന്റെ വികലനയങ്ങളെയും വീഴ്ചകളെയും വിമർശിക്കുന്നതുപോലും രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുകയാണ്.
നോട്ടുനിരോധനക്കാലത്തും ലോക്ഡൗൺ കാലത്തും പൗരത്വപ്രക്ഷോഭകാലത്തുമെല്ലാം ഇത് വ്യക്തമായി. വസ്തുതകളെയും വ്യാജങ്ങളെയും തമ്മിൽ തിരിച്ചറിയാനാവാത്തവിധത്തിൽ പരസ്പരം മാറ്റുമ്പോൾ സംഭവിക്കുന്നത്, നീതിയുടെ സംരക്ഷകരാകേണ്ട നിയമം നീതിനിഷേധത്തിന്റെ ഉപകരണമാകുന്നു എന്നതാണ്. ഈ വിരോധാഭാസത്തിന്റെ പ്രകടമായ ഉദാഹരണമായിരുന്നു ഈയിടെ സുപ്രീംകോടതി നൽകിയ ഒരു വിധിതീർപ്പ്. ജർമനിയിലെ ഒരു വേദിയിൽവെച്ച് ചീഫ് ജസ്റ്റിസ് രമണ ഇന്ത്യൻ ജുഡീഷ്യറി തീർത്തും സ്വതന്ത്രവും നീതിനിഷ്ഠവുമാണ് എന്ന് പ്രസംഗിച്ച സമയത്തുതന്നെയാണ് ടീസ്റ്റ സെറ്റൽവാദിനും മറ്റും എതിരായ പരാമർശത്തോടെ സകിയ ജാഫരിയുടെ ഹരജിയിൽ കോടതി നൽകിയ വിധി വിവാദം സൃഷ്ടിച്ചത്.
നീതിനിഷേധത്തിനെതിരെ ഹരജി നൽകിയവർക്കുമേൽ നിയമപ്രകാരം നോട്ടീസുപോലും നൽകാതെ കുറ്റം ചാർത്തിക്കൊണ്ടുള്ള വിധിയുടെ തുടർച്ചയെന്നോണം ടീസ്റ്റക്കും മറ്റുമെതിരെ നിയമനടപടികൾ വന്നുകൊണ്ടിരിക്കുന്നു. കോടതി വിധി എത്രതന്നെ നിയമാനുസൃതമായാലും നീതിയുടെ താൽപര്യത്തെ ഹനിക്കുന്നതാണ് ഇവിടെ കണ്ടത്. ഈ കേസിലെ വിധി, മറ്റൊരു കേസിലെ കോടതി പരാമർശവുമായി തട്ടിച്ചുനോക്കാവുന്നതാണ്. നൂപുർ ശർമയുടെ ഹരജിയിൽ, ഗുരുതരമായ പരാമർശമാണ് അവരുടെ നബിനിന്ദക്കെതിരെ സുപ്രീംകോടതി നടത്തിയത്.
ടീസ്റ്റക്കെതിരായ പരാമർശം വിധിയുടെ ഭാഗവും തുടർന്നുള്ള ഭരണകൂടവേട്ടക്ക് നിമിത്തവുമായെങ്കിൽ, നൂപുറിനെതിരായത് ('നിങ്ങൾ മാപ്പുപറയേണ്ടതായിരുന്നു' എന്നത്) ആനുഷംഗിക പരാമർശം മാത്രമായിരുന്നു. അതിന്മേൽ അറസ്റ്റ് നടപടിയൊന്നുമുണ്ടായില്ല. കോടതിതീർപ്പുകളും ഭരണകൂട നടപടികളും നിയമപരമായിരിക്കെതന്നെ നീതിയുടെ താൽപര്യം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് നിയമജ്ഞരും രാഷ്ട്രീയ നേതൃത്വങ്ങളും പരിശോധിക്കേണ്ടതുണ്ട് എന്നാണ് ഇതെല്ലാം ഓർമിപ്പിക്കുന്നത്.
നിയമാനുസൃതമായിരിക്കെതന്നെ കടുത്ത അനീതിയായിരുന്ന പലതും വിവിധ രാജ്യങ്ങൾക്ക് തിരുത്തേണ്ടിവന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം നിയമാനുസൃതമായിരുന്നു. നിയമപ്രകാരമാണ് നാസി ജർമനി ജൂതവംശഹത്യ നടത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ 'നിയമ'മനുസരിച്ചുള്ളതായിരുന്നു. ഇന്ന് ഇസ്രായേലി വംശീയതയും അങ്ങനെതന്നെ. നിയമം അധികാരത്തിന്റെ ഭാഷയും ആയുധവുമാണ് -അത് നീതിയുമായി യോജിക്കുമ്പോഴേ മനുഷ്യത്വപരമാകൂ. ഇന്ത്യയിൽ ഇന്ന് അനേകം കേസുകളിൽ ഭരണകൂടം നിയമത്തെ ദുരുപയോഗിക്കുകയും ആയുധവത്കരിക്കുകയും ചെയ്യുന്നുണ്ട്.
ഭരണഘടനയുമായി ബന്ധപ്പെടുത്തിക്കൊണ്ട് നൽകുന്ന വ്യാഖ്യാനങ്ങളിലൂടെ കോടതികൾക്ക് അത് തിരുത്താൻ കഴിയേണ്ടതുണ്ട്. രാജ്യദ്രോഹക്കേസുകളുടെ കാര്യത്തിൽ അത്തരമൊരു ഇടപെടൽ ജുഡീഷ്യറി ഈയിടെ നടത്തി. രാജ്യദ്രോഹനിയമം സ്റ്റേ ചെയ്തു. അതേസമയം, ഇലക്ടറൽ ബോണ്ട് സമ്പ്രദായത്തിലെ പ്രകടമായ അന്യായവും അഴിമതിയും നിലനിൽക്കെതന്നെ അത് പരിശോധിക്കുന്നതിൽ കോടതി വരുത്തുന്ന കാലതാമസം രാഷ്ട്രീയത്തെ കൂടുതൽ ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രോസിക്യൂഷനിലെ വിവേചനവും നീതിനിർവഹണത്തെ പ്രഹസനമാക്കുന്നുണ്ട്. ഭരണകൂടത്തിന്റെ താൽപര്യങ്ങൾ കേസെടുക്കുന്നതിലും കേസ് നടത്തിപ്പിലും വർധിതമായ തോതിൽ കണ്ടുവരുന്നുണ്ട് -കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും. ഇവിടെയും നിയമം ഭാഗികമായി നടപ്പാക്കുമ്പോൾ നീതി തോൽക്കുന്നു.
പഴയൊരു സിനിമാദൃശ്യം ട്വീറ്റ് ചെയ്തതിന്റെ പേരിൽ ഒരു വ്യാജ ട്വിറ്റർ അക്കൗണ്ടിൽനിന്നു വന്ന പരാതിയാണ് ഫാക്ട് ചെക്കർ മുഹമ്മദ് സുബൈറിനെ വേട്ടയാടാൻ ഭരണകൂടത്തിന് ആയുധമായത്. ദുരുപയോഗപ്പെടുത്താൻ പാകത്തിൽ ധാരാളം ചട്ടങ്ങളും നിയമങ്ങളുമുണ്ട്. സഞ്ജയ് ഭട്ടിനും ആർ.ബി. ശ്രീകുമാറിനുമെതിരെയും നിയമങ്ങൾ ദുരുപയോഗപ്പെടുത്തപ്പെടുന്നു. മറുപുറത്ത്, ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നടപടികൾ നിർദേശിച്ച് 2018ൽ സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു.
ഒരു വർഷം കഴിഞ്ഞ്, സംസ്ഥാന ഭരണകൂടങ്ങൾ ആ മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെന്നു കാണിച്ച് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജികൾ ഫയൽ ചെയ്യപ്പെട്ടു. പക്ഷേ, മൂന്നു വർഷമായിട്ടും അവ പരിഗണനക്കെടുത്തില്ല. കൂടക്കൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന വ്യാജ ഏറ്റുമുട്ടൽ കൊലകളും 'കാണാതാക്ക'ലും വർഷങ്ങളായി അന്യായത്തടങ്കലിലുള്ള വിചാരണത്തടവുകാരും നമ്മുടെ നിയമവ്യവസ്ഥയുടെ അനീതിക്ക് തെളിവുകളാണ്. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കാൻ ഉപകരണങ്ങളായി ധാരാളം നിയമങ്ങൾ നമുക്കുണ്ട്; പക്ഷേ, നീതി ഉറപ്പാക്കാൻ കഴിയുന്ന സംവിധാനങ്ങൾ കുറഞ്ഞുവരുന്നു. നീതിയിലെ ഈ കമ്മി (Justice deficit) രാജ്യത്തിന്റെ ഭദ്രതക്കുതന്നെ ഭീഷണിയാണ്. നമ്മുടെ പരിശോധനയും കോടതിയുടെ ജാഗ്രതയും അതാവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.