പാളിച്ചകളിൽ നിന്ന് സർക്കാർ പാഠം പഠിക്കുമോ?
text_fieldsജിഷ്ണു പ്രണോയി എന്ന വിദ്യാർഥിയുടെ ദാരുണ മരണം കെട്ടഴിച്ചുവിട്ട സംഭവവികാസങ്ങൾ ഇടതുപക്ഷ സർക്കാറിെൻറ ഒരുവർഷം തികയാൻ പോകുന്ന ഭരണത്തെ വിലയിരുത്താനുള്ള ഉരകല്ലായി എടുക്കുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിമാനിക്കാനോ ആശ്വസിക്കാനോ കൂടുതലായി ഒന്നുമില്ല എന്നുവരുന്നത് അദ്ദേഹത്തിൽ ഏറെ പ്രതീക്ഷകൾ അർപ്പിച്ച ജനത്തെ അങ്ങേയറ്റം നിരാശരാക്കുന്നുണ്ട്. നിസ്സാരമായ പ്രശ്നംപോലും വേണ്ടപ്പോൾ വേണ്ടതുപോലെ കൈകാര്യംചെയ്യുകയോ ആവശ്യമായ ഇടങ്ങളിൽ വിവേകപൂർവം ഇടപെടുകയോ ചെയ്യാതിരുന്നാൽ എന്താണ് സംഭവിക്കുക എന്നതിെൻറ വ്യക്തമായ തെളിവാണ് ജിഷ്ണുവിെൻറ അമ്മയും പെങ്ങളും അനിശ്ചിതകാല നിരാഹാരമിരിക്കുന്നതിലേക്ക് വഴിതെളിച്ച സംഭവവികാസങ്ങൾ.
പാമ്പാടി നെഹ്റു കോളജിൽ കിരാതമായ പീഡനങ്ങളേറ്റ് ജിഷ്ണുവിനു മരണത്തിനു കീഴടങ്ങേണ്ടിവന്നപ്പോൾ, ആ വിദ്യാർഥിയുടെ മാതാപിതാക്കളെയെങ്കിലും മനുഷ്യത്വത്തിെൻറയും നീതിയുടെയും സ്വരത്തിൽ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ വിഷയം ഇമ്മട്ടിൽ വിവാദമാകുമായിരുന്നില്ല. മകെൻറ മരണത്തിന് ഉത്തരവാദികൾ ഇവരൊക്കെയാണെന്ന് കോളജിെൻറ അമരത്തിരിക്കുന്നവർക്കുനേരെ ആ അമ്മ ഹൃദയവേദനയോടെ ചൂണ്ടിക്കാട്ടിയിട്ടും കേസന്വേഷണം കാര്യക്ഷമമായല്ല മുന്നോട്ടുനീങ്ങുന്നതെന്ന് അവർക്കു തോന്നിയിട്ടുണ്ടെങ്കിൽ അതിനവരോട് ശത്രുത കാണിക്കുന്നതിൽ അർഥമില്ല. ഇത്തരം അവസരങ്ങൾ വീണുകിട്ടുമ്പോൾ രാഷ്ട്രീയപരമായി അത് മുതലെടുക്കാൻ പ്രതിപക്ഷം പരമാവധി ശ്രമിക്കുമെന്ന് എല്ലാവർക്കുമറിയാവുന്ന സംഗതിയാണ്.
കമ്യൂണിസ്റ്റ് പാർട്ടിയെ എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ച ഒരു കുടുംബത്തിന് വന്നുപെട്ട ദുരന്തത്തെ എങ്ങനെയാണ് പാർട്ടിയും സർക്കാറും കൈകാര്യംചെയ്തതെന്ന് സത്യസന്ധമായി വിലയിരുത്തിയാൽ തന്നെ ബോധ്യപ്പെടും തുടക്കംമുതൽ പാളിച്ചകൾ പറ്റിയിട്ടുണ്ടെന്ന്. മകെൻറ അന്ത്യത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന പരിദേവനവുമായി ഡി.ജി.പിയുടെ ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിെൻറ അമ്മക്കും കുടുംബത്തിനും നേരിടേണ്ടിവന്ന, കേരളത്തെ ഞെട്ടിച്ച ‘പൊലീസ് ആക്ഷൻ’ തന്നെ എടുത്തുനോക്കൂ. അൽപം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ പൂർണമായും ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ മലയാളികളുടെ നെഞ്ചുരുക്കിയ ആ നടപടി. അതിനുശേഷവും ഗൂഢാലോചന സിദ്ധാന്തം രചിക്കാനും സ്ത്രീകളെ വലിച്ചിഴച്ചുകൊണ്ടുപോയ പൊലീസിനെ ന്യായീകരിക്കാനുമല്ലേ മുഖ്യമന്ത്രിയടക്കമുള്ളവർ ശ്രമിച്ചത്? എല്ലാം ജനം തത്സമയം കാണുന്നുണ്ടെന്നും യഥാതഥം വിലയിരുത്തുന്നുണ്ടെന്നും മനസ്സിലാക്കാൻ അധികാരത്തിെൻറ ഉത്തുംഗതയിലിരിക്കുന്നവർക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചോദ്യമാണ് നിഷ്പക്ഷമതികളിൽനിന്ന് ഉയരുന്നത്.
സർക്കാറിനു ഗുരുതരമായ പാളിച്ചകൾ പിണഞ്ഞിട്ടുെണ്ടന്ന് ആത്മപരിശോധനയിൽ കണ്ടെത്തിയതുകൊണ്ടാവണം എല്ലാറ്റിനുമൊടുവിൽ അനുനയത്തിനും ചർച്ചക്കും മുന്നോട്ടുവന്നത്. അതിനു പശ്ചാത്തലമൊരുക്കിയവർ ആരൊക്കെയാണെങ്കിലും അഭിനന്ദനമർഹിക്കുന്നുണ്ട്. ജിഷ്ണുവിെൻറ മാതാവ് മഹിജയുടെ തീരാദു$ഖത്തിൽ കേരളം ഒന്നടങ്കം പങ്കുചേരുന്നുണ്ട്. ജിഷ്ണുവിെൻറ സഹോദരി അവിഷ്ണ എന്ന പത്താംതരക്കാരി കൂടി നിരാഹാരസമരവുമായി മുന്നോട്ടുപോയപ്പോൾ ഒരു കുടുംബത്തിെൻറ ആധിയും ആകുലതകളും സംസ്ഥാനത്തിെൻറ മൊത്തം നൊമ്പരമായി മാറി എന്നത് നേരാണ്. അതുകണ്ട് പരിഭ്രാന്തിപ്പെട്ടാവണം ഒടുവിൽ സർക്കാറിനു ചുവടുമാറ്റിച്ചവിട്ടേണ്ടിവന്നത്. അതിനിടയിൽ ഗവൺമെൻറിെൻറ പ്രതിച്ഛായക്ക് ഏറെ കളങ്കമേറ്റുവെന്ന യാഥാർഥ്യം അംഗീകരിക്കാതിരുന്നിട്ട് ഫലമില്ല. കേരളത്തിലെ ജനം ഒരു വർഷം മുമ്പ് ഉമ്മൻ ചാണ്ടി സർക്കാറിനെ താഴെയിറക്കി എൽ.ഡി.എഫിെൻറ കരങ്ങളിലേക്ക് അധികാരമേൽപിച്ചത് ഇങ്ങനെയൊരു ഭരണം കാഴ്ചവെക്കാനായിരുന്നില്ല.
നിയമവാഴ്ചയെക്കുറിച്ചുള്ള എല്ലാ നല്ല സങ്കൽപങ്ങളും തൂത്തുവാരിയെറിയപ്പെട്ടു എന്നുമാത്രമല്ല, പൗരാവകാശങ്ങൾ പച്ചയായി ഹനിക്കപ്പെടുന്ന, കൊലകളും കൂട്ടമരണങ്ങളും നിത്യജീവിതത്തിെൻറ താളംതന്നെ തെറ്റിക്കുന്ന അത്യന്തം ഭീതിദമായ അവസ്ഥയിലേക്ക് സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. പൊലീസിെൻറ തലപ്പത്തിരിക്കുന്നവരെ കുറിച്ച് സാമാന്യജനത്തിനുള്ള അവിശ്വാസം മാത്രംമതി നാട് അശാന്തിയാൽ കാർമേഘാവൃതമാവാൻ. ഈയൊരു അവസ്ഥക്ക് തിരുത്തുണ്ടായേ പറ്റൂ. കമ്യൂണിസ്റ്റ് പാർട്ടി ഘടനയിൽ അധികാരം കൂട്ടുത്തരവാദിത്തത്തിേൻറതാണ്. സർക്കാറിനു പിഴക്കുമ്പോൾ തിരുത്താനുള്ള ബാധ്യത പാർട്ടിക്കുണ്ട്. ആ കർത്തവ്യം യഥാവിധി നിറവേറ്റുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവർ കൂലങ്കഷമായി പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വർഗീയ ഫാഷിസം ദേശീയതലത്തിൽ തന്നെ ഇരച്ചുകയറുകയും മൂല്യവത്തായ രാഷ്ട്രീയത്തിെൻറ സകല ഈടുവെപ്പുകളും തകർത്തെറിയുകയും ചെയ്യുന്ന ഈ പ്രതിസന്ധിയിൽ മതനിരപേക്ഷ രാഷ്ട്രീയ സംസ്കൃതിയുടെ അവസാനത്തെ അഭയകേന്ദ്രമായാണ് പലരും ഇടതു മതനിരപേക്ഷ ജനായത്ത ധാരയെ നോക്കിക്കാണുന്നത്. ദുഷിച്ച ഭരണവും മോശമായ പ്രതിച്ഛായയും ഏത് ആസുരശക്തികൾക്കും കടന്നുകയറാനുള്ള അവസരമൊരുക്കിക്കൊടുക്കും എന്ന യാഥാർഥ്യം ഉൾക്കൊണ്ടായിരിക്കണം ഇനിയെങ്കിലും സർക്കാറിനെ മുന്നോട്ടുനയിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.