എല്ലാം ശരിയാക്കും; മദ്യത്തിൽ
text_fieldsകേരളത്തെ മദ്യത്തിൽ മുക്കിയേ അടങ്ങൂ എന്ന ദൃഢപ്രതിജ്ഞയിലാണ് ഇടതുസർക്കാർ എന്നു ഘട്ടം ഘട്ടമായി കൂടുതൽ മദ്യക്കടകൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള അവരുടെ തീരുമാനം തെളിയിക്കുന്നു. ഇക്കാര്യത്തിൽ വാദകോലാഹലങ്ങൾക്കു പോകാതെ അബ്കാരി ലോബിക്ക് പൂർണമായും വഴങ്ങി വരുമാനം വർധിപ്പിക്കാനുള്ള അത്യുത്സാഹത്തിലാണ് ഗവൺമെൻറ്. മദ്യക്കച്ചവടം തകൃതിയായതോടെ ബിവറേജസ് സ്ഥാപനങ്ങളിൽ ഇൻസൻറീവ് തുക ലക്ഷത്തോളമെത്തി നിൽക്കെ തഹസിൽദാർ തസ്തികയിൽ ജോലിചെയ്യുന്നവർവരെ അങ്ങോട്ട് ഡെപ്യൂേട്ടഷന് തിക്കിത്തിരക്കുന്നിടം വരെയെത്തി.
ഇൗ ഉദാരനയത്തിനെതിരെ അസൂയയല്ലാതെ മനസാ എതിർപ്പൊന്നുമില്ലാത്ത പ്രതിപക്ഷത്തിെൻറ പ്രസ്താവന നേർത്തുവരുകയും സമരത്തിനിറങ്ങിയ സഭക്കാരെയും സമിതിക്കാരെയുമൊക്കെ സമ്മർദത്തിലാക്കി വഴക്കിയെടുക്കുകയും ചെയ്തതോടെ മാർഗതടസ്സങ്ങൾ നീങ്ങിയ ആശ്വാസത്തിലാണ് പിണറായി സർക്കാർ. അങ്ങനെ ഘട്ടം ഘട്ടമായി പത്തുവർഷം കൊണ്ട് കേരളത്തെ സമ്പൂർണ മദ്യമുക്തമാക്കാമെന്ന െഎക്യ ജനാധിപത്യമുന്നണി തീരുമാനത്തെ തകിടം മറിച്ച് കേരളത്തിൽ അങ്ങുന്നിങ്ങോളം എല്ലാ പഴുതും ഉപയോഗിച്ച് മദ്യം കൊണ്ടു ആറാട്ടു നടത്താനാണ് പരിപാടി.
തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ വോട്ടു നഷ്ടപ്പെടാതിരിക്കാൻ അടച്ചുപൂട്ടിയ ഷാപ്പുകൾ തുറക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ആണയിട്ടതാണ്. എന്നാൽ, മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയം കടന്നതോടെ അടച്ച ഷാപ്പുകൾ ഒന്നൊന്നായി തുറക്കാൻ തിടുക്കം കൂട്ടുകയായിരുന്നു ഇടതു മുന്നണി ഗവൺമെൻറ്. ടൂറിസം മന്ത്രി എ.സി മൊയ്തീെൻറ അപേക്ഷയായിരുന്നു ആദ്യം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെങ്കിലും അടച്ച ബാറുകൾ തുറക്കണമെന്നായിരുന്നു ആവശ്യം. ഇത് കണക്കിലെടുത്ത് മാറുന്ന അബ്കാരി നയത്തിൽ അതിനു വകുപ്പുണ്ടാക്കാമെന്നായി എക്സൈസ് മന്ത്രി. എന്നാൽ, നയം രൂപം കൊണ്ടപ്പോൾ ആവശ്യപ്പെട്ടതിനുമപ്പുറം കടന്ന് ത്രീ സ്റ്റാർ ഹോട്ടലുകളിലും അതിനു മുകളിലുമുള്ള ബാറുകൾ അടച്ചതെല്ലാം തുറക്കാൻ തീരുമാനിച്ചു. ടൂ സ്റ്റാറിൽ ബാങ്ക്വറ്റ് ഹാളിൽ മദ്യം വിളമ്പാൻ പ്രത്യേകാനുമതി, നാഷനൽ ഹൈവേയിൽനിന്നു 500 മീറ്റർ ദൂരപരിധിയിൽ മദ്യവിൽപന പാടില്ലെന്ന സുപ്രീംകോടതി വിധിയനുസരിച്ച് പൂേട്ടണ്ടിവരുന്ന ഷാപ്പുകൾക്ക് താലൂക്കിൽ സ്ഥലം കണ്ടെത്തിയാൽ അനുമതി ഇങ്ങനെ നിരോധത്തെ അട്ടിമറിക്കുന്നതിെൻറ മുന്നോടിയായിരുന്നു മദ്യനയ പ്രഖ്യാപനം തന്നെ. നിരോധനം അപ്രായോഗികമാണെന്ന് അന്നുതന്നെ മുഖ്യമന്ത്രി പറഞ്ഞുവെച്ചിരുന്നു. പ്രാദേശികമായി ഉയർന്ന എതിർപ്പുകളെ ഒാർഡിനൻസ് വഴി മറികടക്കുകയായിരുന്നു ഗവൺമെൻറ്. അടഞ്ഞ ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ 700 ബാറുകളിൽ 77 എണ്ണം തുറക്കാനേ ആദ്യഘട്ടത്തിൽ കഴിഞ്ഞുള്ളൂ. അവശേഷിച്ചതിൽ 219 എണ്ണം തുറക്കാൻ മുനിസിപ്പൽ കോർപറേഷൻ പരിധിയിലൂടെ കടന്നുപോകുന്ന ഹൈവേകൾ ഡീ നോട്ടിഫൈ ചെയ്തു. പിന്നീട് മുനിസിപ്പൽ മേഖലയിലെ ദൂരപരിധി 220 മീറ്ററാക്കി കുറച്ചത് ഗവൺെമൻറിെൻറ നീക്കത്തിന് ആക്കം കൂട്ടി. നേരത്തേ സുപ്രീംകോടതി വിധിയെ തുടർന്ന് 11 പഞ്ചനക്ഷത്ര ബാറുകൾ, 619 ബിയർ/വൈൻ പാർലറുകൾ, 134 ബിവറേജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകൾ എന്നിവയടക്കം 1956 ഒൗട്ട്ലെറ്റുകൾക്ക് താഴു വീണിരുന്നു. സുപ്രീംകോടതി മുൻ ഉത്തരവിൽ ഇളവു നൽകിയതോടെ സംസ്ഥാന സർക്കാറിന് 466 ബാറുകൾ കൂടി തുറക്കാൻ വഴിയൊരുങ്ങി.
ഇച്ഛിച്ച രീതിയിൽതന്നെ കാര്യങ്ങൾ വന്നെത്തിയതോടെ കൂടുതൽ മദ്യമൊഴുക്കിന് പുതിയ വഴികൾ തേടുകയാണ് സംസ്ഥാന സർക്കാർ. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധികളിലുള്ള സംസ്ഥാനപാതകൾ ഡീ നോട്ടിഫൈ ചെയ്ത് കൂടുതൽ ബാറുകൾക്ക് അവസരമൊരുക്കാനുള്ള തീരുമാനം ഇതി
െൻറ ഭാഗമാണ്. പുതുതായി സ്പെഷൽ ഗ്രേഡ് പഞ്ചായത്തുകളെയാണ് ഗവൺമെൻറ് ഉന്നം വെക്കുന്നത്. ജനത്തിരക്കും വരുമാനവും കൂടുതലുള്ള സ്പെഷൽഗ്രേഡ് പഞ്ചായത്തുകൾ സുപ്രീംകോടതി വിധിയിൽ ഉൾപ്പെടുമോ എന്ന കാര്യം പരിശോധിച്ചുവരുകയാണെന്നാണ് റിപ്പോർട്ട്. ഇൗ പഞ്ചായത്തുകളുടെ പരിധിയിലുള്ള സംസ്ഥാനപാതകൾ പഞ്ചായത്തിലെ പ്രധാന ടൗണുകളിലെ പരിധിയിൽ തരം മാറ്റാനാണ് ആലോചിക്കുന്നത്. ഫണ്ട് വിനിയോഗമുൾപ്പെടെയുള്ളതിൽ പ്രശ്നമുണ്ടാകുമെന്നതിനാൽ ഇൗ പാതകൾ തരം മാറ്റുന്നതിനോട് പൊതുമരാമത്ത് വകുപ്പിന് പരിഭവമുണ്ട്.
എന്നാൽ, നേരത്തേ സുപ്രീംകോടതി വിധി മറികടക്കാൻ തരംമാറ്റിയ ഹൈവേകൾ കോടതിവിധി മാറ്റിയതോടെ പഴയനില പുനഃസ്ഥാപിച്ചതിനാൽ പുതിയ ഡീ നോട്ടിഫിക്കേഷൻ വിനയാകില്ലെന്നാണ് ഗവൺമെൻറ് കണക്കുകൂട്ടൽ. ഇങ്ങനെ സ്പെഷൽഗ്രേഡ് പഞ്ചായത്തുകളെക്കൂടി നിരോധം മറികടക്കുന്ന പരിധിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ യു.ഡി.എഫ് സർക്കാറിെൻറ നിരോധനത്തെ തുടർന്ന് അടച്ചുപൂട്ടിയ 90 ശതമാനം ബാറുകളും തുറന്നു പ്രവർത്തിക്കാൻ വഴിയൊരുങ്ങും.
ഗ്രാമപഞ്ചായത്തുകളിലെയും സ്പെഷൽ ഗ്രേഡ് പഞ്ചായത്തുകളിലെ ദേശീയ പാതയോരത്തെയും എതാനും ബാറുകൾ മാത്രമേ പിന്നീട് അവശേഷിക്കുകയുള്ളൂ. ഏതായാലും ഘട്ടം ഘട്ടമായി ഉമ്മൻ ചാണ്ടി സർക്കാർ അടച്ചുപൂട്ടിയ ബാറുകളോരോന്നും അതേ ക്രമത്തിൽ പുനഃസ്ഥാപിക്കാനുള്ള തീവ്രയത്ന പരിപാടിയാണ് ഇടതുസർക്കാർ കൊണ്ടുപിടിച്ചു നടത്തുന്നത്. അതിനെതിരായ പ്രതിഷേധങ്ങളെ അവഗണിച്ചും അനുനയിപ്പിച്ചും ഒതുക്കാനുള്ള ഉപായങ്ങളും തേടുന്നുണ്ട്. അങ്ങനെ ‘എല്ലാം ശരിയാകും’ എന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം മദ്യമൊഴുക്കിനുള്ള മാർഗതടസ്സം നീക്കുന്ന കാര്യത്തിലെങ്കിലും പിണറായി സർക്കാർ അക്ഷരം പ്രതി പാലിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഒാണത്തിനുള്ള ഇൗ ബംബർ ബാർ സമ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.