ആർ.എസ്.എസിലെ തലമാറ്റം
text_fields
ആർ.എസ്.എസിെൻറ പ്രവർത്തനപദ്ധതികൾ ആലോചിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി ഒാരോ വർഷവും സംഘടന പ്രത്യേകമായി സമ്മേളിക്കാറുണ്ട്. അഖില ഭാരതീയ പ്രതിനിധിസഭ എന്നറിയപ്പെടുന്ന ഇൗ സമ്മേളനത്തിൽ ആർ.എസ്.എസിെൻറയും പോഷകഘടകങ്ങളുടെയും ആയിരത്തഞ്ഞൂറോളം പ്രതിനിധികളാണ് പെങ്കടുക്കുക. മൂന്നു വർഷത്തിലൊരിക്കൽ, പുതിയ നേതൃത്വത്തെ തീരുമാനിക്കുന്നതും ഇൗ പ്രതിനിധിസഭയാണ്.
ഇൗ വർഷത്തെ സമ്മേളനം കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ ബംഗളൂരുവിൽ നടന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. 12 വർഷമായി സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന (സർകാര്യവാഹക്) സുരേഷ് ഭയ്യാജി ജോഷിക്കുപകരം, ദത്താത്രേയ ഹൊസബലെ തൽസ്ഥാനത്തുവന്നതാണ് കാര്യമായ മാറ്റം. ഒരു വ്യാഴവട്ടക്കാലം സംഘടനയുടെ സഹ സർകാര്യവാഹകായിരുന്നു (ജോയൻറ് സെക്രട്ടറി) ദത്താത്രേയ. ചെറിയ ഇടവേളക്കുശേഷം, ബി.ജെ.പി ജനറൽ സെക്രട്ടറിയായിരുന്ന റാം മാധവ് ദേശീയ എക്സിക്യൂട്ടിവിൽ തിരിച്ചെത്തിയതും എടുത്തുപറയേണ്ട തലമാറ്റങ്ങളിൽ ഒന്നാണ്.
ആർ.എസ്.എസിലെ ഇൗ നേതൃമാറ്റം പുതിയ രാഷ്ട്രീയസാഹചര്യത്തിൽ സവിശേഷമായ ചർച്ച അർഹിക്കുന്നുണ്ട്. ഒന്നാമതായി, കേന്ദ്രത്തിലും 12 സംസ്ഥാനങ്ങളിലും ഭരണത്തിന് നേതൃത്വംനൽകുന്ന ബി.ജെ.പിയുടെ ആശയസ്രോതസ്സാണ് ആർ.എസ്.എസ്. ബി.ജെ.പി എന്ന രാഷ്ട്രീയസംഘടനയുടെ മാത്രമല്ല, സംഘ്പരിവാറിെൻറ ഹിന്ദുത്വ അജണ്ട പൊതുവിൽതന്നെ രൂപപ്പെടുന്നതും ഇതേ പ്രസ്ഥാനത്തിലൂടെയാണ്. സ്വാഭാവികമായും, മോദിക്ക് കേന്ദ്രത്തിൽ രണ്ടാമൂഴം ലഭിച്ച ശേഷം ഹിന്ദുത്വ അജണ്ടകൾ ഒാരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 'മാതൃസംഘടന' എന്തുപറയുന്നുവെന്നും ആരൊക്കെ നയിക്കുന്നുവെന്നതും പ്രധാനമാണ്.
രണ്ടാമതായി, 2025ൽ നൂറാം വാർഷികം ആഘോഷിക്കാനിരിക്കുന്ന ആർ.എസ്.എസിെന അതിനുവേണ്ടി സജ്ജമാക്കേണ്ടത് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നേതൃത്വമാണ്. 2024ൽ, നിർണായകമായൊരു പാർലമെൻറ് തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു. അപ്പോഴേക്കും, കാലങ്ങളായി ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന അജണ്ടകൾ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യം സംഘടനക്കുണ്ട് എന്നത് ഒട്ടും രഹസ്യമല്ലാത്ത കാര്യമാണ്. അതിലേക്ക് എളുപ്പത്തിൽ നടന്നടുക്കാനുള്ള ഏറ്റവും ശക്തമായ ടീമിനെയാണ് ബംഗളൂരു സമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പ്രാഥമികമായി വിലയിരുത്തേണ്ടത്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണമില്ലാതിരുന്നേപ്പാഴും മറ്റൊരു 'നിഴൽ ഭരണകൂട'മായി സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ആർ.എസ്.എസും സംഘ്പരിവാർ പ്രസ്ഥാനങ്ങളും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഹിന്ദുത്വയുടെ പല ചിഹ്നങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളുമെല്ലാം നമ്മുടെ പൊതുമണ്ഡലത്തിേൻറതുകൂടിയായത്. ഗോവധ നിരോധനം അടക്കമുള്ള എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഇപ്പോൾ അതൊരു നിഴൽഭരണകൂടമല്ല; പ്രത്യക്ഷത്തിൽതന്നെ ഇൗ രാജ്യത്തെ ഭരിച്ചുകൊണ്ടിരിക്കുന്ന ഫാഷിസത്തിെൻറ രുചിയും മണവുമുള്ള സംഘമാണത്. തങ്ങൾ മുന്നോട്ടുവെച്ച സർവ ആശയങ്ങളും പാർലമെൻറിലെ മൃഗീയ ഭൂരിപക്ഷത്തിെൻറ ബലത്തിൽ ഒാരോന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണവർ.
പൗരത്വഭേദഗതി നിയമവും മുത്തലാഖ് ബില്ലുമെല്ലാം ഇൗ അജണ്ടയുടെതന്നെ ഭാഗമായിരുന്നുവെന്ന് വ്യക്തമാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിെൻറ ലക്ഷ്യവും മറ്റൊന്നല്ല. ഇൗ നീക്കങ്ങളിലെല്ലാം ന്യൂനപക്ഷ, വംശീയ ഉന്മൂലനത്തിെൻറ കൃത്യമായ സൂചനകളുണ്ടെന്നതും കാണാതിരുന്നുകൂടാ. മോദി സർക്കാറിന് രണ്ടാമൂഴം ലഭിച്ചതോടെ ഇൗ നീക്കങ്ങൾക്കെല്ലാം വേഗം വർധിക്കുകയും ചെയ്തു. ഇനിയും അതിെൻറ പ്രവേഗം വർധിപ്പിക്കുകയാണ് ബംഗളൂരു സമ്മേളനത്തിലൂടെ ലക്ഷ്യമിട്ടെതന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പുതിയ സ്ഥാനം ഏറ്റെടുത്തശേഷം ദത്താത്രേയ നടത്തിയ ആദ്യത്തെ രാഷ്ട്രീയ പ്രസ്താവന 'ലവ് ജിഹാദി'നെതിരെ നിയമനിർമാണം നടത്തുന്ന സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുമെന്നാണ്. ഇൗ രാജ്യത്തെ കോടതികൾ പലതവണ ഇല്ലാക്കഥയാണെന്ന് അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടും അതിനെയൊരു രാഷ്ട്രീയായുധമാക്കാൻതന്നെയാണ് ആർ.എസ്.എസിെൻറ തീരുമാനമെന്ന് വ്യക്തം. ബി.ജെ.പി ഭരിക്കുന്ന യു.പിയും മധ്യപ്രദേശും വിഷയത്തിൽ നിയമം പാസാക്കിക്കഴിഞ്ഞു; നിയമനിർമാണ വഴിയിൽ കർണാടകയും സഞ്ചരിക്കുന്നു.
ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇതിെൻറ തുടർച്ചയുണ്ടാകാം. കേന്ദ്രം ഇൗ വിഷയത്തിൽ ഒരു നിയമം പാസാക്കിയാലും അത്ഭുതപ്പെടാനില്ല. എന്തിനേറെ, ഭരണത്തിലിരിക്കാൻ നേരിയ സാധ്യതപോലുമില്ലാത്ത കേരളത്തിൽപോലും ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധങ്ങളിലൊന്ന് 'ലവ് ജിഹാദും' അതിനെതിരായ നിയമനിർമാണവുമാണ്.
ഭരണം കിട്ടിയാലും ഇല്ലെങ്കിലും 'ലവ് ജിഹാദ്' ആരോപണത്തിന് നല്ല രാഷ്ട്രീയ സാധ്യതയാണെന്ന് ഹിന്ദുത്വയുടെ വക്താക്കൾ ഇതിനകം തിരിച്ചറിഞ്ഞിരിക്കുന്നു. മുഖ്യധാര ഇടതുപക്ഷത്തെ ചില നേതാക്കൾപോലും അവസരത്തിനൊത്ത് ഇൗ 'ആയുധം' പലതവണ പ്രയോഗിച്ചതിന് കേരളംതന്നെയാണ് സാക്ഷി.
ഇൗ പശ്ചാത്തലത്തിൽ, ദത്താത്രേയയും സംഘവും 'ലവ് ജിഹാദ്' അടക്കമുള്ള വിഷയങ്ങൾ ദേശീയതലത്തിൽ വീണ്ടും ചർച്ചക്കെടുക്കുേമ്പാൾ മുസ്ലിം ന്യൂനപക്ഷങ്ങൾ കൂടുതൽ സമ്മർദത്തിലാകും; പൗരത്വ ഭേദഗതി നിയമത്തിെൻറയും മറ്റും സവിശേഷ സാഹചര്യത്തിൽ ഇതിനകം തന്നെ വലിയ അരക്ഷിതത്വത്തിൽ കഴിയുന്ന ഇൗ ജനത മറ്റൊരു സങ്കീർണതയുടെകൂടി പടുകുഴിയിലേക്ക് തള്ളിയിടപ്പെടും. മുസ്ലിംകളെ മാത്രമല്ല, മതനിരപേക്ഷമായൊരു ഭരണഘടനയുടെ നിലനിൽപിനെതന്നെയാകും അത് ആത്യന്തികമായി ബാധിക്കുക. അതിനാൽ, ദത്താത്രേയയിലൂടെ ആർ.എസ്.എസ് വിരൽചൂണ്ടുന്നത് ഇന്ത്യയുടെ ആത്മാവിനുനേരെയാണെന്ന് മതേതരസമൂഹം തിരിച്ചറിയേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.