വാക്കുകളുടെ ഒൗചിത്യം അറിയാത്തവരോ നേതാക്കൾ?
text_fieldsഭാഷ നിരപേക്ഷമല്ലെന്നും ഒരാൾ വാക്കുകൾ തെരഞ്ഞെടുക്കുന്നതിലും പ്രയോഗിക്കുന്നതിലും കൃത്യമായ രാഷ്ട്രീയബോധംകൂടി ഉൾച്ചേർന്നിട്ടുണ്ടെന്നും പഠിപ്പിക്കേണ്ടവരല്ല ഇടതുപക്ഷം, വിശേഷിച്ച് സി.പിഎം. വിചാരങ്ങളുടെയും വികാരങ്ങളുടെയും വിനിമയത്തോടൊപ്പം ഭാഷയിലൂടെ ഒരധികാര പ്രയോഗം കൂടി സംഭവിക്കുന്നുണ്ടെന്ന് നന്നായി അറിയുന്നവരാണവർ. ബി.ജെ.പി ഫാഷിസ്റ്റ് സംഘമാണോ അതല്ല, ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന രാഷ്ട്രീയ സംഘമാണോ എന്ന് തർക്കിക്കുന്നതിെൻറ മർമം വാക്കുകളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള സൈദ്ധാന്തിക നിലപാടുമാണ്. വാക്കുകൾക്കും പ്രയോഗങ്ങൾക്കും നിഘണ്ടുവിലെ അർഥമല്ല സാമൂഹികജീവിതത്തിലുള്ളത് എന്ന തിരിച്ചറിവ് മൂലമാണ് ‘ചെറ്റ’ എന്ന വാക്ക് തെറിയായി ഒരാളുപയോഗിക്കുമ്പോൾ കീഴാള സമൂഹത്തിെൻറ ജീവിതത്തോടുള്ള അവഹേളനമായി തിരിച്ചറിയെപ്പടുന്നതും വിമർശിക്കപ്പെടുന്നതും. വിവിധ സമൂഹങ്ങളെ അടിച്ചമർത്താനും പൈശാചികവത്കരിക്കാനും ഭരണകൂടങ്ങൾ ബോധപൂർവം വാക്കുകൾ നിർമിക്കുകയും അവിരാമം പ്രയോഗിക്കുകയും ചെയ്യുന്നതിെന കുറിച്ച് ജാഗ്രത്തായ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ കേരളത്തിൽ നടക്കുന്ന ജനകീയ സമരങ്ങളെ തകർക്കാൻ അതേ തന്ത്രംതന്നെ ഉപയോഗിക്കുന്നുവെന്നത് വലിയ സാമൂഹിക ദുരന്തമാണ്. ഒരുകാലത്ത് ഭരണകൂടം രൂപപ്പെടുത്തിയ ഭാഷാപ്രയോഗങ്ങളിലൂടെ പൈശാചികവത്കരണത്തിെൻറ ഇരകളായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്നത് അവർ വിസ്മരിച്ചിരിക്കുന്നുവെന്ന് തോന്നിപ്പിക്കും നേതാക്കളുടെ അപക്വ പ്രതികരണങ്ങൾ.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ തലപ്പാറയിൽ പ്രദേശവാസികൾ നടത്തിയ സമരത്തെ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവൻ നിരീക്ഷിച്ചത് മുസ്ലിം തീവ്രവാദത്തിെൻറ സ്വാധീനഫലമാെണന്നാണ്. സമരത്തിൽ പൊലീസ് അറസ്റ്റ് ചെയ്തവരിൽ സി.പി.എം പ്രവർത്തകരും പ്രാദേശിക നേതാക്കളുമുണ്ടായിട്ടും വസ്തുതാവിരുദ്ധമായി മുസ്ലിം തീവ്രവാദ പ്രസ്താവന രാഷ്ട്രീയ ചാപ്പയടിയാണ്. നേരത്തേ ഗെയിൽ സമരത്തെയും അദ്ദേഹം മുസ്ലിം തീവ്രവാദത്തിെൻറ സ്വാധീനമാെണന്ന് വിവാദ പ്രസ്താവന നടത്തിയിരുന്നു. കണ്ണൂർ കീഴാറ്റൂരിലെ സമരത്തെ മാവോവാദി തീവ്രവാദമെന്ന് മുദ്രയടിക്കാനാണ് കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ ഉത്സുകനായത്. സി.പി.എം അനുഭാവികൾ ധാരാളമുള്ള, പാർട്ടിക്ക് നല്ല സ്വാധീനമുള്ള ഒരു പ്രദേശത്തെ സമരത്തെയാണ് യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാത്ത പ്രസ്താവനയിലൂടെ അട്ടിമറിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. ദേശീയപാത വികസനവുമായി വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സമരത്തെ മന്ത്രി ജി. സുധാകരൻ വിശേഷിപ്പിക്കുന്നത് ദേശദ്രോഹ, വിധ്വംസക പ്രവർത്തനങ്ങളായാണ്. സമരസമൂഹങ്ങൾ ഉയർത്തുന്ന മൗലികമായ ചോദ്യങ്ങൾക്ക് ഭരിക്കുന്ന പാർട്ടിയെന്ന നിലക്ക് യുക്തിപരവും വസ്തുനിഷ്ഠവുമായി മറുപടി പറയാൻ കഴിയാത്തതുകൊണ്ട്, താൽക്കാലികമായി രക്ഷപ്പെടാനും വിഷയത്തെ മർമത്തിൽനിന്ന് വ്യതിചലിപ്പിക്കാനുമുള്ള രാഷ്ട്രീയ കൗശലമായിരിക്കാം ഇത്തരം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിട വരുത്തുന്ന പ്രസ്താവനകളിലേക്ക് നേതാക്കളെ നയിക്കുന്നത്. അതല്ലെങ്കിൽ കീഴാറ്റൂരും തലപ്പാറയിലും പൊലീസ് നടത്തിയ നിഷ്ഠുരമായ നരനായാട്ടുകളുടെ മാതൃകയിൽ ജനകീയ സമരങ്ങളെ എളുപ്പത്തിൽ അടിച്ചമർത്താനും നിയമബാഹ്യമായ അധികാര പ്രയോഗം നടത്താനും പിന്നീടവയെ ന്യായീകരിക്കാനുമുള്ള ഭരണകൂട സൂത്രവിദ്യയായിരിക്കാം ഇത്തരം വാക്പ്രയോഗങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത്. പക്ഷേ, അവയുണ്ടാക്കുന്ന മുറിവുകൾ നീണ്ടകാലത്തോളം അപരിഹാര്യമായി നിലനിൽക്കുമെന്നും സി.പി.എമ്മിെൻറ രാഷ്ട്രീയ പ്രസക്തിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുമെന്നും അവർ എത്രയും വേഗം തിരിച്ചറിയേണ്ടതുണ്ട്. കാരണം, ഇടതുപക്ഷം മാത്രമാണ് ജനകീയ സമരങ്ങളെ തീവ്രവാദമുദ്രകൊണ്ട് പൈശാചികവത്കരിക്കുന്നത്.
ചരിത്രബോധവും വർത്തമാനകാല രാഷ്ട്രീയ സങ്കീർണതകളും ഉൾക്കൊള്ളാതെ ഇടതുപക്ഷ നേതാക്കൾ നടത്തുന്ന രാഷ്ട്രീയ ചാപ്പയടികൾ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനാണ് ഗുണകരമാകുന്നത്. കേന്ദ്രമന്ത്രി ഗഡ്കരിയുടെ അഭിനന്ദനങ്ങളിലാണോ സാധാരണക്കാരുടെ അഭിശംസകളിലാണോ സി.പി.എമ്മിെൻറ രാഷ്ട്രീയഭാവി നിലകൊള്ളുന്നതെന്ന പാഠം ബംഗാളിൽനിന്നും ത്രിപുരയിൽനിന്നും സ്വീകരിക്കുന്നത് ഉചിതമായിരിക്കും. ജനങ്ങളുടെ ആത്മാഭിമാനത്തിനേറ്റ വടുക്കളെ നികത്താൻ വീതിയേറിയ പാതകൾക്കാകില്ല. അമ്മയുടെ കുഴിമാടത്തിൽ മാർക്കിടുന്നത് നിസ്സഹായമായി നോക്കിനിൽക്കുന്നവരുടെ വേദനയും രോഷപ്രകടനവും തീവ്രവാദ മുദ്രകൊണ്ട് അതിജീവിക്കാനാകില്ല. രാഷ്ട്രീയനേതാക്കൾ വിശേഷിച്ച് അധികാരത്തിലിരിക്കുന്നവർ അതുകൊണ്ടുതന്നെ, വാക്കുകൾ ഉപയോഗിക്കുന്നതിൽ സൂക്ഷ്മത പാലിക്കണം. ഒാരോരുത്തരുടെയും ഹൃദയത്തിലേക്ക് വാക്കുകൾ ചെെന്നത്തുന്നത് പലതരം രാഷ്ട്രീയ, സാംസ്കാരിക കൈവഴികളിലൂടെയാെണന്ന ചരിത്ര, സാമൂഹിക പാഠം മനസ്സിലാക്കാൻ കഴിയാത്തത്ര ബുദ്ധിശൂന്യരല്ല മന്ത്രി ജി. സുധാകരനും എ. വിജയരാഘവനും അവർ പ്രതിനിധാനം ചെയ്യുന്ന സി.പി.എമ്മും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.