ലബനാനിലെ കാത്തുവെച്ച ദുരന്തം
text_fieldsഏഴുവർഷത്തോളമായി ഭരണകൂടം നിരുത്തരവാദപരമായി 'കാത്തുസൂക്ഷിച്ച ദുരന്ത'മാണ് ചൊവ്വാഴ്ച രാത്രി പൊട്ടിത്തെറിച്ച്, നടുനിവരാൻ ക്ലേശിക്കുന്ന ലബനാൻ എന്ന ദുരിതരാജ്യത്തിനുമേൽ ഇടിത്തീയായി പതിച്ചത്. നൂറിലധികം പേർ മരിക്കുകയും നാലായിരത്തോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഭീകര സ്ഫോടനത്തിൽ രണ്ടര ലക്ഷത്തോളം പേർ ഭവനരഹിതരായിരിക്കുന്നുവെന്ന് ബൈറൂത് സിറ്റി ഗവർണർ അറിയിക്കുന്നു.
ആദ്യമേ ദുർബലയായ കൊച്ചുരാജ്യത്തിന് അക്ഷരാർഥത്തിൽ മാരകദുരന്തമാണ് വന്നുപെട്ടിരിക്കുന്നതെന്നു വിലപിക്കുന്ന പ്രധാനമന്ത്രി ഹസൻ ദിയാബ് സർവവിധ സഹായവും ആവശ്യപ്പെട്ട് ലോകത്തിനു മുന്നിൽ കെഞ്ചുകയാണ്. ഞങ്ങൾക്കു സാമ്പത്തികപ്രതിസന്ധിയുണ്ട്; കള്ളന്മാരുടെ ഗവൺമെൻറാണ് ഇവിടെ.
പോരാത്തതിന് കോവിഡിെൻറ വിപത്തും. ഇതിത്ര വഷളാകുമെന്നു നിനച്ചതല്ല. ഇനിയും ഇൗ രാജ്യത്തിന് എഴുന്നേൽക്കാൻ പരുവമുണ്ടോ എന്നു സംശയമാണ്. എല്ലാവരും ഇവിടം വിേട്ടാടുകയാണ്; ഞാനും'' -പരിക്കേറ്റ രണ്ടു മക്കൾക്കരികിൽ ആശുപത്രിയിലിരുന്ന് മുപ്പത്തെട്ടുകാരനായ എൻജിനീയർ സാമി രിഫാഇൗയുടെ ഇൗ നിലവിളി ഇന്നത്തെ ലബനാെൻറ മുഖചിത്രമാണ് എന്നു പറയണം.
ലബനാന് അന്നവും വെള്ളവും എന്നല്ല, ജീവിതം തന്നെ പ്രദാനം ചെയ്യുന്ന തുറമുഖത്തെയും സമീപനഗരത്തെയുമാണ് സ്ഫോടനം നക്കിത്തുടച്ചിരിക്കുന്നത്. പകുതിയിലധികം പേരും ദാരിദ്ര്യരേഖക്കു കീഴിൽ ദുരിതപ്പെടുന്ന, ലോകത്തെ ഏറ്റവും വലിയ കടക്കെണിയിലുള്ള, നാണയപ്പെരുപ്പം നാൾക്കുനാൾ വർധിച്ചുവരുന്ന നാട്ടിൽ എന്തും ഏതും ഇറക്കുമതിയായി എത്തിയിട്ടുതന്നെ വേണം.
മുഖ്യഭക്ഷ്യവിഭവമായ ഗോതമ്പിെൻറ 90 ശതമാനവും റഷ്യയടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നു ഇറക്കുമതി ചെയ്യുന്നതാണ്. രാജ്യത്തിന് ഭക്ഷണമായി സംഭരിച്ച ധാന്യശേഖരത്തിെൻറ 85 ശതമാനം സ്ഫോടനത്തിൽ നശിച്ചുപോയി എന്നാണ് ഒൗദ്യോഗിക കണക്ക്.
ഒരു കാലത്ത് ലോകത്തെങ്ങുമുള്ള സഞ്ചാരികളുടെയും സഹൃദയരുടെയും സ്വപ്നഭൂമിയായിരുന്ന ലബനാനും ബൈറൂതും ആരെയും നിരാശപ്പെടുത്തുന്ന, ഗൃഹാതുരതകളുടെ പ്രേതഭൂമിയാണിന്ന്. 1975 മുതൽ 1990 വരെ ഒന്നര ദശകക്കാലത്തെ ആഭ്യന്തരയുദ്ധത്തിൽ ഒരു ലക്ഷത്തി ഇരുപതിനായിരം പേർ കുരുതിക്കിരയാകുകയും ഒരു ദശലക്ഷം നാടുവിടുകയും ചെയ്തു. വിദേശ സേന ലബനാനിൽനിന്നു കുടിയൊഴിയുന്നത് 2005ലാണ്.
തുടർന്നും ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള സംഘർഷവും സിറിയൻ പ്രതിസന്ധിയിൽ ഹിസ്ബുല്ല കക്ഷിചേർന്നതോടെയുണ്ടായ രാഷ്ട്രീയസംഘർഷങ്ങളും നിമിത്തം ലബനാൻ വറുതിയിലേക്ക് കൂപ്പുകുത്തി ലോകത്തെ ഏറ്റവുമധികം കടബാധ്യതയുള്ള രാജ്യങ്ങളിലൊന്നായി മാറി.
ദുരിതത്തിൽനിന്നു രാജ്യത്തെ കരകയറ്റാൻ ബാധ്യസ്ഥമായ ഭരണകൂടത്തിെൻറ അഴിമതിയും പിടിപ്പുകേടും അധികാരക്കച്ചവടവുമൊക്കെയായി കാര്യങ്ങൾ കൂടുതൽ കുഴമറിഞ്ഞതേയുള്ളൂ.
കഴിഞ്ഞ വർഷം ഒക്ടോബറിൽ രാജ്യത്തെ എഴുപതു പട്ടണങ്ങളിൽ സർക്കാറിെൻറ അഴിമതിക്കും അരാജകഭരണത്തിനുമെതിരെ ജനം തെരുവിലിറങ്ങിയതോടെ സഅദ് ഹരീരിക്ക് ഭരണം വിെട്ടാഴിയേണ്ടി വന്നു. ഭരണത്തിൽ തലമാറിയെങ്കിലും നാടിെൻറ തലവര മാറിയില്ല. കഴിഞ്ഞ മാർച്ചിൽതന്നെ അവശ്യവസ്തുക്കളുടെ വില മൂന്നിരട്ടിയോളം കുതിച്ചുകയറി. കറൻസിയുടെ വില 80 ശതമാനത്തോളം താഴോട്ടുപോയി. ദാരിദ്ര്യം കൂടുകയും അക്രമനിരക്ക് വർധിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഇൗ ദുരിതപ്പെയ്ത്തിലേക്കായിരുന്നു കോവിഡിെൻറ കടന്നുകയറ്റം. 5000 രോഗബാധിതരും 65 മരണവും എന്ന അപായനിരക്കിൽ സാമാന്യേന ഭേദമാണ് കാര്യങ്ങളെങ്കിലും രാജ്യത്തിനു താങ്ങാനാവാത്ത തരത്തിലേക്ക് രോഗവ്യാപനമുണ്ടാകുന്നുവെന്നു ഇൗയിടെ ആരോഗ്യ അധികൃതരുടെ മുന്നറിയിപ്പുണ്ടായിരുന്നു. പട്ടിണിയിലും തൊഴിലില്ലായ്മയിലും വലയുന്ന രാജ്യം അടച്ചുപൂട്ടാൻ വയ്യാത്തതുകൊണ്ട് ലോക്ഡൗൺ അഞ്ചുദിവസത്തിൽ ഒതുക്കേണ്ടിവന്നു.
ഇൗ പ്രതിസന്ധിയുടെ വ്യാപ്തിയും കെടുതിയും വർധിപ്പിക്കുന്നതാണ് കരഭാഗത്തെ രണ്ടു അതിർത്തികളും യുദ്ധത്തിൽപെട്ടുപോയ ലബനാെൻറ ലോകത്തേക്കു തുറക്കുന്ന ഏകമാർഗമായ ബൈറൂത് തുറമുഖത്തെ ഇൗ വിനാശം. അതാകെട്ട, കരുതിക്കൂട്ടി വിളിച്ചുവരുത്തിയതാണെന്നു എല്ലാവരും പറയുന്നു. ജോർജിയയിൽനിന്നു മൊസാംബിക്കിലേക്കു അമോണിയം നൈട്രേറ്റുമായി പോകുകയായിരുന്ന മൾഡോവയുടെ കപ്പൽ സാേങ്കതികത്തകരാറുകൾകാരണം 2013 സെപ്റ്റംബറിൽ ബൈറൂതിൽ കരക്കടുക്കേണ്ടിവന്നു.
എന്നാൽ, തങ്ങളുടെ സമുദ്ര ഭാഗത്തുകൂടി അവരെ കടന്നുപോകാൻ അനുവദിക്കാത്തതിനെ തുടർന്ന് ചരക്കുകപ്പൽ തീരത്ത് ഉപേക്ഷിച്ചുപോയി. തർക്കവും നിയമവ്യവഹാരവും എങ്ങുമെത്താതെ തുടർന്നപ്പോൾ അമോണിയം നൈട്രേറ്റ് തുറമുഖത്തിറക്കി സംഭരിച്ചുവെക്കുകയാണ് ലബനീസ് അധികൃതർ ചെയ്തത്.
അതാണ് കഴിഞ്ഞ ദിവസം വൻദുരന്തമായി പൊട്ടിത്തെറിച്ചത്. കയറ്റുമതി ചെയ്തോ, സൈന്യത്തിനു കൈമാറിയോ, ലബനാനിലെ ഏതെങ്കിലും സ്വകാര്യ സ്ഫോടകനിർമാണ കമ്പനിക്ക് വിറ്റോ ഇൗ ദുരന്തഭാരം കൈയൊഴിയാൻ കസ്റ്റംസ് വിഭാഗം കഴിഞ്ഞ കുറേ വർഷമായി അപേക്ഷിച്ചിട്ടും എല്ലാം ബധിരകർണങ്ങളിലാണ് പതിച്ചത്. അതിപ്പോൾ ലബനാനെ ദുരിതക്കയത്തിെൻറ കൂടുതൽ ആഴത്തിലേക്കാണ് മുക്കിയിരിക്കുന്നത്.
സംഭവം ദേശീയദുരന്തമായതിനാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഹസൻ ദിയാബ് ഉത്തരവാദികളെ പിടികൂടി ശിക്ഷിക്കുമെന്നു പറയുന്നു. എന്നാൽ, രാജ്യത്തെ അരാജകത്വത്തിനും അരക്ഷിതത്വത്തിനും തീറെഴുതിക്കൊടുക്കുന്ന ലബനാനിലെ ഭരണാധികാരികൾതന്നെയാണ് എല്ലാ ദുരന്തത്തിനും ഉത്തരവാദികൾ എന്നു വരുേമ്പാൾ ആര് ആരെ ശിക്ഷിക്കാൻ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.