കത്തും 'കലാപ'വും കോൺഗ്രസിന് നേർവഴി കാണിക്കുമോ?
text_fieldsഅനുദിനം ദുർബലമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതത്രയും തീർത്തും അസാധാരണമായ കാര്യങ്ങളാണ്. പാർട്ടിയിൽ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്തുവന്നതോടെ, നീണ്ട ഇടവേളക്കുശേഷം കോൺഗ്രസിൽ നേതൃമാറ്റചർച്ചകൾ സജീവമായിരിക്കുന്നു.
ഇതേതുടർന്നാണ് സോണിയ ഗാന്ധി ഇടക്കാല പ്രസിഡൻറ് സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ച് തുടർചർച്ചകൾക്കായി പ്രവർത്തകസമിതി യോഗം വിളിച്ചത്. തിങ്കളാഴ്ച ചേർന്ന പ്രവർത്തകസമിതിയിലാകെട്ട, ഇതുസംബന്ധിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുകയും ചെയ്തു. മൻമോഹൻ സിങ്ങിനെപ്പോലുള്ള നേതാക്കൾ സോണിയ തുടരണമെന്ന് വാദിച്ചപ്പോൾ, സിദ്ധരാമയ്യ അടക്കമുള്ളവർ രാഹുൽ പ്രസിഡൻറ്പദത്തിൽ തിരിച്ചുവരണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്.
ഇതിനിടയിൽ, ഇങ്ങനെയൊരു കത്തിെൻറ സാംഗത്യം ചോദ്യംചെയ്ത് രാഹുൽ രംഗത്തുവന്നതോടെ ചെറുതല്ലാത്ത വാഗ്വാദങ്ങൾക്കും വേദി സാക്ഷിയായി. നേതൃത്വത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുള്ളവർ അക്കാര്യം പാർട്ടിവേദിയിൽ ഉന്നയിക്കണമായിരുന്നുവെന്നും അതിനുശ്രമിക്കാതെ കത്തെഴുതിയവർ ബി.ജെ.പിയുമായി കൂട്ടുകൂടുന്നവരാണെന്നും രാഹുൽ തുറന്നടിച്ചപ്പോൾ കത്തിൽ ഒപ്പുവെച്ച ഗുലാം നബി ആസാദ്, കപിൽ സിബൽ തുടങ്ങിയവർ രാജിഭീഷണി മുഴക്കിയെന്നും പിന്നീട് പരസ്പരം എല്ലാം പറഞ്ഞുതീർത്തുവെന്നുമാണ് റിപ്പോർട്ടുകൾ.
രണ്ടു പതിറ്റാണ്ടുമുമ്പ്, ശരദ് പവാറും സംഘവും സോണിയയുടെ വിദേശജന്മം ഉയർത്തിക്കാട്ടി പാർട്ടിക്കുള്ളിൽ സൃഷ്ടിച്ച അസ്വാരസ്യങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. അന്നത്തെ പൊട്ടിത്തെറി എൻ.സി.പി എന്ന പുതിയ പാർട്ടിയുടെ പിറവിയിൽ കലാശിക്കുകയായിരുന്നു. ഇപ്പോൾ കണ്ടത് നിശ്ചയമായും സോണിയക്കോ അല്ലെങ്കിൽ നെഹ്റു കുടുംബത്തിനോ എതിരായ വിമതനീക്കമല്ല. കോൺഗ്രസ് പ്രവർത്തകരുടെ വികാരമായി അതിനെ കണക്കാക്കാം.
പാർട്ടിയെ കൂടുതൽ ജനാധിപത്യവത്കരിച്ച് വ്യവസ്ഥാപിതമായ പ്രവർത്തനങ്ങളിലൂടെ നഷ്ടപ്പെട്ട ജനകീയത തിരിച്ചുപിടിക്കണമെന്നാണ് കത്തിലൂടെ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. എ.െഎ.സി.സിയിലേക്കടക്കം ഭരണഘടനപ്രകാരമുള്ള തെരഞ്ഞെടുപ്പ്, പാർട്ടി ആസ്ഥാനങ്ങളിൽ മുഴുവൻസമയ സജീവനേതൃത്വം തുടങ്ങി ബി.ജെ.പിക്കെതിരെ സമാനമനസ്കരമായ മറ്റു കക്ഷികളുമായുള്ള സഹകരണം വരെയുള്ള കാര്യങ്ങൾ അതിൽ വായിക്കാം. മറ്റൊരർഥത്തിൽ, പാർട്ടിയുടെ ഇപ്പോഴത്തെ ദൗർബല്യം തുറന്നുകാട്ടുകയും നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനപദ്ധതികൾ നിർദേശിക്കുകയും ചെയ്യുന്ന കൃത്യമായൊരു മാർഗരേഖതന്നെയാണ് ആ കത്ത്.
സ്വാഭാവികമായും അത് കലഹത്തിലേക്കല്ല, ക്രിയാത്മകമായ ചർച്ചയിലേക്കാണ് വഴിതെളിക്കേണ്ടത്. ഒരർഥത്തിൽ സംഭവിച്ചിരിക്കുന്നതും അതുതന്നെയാണ്. എന്നാൽ, കേവലം നേതൃമാറ്റത്തിൽ ഒതുങ്ങിപ്പോയി എന്നതാണ് അതിെൻറ പരിമിതി. അല്ലെങ്കിലും നേതൃമാറ്റമെന്നത് കോൺഗ്രസിനെ സംബന്ധിച്ച് വലിയൊരു തലവേദനയാണ്. അത്തരം ചർച്ചകൾ പലപ്പോഴും നെഹ്റു കുടുംബത്തിൽതന്നെ തട്ടിത്തിരിയുന്നതാണ് പതിവ്.
പ്രവർത്തകർ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട രാഹുൽ ഗാന്ധി, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനം രാജിവെച്ചു. പദവിയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. സഹോദരിയും എ.െഎ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കയും പ്രസിഡൻറ്പദത്തിലേക്കില്ലെന്നറിയിച്ചിട്ടുണ്ട്. പല കാരണങ്ങളാൽ നെഹ്റു കുടുംബാംഗങ്ങൾക്ക് നേതൃത്വത്തിലിരിക്കാൻ ആത്മവിശ്വാസക്കുറവുണ്ടെന്നുതന്നെയാണ് ഇതിൽനിന്നൊക്കെ മനസ്സിലാക്കേണ്ടത്. പുറത്തുനിന്ന് മറ്റൊരാളെ തെരഞ്ഞെടുക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ എളുപ്പവുമല്ല.
സംഘടനാപരമായ ഇൗ പ്രതിസന്ധി ഏതെങ്കിലും തരത്തിൽ പരിഹരിക്കപ്പെട്ടാൽപോലും കാലോചിതമായ നയംമാറ്റത്തിനുകൂടി തയാറായാൽ മാത്രമേ കോൺഗ്രസിന് അതിജീവനം സാധ്യമാകൂ. 1952ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 45 ശതമാനം വോട്ട് നേടിയ പാർട്ടിക്ക് ഇക്കഴിഞ്ഞ ലോക്സഭ ഇലക്ഷനിലെ വോട്ടുവിഹിതം 19 ശതമാനമായിരുന്നു. ഇൗ പതനത്തിെൻറ പ്രധാന കാരണം, മാറിയ കാലത്തിനനുസരിച്ചുള്ള പ്രവർത്തനപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാൻ പാർട്ടിക്ക് കഴിയാതെ പോയി എന്നതാണ്.
ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ ഉയർത്തിക്കാട്ടുന്ന തീവ്രഹിന്ദുത്വത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തിലും കോൺഗ്രസിന് വ്യക്തതയില്ല. സംഘ്പരിവാർ ഭരണത്തിനെതിരെ അതിെൻറ ഇരകളെ ദേശീയതലത്തിൽ സംഘടിപ്പിക്കാനും ഫാഷിസ്റ്റ് വിരുദ്ധ-മതേതര പാർട്ടികളുടെ സഖ്യരൂപവത്കരണത്തിനും ഇന്നും കോൺഗ്രസിന് കെൽപുണ്ട്. മുമ്പത്തെപ്പോലെ സജീവമല്ലെങ്കിലും, ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പാർട്ടിയുടെ വേരുകൾ പൂർണമായും നഷ്ടപ്പെട്ടുവെന്ന് പറയാനാകില്ല.
എല്ലാ ദൗർബല്യങ്ങളും മനസ്സിലാക്കിത്തന്നെ, ജനങ്ങൾ കോൺഗ്രസിൽ ഇപ്പോഴും പ്രതീക്ഷ പുലർത്തുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇതൊന്നും ഏറ്റെടുക്കാൻ പാർട്ടിനേതൃത്വത്തിന് കഴിയുന്നില്ല. പകരം, മൃദുഹിന്ദുത്വ സമീപനമെന്ന തീർത്തും ഋണാത്മകമായൊരു രാഷ്ട്രീയദൗത്യത്തിൽ അഭിരമിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. രാമക്ഷേത്രവിഷയത്തിലടക്കം കോൺഗ്രസ് കൈക്കൊണ്ട നിലപാടുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും.
ഇൗ സമീപനത്തോടുള്ള അണികളുടെയും പാർട്ടിയിൽ പ്രതീക്ഷയർപ്പിച്ച മതേതരവിശ്വാസികളുടെയും പ്രതിഷേധംകൂടി പ്രതിഫലിക്കുന്നതാണ് മാറിച്ചിന്തിച്ച നേതാക്കൾ സമർപ്പിച്ച ആ കത്ത്. കേവലമായ സാേങ്കതികതകൾക്കപ്പുറം അതിനെ ക്രിയാത്മകമായി ഉൾക്കൊണ്ട് ആത്മവിമർശനത്തിന് തയാറാവുകയാണ് നേതൃത്വം ചെയ്യേണ്ടത്. താഴെതട്ടു മുതൽ സംഘടനയെ ഉടച്ചുവാർത്ത്, ജനാധിപത്യപരമായ പ്രവർത്തനങ്ങളിലൂടെ നഷ്ടപ്പെട്ട ജനകീയതയും വിശ്വാസ്യതയും തിരിച്ചുപിടിക്കാനുള്ള പദ്ധതികളുണ്ടായാലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ അർഥവത്താകൂ. അല്ലാത്തപക്ഷം, ഇൗ കൂടിച്ചേരലുകൾ വീഴ്ചയുടെ ആഴം കൂട്ടാനേ ഉപകരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.