പ്രഖ്യാപിക്കാൻ പോവുന്ന മദ്യ (വ്യാപന) നയം
text_fieldsരണ്ടാം പിണറായി സർക്കാറിന്റെ മദ്യനയം ഏപ്രിൽ ഒന്നിന് പ്രഖ്യാപിക്കപ്പെടുമെന്നാണ് വിവരം. ഇടതുമുന്നണി സർക്കാറിന്റെ ഇതഃപര്യന്തമുള്ള മദ്യനയത്തിൽനിന്ന് മൗലികമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല എന്ന് വ്യക്തം. 'മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാൻ സഹായകമായ നയമായിരിക്കും ഇടതുജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയിൽ അതിവിപുലമായ ജനകീയ ബോധവത്കരണ പ്രസ്ഥാനത്തിന് രൂപംനൽകും.' 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പുറത്തിറക്കിയ പ്രകടനപത്രികയിലേതാണ് ഈ വരികൾ. തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വന്നശേഷം മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ എന്തു ചെയ്തു എന്ന് കേരളം കണ്ടു. ബാർ ഹോട്ടലുകളും ബെവ്കോ വിൽപനശാലകളും ഗണ്യമായി വർധിപ്പിച്ചതോടൊപ്പം മുൻ ഉമ്മൻചാണ്ടി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുമാറ്റുകയും ചെയ്തു. അങ്ങനെ മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും അഭൂതപൂർവമായി വർധിച്ചു.
മദ്യവർജന പ്രസ്ഥാനം ഏട്ടിൽ അവശേഷിച്ചതല്ലാതെ ആ ദിശയിൽ മാർക്സിസ്റ്റ് യുവജന പ്രസ്ഥാനമോ സാംസ്കാരികവേദികളോ ഒന്നും ചെയ്തതുമില്ല. ഇപ്പോൾ ചരിത്രത്തിലാദ്യമായി തുടർഭരണത്തിന് അവസരം ലഭിച്ചിരിക്കുകയാണ് ഇടതുമുന്നണിക്ക്. പിണറായി വിജയൻ തന്നെ ടീമിനെ നയിക്കുകയും ചെയ്യുന്നു. നേരെചൊവ്വേ കല്യാണങ്ങൾപോലും നടത്താൻ സാധ്യമാവാത്തവിധം ലഹരിയിൽ ആറാടുകയാണ് യുവത. ഗുണ്ടായിസവും കൊലപാതകങ്ങളും പീഡനങ്ങളും മുമ്പൊരിക്കലും ഇല്ലാത്തവിധം ഭീകരമായി വർധിക്കുന്നു. ലഹരിപദാർഥങ്ങളും മയക്കുമരുന്നും കേരളത്തെയാകെ പിടിയിലൊതുക്കിയ വാർത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. സ്ഥിതി ഇത്രത്തോളം വഷളായിക്കൂടെന്ന് അൽപമെങ്കിലും മനസ്സാക്ഷിക്കുത്തുണ്ടെങ്കിൽ, മുൻ പ്രകടനപത്രികയിൽ ഉറപ്പുനൽകിയപോലെ ലഹരിയുടെ ലഭ്യതയും ഉപയോഗവും കുറക്കാൻ ഫലപ്രദമായി വല്ലതും ചെയ്യേണ്ട അവസരമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
പക്ഷേ, ഫലത്തിൽ സംഭവിക്കുന്നതോ? ഏപ്രിൽ ഒന്നിനാണ് പുതിയ മദ്യനയം പ്രഖ്യാപിക്കാൻ പോവുന്നതെങ്കിലും അതിന്റെ സൂചനകൾ വ്യക്തമായിത്തന്നെ വന്നുതുടങ്ങി. 190 പുതിയ മദ്യശാലകൾകൂടി തുറക്കാൻ പോവുന്നു. ഇത്രയും മദ്യവിൽപനശാലകൾ തുറക്കണമെന്ന ബെവ്കോയുടെ ശിപാർശയോട് എക്സൈസ് വകുപ്പ് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വിൽപനശാലകൾ സ്ഥാപിക്കുന്നതിനാകുമത്രെ പ്രധാന പരിഗണന! നേരത്തേ മദ്യവിൽപന ഇല്ലാത്ത 21 ദിവസങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ മേലിൽ ഡ്രൈഡേ മൂന്നു ദിവസം മാത്രമായിരിക്കും. ജനുവരി 26, ആഗസ്റ്റ് 15, ഒക്ടോബർ 2 ദിവസങ്ങളിലാണ് മദ്യശാലകൾ അടച്ചിടുക. അതിൽനിന്നുതന്നെ എൽ-15 ലൈസൻസുള്ള ഹോട്ടലുകളിലും മറ്റും മദ്യം വിളമ്പുന്നതിന് തടസ്സമുണ്ടാവില്ല. ഒന്നാം തീയതികളിൽ മദ്യശാലകൾക്കുള്ള അവധി എടുത്തുകളയും. ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും മദ്യശാലകൾക്കുള്ള ദൂരവും വെട്ടിക്കുറക്കും.
കേരളത്തിൽ സുലഭമെന്നു കരുതുന്ന കശുമാങ്ങ പോലുള്ള ഉൽപന്നങ്ങളിൽനിന്ന് വീഞ്ഞുണ്ടാക്കുന്ന മദ്യനിർമാണ ഫാക്ടറികൾ തുടങ്ങാനും സർക്കാർ ലക്ഷ്യമിടുന്നു. ഐ.ടി മേഖലകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സുഗമമായി മദ്യപിക്കാൻ സാധിക്കുന്ന പാർലറുകൾ മറ്റൊരു പദ്ധതിയാണ്. മദ്യശാലകളിലെ തിരക്ക് കുറക്കാൻ നടപടി എടുക്കണമെന്ന കേരള ഹൈകോടതി ഉത്തരവിന്റെ മറവിൽ സർക്കാർ മദ്യഷാപ്പുകളുടെ വ്യാപനമാരംഭിച്ചപ്പോൾ, മദ്യശാലകളുടെ എണ്ണം കൂട്ടരുതെന്നും അതല്ല മുൻ ഉത്തരവുമൂലം കോടതി ഉദ്ദേശിച്ചതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന് തിരുത്തിപ്പറയേണ്ടിവന്നു. പക്ഷേ, മദ്യവ്യാപന പരിപാടികളിൽനിന്ന് പിറകോട്ടുപോവാൻ സർക്കാർ തയാറായില്ല. കാരണം വ്യക്തമാണ്. മദ്യത്തിൽനിന്നുള്ള വരുമാനത്തെയാണ് സർക്കാർ മുഖ്യമായും ആശ്രയിക്കുന്നത്. ഓരോ ബാറിനും വേണ്ടി അബ്കാരികൾ നൽകുന്ന ഭീമമായ കൈക്കൂലി വേറെയും. പാർട്ടി വളർത്താനും അധികാരം പരിരക്ഷിക്കാനാവശ്യമായ കുതന്ത്രങ്ങൾക്കുമെല്ലാം മുഖ്യായുധം മദ്യംതന്നെ. എന്നിട്ടോ, മദ്യനിരോധനം പ്രായോഗികമല്ല, മദ്യവർജനമാണ് ഇടതുമുന്നണി സർക്കാറിന്റെ നയമെന്ന സ്ഥിരം പല്ലവിയും. കുടുംബം മുതൽ സാമൂഹിക ജീവിതം വരെ സകലതിനെയും തകർക്കുന്ന ഈ മദ്യവ്യാപന പദ്ധതിയെ സർവശക്തിയുമുപയോഗിച്ച് ചെറുത്തുതോൽപിക്കേണ്ടത് നന്മേച്ഛുക്കളായ മുഴുവൻ ജനങ്ങളുടെയും ധാർമിക ബാധ്യതയാണെന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.