കേരളം വീണ്ടും മദ്യലഹരിയിൽ
text_fields‘‘മദ്യത്തിെൻറ ലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാൻ സഹായകമായ നയമായിരിക്കും ഇടതു ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരത പ്രസ്ഥാനത്തിെൻറ മാതൃകയിൽ അതിവിപുലമായ ജനകീയ ബോധവത്കരണപ്രസ്ഥാനത്തിന് രൂപംനൽകും’’ -2016ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുമുന്നണി പുറത്തിറക്കിയ പ്രകടനപത്രികയിൽ മദ്യനയം സംബന്ധിച്ച് പരാമർശിക്കുന്ന ഖണ്ഡികയിലേതാണ് ഇൗ വരികൾ.
മദ്യപാനം സൃഷ്ടിക്കുന്ന സാമൂഹികവിപത്തിെനക്കുറിച്ചും ഇൗ വിഷയം എങ്ങനെ പരിഹരിക്കാമെന്നും കൃത്യമായ ധാരണ മുന്നോട്ടുവെക്കുന്നുണ്ട് ഇൗ മാനിഫെസ്റ്റോ. എന്നാൽ, ഭരണത്തിലേറി നാലു വർഷം പിന്നിട്ടിട്ടും ഇൗ വഴിയിൽ ഒരിഞ്ചുപോലും സഞ്ചരിക്കാൻ പിണറായി സർക്കാറിനായില്ല; മാത്രമല്ല, വിഷയത്തിൽ വളരെയധികം പിന്നാക്കംപോവുകയും ചെയ്തു. ഫെബ്രുവരി അവസാനവാരം പ്രഖ്യാപിച്ച പുതിയ മദ്യനയവും ഇതേ വഴിയിൽതന്നെയായിരുന്നു. ത്രീ സ്റ്റാറും അതിനുമുകളിലുമുള്ള േഹാട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചതടക്കമുള്ള നടപടികൾ വെച്ചുനോക്കുേമ്പാൾ സർക്കാർ നയം ‘മദ്യവർജന’ത്തിൽനിന്ന് ‘മദ്യവ്യാപന’ത്തിേലക്ക് സമ്പൂർണമായി മാറിയെന്ന് പറയേണ്ടിവരും. അതുകൊണ്ടുതന്നെ, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലടക്കം ഇൗ സർക്കാർ സാധ്യമാക്കിയ മുന്നേറ്റങ്ങളുടെ ശോഭ കെടുത്തുന്നതായി ഇൗ നയമെന്ന് പറയാതിരിക്കാനാവില്ല.
മദ്യക്കച്ചവടത്തിലൂടെ വലിയതോതിൽ വരുമാനം ലഭിക്കുന്നുവെന്ന ഒറ്റക്കാരണത്താലാണ് ഇങ്ങനെയൊരു നയം സ്വീകരിക്കാൻ സർക്കാറിന് പ്രേരണയാകുന്നതെന്ന് ആർക്കും ഉൗഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ വരുമാനം വർധിപ്പിക്കാൻ കൂടുതൽ മദ്യമൊഴുക്കുക എന്ന കേവലമായ കച്ചവടതന്ത്രത്തിനപ്പുറം ഇക്കാര്യത്തിൽ സർക്കാറിന് പ്രത്യേകിച്ചൊരു നയവുമില്ല. എങ്കിലും മദ്യവർജനംതന്നെയാണ് നയമെന്ന് അധികാരികൾ ആവർത്തിച്ച് വ്യക്തമാക്കാറുണ്ട്. മദ്യമടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗം പൂർണമായും ഇല്ലാതാക്കുകയാണ് ഇൗ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ‘വിമുക്തി’ എന്ന പേരിൽ പ്രത്യേക പദ്ധതിക്കും സർക്കാർ രൂപംനൽകിയിട്ടുണ്ട്. പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്കു കടക്കുേമ്പാൾ, ഇൗ പദ്ധതിയുടെ ബാലൻസ് ഷീറ്റ് എന്താണ്? സംസ്ഥാനത്ത് എത്ര പേരെ ലഹരിമുക്തരാക്കാൻ ‘വിമുക്തി’യിലൂടെ സാധിച്ചു? ലക്ഷക്കണക്കിന് രൂപ പരസ്യത്തിനും മറ്റുമായി ചെലവഴിച്ചതിനപ്പുറം ക്രിയാത്മകമായ മുന്നേറ്റം നടത്താൻ ഇതിലൂടെ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
അതിലൊരു അത്ഭുതവുമില്ല. കാരണം, മദ്യവർജനമാണ് ലക്ഷ്യമെങ്കിൽ ആദ്യം ചെയ്യേണ്ടത് അതിെൻറ ലഭ്യത കുറച്ചുകൊണ്ടുവരുകയായിരുന്നു. എന്നാൽ, സർക്കാർ ഇവിടെ മദ്യം സുലഭമാക്കുകയാണ് ചെയ്തത്. മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 570ഒാളം പുതിയ ബാറുകളാണ് തുറന്നിരിക്കുന്നത്. മദ്യലഭ്യത കുറഞ്ഞ ഇൗ ലോക്ഡൗൺ കാലത്തെയും ഫലപ്രദമായി ഉപയോഗിക്കാൻ സർക്കാറിനായില്ല. സംസ്ഥാനത്ത് ഒന്നാംഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മദ്യശാലകൾക്ക് ഇളവ് നൽകുകയാണ് ചെയ്തത്. പിന്നീട് വിവിധ കോണുകളിൽനിന്നുള്ള പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ മാത്രമാണ് മദ്യവിൽപനകേന്ദ്രങ്ങളും അടച്ചിട്ടത്. അേപ്പാഴും, മദ്യാസക്തരായ ആളുകൾക്ക് ഡോക്ടർമാരുടെ കുറിപ്പടി മുഖേന മദ്യവിതരണത്തിനുള്ള കുറുക്കുവഴിയും സർക്കാർ നോക്കി. അതും പരാജയപ്പെട്ടപ്പോൾ മാത്രമാണ് ‘സമ്പൂർണ മദ്യ ലോക്ഡൗണി’ന് വഴിയൊരുങ്ങിയത്. ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ച നിമിഷത്തിൽതന്നെ മദ്യശാലകൾ തുറക്കുകയും ചെയ്തു. കൊറോണ വൈറസിെൻറ സമൂഹവ്യാപന ഭീഷണിയിൽനിന്ന് കേരളം ഇനിയും കരകയറിയിട്ടില്ല എന്ന യാഥാർഥ്യം കൺമുന്നിലിരിക്കെയാണ്, ആളുകൾ കൂട്ടത്തോടെ മദ്യവിതരണശാലകളുടെ മുന്നിൽ ക്യൂ നിൽക്കുന്നത്.
വാസ്തവത്തിൽ, രണ്ടു മാസം നീണ്ട ഇൗ ലോക്ഡൗൺ കാലയളവ് മദ്യാസക്തിക്ക് തടയിടാനുള്ള സുവർണാവസരമായിരുന്നു. ഇത്രയും കാലം മദ്യവർജനത്തിെൻറ പേരിൽ വീമ്പുപറഞ്ഞ സർക്കാർ ആ അവസരം കളഞ്ഞുകുളിച്ചു. ലോക്ഡൗൺ കാലം പഠിപ്പിച്ച പുതിയ ശീലങ്ങളുടെ ഭാഗമായി കടുത്ത മദ്യാസക്തർക്കുപോലും ഇൗ ദുശ്ശീലം ഉപേക്ഷിക്കാനുള്ള സാഹചര്യമാണുണ്ടായിരുന്നത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ ജനകീയാരോഗ്യ കൂട്ടായ്മയായ ‘ക്യാപ്സൂൾ’ നടത്തിയ പഠനം ഇതാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് മദ്യപർക്കിടയിൽ നടത്തിയ സർവേയിൽ പറയുന്നത്, സ്ഥിരമായി മദ്യം കഴിച്ചിരുന്ന ആളുകളിൽ പകുതി പേരും ലോക്ഡൗൺ കാലത്ത് മദ്യലഭ്യതക്ക് കുറുക്കുവഴികൾ ആലോചിച്ചില്ല എന്നതാണ്. അഥവാ, മദ്യം കഴിക്കുന്നവരിൽ പകുതിയോളം പേർക്കും അതില്ലെങ്കിലും കാര്യമായ പ്രശ്നങ്ങളില്ല. സർവേയിൽ പെങ്കടുത്ത 13 ശതമാനം പേർ തങ്ങൾ പൂർണമായും മദ്യം ഉപേക്ഷിക്കുന്നതായും വെളിപ്പെടുത്തി. ലോക്ഡൗൺ കഴിഞ്ഞാൽ മദ്യത്തിനായി കാത്തിരിക്കുന്നത് 49 ശതമാനം പേരാണ്.
ഇപ്പോഴത്തെ ലോക്ഡൗൺ ഇളവിൽ മദ്യവിതരണം ഉൾപ്പെട്ടിരുന്നില്ലെങ്കിൽ ഇൗ കാത്തിരിപ്പുകാരുടെ എണ്ണം ഇനിയും കുറഞ്ഞേനെ എന്നു സാരം. ഏറ്റവും പ്രധാനപ്പെട്ട കാര്യം, മദ്യമില്ലാതായതോടെ 83 ശതമാനം വീടുകളിലും സമാധാനവും സന്തോഷവും തിരികെ വന്നതാണ്. ആലപ്പുഴ ജില്ലയിൽ മദ്യമുപേക്ഷിച്ചവർ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി, നേരേത്ത മദ്യത്തിന് നീക്കിവെച്ചിരുന്ന തുക പൂർണമായും ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നീക്കിവെച്ച വാർത്തയും ഇതിനോടു ചേർത്തു വായിക്കണം. കുടുംബത്തിലെയും നാട്ടിലെയും ഇൗ സമാധാനാന്തരീക്ഷം മദ്യശാല തുറന്നതിനു പിന്നാെല തകർന്നുപോയി. മദ്യവിതരണം ആരംഭിച്ച് 48 മണിക്കൂർ പിന്നിട്ടപ്പോഴേക്കും മദ്യപരുടെ അഴിഞ്ഞാട്ടത്തിൽ സംസ്ഥാനത്ത് നാലു കൊലപാതകങ്ങളാണ് അരങ്ങേറിയത്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ പിതാവും മാതാവും സുഹൃത്തുെമാക്കെയുണ്ട്. വികലമായൊരു നയത്തിെൻറ അനിവാര്യമായ ദുരന്തം എന്നല്ലാതെ എന്തുപറയാൻ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.